മസായ്ക്കാരുടെ മസിൽക്കരുത്തിന് മുന്നിൽ കാട്ടിലെ മൃഗങ്ങൾ പിന്മാറുമോ എന്ന ഭയം മനസ്സിനെ വലിഞ്ഞു മുറുക്കിയിരുന്നു. എവിടെ നിന്നൊക്കെയോ ചില ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. സിംഹം, പുള്ളിപ്പുലി, ഹിപ്പോപൊട്ടാമസ്, ആനകൾ, ചീറ്റ, കാട്ടുനായ തുടങ്ങി നിരവധി ജീവികൾ നിറഞ്ഞ കാട്ടിലാണ് ആ രാത്രി ഉറങ്ങേണ്ടത്. താമസിക്കുന്ന മുറിയ്ക്കുള്ളിൽ സുരക്ഷിതമാകുമല്ലോ എന്ന ചിന്തയാകണം ആ സാഹസത്തിന് ഊർജം നൽകിയത്. മുറിയ്ക്ക് പുറത്ത് കുന്തം പിടിച്ച് കാവൽ നിൽക്കുന്നവരുടെ നിഴൽ മണ്ണെണ്ണ വിളക്കിന്റെ അരണ്ട പ്രകാശത്തിൽ തെളിഞ്ഞു കാണാമായിരുന്നു. യാത്രാക്ഷീണം കാരണം പെട്ടെന്ന് തന്നെ ഉറങ്ങി. പക്ഷേ, പിറ്റേന്ന് രാവിലെ കണ്ണുതുറന്നപ്പോൾ ശരിക്കും ഞെട്ടി, ജീവൻ തിരികെ തന്നതിന് ദൈവത്തിനോടു നന്ദി പറഞ്ഞു. ഒപ്പം കുന്തം പിടിച്ച് ഉറങ്ങാതെ ഞങ്ങൾക്ക് കാവലിരുന്ന മസായ്ക്കാരായ യുവാക്കളോടും... ഓരോ യാത്രയും അതിന്റെ പൂർണതയിൽ ആസ്വദിക്കാറുള്ള സഞ്ചാരിയാണ് കലാഭവൻ പ്രജോദ്. കാഴ്ചകളും കൗതുകങ്ങളും അനുഭവങ്ങളും നിറയുന്ന പ്രജോദിന്റെ യാത്രാവിശേഷങ്ങളിതാ...
കാർണിവൽ ഗ്ലോറിയും ക്വൂൻ മേരിയും
ക്യാമറയ്ക്ക് പകർത്തിയെടുക്കാവുന്നതിന്റെ പതിന്മടങ്ങ് ഭംഗിയിൽ ചില കാഴ്ചകൾ മനസ്സ് പകർത്തും. കാലമെത്ര കടന്നുപോയാലും ആ കാഴ്ചയുടെ ഓർമയ്ക്ക് എന്നും കൗമാരമായിരിക്കും. അമേരിക്കയിലെ മലയാളി അസോസിയേഷന്റെ ക്ഷണപ്രകാരം ഒരു പ്രോഗാമിന്റെ ഭാഗമായി ന്യൂയോർക്കിൽ നിന്ന് കാനഡയിലേക്ക് കപ്പൽ യാത്ര നടത്തിയിരുന്നു. ജീവിതത്തിൽ ആദ്യമായാണ് അന്ന് കപ്പലിൽ കയറുന്നത്. ആഢംബരത്തിന്റെ പര്യായമായ കപ്പലിന്റെ ഉൾഭാഗം ടൈറ്റാനിക് സിനിമയിലല്ലാതെ കണ്ടിട്ടില്ല. ടൈറ്റാനിക് പോയ വഴിയേയാണ് ഞങ്ങൾ കയറിയ ‘കാർണിവൽ ഗ്ലോറി’ എന്ന കപ്പലും നീങ്ങുന്നത് എന്ന് കപ്പലിൽ കയറിയ ശേഷം കിട്ടിയ അറിയിപ്പിൽ നിന്ന് മനസ്സിലായി. കൽപന ചേച്ചി, ബിനു അടിമാലി, ഇന്ദ്രൻസ്. ദിലീപ് തുടങ്ങി ഒരു കൂട്ടം ആർട്ടിസ്റ്റുകളുണ്ടായിരുന്നു. ആ യാത്രയെ അത്രമേൽ മധുരമുള്ള ഓർമയാക്കി മാറ്റിയത് കൽപനചേച്ചി ആയിരുന്നു. യാത്ര തുടങ്ങി കുറേ നേരം പിന്നിട്ടപ്പോൾ ചേച്ചി എന്റെ അടുത്ത് വന്നു. നിനക്ക് കടലിന്റെ മാന്ത്രികത കാണണോ എന്ന് ചോദിച്ചു. ഞങ്ങൾ ഏറ്റവും മുകളിലെ ഡെക്കിലേക്ക് നീങ്ങി. തണുത്ത കാറ്റ്. അവിടെ നിരവധി ആളുകൾ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്നു. ഒരു ഓരം ചേർന്ന് ചേച്ചിയും ഞാനും നിന്നു, ആദ്യ കാഴ്ചയിൽ തന്നെ ഞെട്ടിപ്പോയി. തടാകം പോലെ ശാന്തമായ കടൽ. ആ കാഴ്ചയെ വിവരിക്കാൻ വാക്കുകളില്ല. അത്രനേരം കപ്പലിനെ ഉലച്ചിരുന്ന തിരമാലകളെവിടെ! നമ്മുടെ ഒക്കെ ജീവിതം പോലെയല്ലേ കടലും. ‘പുറമെ ഉള്ള ബഹളങ്ങളൊക്കെയേ ഉള്ളൂ എല്ലാവരുടെയും ഉള്ളിന്റെ ഉള്ള് ഇതു പോലെ ശാന്തമാണ്. ഈ കാഴ്ച ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. തിരിച്ച് നാട്ടിലെത്തുമ്പോൾ നമ്മെ ഭാഗ്യം കടാക്ഷിക്കുമായിരിക്കുമല്ലേ, തമാശയായി ചേച്ചി പറഞ്ഞ ആ വാക്കുകൾ കൂടി ചേർന്നതുകൊണ്ടാവണം കടലിന്റെ ശാന്തഭാവം അത്രമേൽ ഹൃദ്യമായി തോന്നിയത്. ചാർലി സിനിമയിലെ ക്വീൻ മേരിയായി, കൽപന ചേച്ചി ‘ജീവിച്ച് അഭിനയിച്ച’ രംഗങ്ങൾ കണ്ടപ്പോൾ കാർണിവൽ ഗ്ലോറിയുടെ മുകളിലെ ഡെക്കിലിരുന്ന് സംസാരിച്ച നിമിഷങ്ങളും കാഴ്ചകളും കൺമുന്നിൽ തെളിഞ്ഞു, മനസ്സ് പകർത്തുന്നത്ര ഭംഗിയിൽ ഒരു ക്യാമറയ്ക്കും നല്ല നിമിഷങ്ങളെ പകർത്താൻ കഴിയില്ലല്ലോ.
ഒരു ആഫ്രിക്കൻ വീരഗാഥ
പല രാജ്യത്തു നിന്നുമുള്ള മലയാളി അസോസിയേഷൻ കൂട്ടായ്മകൾ പ്രോഗ്രാമിന് വിളിച്ചിട്ടുണ്ട്. എന്നാൽ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലേക്കുള്ള യാത്രയുടെ ഓർമകൾ എന്നും പുതുമയുള്ളതാണ്. സാധാരണ ഒരുപാട് ആർട്ടിസ്റ്റുകൾ ചേർന്നാണ് വിദേശ രാജ്യങ്ങളിലെ പ്രോഗ്രാമിനുള്ള യാത്ര. അതിൽ നിന്ന് വിഭിന്നമായി ഞങ്ങൾ നാലു പേർ ചേർന്ന് ഒരു േസ്റ്റജ് ഷോയ്ക്ക് വേണ്ടിയാണ് ടാൻസാനിയയിലേക്ക് പോയിരുന്നത്. കലാഭവൻ ഷാജോൺ, സുബി സുരേഷ്, ഹരിശ്രീ യൂസഫ് എന്നിവരാണ് കൂടെയുള്ളത്. കിളിമഞ്ചാരോ കൊടുമുടി