ആനകളുടെ ജീവിതം നേരിൽ കണ്ടറിയാൻ അവസരം നൽകുന്ന കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം..
ഒന്നല്ല, രണ്ടല്ല, ഒരു ഡസനിലേറെ ആനകൾ... ഘടാഘടിയൻമാരായ കൊമ്പൻമാർ, ഗൗരവം വിടാത്ത ഗജറാണിമാർ, ഓമനത്തം തുളുമ്പുന്ന കുട്ടിയാനകൾ... കാട്ടിലെപ്പോലെ മരങ്ങൾക്കിടയിലൂടെ ഓരോരുത്തരായി പലവഴി വരുന്നു. തങ്ങളുടെ ഓഹരി തീറ്റയുടെ കെട്ട് എടുത്തു പോകുന്നു. ജലാശയത്തിലിറങ്ങി കുളിക്കുന്നു. പൊട്ടുകുത്തി ഒരുങ്ങുന്നു. ഭക്ഷണം കഴിക്കുന്നു. അദ്ഭുതത്തോടെയും കൗതുകത്തോടെയും ഇതെല്ലാം കണ്ടു നിൽക്കുന്നവരെ ചിരിപ്പിക്കുന്ന കുട്ടിയാനകൾ... ഇത് കേരളത്തിലെ പ്രസിദ്ധ ആനത്താവളങ്ങളായ പുന്നത്തൂരോ കോടനാടോ കോന്നിയോ അല്ല. തിരുവനന്തപുരം ജില്ലയിൽ അഗസ്ത്യാർകൂടത്തിന്റെ താഴ്‌വരയിൽ കാടിനോടു ചേർന്നു കിടക്കുന്ന കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ കാഴ്ചകളാണ്.
പൂരപ്പറമ്പിലെ മേളപ്പെരുക്കമോ ചമയങ്ങളുടെ വർണത്തിളക്കമോ ഇല്ലാതെ, ആനകളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ കാണാൻ സാധിക്കുന്നു എന്നതാണ് കോട്ടൂരിലെ ആനച്ചന്തം. ഒപ്പം പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന ഒരു പിക്നിക് സ്പോട്ടിനു വേണ്ട ചേരുവകളും.
ടിക്കറ്റ് കൗണ്ടറിന്റെ മുന്നിൽ നിന്ന് മരങ്ങൾക്കും കെട്ടിടങ്ങൾക്കും ഇടയിലൂടെ അകത്തേക്കു നീളുന്ന ടാറിട്ട പാതയിൽ നടക്കവേ എതിരെ ഒരു കെട്ട് പുല്ലുമായി കുട്ടിക്കൊമ്പൻ നടന്നു വരുന്നു. കുറച്ചപ്പുറത്ത്, റോഡരുകിലെ മരക്കൂട്ടങ്ങൾക്കിടയിലൂടെ മറ്റൊരു കുട്ടിക്കുറുമ്പനും പാപ്പാനും വരുന്നു. അവയുടെ സമീപത്തു ചെന്നു കാണാൻ സന്ദർശകരിലെ കുട്ടികൾ രക്ഷിതാക്കളുടെ കൈകളിൽ പിടിച്ചു വലിക്കുന്നു. ആനകൾ കടന്നുപോകവെ കുട്ടികളെ നോക്കി തലകുലുക്കാനും മറന്നില്ല.
ആറു മുതൽ 80 വയസ്സുവരെയുള്ള ആനകളെ കൺനിറയെ കാണാനും അവരുടെ ജീവിതചര്യ കണ്ടറിയാനും അവസരമുള്ള അപൂർവമായൊരു ഡെസ്റ്റിനേഷനാണ് കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. ആനകളുടെ കുളി, ഭക്ഷണം, ആഴ്ചയിൽ രണ്ടു ദിവസം ആനകളുടെ പരേഡ് എന്നിവ ഇവിടെയെത്തുന്ന സന്ദർശകർക്ക് മറക്കാനാകാത്ത അനുഭവമാകും.
