തൃശൂർ – പാലക്കാട് റൂട്ടിൽ വടക്കഞ്ചേരിയിൽ നിന്നു നെന്മാറയിലേക്കു തിരിഞ്ഞ് നേരേ കൊല്ലങ്കോട്ടേക്കുള്ള പാതയിലൂടെയാണ് പറമ്പിക്കുളത്തേക്കുള്ള യാത്ര. ശാന്തസുന്ദര ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട കൊല്ലങ്കോടിന്റെ സൗന്ദര്യം ആസ്വദിച്ച് കേരള – തമിഴ്നാട് അതിർത്തിയിലുള്ള ചെമ്മണാമ്പതിയിലേക്കു നീങ്ങുന്നു. നിരവധി മലയാള സിനിമകൾക്കു ലൊക്കേഷനായിട്ടുള്ള പ്രദേശമാണു ചെമ്മണാമ്പതി.
കടങ്കഥ പോലെ കൗതുകമാണു പറമ്പിക്കുളത്തിന്റെ ലൊക്കേഷൻ. ഈ സ്ഥലം കേരളത്തിലാണെങ്കിലും അവിടെ എത്താൻ തമിഴ്നാട്ടിലൂടെ യാത്ര ചെയ്യണം. !
കൊല്ലങ്കോടിനപ്പുറത്തുള്ള പറമ്പുകൾ മാന്തോപ്പുകളാണ്. ചോളവും കരിമ്പും വിളയുന്ന പാടങ്ങളുമുണ്ട്. ചെമ്മണാംപതി കടന്നാൽ തമിഴ്നാടായി. സിനിമാക്കാരുടെ സ്ഥിരം ലൊക്കേഷനായ വേട്ടക്കരൻപുതൂരിലാണ് വഴി പിരിയുന്നത്. ഇടത്തോട്ടുള്ള വഴി പൊള്ളാച്ചിയിലേക്ക്. പറമ്പിക്കുളത്തേക്കു പോകാൻ വലത്തോട്ടു തിരിയണം. അൽപ്പംകൂടി മുന്നോട്ടു നീങ്ങിയാൽ സേത്തുമട. അവിടെ നിന്നു വലത്തോട്ടു തിരിയുന്ന റോഡ് ആനപ്പാടി ചെക്പോസ്റ്റിനു മുന്നിലേക്ക്.
കന്നിമാരയിലെ കൗതുക തേക്ക്
ആനപ്പാടിയിൽ നിന്ന് പുറപ്പെടുന്ന സഫാരി വാനിലാണ് യാത്ര. കഥയിലെ കണ്വാശ്രമം പോലെയാണ് പറമ്പിക്കുളം കടുവാ സങ്കേതം. കാടിനു കൊടും നിശബ്ദത. മാനുകൾ മേയുന്നു, കാട്ടുപോത്തുകൾ വഴിയോരത്തു വിശ്രമിക്കുന്നു. പീലി വിടർത്തിയ മയിലുകളാണ് മറ്റൊരു കാഴ്ച. കാന്റർ വാനിന്റെ ശബ്ദം കേട്ട് കിളികൾഡ ചിലച്ചു. ഈ കാടിന് പലയിടത്തും പല രൂപമാണ്. ചിലയിടങ്ങളിൽ തടിച്ച മരങ്ങൾ, മറ്റു സ്ഥലങ്ങളിൽ കുറ്റിക്കാടും പുൽമേടും. മെറ്റൽ ചിതറിയതാണു റോഡ്. കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നു.
ഇന്ത്യ ഗവൺമെന്റ് മഹാവൃക്ഷ പുരസ്കാരം നൽകി ആദരിച്ച തേക്കുമരത്തിനു ചുവട്ടിലാണ് സഫാരി ചെന്നു ചേരുന്നത്. ലോകത്ത് നിലനിൽക്കുന്ന തേക്കുകളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുള്ള മരമാണിത്. ഉയരം 39.98 മീറ്റർ, ചുറ്റളവ് 7.2 മീറ്റർ. 450 വർഷം പഴക്കമുണ്ടെന്നാണു കണക്കാക്കപ്പെടുന്നു.
കന്നിമാരയിൽ നിന്നു സഫാരി വാഹനം തൂണക്കടവിലേക്കാണു പോകുന്നത്. കാട്ടുകൊമ്പനും കാട്ടുപോത്തും മ്ലാവും മാനുകളും ഇവിടെ സ്വൈരവിഹാരം നടത്തുന്നു. പറമ്പിക്കുളത്തെ പ്രധാനജലാശയമായി അറിയപ്പെടുന്ന തൂണക്കടവ് അണക്കെട്ട് ഈ യാത്രയുടെ ആകർഷണമാണ്. അണക്കെട്ടും വനമേഖലയും കണ്ടാസ്വദിക്കാൻ വ്യൂ പോയിന്റുണ്ട്. പച്ചവിരിച്ച മലനിരകളും അണക്കെട്ടും നീലാകാശവും സന്ദർശകർക്ക് ക്യാമറയിൽ പകർത്താം.
