Friday 24 February 2023 04:11 PM IST : By Shalan Valluvassery

കായൽ കടന്ന് പെരുമ്പളത്തേക്ക്

perumbalam boat

പാണാവള്ളി ജെട്ടിയിൽ നിന്ന് ബോട്ട് പുറപ്പെട്ടിട്ട് ഒന്നേകാൽ മണിക്കൂർ ആയി. പെരുമ്പളം മാർക്കറ്റ് ജെട്ടിയിലാണ് ഇതിനിടെ ആദ്യം ബോട്ട് അടുത്തത്. തുടർന്ന് ജങ്കാർ ജെട്ടി, പള്ളജെട്ടി, കൂമ്പേജെട്ടി, പുറവായ ജെട്ടി, പറവൂർ ജെട്ടി, ന്യൂ സൗത്ത്, കാളത്തോട്, വാതിക്കാട് മുക്കം ജെട്ടികളിൻ നിന്നെല്ലാം ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. കായലരികു ചേർന്നു നിൽക്കുന്ന വീടുകളെയും ദേവാലയങ്ങളെയും വെള്ളത്തിലേക്ക് നിഴൽ വിരിക്കുന്ന തെങ്ങുകളെയും പിൻതള്ളി ബോട്ട് സാവധാനം പെരുമ്പളം സൗത്ത് ജെട്ടിയിലേക്ക് അടുത്തു. ദൂരെ നിന്നു കാണുമ്പോൾ നിവർത്തിപിടിച്ച പച്ചക്കുട പോലെ ദ്വീപിനു നിറച്ചാർത്തു നൽകുന്ന വൃക്ഷങ്ങൾ ബോട്ടിറങ്ങിയവരെ ഇലകളിളക്കി സ്വാഗതം ചെയ്തു. ആലപ്പുഴ ജില്ലയുടെ വടക്കുകിഴക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ദ്വീപാണ് പെരുമ്പളം. വേമ്പനാട്ടു കായലിൽ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപിന് മൂന്നേമുക്കാൽ കിലോമീറ്റർ നീളവും ശരാശരി രണ്ടു കിലോമീറ്റർ വീതിയുമുണ്ട്. ഗ്രാമഭംഗി നിറഞ്ഞ ഈ നാടിന്റെ പെരുമ ക്ഷേത്രങ്ങളും സർപ്പക്കാവുകളും ആണ്. പൂഴിമണ്ണ് വിരിച്ച നാട്ടിൻപുറത്തിന്റെ ‘ദേശീയപാത’യിലേക്ക് ഇറങ്ങി നടന്നു.

perumbalam1

പെരുമ്പളം സൗത്ത് ജെട്ടിയിൽ നിന്ന് അര കിലോമീറ്റർ വടക്കുള്ള കുഞ്ഞിത്തൈ സർപ്പ ധർമദൈവ ക്ഷേത്രത്തിലെത്തി. കവാടത്തിനു സമീപം ചെരുപ്പ് ഊരിയിട്ട്, ഭണ്ഡാരത്തിൽ നാണയം നേർച്ചയിട്ട് അകത്തു കയറി. നട്ടുച്ചയ്ക്കും സൂര്യപ്രകാശത്തെ അകത്തേക്കു കടത്തി വിടാതെ പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങളും വള്ളിച്ചെടികളും പകരുന്ന കുളിർമയും ഏതൊക്കെയോ മരക്കൊമ്പുകളിൽ ഒളിഞ്ഞിരുന്ന പക്ഷികളുടെ കളകൂജനവും ചേർന്ന അന്തരീക്ഷം അനുഭവിച്ചു തന്നെ അറിയണം.

കാവുകളും ജൈവവ്യവസ്ഥയും പ്രകൃതിയിൽ തന്നെ ഈശ്വരനെ ദർശിച്ചിരുന്ന പുരാതന ആരാധനയുടെ തുടർച്ചയാണ് കാവുകൾ. അതിലുപരി പരിസ്ഥിതി സംരക്ഷണത്തിന്റെ ഉദാത്തമായ മാതൃകകളും കൂടിയാണ് അവ. സർപ്പദൈവങ്ങൾക്കൊപ്പം ചെറുതും വലുതുമായ ഒട്ടേറെ അപൂർവജീവികളും പക്ഷികളും ഓരോ കാവുകളിലും കുടിയിരുന്നു പോന്നു.

