കുന്നംകുളത്തങ്ങാടിയിൽ തുടങ്ങി ഫ്ലോറൻസോളം സഞ്ചരിച്ച ഫ്രാൻസിസ് ഇട്ടിക്കോര, കോരപാപ്പനെ തേടി അമേരിക്കയിൽ നിന്ന് വെനിസ്വേലയും പെറുവും കടന്ന് കേരളത്തിലെത്തുന്ന സേവ്യർ കോര, ചേര, ചോള കാലങ്ങളിലെ ദക്ഷിണേന്ത്യയുടെ ഭൂമികയിൽ പിറവികൊണ്ട ആണ്ടാൾ ദേവനായകി, മരതകദ്വീപായ ശ്രീലങ്കയിലെ ഈഴപ്പോരാട്ടങ്ങളുടെ ഭാഗമായി മാറിയ സുഗന്ധി, ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ രാഷ്ട്രീയചരിത്രത്തിൽ മിന്നിത്തിളങ്ങിയ താരാ വിശ്വനാഥ്, കശ്മീരിന്റെ സ്വർഗീയ സൗന്ദര്യത്തിനു മേൽ തളംകെട്ടിനിൽക്കുന്ന വിഷാദമൂകതകളെ സമൂഹമധ്യത്തിൽ എത്തിക്കാൻ ശ്രമിക്കുന്ന ഫാത്തിമ നിലോഫർ... മലയാള സാഹിത്യത്തിൽ മായാമുദ്ര പതിച്ച ഈ കഥാപാത്രങ്ങളൊക്കെ ലോകത്തിന്റെ പലകോണുകളിൽ വളർന്നവരും പ്രവർത്തിച്ചവരും ആണെങ്കിലും അവയൊക്കെ പിറന്നത് ഒരൊറ്റ കഥാകൃത്തിന്റെ മനസ്സിലാണ്, തൂലികയിലൂടെയാണ്... ടി.ഡി. രാമകൃഷ്ണൻ. ‘ഇത് ഭ്രമയുഗാ, കലിയുഗത്തിന്റെ ഒരു അപഭ്രംശം’ എന്നു പറഞ്ഞ, 17ാം നൂറ്റാണ്ടോളം പഴക്കമുള്ള കുടമൺപോറ്റിയുടെ വാക്കുകൾ സൃഷ്ടിച്ചതും ഈ സാഹിത്യകാരൻ തന്നെ.
മനസ്സുകൊണ്ടും ശരീരംകൊണ്ടും മുഴുനീളെ സഞ്ചാരിയാണ് ടി.ഡി. ‘‘അസമിനപ്പുറം വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ മാറ്റി വച്ചാൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളും, ശ്രീലങ്കയും അയർലൻഡും കെനിയയും മിഡിൽ ഈസ്റ്റും യൂറോപ്പിന്റെ പലഭാഗങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഈ സഞ്ചാരങ്ങൾ പകർന്നു നൽകിയ അനുഭവങ്ങൾ, കാഴ്ചകൾ, കേൾവികളൊക്കെ രചനകളിലേക്ക് ചേർന്നിട്ടുണ്ട്’’ എന്ന് ഓർത്തുകൊണ്ട് വാക്കുകളിലൂടെ ടി.ഡി. എന്ന എഴുത്താൾ തന്റെ സഞ്ചാരവഴികളിലേക്ക് ഇറങ്ങി.
ജോലി തന്നെ സഞ്ചാരം
ചെറുപ്പം മുതലേ യാത്ര ഇഷ്ടമായിരുന്നു. പഠനകാലത്തു അപൂർവമായി സംഭവിച്ച സഞ്ചാരങ്ങൾ കോളജ് കാലത്തെ ചില മത്സരങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു. ബിരുദപഠനം പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് പരിശോധനകനായി ജോലി ലഭിച്ചപ്പോൾ ഇരട്ടി സന്തോഷം, തൊഴിൽ എന്നതിനൊപ്പം സഞ്ചരിച്ചുകൊണ്ട് ജോലി ചെയ്യാം എന്ന സൗകര്യവും. പരിശീലനത്തിനു ശേഷം റെയിൽവേ സ്‌റ്റേഷനിലും ട്രെയിനുകളിലും ഡ്യൂട്ടി ചെയ്തു തുടങ്ങുമ്പോഴാണ് പാളങ്ങളിലെ സഞ്ചരിക്കുന്ന സമൂഹത്തിന്റെ വൈവിധ്യവും വിശേഷതകളും മനസ്സിൽ തറയുന്നത്. ഇന്ത്യയുടെ തെക്കുവടക്കും കിഴക്ക് പടിഞ്ഞാറും ബന്ധിപ്പിച്ച് സിരാജാലം പോലെ കിടക്കുന്ന റെയിൽവേ ശൃംഖലയിലൂടെ ഇന്ത്യയെന്ന രാജ്യത്തിന്റെ വൈവിധ്യവും വൈചിത്ര്യങ്ങളും ആസ്വദിക്കാനൻ ഇറങ്ങുന്നതും ആ ദിനങ്ങളിലൊന്നിൽ തന്നെയായിരുന്നു. ജോലിയിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയായപ്പോൾ, ഏതാനും അവധികൾ ഒരുമിച്ചെടുക്കാനുള്ള സാഹചര്യം വന്നു. 15 ദിവസം അവധി എടുത്ത് കന്യാകുമാരിയിൽ നിന്ന് കശ്മീരിലെ ജമ്മു തവി വരെയുള്ള റെയിൽവേ പാസ് സ്വന്തമാക്കി ട്രെയിൻ കയറി. അതായിരുന്നു ജീവിതത്തിലെ ആദ്യത്തെ ദീർഘയാത്ര.