കാട്ടിലുണ്ട് പാർപ്പിടങ്ങൾ
പറമ്പിക്കുളത്തിന്റെ കവാടമായ ആനപ്പാടിയിൽ ആരംഭിക്കുന്ന റോഡ് നേരേ ചെന്നു ചേരുന്നത് പറമ്പിക്കുളം പട്ടണത്തിലാണ്. അവിടെ നിന്ന് ഇടത്തോട്ടുളള വഴി തടാകത്തിന്റെ തീരത്തേക്കാണ്. സന്ദർശകരുമായി എത്തുന്ന കാന്റർ വാൻ അവിടെ പാർക്ക് ചെയ്യുന്നു. സന്ദർശകർക്ക് ഇവിടെ ചങ്ങാടത്തിൽ സവാരി നടത്താം. മുള കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങൾ തടാകത്തിന്റെ തീരത്ത് കാത്തു കിടപ്പുണ്ട്. നാടൻ സാങ്കേതിക വിദ്യയിലാണ് ചങ്ങാടം നിർമിച്ചിട്ടുള്ളത്. തുഴയുന്നവർക്കും യാത്രക്കാർക്കും വെവ്വേറെ ഇരിപ്പിടങ്ങളുണ്ട്.
അരമണിക്കൂർ ജലസവാരി കഴിഞ്ഞ് സന്ദർശകരുമായി വാഹനം വീണ്ടും പട്ടണത്തിലേക്ക് നീങ്ങുന്നു. ‘ടൈഗർ ഹാൾ’ ആണ് അടുത്ത പോയിന്റ്. അവിടെ ഗോത്രവാസികൾ നൃത്തം അവതരിപ്പിക്കുന്നു. വനഭാഷയിലുള്ള വരികൾ, കാട്ടുമുളയുടെ സംഗീതം, താളമിട്ട് കേട്ടിരിക്കാൻ പറ്റിയ ഈണം...
ഡേ ടൂർ ഇതോടെ അവസാനിക്കുകയാണ്. കാന്റർ വാൻ ആനപ്പാടിയിലേക്കു മടങ്ങുന്നു. രാത്രിയിൽ ഇനി ഈ പാതയിൽ മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ല. രാപാർക്കാൻ എത്തിയവർ കാടിനുള്ളിലെ കോട്ടേജുകളിലുണ്ട്. ട്രീ ടോപ് ഹട്ട്, ഹണി കോംബ്, വീട്ടിക്കുന്ന് ഐലൻഡ് നെസ്റ്റ് എന്നിവയാണ് കോട്ടേജുകൾ. അതിന്റെ വിശേഷങ്ങൾ ഇങ്ങനെ:
പറമ്പിക്കുളം തടാകത്തിന്റെ നിർമാണ സമയത്ത് ജോലിക്കാർക്കു താമിസിക്കാനുണ്ടാക്കിയ കെട്ടിടം പിൽക്കാലത്ത് വിനോദസഞ്ചാരികൾക്കുള്ള കോട്ടേജാക്കി മാറ്റി. അതാണ് ഹണി കോംബ്. എസി മുറികളാണ്. ഒരു ദിവസത്തേക്ക് വാടക 5900 – 6900 രൂപ.
തൂണക്കടവ് റിസർവോയറിന്റെ അരികിൽ മരത്തിനു മുകളിൽ നിർമിച്ച ട്രീ ടോപ് ഹട്ട് കാടിന്റെ റിയൽ ഫീൽ നൽകുന്ന താമസ സ്ഥലമാണ്. വാടക5900 – 6900 രൂപ. പാക്കേജിൽ ഉൾപ്പെടുന്നത്: വെൽക്കം ഡ്രിങ്ക്, മൂന്നു നേരം ഭക്ഷണം, ഇവ്നിങ് കോഫി സ്നാക്സ്, മോണിങ് കോഫി, ജംഗിൾ സഫാരി, ബാംബു റാഫ്ടിങ്, ട്രെക്കിങ്, ബേഡിങ്.
വീട്ടിക്കുന്ന് ദ്വീപിലെ ഐലൻഡ് നെസ്റ്റ് പറമ്പിക്കുളത്തിന്റെ യഥാർഥ ഭംഗി ആസ്വദിച്ച് താമസിക്കാവുന്ന സ്ഥലമാണ്. ഇവിടേക്ക് റോഡില്ല, അതിഥികളെ റിസോർട്ടിലെത്തിക്കുന്നതു ചങ്ങാടത്തിലാണ്. അഞ്ചു പേർക്ക് വാടക 9900 – 11900 രൂപ.
പേരുവരി റിസർവോയറിന്റെ തീരത്തും ഐലൻഡ് നെസ്റ്റ് ഉണ്ട്. ഇവിടേക്കും ചങ്ങാടത്തിലാണ് യാത്ര. വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ കണ്ട് സുരക്ഷിതമായി താമസിക്കാവുന്ന കോട്ടേജാണ് പേരുവരിയിലേത്. അഞ്ചു പേർക്ക് വാടക 6900 – 10900 രൂപ.
പേരുവരിപള്ളം പാക്കേജിൽ ഉൾപ്പെടുന്നത്: ഒരു രാത്രി താമസം, ഗൈഡിന്റെ നേതൃത്വത്തിൽ സ്വന്തം വാഹനത്തിൽ കാടിനുള്ളിൽ ജംഗിൾ സഫാരി, ട്രെക്കിങ്, പക്ഷി നിരീക്ഷണം. ഭക്ഷണം ഉണ്ടാക്കാനുള്ള ചേരുവ വാങ്ങി കൊണ്ടു വരുന്നവർക്ക് സ്വന്തമായി പാകം ചെയ്യാം.
കോട്ടേജുകളിൽ താമസിക്കാൻ താൽപര്യമില്ലാത്തവർക്ക് കാൻവാസ് ടെന്റ് ഉണ്ട്. കിടപ്പുമുറിയും ബാത്ത് റൂമും വരാന്തയും സിറ്റൗട്ടുമുള്ള ടെന്റിൽ താമസിക്കാൻ രണ്ടു പേർക്ക് ഒരു ദിവസത്തേക്ക് വാടക 6900 – 7900 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 9442201690, 9487011685, 9442201691