ഔഷധ സസ്യങ്ങളും വൻമരങ്ങളും ഉൾപ്പടെ ജൈവവൈവിധ്യത്തിന്റെ കേദാരമാണ് ഓരോ കാവും. ‘കാവു തീണ്ടല്ലേ, കുളം വറ്റും’ എന്നു പറഞ്ഞുപോന്ന കാരണവൻമാരെ ധിക്കരിച്ച് കാവുകൾ വെട്ടിത്തെളിച്ച് വികസനത്തിന്റെ വഴിയിലേക്ക് ശരവേഗത്തിൽ കുതിച്ച പ്രദേശങ്ങളിൽ വെള്ളം ദുഷിച്ചു, വറ്റി, ചൂടേറി... കാവുകൾ അതാതിടത്തെ മണ്ണൊലിപ്പ് തടഞ്ഞും മണ്ണിലെ ജലനിരപ്പ് താഴാതെ കാത്തുസൂക്ഷിച്ചും അന്തരീക്ഷത്തിലെ ഓക്സിജൻ–കാർബൺ ഡൈഓക്സൈഡ് സന്തുലനം സൂക്ഷിച്ചും ജീവികൾക്ക് അഭയം നൽകിയും ജൈവവൈവിധ്യത്തിന്റെ സൂക്ഷ്മമാതൃകയാണ് ഒരുക്കുന്നത്. ആചാരങ്ങളും വിശ്വാസങ്ങളും കൂടി കാവുകളുമായി ഏതോകാലത്ത് ബന്ധപ്പെട്ടതോടെ ചെറുപ്രതിഷ്ഠകൾ കാവുകളുടെ ഉള്ളിലെത്തി.

perumbalam temple

കുഞ്ഞിത്തെ സർപ്പധർമദൈവ ക്ഷേത്രത്തിൽ കരിനാഗം, മലനായാടി, ഒറ്റമുലച്ചി, കാപ്പിരി, പട്ടാണി തുടങ്ങിയ സർപ്പവിഗ്രഹങ്ങളുണ്ട്. പറക്കുന്ന സർപ്പങ്ങൾ കുളങ്ങൾ കാവിലെ അവിഭാജ്യഘടകമാണ്. വൃത്താകൃതിയിൽ വെട്ടിയൊരുക്കിയ കുളത്തിലെ പച്ചനിറമുള്ള ജലത്തിന്റെ കാഴ്ച തന്നെ കുളിർമ നൽകുന്നു. ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കുളം മലിനമാകാതിരിക്കാൻ ഇവിടെത്തുന്ന ഓരോരുത്തരും ശ്രദ്ധവയ്ക്കുന്നു.

perumbalam kavu

കുഞ്ഞിത്തൈ ക്ഷേത്രത്തിൽ സർപ്പബലിയും സർപ്പം തുള്ളലും പ്രധാന ചടങ്ങാണ്.സർപ്പം തുള്ളലിനു തയാറാകുന്നവർ അനുഗ്രഹം നേടി, ഉടുത്ത ചുവന്ന പട്ടോടേ ചാടിക്കുളിച്ചു ശുദ്ധി വരുത്തുന്നത് വെട്ടിത്തേകി വൃത്തിയാക്കിയ ഈ കുളത്തിലാണ്. സർപ്പദൈവങ്ങൾക്കൊപ്പം വേളോർവട്ടം യക്ഷി, രക്ഷസ്, ഗുരുനാഥൻ, ഗന്ധർവ്വൻ, ശാസ്താവ് തുടങ്ങിയ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്. സർപ്പബലിക്കായിസർപ്പക്കല്ലിൽ വെറ്റില, അടക്ക, ചുണ്ണാമ്പ്, തിരി, എണ്ണ, കമുകിൻ പൂക്കുല മാല, മലര് എന്നിവ ഒരുക്കി വച്ചിരിക്കുന്നു. കാപ്പിരി, പാട്ടാണി തുടങ്ങിയ സർപ്പവിഗ്രഹങ്ങളുള്ള‌ കാവിൽ പ്രവേശിക്കുമ്പോൾ ഉള്ളിൽ ഭയം കനക്കും. നിബിഡമായ വള്ളിപ്പടർപ്പിൽ നിന്ന് സർപ്പം പറന്നു വന്നു കൊത്തിയാലോ എന്നു പേടി തോന്നും. സർപ്പങ്ങൾ പറക്കുമത്രേ. അവ ദൈവങ്ങളാണ്. അങ്ങനെയാണ് വിശ്വാസം.

