Wednesday 29 November 2023 05:11 PM IST

മലയാള മണമുള്ള മന്നാർകോവിലും വിളക്കുഗ്രാമവും, തമിഴ്നാട്ടിലെ ഗ്രാമക്കാഴ്ചകളിൽ വേറിട്ട ഒരു ഡെസ്റ്റിനേഷൻ

Easwaran Namboothiri H

Sub Editor, Manorama Traveller

mannarkoil1 Photos : Harikrishnan

‘അന്ത കേരള അരചനുക്ക് ചംമന്ദമുള്ള കോവിലിൽ പോയിര്ക്കാ? വേദനാരായണ പെരുമാളെ കുമ്പിട്ടിങ്കളാ? ശ്രീരംഗം കോവിലുക്ക് ചമാനം, പാക്ക വേണ്ടാമാ?’ തെങ്കാശിയിൽ കണ്ടുമുട്ടിയ ഓട്ടോ ഡ്രൈവർ മുരുകന്റെ ചോദ്യം കുഴക്കി. കേരള അരചനോ? അതാര്? മുരുകനും കൂടുതൽ വിവരം ഇല്ല.

കഷ്ടി മുപ്പത് കിലോമീറ്റർ ഓട്ടമുണ്ട് അവിടേക്ക്. ‘സാർ, അതുക്ക് അപ്പുറം വാഹൈക്കുളം, അന്ത ഊരിലെ നിറയെ വിളക്ക് പട്ട്റൈ’ നിലവിളക്കുകൾ നിർമിക്കുന്ന വീടുകൾ മാത്രമുള്ള ഗ്രാമം, മുരുകൻ പ്രലോഭനം തുടർന്നു. ഹോട്ടൽ മുറ്റ‌ത്ത് ഓട്ടോ ഒതുക്കുമ്പോൾ ‘നാളൈ കാലെയിലേ വാ, മന്നാർകോവിൽ പോകലാം.’ കേരളത്തിൽ നിന്നു തെങ്കാശിയിൽ വന്നിട്ട് ഇതൊക്കെ കാണാതെ പോകാമോ? നിഷ്കളങ്കമായ ചിരിയോടെ ഫോൺ നമ്പർ എഴുതിയ പേപ്പർ തരുമ്പോൾ മുരുകൻ ചോദിച്ചു.

പുലർകാല ദൃശ്യങ്ങളിലൂടെ

പുലരിയിലെ ആദ്യ കിരണങ്ങൾക്കൊപ്പം മുരുകന്റെ കോൾ എത്തി, റെഡി സാർ. തണുത്ത കാറ്റിന്റെ അകമ്പടിയോടെ തെങ്കാശി–തിരുനെൽവേലി പാതയിലൂടെ ഓട്ടോ സഞ്ചരിച്ചു. നഗരപരിധി വിട്ടതോടെ വയലുകളും കുളങ്ങളും പുളിമരങ്ങളും പലയിടത്തും ഞങ്ങളെ അനുഗമിക്കുംപോലെ. കവലകളിൽ ബസ് കാത്ത് നിൽക്കുന്ന വിദ്യാർഥികളും ജോലിക്കാരും കാപ്പിക്കച്ചവടം പൊടിപൊടിക്കുന്ന ടിഫിൻ സ്‌റ്റാളുകൾ‌. കോവിലുകളിൽ നിന്ന് ഒഴുകി എത്തുന്ന ‘ഭക്തി പാടലുകൾ’... പുലർകാല സഞ്ചാരം നൽകുന്ന ഊർജം മറ്റൊരു ലെവലാണ്.

alvar kurichy ആഴ്‌വാർ കുറിച്ചി

കൊയ്ത്ത് കഴിഞ്ഞ് ഉണങ്ങി വരണ്ട വയലുകളെ പകുത്ത് നീളുന്ന പാതയുടെ ഒരറ്റത്ത് കുളവും കുളക്കരയിലെ ക്ഷേത്രവും പുളിമരവും... ആഴ്‌വാർ കുറിച്ചിയിലെ സിനിമാറ്റിക് ഫ്രെയിമുള്ള ആ കാഴ്ച അടുത്ത് കാണാൻ അവിടെ ഇറങ്ങാതിരിക്കാൻ കഴിഞ്ഞില്ല.