.JPG.jpg)
കാക്കക്കുളിയല്ല, ആനക്കുളി
ആന പുനരധിവാസകേന്ദ്രത്തിന്റെ ഒരു വശത്ത് നെയ്യാർ ജ ലസംഭരണിയുടെ ഭാഗമായ ജലാശയമാണ്. അതിലിറങ്ങി വിശദമായി കുളിക്കുന്നത് ഇവിടത്തെ ആനകളുടെ പതിവു ശീലങ്ങളിലൊന്നാണ്. പ്രഭാതത്തിൽ എത്തുന്ന സന്ദർശകരുടെ കാഴ്ച വിരുന്നുകളിൽ പ്രധാനം ഈ കുളി തന്നെ. ഓരോ ആനയ്ക്കും പ്രത്യേകം കടവുകളും കുളി സമയവുമുണ്ട്. ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ കുളിക്കായി മാറ്റി വയ്ക്കുന്നുണ്ട്. നാലഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയാനകളുടെയും ആരോഗ്യപ്രശ്നമോ മദപ്പാടോ ഉള്ളവയുടെയും കുളി തളച്ചിരിക്കുന്ന സ്ഥലങ്ങളിൽത്തന്നെയാണ്.
നോക്കി നിൽക്കേ കുളിക്കാനുള്ളവർ ഊഴമിട്ട് എത്തി. ഏറ്റവും അറ്റത്തുള്ള കടവിൽ ഏറ്റവും മുതിർന്ന സോമൻ, അതിനടുത്ത കടവിൽ രാജ, പിന്നെ പൊടിച്ചി... വെള്ളത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നും നിന്നും ഇരുന്നും പല പോസിലാണ് കുളി. തുമ്പിക്കൈ വെള്ളത്തിൽ താഴ്ത്തി കുമിളകള്‍ ഊതിവിട്ട് കളിക്കുന്നുണ്ട് ചില കുസൃതിക്കുട്ടൻമാർ. ജലാശയത്തിന്റെ കരയിൽ റോഡുവക്കിലും മരക്കുറ്റികളിലുമായി ഒട്ടേറെ സന്ദർശകർ ആനകളെ തേച്ചു കുളിപ്പിക്കുന്നത് കൗതുകത്തോടെ കണ്ടിരിക്കുന്നു. കുളികഴിഞ്ഞ് കരയ്ക്കു കയറുന്ന കുട്ടിയാനകളെ പാപ്പാൻമാർ നെറ്റിയിൽ ഗോപിക്കുറി വരച്ചും ചെവിയിൽ ചുട്ടി കുത്തിയും റോഡിലേക്കു കയറ്റി.

ആനയൂട്ട്
ആനത്താവളത്തിലെ അന്തേവാസികൾക്ക് കുളി കഴിഞ്ഞാൽ ഊണു നിർബന്ധമാണ്. കുട്ടികളായാലും മുതിർന്നവരായാലും. മുൻപ് ആനത്താവളത്തിന്റെ പ്രധാന ഭാഗ ത്ത്, ഗാലറിക്കു മുന്നിൽ എല്ലാവരും ഒരുമിച്ചു നിന്നാണ് ഭക്ഷണം പതിവ്. ഇപ്പോൾ ഓരോ ആനയ്ക്കും അവരെ തളയ്ക്കുന്ന സ്ഥാനത്തു തന്നെ ഭക്ഷണം വിളമ്പുന്നു. റാഗിപ്പൊടിയും ഗോതമ്പുപൊടിയും മുതിരപ്പൊടിയും ചക്കരയും ഒക്കെ ചേർത്ത് കുഴച്ച വലിയ ചോറുരുളകൾ നിറച്ച ചരുവം ഓരോരുത്തരുടെ മുന്നിലെത്തി. അക്ഷമരായി നിന്ന ആനകളുടെ വായിലേക്ക് പാപ്പാൻമാർ വലിയ ഉരുളകൾ വാത്സല്യത്തോടെ വച്ചു.
പ്രായവും തൂക്കവും കണക്കിലെടുത്ത് പോഷകസമൃദ്ധമായ ഊണാണ് പ്രഭാതഭക്ഷണം. അതിനു ശേഷം പ്ലാവിലയും പുല്ലും ഓലമടലും വേറെ നൽകും.