കയ്യിലുള്ളത് ഒരു ചെറിയ ബാഗും അതില്‍ ഒന്നു രണ്ടു ജോഡി വസ്ത്രങ്ങളും മാത്രം. പിന്നെ ടിക്കറ്റ് പരിശോധകൻ എന്ന പരിഗണന കിട്ടുമെന്ന ധൈര്യവും. എറണാകുളം – ഹസറത് നിസാമുദ്ദീൻ ജയന്തി ജനത എക്സ്പ്രസിലായിരുന്നു പുറപ്പെട്ടത്. ഇന്ത്യ കാണുക എന്നൊരു ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളു. പ്രത്യേക സ്ഥലമോ കാഴ്ചകളോ നിശ്ചയിച്ചിരുന്നില്ല. വിജയവാഡ, നാഗ്പുർ ഒക്കെ ഇറങ്ങി ഡൽഹിയിലെത്തി. തിരിച്ചു വരുമ്പോൾ ആഗ്രയിലും ഝാൻസിയിലുമിറങ്ങി കയറി...വൈവിധ്യമാർന്ന ഭൂപ്രകൃതിയും പലവിധ ജനസമൂഹങ്ങളും എല്ലാം ആഴത്തിൽ മനസ്സിൽ പതിഞ്ഞു.

ടിക്കറ്റ് പരിശോധകനായി സഞ്ചരിക്കുമ്പോഴാണ്, മലയാളിയായ റെയിൽവേ സ്‌റ്റേഷൻ മാസ്റ്ററെ കണ്ടത്. ഒഡീഷയിലെ ചിൽക തടാകത്തിനു സമീപമുള്ള സ്‌റ്റേഷനിലാണ് ഉദ്യോഗം. കുറച്ചു നാളിനു ശേഷം അദ്ദേഹത്തിന് കത്ത് അയച്ചിട്ട് ഞാൻ അവിടേക്ക് പുറപ്പെട്ടു. അവിടെ സ്‌റ്റേഷൻ മാസ്റ്ററുടെ ക്വാർട്ടേഴ്സിൽ താമസിച്ച്, ചിൽക്കയുടെ സൗന്ദര്യം ആസ്വദിച്ച് ഏതാനും ദിവസം തങ്ങി. ജോലിയുടെ ഭാഗമായും ട്രെയിനുകളിൽ സഞ്ചരിക്കാറുണ്ട്. അപ്പോഴെല്ലാം കണ്ടുമുട്ടിയവർ, അവർ പങ്കുവെച്ച കാര്യങ്ങൾ, നാം കാഴ്ചക്കാരനായി നിന്ന സന്ദർഭങ്ങൾ ഒക്കെ പിന്നിട് സർഗാത്മക നിമിഷങ്ങളിൽ മനസ്സിലേക്കു വന്നിട്ടുണ്ട്.
ഗുഡ്സ് ട്രെയിനിലെ ദ്വീപ്
ആൽഫ എന്ന ആദ്യ രചനയുടെ ആശയം പോലും യാത്രയിലാണ് രൂപപ്പെടുന്നത്. അതും ട്രെയിൻ സഞ്ചാരത്തിലെ അനുഭവങ്ങളിലൂടെ. ടിക്കറ്റ് എക്സാമിനറുടെ ജോലിയിൽ നിന്ന് മാറി ഗുഡ്സ് ട്രെയിൻ ഗാർഡിന്റെ ചുമതലയിലേക്ക് വന്ന സമയം. ജീവിതത്തിൽ തന്നെ ഒരുപാട് മാറ്റങ്ങളുണ്ടായ കാലമായിരുന്നു അത്. അതുവരെ നിരന്തരം പൊതുജനങ്ങളുമായും ഉദ്യോഗസ്ഥരുമായുമുള്ള സമ്പർക്കങ്ങൾ നിറഞ്ഞുനിന്ന ലോകത്ത് നിന്ന് തികച്ചും ഒറ്റപ്പെടുന്ന ഒരിടത്തേക്കായിരുന്നു ആ മാറ്റം. ഗുഡ്സ് ട്രെയിനുകളുടെ ഏറ്റവും പിന്നിലുള്ള വാഗണിലാണ് ഗാർഡിന്റെ സ്ഥാനം. വൈദ്യുതിയില്ല, വെള്ളമില്ല, നേരെ ഇരിക്കാൻ ഇരിപ്പിടം പോലുമില്ല. ട്രെയിനിന്റെ കുലുക്കം അതിശക്തം, ശരിക്കും പിടിച്ച് നിൽക്കുകയോ ഇരിക്കുകയോ ചെയ്തില്ലെങ്കിൽ തെറിച്ചുപോകും. അതിനെക്കാളൊക്കെ ഭീകരമായത്, ഗാർഡ് ആ വാഗണിൽ ഒറ്റയ്ക്കായിരിക്കും എന്നതാണ്.

കടലാസിൽ ഗുഡ്സ് ട്രെയിനിന്റെ നാഥനാണ് ഗാർഡ് എങ്കിലും രണ്ട് കൊടിയും രാത്രിയാണെങ്കിൽ സിഗ്നൽ ലൈറ്റുമല്ലാതെ മറ്റൊന്നും കയ്യിലില്ല. ഡ്യൂട്ടിക്കിടയിൽ ട്രെയിൻ എവിടെ എങ്കിലുമൊക്കെ പിടിച്ചിടുമ്പോൾ എന്തിനാണെന്നോ എപ്പോൾ പുറപ്പെടുമെന്നോ ഒന്നും അറിയാത്ത അവസ്ഥയായിരുന്നു അക്കാലത്ത്. അരി, സിമന്റ്, ഇരുമ്പ് തുടങ്ങി ഏറെ വിലപിടിച്ച സാധനങ്ങൾ നിറച്ച വാഗണുകളുടെ ‘ഗാർഡ്’ ആകുമ്പോഴും നിരായുധനായിരുന്നു. ചെറിയ സ്‌റ്റേഷനുകളിൽ നിറുത്തുമ്പോഴും ഗാർഡിന്റെ ബ്രേക്ക് വാഗൺ പലപ്പോഴും കാട്ടുപ്രദേശങ്ങളിലാകും നിൽക്കുക.
ഡ്യൂട്ടിയിൽ പ്രവേശിച്ചാൽ ആരോടെങ്കിലും സംസാരിക്കാനോ വായിക്കാനോ ഇരുട്ടിൽ കാഴ്ച കാണാനോ പോലും സാധ്യമല്ല. ഉറങ്ങാൻ പറ്റില്ല, സമയത്ത് ആഹാരമില്ല... മണിക്കൂറുകൾ മിണ്ടാനോ പറയാനോ ആരുമില്ലാതിരിക്കെ ഞാൻ എന്നോടുതന്നെ സംസാരിച്ചു, കവിത ചൊല്ലി... ആ സാഹചര്യത്തിൽ എനിക്ക് ചിന്തിക്കാൻ മാത്രമേ സാധിക്കുമായിരുന്നുള്ളു. വന്യമായ ചിന്തകൾ, കാടുകയറിയ ഭാവനകൾ... നടുക്കടലിൽ അപരിചിതമായ തുരുത്തിൽ തികച്ചും ഒറ്റപ്പെട്ടതുപോലെ.
ആൽഫയുടെ പിറവി
പിന്നീട് ചിന്തകൾക്ക് ദാർശനികവും സൈദ്ധാന്തികവുമായ ചില മാനങ്ങൾ ചേർക്കാൻ തുടങ്ങി. മനുഷ്യവംശത്തിന്റെ അതുവരെ ആർജിച്ച അറിവുകളെല്ലാം ഒരു സുപ്രഭാതത്തിൽ മായിച്ച് കളഞ്ഞ്, ഒരു ക്ലീൻ സ്ലേറ്റിൽ വീണ്ടും ജീവിതം തുടങ്ങേണ്ടി വന്നാൽ എങ്ങനിരിക്കും. സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ പശ്ചാത്തലം കൂടി ആയപ്പോൾ ആദ്യ നോവലായ ആൽഫ പിറവിയെടുത്തു. മുൻപ് ട്രെയിൻ സഞ്ചാരത്തിനിടെ കണ്ട, കുടുംബ ബന്ധങ്ങളൊന്നും വച്ചു പുലർത്താതെ മനുഷ്യരുടെ ഒരു കൂട്ടമെന്ന നിലയ്ക്ക് മാത്രം ഒരുമിച്ച് ജീവിക്കുന്ന കുറേ ആളുകളെ ഓർത്തു. ആൽഫയിലെ പരീക്ഷണ തുരുത്തിലെ ജീവിതം അതിൽ നിന്ന് രൂപപ്പെട്ട ഭാവനയായിരുന്നു.
.jpg)
ആദ്യ നോവൽ ശ്രദ്ധിക്കപ്പെട്ടതോടെ അടുത്തൊരു നോവലിനെക്കുറിച്ച് ആലോചന തുടങ്ങി. എന്നാൽ അത് ഗുഡ്സ് വാഗണിലെ തുരുത്തിലായിരുന്നില്ല രൂപപ്പെട്ടത്. മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് അവയോട് ചേർന്നു നിന്ന ഫ്രാൻസിസ് ഇട്ടിക്കോരയുടെ എഴുത്ത് മറ്റൊരു സഞ്ചാരമായിരുന്നു...