‘കൻമദക്കല്ല്’, അങ്ങകലെ കൂറ്റൻ പാറക്കെട്ടിൽ എന്തോ ദ്രാവകം വീണു തെറിച്ചതുപോലെയുള്ള വലിയ വെളുത്ത അടയാളം ചൂണ്ടിക്കാട്ടിക്കൊണ്ട് മുരുകൻ പറഞ്ഞു! സജീവമാകാത്ത പാതയിൽ നിന്ന് പെട്ടെന്ന് ഇടത്തേക്ക് തിരിഞ്ഞ് കയറിയത് തനി നാട്ടിൻപുറത്തേക്കായിരുന്നു. പുലർച്ചെ തന്നെ പുതിയ മേച്ചിൽപുറങ്ങൾ തേടി ഇറങ്ങിയ ആട്ടിടയൻമാർക്കിടയിലൂടെ ഓട്ടോ നീങ്ങി. കോലമിടാൻ വർണപ്പൊടികൾ തൂകുന്ന വീട്ടമ്മമാർ, കൃഷിയിടം നനയ്ക്കുന്ന കർഷകർ, ആരേയും കൂസാതെ വഴി കയ്യടക്കിയ കന്നുകാലികൾ, ഉടമകളെ കാത്തു നിന്ന് മുഷിഞ്ഞ വണ്ടിക്കാളകൾ... ചില കവലകളിൽ വണ്ടി നിർത്തി വഴി ചോദിച്ച് ഉറപ്പിക്കുന്നുണ്ട് മുരുകൻ.

ഒരു വളവ് തിരിഞ്ഞ് നിവരുമ്പോൾ ക്ഷേത്രഗോപുരങ്ങൾ മുന്നിലുദിച്ചു. ആകാശം മുട്ടുന്ന ഉയരമില്ല അവയ്ക്ക്, ആയിരക്കണക്കിന് ഭക്തരെ ചേർത്തു വയ്ക്കാനും മാത്രം വിശാലമല്ല ആ മതിൽക്കെട്ട്, എന്നാൽ മനം നിറയ്ക്കുന്ന വർണഭംഗിയുള്ള ഗോപുരത്തിനു താഴെ, കരിങ്കൽ നടപ്പന്തലിന് അപ്പുറത്ത് തടികൊണ്ടുള്ള കൂറ്റൻ വാതിൽപാളികൾ കടന്നപ്പോൾ ശാന്ത ഗംഭീരവും പുരാതനവുമായ വേദപ്പൊരുളിന്റെ സന്നിധിയിലെത്തിയ അനുഭൂതി.

mannarkoil temple രാജഗോപാലസ്വാമി കുലശേഖര ആഴ്‌വാർ ക്ഷേത്രം . ഗോപുരവും നടപ്പന്തലും

രാജഗോപാലസ്വാമി കുലശേഖര ആഴ്‌വാർ ക്ഷേത്രം എന്ന പേരു വായിച്ചപ്പോൾ കേരളത്തിന്റെ ഗന്ധം നിറഞ്ഞു. ചേര രാജാവായ ദൃഢവൃതന്റെ പുത്രനായി ഇന്നത്തെ കൊടുങ്ങല്ലൂരിനു സമീപം തിരുവഞ്ചിക്കുളത്ത് ജനിച്ച കുലേശഖര വർമ, രാജാധികാരം ഏറ്റെടുത്ത ശേഷം ചോള, പാണ്ഡ്യ രാജാക്കൻമാരെ കീഴ്പ്പെടുത്തി ഇന്നത്തെ കേരള–തമിഴ്നാട് സംസ്ഥാനങ്ങളുടെ വലിയൊരു ഭാഗത്തിന്റെ ഭരണാധികാരിയായി മാറി.