perumbalam temple pond1

പെരുമ്പളം ദ്വീപിലാകെ അൻപതിലേറെ സർപ്പക്കാവുകൾ ഉണ്ട്. കുറച്ചു മനുഷ്യർ ഇന്നും വച്ചുപൂജയും സർപ്പം തുള്ളലുമൊക്കെയായി കാവുകൾ നിലനിർത്തുന്നത് ആ വിശ്വാസത്തിനു മനുഷ്യമനസ്സിലുള്ള ആഴമാണ് കാണിക്കുന്നത്. ദേവാലയങ്ങളുടെ ഗ്രാമം പെരുമ്പളം ദ്വീപിൽ നിറയെ റോഡുകൾ ഉണ്ട്. അവയിലൂടെ സഞ്ചരിച്ചാൽ പുതുക്കാട്ടു സുബ്രഹ്മണ്യ ക്ഷേത്രം, പള്ളിപ്പാട് ദേവീക്ഷേത്രം, പനമ്പുകാട് ദേവീ ക്ഷേത്രം, പാട്ടേക്കാട്

ദേവീക്ഷേത്രം, വടയാഴത്തു ക്ഷേത്രം, ക്രിസ്ത്യൻ പള്ളികൾ, മുസ്‌ലിം പള്ളികൾ തുടങ്ങി ഒട്ടേറെ ദേവാലയങ്ങളുടെ സമീപമെത്താം. ദ്വീപിന്റെ വടക്കേയറ്റത്ത് നിന്നും വടുതലയിലേക്ക് നിർമാണം ആരംഭിച്ച പാലം താമസിയാതെ ഈ ദ്വീപിനെ ഹൈവേയുമായി ബന്ധിപ്പിക്കും. അതോടെ പെരുമ്പളത്തെ നാട്ടുകാരും ചങ്ങാടത്തെ ആശ്രയിക്കാതെ വാഹനങ്ങളുമായി നഗരത്തിലെത്തും. അതവരുടെ ചിരകാല സ്വപ്നമാണ്. മഹാപ്രളയങ്ങൾ ഉണ്ടായപ്പോൾ അത് ഒരിഞ്ച് ഉയരത്തിൽ പോലും പെരുമ്പളം ദ്വീപിൽ ഏശിയില്ല. വികസനം കടന്നുവരുമ്പോൾ നാടിന്റെ ശാന്തതയും സ്വസ്ഥതയും നഷ്ടപ്പെടും എന്നു ചിന്തിക്കുന്ന കുറച്ചേറെ ഗ്രാമീണരെ ഈ ചെറിയ യാത്രയിൽ കണ്ടു. അവർ ഭയപ്പെടുംപോലെ പെരുമ്പളത്തിന്റെ ശാന്തിയും സ്വസ്ഥതയും വികസനം കവർന്നെടുക്കുമോ? വൃക്ഷലതാദികൾ നിറഞ്ഞ പറമ്പുകളും ശുദ്ധജലം നിറഞ്ഞ കുളങ്ങളും കൃഷിയിടങ്ങളും വാവലുകൾ പകൽ ചേക്കേറുന്ന വൻ മരങ്ങളും നിഷ്കളങ്ക ഗ്രാമീണ ജീവിതങ്ങളും വികസനത്തിന്റെ കടന്നു കയറ്റത്തിൽ നഷ്ടമാകുമോ? ഒരുപകൽ മുഴുവൻ ചുറ്റിക്കറങ്ങി ആസ്വദിക്കാനുള്ള സൗന്ദര്യമുണ്ട് പെരുമ്പളത്തിന്. എറണാകുളം ടൗണിൽ നിന്ന് പതിനെട്ടു കിലോമീറ്ററേയുള്ളു ഇവിടേക്ക്. വാരാന്ത്യ സഞ്ചാരത്തിന് പറ്റിയ ഡെസ്റ്റിനേഷൻ. ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ ഇവിടെ വന്നിറങ്ങാം. അല്ലങ്കിൽ ജങ്കാറിൽ വാഹനവുമായും എത്താം. രുചികരമായ മീൻകറി ഊണ് വിളമ്പുന്ന ഭക്ഷണശാലകൾ ഒന്നിലേറെയുണ്ട് ഈ തുരുത്തിൽ.

പ്രകൃതിയും വിശ്വാസവും ആചാരങ്ങളും ഒത്തുചേർന്ന അനുഭവങ്ങളുമായി പാണാവള്ളിയിൽ തിരികെ വന്നിറങ്ങി. അപ്പോൾ അക്കരെ പെരുമ്പളം കാവുകളിലെ ഇലച്ചാർത്തുകൾ തഴുകി എത്തിയ കാറ്റ് ചെവിയിൽ മന്ത്രിക്കുന്നതുപോലെ തോന്നി, ഇനിയും വരണം, കാണണം...

Tags:
  • Manorama Traveller
  • Kerala Travel