ചമയങ്ങളില്ലാത്ത എഴുന്നെള്ളത്ത്
ശനി, ഞായർ ദിവസങ്ങളിൽ ഭക്ഷണം കഴിഞ്ഞാൽ ആനകളുടെ പരേഡ് പതിവുണ്ട്. ഏറ്റവും മുതിർന്ന ആന മുതൽ കുട്ടിയാന വരെ ‘വാലെ വാലെ’ നടന്ന് എലഫന്റ് സെന്ററിന് പ്രദക്ഷിണം വച്ച് വരും.
പരേഡിനുള്ള സമയമായി എന്ന് സൂചന കിട്ടിയതോടെ അന്ന് പങ്കെടുക്കുന്ന ഏറ്റവും ‘പൊടി’ ആന ഓടിെച്ചന്ന് തൊട്ടുമുൻപിൽ നിൽക്കേണ്ട കുട്ടിയാനയുടെ വാലിൽ പിടിച്ചു. 15 ആനകളും ഒരുമിച്ച് പരേഡിൽ പങ്കെടുക്കുന്നത് അപൂർവമാണ്. പലപ്പോഴും സീനിയർ പിടിയാന മിന്നയാണ് പരേഡ് നയിക്കാറുള്ളത്.
ഗാലറിക്കു മുന്നിലുള്ള അസംബ്ലി പോയിന്റിൽ നിന്ന് വ രിയായി തെക്കോട്ട് നടന്ന് സെന്ററിന്റെ കെട്ടിടങ്ങളെ വലംവച്ച് സ്റ്റാർട്ടിങ് പോയിന്റിൽ തിരിച്ചെത്തുന്നതാണ് പരേഡ്. രണ്ടു തവണ ഈ റൂട്ടിലൂടെ വലത്ത് വയ്ക്കും. അപൂർവമായൊരു കാഴ്ച ഒരുക്കുക മാത്രമല്ല, ആനകളിൽ ചിട്ട പരിശീലിപ്പിക്കുന്നതിന്റെ ഒരു വശംകൂടി ഈ പരേഡിനുണ്ട്.
പരേഡിനുശേഷം ആനകളെ അവയുടെ തറികളിലേക്ക് (തളയ്ക്കുന്ന സ്ഥലം) നയിച്ചു. വിദേശികൾ ഉൾപ്പെടെയുള്ള സന്ദർശകർ ജലാശയത്തില്‍ ബോട്ടിങ്ങിനും കുട്ടവഞ്ചി സവാരിക്കും അവസരം നോക്കി നീങ്ങി.
.JPG.jpg)
ഇന്ത്യയിൽ ആദ്യം
ആനകളെ പ്രായഭേദമെന്യേ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്ന രാജ്യത്തെ ആദ്യ കേന്ദ്രമാണ് അഗസ്ത്യമലയുടെ അടിവാരത്തിൽ കാപ്പുകാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽനിന്ന് ഏറെ അകലെയല്ലാതെ, സ്വാഭാവിക വനത്തോടു ചേർന്നു തന്നെയാണ് എലഫന്റ് റിഹാബിലിറ്റേഷൻ സെന്റർ.
ആനകളുടെ പ്രദർശനത്തെക്കാൾ സംരക്ഷണത്തിനാണ് ഇവിടെ പ്രാധാന്യം നൽകുന്നത്. 50 ആനകളെ വരെ പരിപാലിക്കാവുന്ന സംവിധാനങ്ങളും ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളും ഒരുക്കി ഏഷ്യയിലെ ഏറ്റവും വലിയ ആന പുനരധിവാസ കേന്ദ്രമാകാനുള്ള വികസന പ്രവർത്തനത്തിലാണ് കോട്ടൂർ ആനത്താവളം.
കാരണവർ ‘സോമൻ’
വനം വകുപ്പിൽ സേവനം അനുഷ്ഠിച്ച ശേഷം പ്രായമായി വിരമിക്കുന്ന ആനകളെ സംരക്ഷിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇപ്പോഴത്തെ ഏറ്റവും സീനിയർ ആന 80 കഴിഞ്ഞ സോമൻ ഇത്തരത്തിലുള്ള ‘പെൻഷനർ’ ആണ്. മൊത്തം 15 ആനകളുണ്ട് കോട്ടൂർ ആനത്താവളത്തിൽ. ഒൻപതു പേർ 10 വയസ്സിൽ താഴെയുള്ളവ.