ആദ്യന്തം വൈഷ്ണവ ഭക്തനായിരുന്ന അദ്ദേഹം അധികാരത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ സർവവും ത്യജിച്ച് ഈശ്വര ഭജനത്തിനായി ശ്രീരംഗത്തേക്ക് പോയി. ഒട്ടേറെ തീർഥാടനങ്ങൾക്കിടയിൽ മന്നാർകോവിലിൽ എത്തുകയും ഗ്രാമദേവതയായ വേദനാരായണ പെരുമാളിനെ ശ്രീരംഗനാഥൻ തന്നെ എന്ന് തിരിച്ചറിഞ്ഞ് ശിഷ്ടകാലം അവിടെ ചെലവഴിക്കുകയുമായിരുന്നു. ദക്ഷിണേന്ത്യയിലെ വൈഷ്ണവ ഭക്തൻമാരിൽ പ്രധാനികളായ ആഴ്‍വാർമാരിൽ പന്ത്രണ്ടാമനായി മാറി ആ രാജവ്. ‘മുകുന്ദമാല’യും ‘പെരുമാൾ തിരുമൊഴി’യും രചിച്ച, 31 വർഷം മന്നാർകോവിലിൽ വസിച്ച ആ ഭക്തന്റെ സ്മരണയിലാണ് വേദനാരായണ പെരുമാളിന്റെ ക്ഷേത്രം, രാജഗോപാലസ്വാമി കുലശേഖര ആഴ്‌വാർ ക്ഷേത്രം എന്നു പ്രസിദ്ധമായത്.

vedanarayana temple മന്നാർ കോവിൽ ശ്രീകോവിലും മുകൾ നിലകളും

മൂന്നു നിൽക്കുന്ന, ഇരിക്കുന്ന, കിടക്കുന്ന നിലകളിൽ മഹാവിഷ്ണു

കാവേരി, കൊള്ളിടം നദികൾക്കിടയിൽ ശ്രീരംഗം എന്നപോലെ താമ്രപർണി, ഘടാന നദികൾക്കിടയിലെ നദീതുരുത്താണ് മന്നാർ കോവിൽ. എന്നാൽ ആഴ്‌വാർ ക്ഷേത്രത്തിന്റെ വിശേഷത അവിടത്തെ മൂന്നു ഭാവത്തിലുള്ള വൈഷ്ണവ പ്രതിഷ്ഠകളാണ്. പ്രധാന ശ്രീകോവിലിൽ നിൽക്കുന്ന ഭാവത്തിലുള്ള വേദനാരായണനായ വിഷ്ണുവിനെയാണ് ആരാധിക്കുന്നത്.

ആ ശ്രീകോവിലിന്റെ മുകളിലുള്ള വിമാനം അഥവാ ഗോപുരത്തിൽ രണ്ട് വിഷ്ണുവിഗ്രഹങ്ങൾകൂടിയുണ്ട്. ഇരിക്കുന്നതും അനന്തശായിയായി കിടക്കുന്നതും. സാധാരണ ആറ് നിലകളുള്ള വിമാനങ്ങളാണ് പതിവെങ്കിൽ ഇവിടെ രണ്ട് അധിക നിലകളിലായി പ്രതിഷ്ഠകളുള്ളതിനാൽ അഷ്ടാംഗ വിമാനമാണ് കാണുന്നത്. പെരിയ നമ്പി നരസിംഹ സ്വാമി ക്ഷേത്രവിശേഷതകൾ കാട്ടിത്തന്നു.

ശ്രീകോവിലിനു മുന്നിലെത്തി തൊഴുതു. ആരതിയുഴിഞ്ഞ ദീപം നമിച്ച്, നമ്പി നൽകിയ പൂഷ്പങ്ങൾ ചൂടി മണ്ഡപത്തിന്റെ വശത്തുകൂടി മുകളിലേക്കുള്ള പടവ് കയറി. ധ്യാനാസനസ്ഥനായി ഇരിക്കുന്ന വിഷ്ണു വിഗ്രഹത്തിനു മുൻപിലാണ് ആദ്യമെത്തുന്നത്. അവിടെ നിന്ന് വിമാനത്തിനുള്ളിലെ പടവുകൾ ചവിട്ടിക്കയറി അനന്തസർപ്പത്തെ മെത്തയാക്കി പള്ളികൊള്ളുന്ന പെരുമാളിന്റെ മുൻപിലെത്തി. മുകളിൽ തടിയിൽ കൊത്തുപണികളോടുകൂടിയ മച്ചും ഉത്തരങ്ങളും തൂണുമൊക്കെ ആരിലും കൗതുകം ജനിപ്പിക്കും.

രാമായണ കഥാ സന്ദർഭങ്ങളും സാലഭഞ്ജികകളുമൊക്കെ ചുമരുകളും നടപ്പന്തലുകളുടെ സ്തംഭങ്ങളും മനോഹരമാക്കുന്നു. ആഴ്‌വാർ തിരുവരശ് രാജഗോപാലസ്വാമി ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നരസിംഹ മൂർത്തി, വേദവല്ലിതായർ, രാമാനുജാചാര്യർ തുടങ്ങിയ ഉപദേവതാക്ഷേത്രങ്ങളുമുണ്ട്. വടക്കോട്ട് ദർശനമായി കൊടിമരത്തോടുകൂടിയുള്ള ക്ഷേത്രം കുലശേഖര ആഴ്‌വാരുടെ തിരുവരശ് ആണ്. വൈഷ്ണവാചാര്യൻമാർ വിഷ്ണുപദം പ്രാപിക്കുന്ന സ്ഥലത്തെയാണ് തിരുവരശ് എന്ന് പറയുന്നത്. കുലശേഖര ആഴ്‌വാർ മോക്ഷംപ്രാപിച്ച സ്ഥലത്താണ് കുലശേഖര ആഴ്‌വാർ തിരുവരശ് അഥവാ ആഴ്‌വാർ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ‌

kula sekhara azhval aras കുലശേഖര ആഴ്‌വാർ തിരുവരശ് അഥവാ ആഴ്‌വാർ ക്ഷേത്രം

അസാധാരണനായ ആ മലയാളിയുടെ ചരിത്രത്തെ സ്മരിച്ച് ആ കോവിലിനു മുൻപിൽ കൈകൂപ്പി നമസ്കരിച്ച് പുറത്തേക്കിറങ്ങി.

വിളക്കുകളുടെ ഊര്

‘വിളക്ക് ഗ്രാമം പക്കം താനേ, അങ്കെ പോലാമാ?’ മുരുകൻ ഓടി എത്തി. നിലവിളക്കുകൾ മാത്രം നിർമിക്കുന്ന വാഹൈക്കുളം ഗ്രാമം വിളക്ക് പട്ട്റൈ എന്നാണ് പ്രശസ്തമായിരിക്കുന്നത്. അഗ്രഹാര വീഥികൾ പോലെ പഴമയുടെ ഭംഗി തുടിക്കുന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് വീതികുറഞ്ഞ റോഡിലേക്ക് ഓട്ടോ ഇറങ്ങി. ഇരുവശവും ഉയരം കുറഞ്ഞ, ഓടും ഷീറ്റും മേഞ്ഞ ചെറു കെട്ടിടങ്ങൾ നിറഞ്ഞ തെരുവിലേക്കാണ് എത്തിയത്. പുരാതനമായ കൽമണ്ഡപത്തിനു മുൻപിൽ നിരത്ത് അവസാനിക്കുന്നു.

lamp village വാഹൈക്കുളം വിളക്ക് ഗ്രാമം

മുൻപോട്ട് നടക്കവേ നമ്മെ സ്വാഗതം ചെയ്തെന്നോണം ഓരോ വീട്ടിൽ നിന്ന് ഓരോ ശബ്ദങ്ങൾ. ഒരു ഭാഗത്ത് ഭാരമേറിയ എന്തോ കൊണ്ട് ലോഹത്തിൽ അടിക്കുന്നത്, മറ്റൊരു ഭാഗത്ത് മോട്ടർ കറങ്ങുന്നതിന്റെയും അതിൽ എന്തോ രാകി മിനുക്കുന്നതിന്റേതും, വേറൊരിടത്ത് ഓടിന്റെ കിലുക്കം... ചില സ്ഥലങ്ങളിലേക്ക് ഒന്ന് പാളിനോക്കുമ്പോൾ തിളക്കമുള്ള നിലവിളക്കുകൾ അടുക്കി നിരത്തിയിരിക്കുന്നു. ഇവിടെ വീടുകൾ ഒട്ടുമിക്കവയും വിളക്ക് ഫാക്ടറികൾ തന്നെ.

lamp makers2 വിളക്കു നിർമാണം.

ചാരി കിടന്ന ഗേറ്റ് കടന്ന് ഒരു മുറ്റത്തേക്ക് കയറി. അവിടെ ഉലയിൽ തീ കൂട്ടുന്നു. വന്ന കാര്യം പറഞ്ഞപ്പോൾ അകത്തേക്ക് കൈചൂണ്ടി. അവിടെ ഒരു ഭാഗത്ത് നിലവിളക്കിന്റെ തട്ടുകൾ അടുക്കി വച്ചിരിക്കുന്നു, എതിർവശത്ത് പണിപൂർത്തിയാക്കി മിനുക്കി വെച്ച വിളക്കുകൾ. അടുത്ത കെട്ടിടത്തിൽ കയറിച്ചെന്ന മുറിയിൽ വാർത്തെടുത്ത വിളക്ക് തട്ടുകളിലെ മുട്ടുകളും മുഴകളും ചുറ്റികകൊണ്ട് അടിച്ചും മെഷിൻ കൊണ്ട് രാകിയും നിരപ്പാക്കുന്നു. മറ്റൊരു മുറിയിൽ വിളക്കിന്റെ മുകളിൽ ഘടിപ്പിക്കുന്ന മയിലിന്റെ ശിൽപം മിനുക്കുന്നു ചെറുപ്പക്കാരനായ ഒരാൾ. അതിനപ്പുറത്ത് കൂമ്പ് വാർത്തെടുക്കാൻ മണ്ണുകൊണ്ട് അച്ച് തയാറാക്കുന്നു. മുറികളിൽ നിന്നു മുറികളിലേക്ക് നീളുന്ന ചങ്ങല പോലെയാണ് ഇവിടത്തെ വിളക്കു നിർമാണം. ഉരുകിയ വെങ്കലം നേരിട്ട് അച്ചിലേക്ക് ഒഴിക്കുന്നതാണ് വാഹൈക്കുളത്തെ നിർമാണ ശൈലി. തണുക്കുമ്പോൾ അച്ച് അഴിച്ച് വിളക്കിന്റെ ഭാഗങ്ങൾ എടുക്കുന്നു. അവയുടെ രൂപഭംഗി ഉറപ്പാക്കി, പോളിഷ് ചെയ്ത് എടുത്താൽ വിൽപനയ്ക്ക് തയാർ.

lamp makers വിളക്കു നിർമാണം.

തലമുറകളായി വിളക്ക് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഇവിടത്തെ കുടുംബങ്ങൾ. വേദനാരായണ ക്ഷേത്രത്തിലേക്ക് ആവശ്യമായ വിളക്കുകൾ നിർമിക്കാൻ വന്ന കുടുംബങ്ങൾ ഇവിടെ താമസമാക്കിയെന്നാണ് പഴമക്കാർ പറയുന്നത്. നിലവിളക്ക് മാത്രമേ വാഹൈക്കുളത്ത് നിർമിക്കുന്നുള്ളു.അത് ഏജന്റുമാർ വന്ന് മൊത്തമായി വാങ്ങുകയാണ്. ഗ്രാമത്തിൽ ഒന്നു രണ്ട് കടകളിൽ വിളക്ക് വിൽക്കുന്നുണ്ട്.

ആർ കെ നാരായൺന്റെ മാൽഗുഡി കഥകളിലെ ഗ്രാമങ്ങളെ ഓർമിച്ച തെരുവുകളിലൂടെ അലഞ്ഞ് തിരികെ കൽമണ്ഡപത്തിനു മുൻപിലെത്തിയപ്പോഴേക്ക് സൂര്യൻ തലയ്ക്കു മുകളിൽ എത്തി. ഓട്ടോ സ്‌റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് മണ്ഡപത്തണലിൽ കരിങ്കല്ലിന്റെ ശീതളിമയിൽ അഭയം തേടിയ ആട്ടിൻകുട്ടി ഞെട്ടി എഴുന്നേറ്റ് ഗ്രാമത്തിന്റെ തെരുവുകളിലേക്ക് ഓടിയകന്നു. ഒപ്പം എന്റെ മനസ്സും ആ പുലരി മുതൽ കണ്ട ഗ്രാമക്കാഴ്ചകളുടെ ഓർമകളിലേക്ക് നടന്നു തുടങ്ങി...

vahaikulam streets വാഹൈക്കുളം തെരുവ്

How to Reach

തിരുനെൽവേലി–തെങ്കാശി ഹൈവേയിൽ അംബാസമുദ്രത്തിൽ നിന്ന് 6 കിലോമീറ്ററുണ്ട് മന്നാർകോവിലിലേക്ക്. തിരുനെൽവേലിയിൽ നിന്ന് 46 കിലോമീറ്റർ. തെങ്കാശിയിൽ നിന്ന് 30 കിലോമീറ്റർ. കുറ്റ്രാലം വെള്ളച്ചാട്ടം, തെങ്കാശി, അംബാസമുദ്രം, പാപനാശം എന്നിവ സമീപ ഡെസ്റ്റിനേഷനുകൾ.