വിമാനത്തിലിരുന്നാണ് കണ്ടത്. ആഫ്രിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. വടക്ക്– കിഴക്കൻ ടാൻസാനിയയിലാണ് ഈ നിഷ്ക്രിയ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. ടാൻസാനിയയിലെ പ്രോഗ്രാം ഉദ്ദേശം രണ്ടര മണിക്കൂറേ ഉണ്ടായിരുന്നുള്ളൂ. പരിപാടി കഴിഞ്ഞുള്ള എട്ട് ദിവസങ്ങൾ ടാൻസാനിയയുടെ ചില ഭാഗങ്ങൾ സന്ദർശിച്ചു. അതിൽ എടുത്തുപറയേണ്ടവ വിക്ടോറിയ തടാകവും മികുമി നാഷനൽ പാർക്കുമാണ്. ടാൻസാനിയ, കെനിയ, ഉഗാണ്ട എന്നിങ്ങനെ ആഫ്രിക്കയിലെ മൂന്ന് രാജ്യങ്ങളിലായി കിടക്കുന്ന വലിയ തടാകമാണ് വിക്ടോറിയ. 337 കിലോമീറ്റർ നീളവും 250 കിലോമീറ്റർ വീതിയുമുണ്ട് ഈ തടാകത്തിന്. തടാകത്തിന്റെ 45 ശതമാനത്തോളം ഭാഗം ടാൻസാനിയയിലാണ്. മനോഹരമായ കാഴ്ച, ലോകത്തിലെ മൂന്നാമത്തെ വലിയ ശുദ്ധ ജല തടാകം കൂടിയാണ് വിക്ടോറിയ.
ടാൻസാനിയയുടെയും കെനിയയുടെയുമെല്ലാം സമ്പദ്‌വ്യവസ്ഥയിൽ ടൂറിസം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അതിൽ പ്രധാനമാണ് നാഷനൽ പാർക്കുകളിലൂടെയുള്ള സഫാരി. മികുമി നാഷനൽ പാർക്ക് സന്ദർശനമാണ് ഈ യാത്രയിലെ പ്രധാനഭാഗം. ആഫ്രിക്കൻ കാടുകൾ ഇവിടുത്തെ പോലെ മരങ്ങൾ തിങ്ങി നിറഞ്ഞതല്ല. വലിയ പുൽമേടുകളാണ്. ഇടയ്ക്കിടെ ഒന്നോ രണ്ടോ മരങ്ങൾ. രാത്രി ഏറെ വൈകിയാണ് ഞങ്ങൾ മികുമിയിലെത്തുന്നത്. പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ പലയിടത്തു നിന്നായി കേൾക്കാം. മസായ് ഗോത്രക്കാരായ ആളുകളാണ് അവിടുത്തെ ഗൈഡ്. പരമ്പരാഗത വേഷമാണ് അവർ ധരിച്ചിരിക്കുന്നത്. കയ്യിലെപ്പോഴും ഒരു കുന്തം കാണും. കാട്ടുമൃഗങ്ങള്‍ ആക്രമിക്കാൻ വന്നാൽ അവയെ കീഴ്പ്പെടുത്ത തക്ക മസിൽ പവറുള്ള ധീരന്മാർ. അവരുടെ കാവലിന്റെ ധൈര്യത്തിലാണ് കാട്ടിനുള്ളിലെ താമസം എന്ന സാഹസികതയ്ക്ക് മുതിർന്നത്. അവിടെയാകെ ഒരൊറ്റ വിളക്കിന്റെ അരണ്ട വെളിച്ചമേയുള്ളൂ. മസായ്ക്കാരനായ ഒരു യുവാവ് മുറി കാണിച്ചു തന്നു. യാത്രാക്ഷീണം കാരണം പെട്ടെന്നു തന്നെ ഉറങ്ങി. പിറ്റേന്ന് ഉണർന്നപ്പോഴാണ് ശരിക്കും ഞെട്ടിയത്. അത്ര നേരം ഉറങ്ങിയത് ടെന്റ് പോലെയൊരു കൂടാരത്തിലാണ്. ആകെ സുരക്ഷ എന്ന് പറയാൻ മസായ് മാര യുവാക്കളുടെ കാവൽ മാത്രം.ജീവൻ തിരിച്ച് കിട്ടിയതിന് ഞങ്ങൾ ദൈവത്തോട് നന്ദി പറഞ്ഞു. സഫാരി വാനിൽ കാട്ടിലൂടെ ഒരു യാത്രയ്ക്ക് അവസരമൊത്തു. മൃഗശാലയിലൊക്കെ പോയ പോലെ. എല്ലാ മൃഗങ്ങളെയും കാണാം. ആദ്യ ദർശനം തന്നത് രാജാവ് തന്നെ ആയിരുന്നു, സിംഹം. ഇരയെ തിന്ന് വിശപ്പൊക്കെ മാറ്റി വിശ്രമവേളയിലായിരുന്നെന്ന് തോന്നുന്നു. ഒരു ഫോട്ടോ പകർത്താൻ കുറേ ശ്രമങ്ങൾ നടത്തി. അത് കണ്ടിട്ടാണെന്ന് തോന്നുന്നു, അവസാനം വാഹനത്തിനു മുന്നിൽ വന്ന് കുറേയധികം പോസ് ചെയ്തു. വാഹനം മുന്നോട്ടു നീങ്ങി. പെട്ടെന്ന് മുന്നിൽ ആനക്കൂട്ടം. വലിയ ചെവിയുള്ള ആഫ്രിക്കൻ ആനകൾ. ആദ്യമായി കാണുകയായിരുന്നു. ‘നമുക്ക് അൽപ നേരം കാത്തിരിക്കാം. ഒരു ആനക്കുട്ടി കുഴിയിൽ വീണിട്ടുണ്ട്. രണ്ടാനകൾ ചേർന്ന് അതിനെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നേയുള്ളൂ. അത് രക്ഷപ്പെട്ട ശേഷമേ ബാക്കി ആനകൾ നമുക്ക് വഴിമാറിത്തരൂ’ ഗൈഡ് പറഞ്ഞു. ആ കാട്ടിൽ വച്ച് കണ്ട ഏറ്റവും മനോഹര കാഴ്ചയായിരുന്നു അത്.
പൊലീസ് പിടിച്ച അമേരിക്കൻ യാത്ര
കോട്ടയത്ത് ചങ്ങനാശേരിയാണ് എന്റെ നാട്. അമ്മയുടെ വീട് ആലപ്പുഴ കൈനകരി എന്ന ഗ്രാമത്തിലും. കൈനകരിയുടെ ഒരു പ്രത്യേകത എന്തെന്നാൽ അവിടേക്ക് വള്ളത്തിൽ പോകണം, വാഹനങ്ങളെത്താത്ത മനോഹരമായൊരു തുരുത്ത്. ചങ്ങനാശേരി നിന്ന് ആലപ്പുഴയ്ക്ക് ബോട്ട് സർവീസുണ്ട്. മനസ്സ് സ്വസ്ഥമാക്കണം എന്ന് തോന്നുമ്പോഴെല്ലാം ആ ബോട്ടിലൊന്ന് കയറി ആലപ്പുഴ വരെ പോയാൽ മതി. കുടുംബത്തോടൊപ്പമാണ് മിക്ക യാത്രകളും. അതിലധികവും അന്പലങ്ങളിലേക്കാണ്. ഡൽഹി– കുളു–മണാലി യാത്രയാണ് കുടുംബത്തോടൊപ്പം നടത്തിയതിൽ പ്രിയപ്പെട്ടത്. ഒരു കലാകാരൻ എന്ന നിലയ്ക്ക് നടത്തിയ ആദ്യ വിദേശയാത്ര ആബേലച്ചനോടൊപ്പം കലാഭവനിലെ മുപ്പതോളം ആർട്ടിസ്റ്റുകൾ ചേർന്ന് നടത്തിയൊരു വേൾഡ് ടൂർ ആണ്. ഗൾഫ് രാജ്യങ്ങളും യു എസും യു.കെയും തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ഓരോ സ്ഥലത്തെ കാഴ്ചകളും സ്പെഷലാണ്.
പത്താം ക്ലാസിലെ റിസൾട്ട് കാത്തിരിക്കുന്നതിന്റെ പതിന്മടങ്ങ് ടെൻഷനാണ് അമേരിക്കയിലേക്കുള്ള വീസ കിട്ടാൻ. വിവിധ േസ്റ്റജ് പരിപാടികളുടെ ഭാഗമായി ഒൻപത് തവണ അമേരിക്ക സന്ദർശിച്ചിട്ടുണ്ട്. ഓരോ തവണ പോകാൻ റെഡി ആകുമ്പോഴും നെഞ്ചിടിപ്പ് തുടങ്ങും. അമേരിക്കയിലേക്ക് കടക്കണമെങ്കിൽ ആർട്ടിസ്റ്റ് ആണെന്ന് തെളിയിക്കണം. 2008 ലെ അമേരിക്കൻ യാത്രയിലാണ് ഏറെ ഭയപ്പെടുത്തിയ ഒരു സാഹചര്യമുണ്ടായത്. സുരാജ് വെഞ്ഞാറമ്മൂട്, സുദീപ് തുടങ്ങി നിരവധി ആർട്ടിസ്റ്റുകളടങ്ങുന്ന വലിയൊരു സംഘമുണ്ടായിരുന്നു ആ യാത്രയിൽ. ഒരുപാട് ട്രൂപ്പുകൾ മത്സരിച്ച് പരിപാടികൾ സംഘടിപ്പിക്കുന്ന കാലം. ഏതെങ്കിലും വിധേന മറ്റുള്ളവർക്ക് കിട്ടുന്ന പരിപാടികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി ജീവിക്കുന്ന കുറേ പേർ. ഞങ്ങൾ അമേരിക്കയിലെത്തിയതും എയർപോർടിൽ കുറേ ആളുകൾ ഞങ്ങളെ വളഞ്ഞു. ആദ്യം കരുതി പ്രോഗ്രാമിന്റെ സംഘാടകർ ഏർപ്പാടാക്കി ഞങ്ങളെ സ്വീകരിക്കാനെത്തിയവരാകും എന്ന്. അങ്ങനെ പലയിടത്തും നടന്നിട്ടുണ്ട്. എന്നാൽ അധികം വൈകാതെ തിരിച്ചറിഞ്ഞു പൊലീസുകാരാണ്. ഞങ്ങൾ അമേരിക്കയിലേക്ക് ഒളിച്ചുകടക്കാനെത്തിയവരാണ് എന്ന് അവർക്കു എവിടെ നിന്നോ രഹസ്യസന്ദേശം കിട്ടിയിരിക്കുന്നു. ഓരോരുത്തരെയും പല ഭാഗങ്ങളിലേക്ക് മാറ്റി നിർത്തി. ചോദ്യം ചെയ്യാൻ തുടങ്ങി. എന്തൊക്കെ പറഞ്ഞിട്ടും അവർ വിശ്വസിക്കുന്നില്ല. കലാകാരന്മാരാണെന്ന് തെളിയിക്കാൻ മിമിക്രി കാണിച്ചു, അഭിനയിച്ചു, പാട്ടുപാടി എന്നിട്ടും ഒരു രക്ഷയുമില്ല. പരിപാടിയുടെ വീഡിയോ കാണിക്കാൻ ഇന്നത്തെ പോലെ അന്ന് യൂട്യൂബ് സജീവമല്ലല്ലോ. പരസ്പരം കാണാതെ ആറു മണിക്കൂറോളം ഞങ്ങൾ ഓരോരുത്തരും അമേരിക്കൻ പൊലീസിന്റെ കസ്റ്റഡിയിൽ. മൂത്രമൊഴിക്കാൻ പോകുന്നതു പോലും മൂന്നോ നാലോ പൊലീസുകാരുടെ അകമ്പടിയോടെ. അവസാനം ഞങ്ങളുടെ സ്പോൺസർ വന്ന് പൊലീസുകാരെ പറഞ്ഞ് മനസ്സിലാക്കിയാണ് അന്ന് രക്ഷപ്പെട്ടത്.
ഇതുവരെ കണ്ടതിൽ ഏറെ പ്രിയപ്പെട്ട കാഴ്ച നയാഗ്ര വെള്ളച്ചാട്ടമാണ്. കണ്ടതിനേക്കാൾ മനോഹരമായിരിക്കും ചിലപ്പോൾ ഇനി മുന്നോട്ടുള്ള യാത്രകളിൽ കാത്തിരിക്കുന്നത്. ഹിമാലയ– മാനസസരോവർ യാത്ര ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നുണ്ട്. കൊറോണക്കാലം കഴിയട്ടെ. പോകണം. പോകാതെ പറ്റില്ലല്ലോ.