കാട്ടിലെ ആനക്കൂട്ടത്തിൽനിന്ന് അകന്നിട്ടോ കുഴികളിൽ വീണിട്ടോ രോഗം കാരണമോ ഒറ്റപ്പെട്ട് വനപാലകരുടെ സംരക്ഷണയിലെത്തുന്ന കുട്ടിയാനകളെ ഇവിടെ എത്തിക്കും.

ഈ ഉല്ലാസയാത്രയ്ക്ക് കുടുംബവുമൊത്ത് പോകാം
ആനച്ചന്തമുള്ള കാഴ്ചകളിൽ ഒതുങ്ങുന്നതല്ല കോട്ടൂരിലെ വിശേഷങ്ങൾ. കുട്ടികൾക്കും കുടുംബത്തിനും ചെറുപ്പക്കാർക്കും ഒരുപോലെ വൺഡേ ആ ഘോഷമാക്കി ഇവിടേക്ക് യാത്ര പോകാം.
മതിയാവോളം ആനക്കാഴ്ച ആസ്വദിച്ചാൽ പുനരധിവാസ കേന്ദ്രത്തോടു ചേർന്നുള്ള തടാകത്തിൽ പെഡൽ ബോട്ടിങ്ങോ കുട്ടവഞ്ചിയിലുള്ള യാത്ര യോ ആകാം. നെയ്യാർ ഡാമിന്റെ ഭാഗമായ ജലാശയത്തിലൂടെയുള്ള സഞ്ചാരം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുമെന്നുറപ്പ്.
മലകയറ്റവും നടത്തവും ഇഷ്ടപ്പെടുന്നവർക്ക് ഇ ഡിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ട് ട്രെക്കിങ് പാതകളുണ്ട്. കതിർമുടി ട്രെക്കിങ്ങും കിഴക്കുമല ട്രെക്കിങ്ങും. പത്ത് പേരടങ്ങുന്ന സംഘത്തിനാണ് പ്രവേശനം.
ആന പുനരധിവാസ കേന്ദ്രത്തോട് ചേർന്നു ത ന്നെ സഞ്ചാരികൾക്ക് താമസസൗകര്യവും ലഭിക്കും. താമസത്തിനും ട്രെക്കിങ്ങിനും വനംവകുപ്പ് സൈറ്റ് വഴി ഓൺലൈനായി ബുക്കിങ് നടത്താം.
വനംവകുപ്പും കോട്ടൂർ ഇക്കോ ടൂറിസം ഡവലപ്മെന്റ് സമിതിയും ചേർന്നാണ് പുനരധിവാസ കേന്ദ്രത്തിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
How to reach
തിരുവനന്തപുരം നഗരത്തിൽനിന്ന് 36 കി ലോമീറ്റർ ദൂരമുണ്ട് കോട്ടൂർ എലഫന്റ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക്. തിരുവനന്തപുരത്തുനിന്ന് കാട്ടാക്കട വഴിയും നെടുമങ്ങാട്, ആര്യനാട് വഴിയും കോട്ടൂർ എത്താം. കോട്ടൂർ ജംക്‌ഷനിൽനിന്ന് കാപ്പുകാടേക്ക് 2.5 കിലോമീറ്റർ.
പ്രവേശനം : തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ.
ടിക്കറ്റ് നിരക്ക് : പ്രവേശന ടിക്കറ്റ്– മുതിർന്നവർക്ക് `40, കുട്ടികൾക്ക് `25, ക്യാമറ `45, വിഡിയോഗ്രഫി `335. കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവേശനം.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ആനകളുടെ കമ്യൂണിറ്റി ഫീഡിങ്ങും പരേഡും താൽക്കാലികമായി ഒഴിവാക്കിയിരിക്കുകയാണ്. ആനകളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ആനകളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കുക.
നെയ്യാർ ഡാമിലേക്ക് കോട്ടൂർ കാപ്പുകാട് നിന്ന് ഏഴ് കിലോമീറ്റർ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സെന്റർ ക്ലോസ് ചെയ്തിരിക്കുന്ന സമയം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം വേണം യാത്ര പ്ലാൻ ചെയ്യാൻ. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും