Friday 20 May 2022 04:24 PM IST : By Christy Rodrigues

ഔഷധഗുണമുള്ള ജലം ഒഴുകിയെത്തുന്ന പ്രകൃതിദത്ത ഗുഹ, ഡറാഡൂണിലെ റോബേഴ്സ് കേവ്

doon robbers cave and jonsari

തെക്കേ ഇന്ത്യയിൽ നിന്നു പുറപ്പെട്ട ബുള്ളറ്റ് യാത്ര ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡറാഡൂണിൽ എത്തിയിട്ട് നാലു ദിവസമായി. ഉത്തരേന്ത്യയിൽ എനിക്ക് അടുപ്പമുള്ള ഒരു നാട്, ഏതാനും പരിചയക്കാരുള്ള നാട്. പ്രശസ്ത ഹിന്ദി സാഹിത്യകാരനും അധ്യാപകനുമായ ഡോ. ലാൽ ബഹദൂർ വർമക്കൊപ്പമാണ് താമസം. മുൻപൊരു യാത്രയിൽ പൂക്കളുടെ താഴ്‌വരയിലേക്കുള്ള പാതയിൽ വച്ചു പരിചയപ്പെട്ട ഞങ്ങൾ ക്രമേണ ആത്മബന്ധുക്കളായി മാറി. ഇന്ത്യയുടെ ഏതു ഭാഗം സന്ദർശിക്കാൻ പോകുമ്പോഴും ഡോ. വർമയെ ബന്ധപ്പെട്ടാൽ അദ്ദേഹത്തിന്റെ വലിയ സൗഹൃദവലയത്തിലുള്ള ആരുടെ എങ്കിലും സഹായം സംഘടിപ്പിച്ചു തരാൻ തയാറാകും. അദ്ദേഹവും കുടുംബവും കേരളത്തിൽ എത്തിയപ്പോൾ അവരുടെ ആതിഥേയനാകാൻ എനിക്കും അവസരമുണ്ടായിട്ടുണ്ട്.

haridwar arati

ഗംഗാതീരവും ജൊൻസാരികളും

കൊളോണിയൽ പ്രൗഢി നിലനിർത്തുന്ന നഗരവും റോബേഴ്സ് കേവും ഗംഗാപൂജയും ഈ ദിവസങ്ങളിൽ കാഴ്ച വിരുന്നൊരുക്കി. ഹിമാലയൻ മലനിരകളെ മൂന്നു തലങ്ങളായി വിഭജിക്കുകയാണെങ്കിൽ ഏറ്റവും താഴെയുള്ള ശിവാലിക് നിരകളും രണ്ടാം നിരയായ ഹിമാചലിനും ഇടയ്ക്കുള്ള താഴ്‌വരയാണ് ഡൂൺ വാലി എന്നു പ്രസിദ്ധമായ ഡറാഡൂൺ. വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥ ലഭിക്കുന്ന, പ്രധാനപ്പെട്ട ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്ന് എത്തിച്ചേരാൻ സൗകര്യമുള്ള ഡറാഡൂൺ വളരെക്കാലമായി ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ഉത്തരേന്ത്യയിലെ ഒരു പ്രധാന വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് ഈ നഗരം. കേന്ദ്രീയ വിദ്യാലയങ്ങളും സ്വകാര്യ മേഖലയിലെ പ്രശസ്തമായ ഒട്ടേറെ സ്കൂളുകളും ഇന്ത്യൻ മിലിറ്ററി അക്കാഡമിയും ഫൊറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. എഡ്യുക്കേഷനൽ കാപ്പിറ്റൽ സിറ്റി എന്നു ഡെറാഡുണിനെ വിശേഷിപ്പിക്കാറുണ്ട്.

ഹിമാലയത്തിലേക്കുള്ള ആധ്യാത്മിക കവാടങ്ങളായ ഹരിദ്വാറിൽ നിന്ന് 51 കിലോ മീറ്ററും ഋഷികേശിൽ നിന്ന് 44 കിലോ മീറ്ററും ദൂരമുണ്ട് ഡറാഡൂണിലേക്ക്. പ്രധാന ആരതി നടക്കുന്ന സ്ഥലത്ത് തടിച്ചു കൂടുന്ന ജനാവലി ആവേശത്തോടെ ഗംഗയ്ക്ക് ജയ് വിളിച്ചു. പുരോഹിതൻമാരുടെ നേതൃത്വത്തിൽ നടക്കുന്ന ആരതിക്കൊപ്പം ജനക്കൂട്ടവും ദീപനാളങ്ങളോടുകൂടിയ ചിരാതുകൾ നദിയിൽ സമർപിച്ചു. ഒട്ടേറെ ചിരാതുകൾ ഗംഗയിൽ ഒരേസമയം സമർപിക്കുന്നതിനാൽ മനോഹരമായൊരു ചിത്രം മനസ്സിൽ സങ്കൽപിച്ച് തയാറെടുത്ത എനിക്കു പക്ഷേ നിരാശയായിരുന്നു ഫലം. വെള്ളത്തിലേക്കു വയ്ക്കുന്ന ചിരാത് ജല സമൃദ്ധമായ ഗംഗയുടെ കുത്തൊഴുക്കിൽ നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുന്നതാണ് കണ്ടത്.

doon robbers cave

ഒളിച്ചിരിക്കാൻ ഒരു ഗുഹ

ഡറാഡൂണിൽ നിന്ന് 8 കിലോ മീറ്റർ യാത്ര ചെയ്ത് റോബേഴ്സ് കേവ് എന്ന പ്രകൃതിദത്തമായ ഗുഹാ സങ്കേതം സന്ദർശിച്ചു. ഗുച്ചുപാനി എന്നു പ്രാദേശികമായി അറിയപ്പെടുന്ന അരുവിയോടു ചേർന്നാണ് 600 മീറ്റർ നീളമുള്ള ഗുഹ. ഗുഹയുടെ മധ്യഭാഗത്തു നിന്നാണ് ഗുച്ചുപാനി പുറത്തേക്ക് ഒഴുകുന്നത്. അരുവിയിലെ വെള്ളത്തിലൂടെ നടന്ന് ഗുഹയിൽ എത്താം. ഔഷധഗുണമുള്ളതാണ് ഈ ജലമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. 19ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സമ്പന്നരെ കൊള്ളയടിക്കുന്നവർ ബ്രിട്ടിഷ് പൊലീസിൽ നിന്നു രക്ഷപെടാൻ ഈ ഗുഹയിൽ ഒളിച്ചു താമസിച്ചത്രേ. അങ്ങനെയാണ് റോബേഴ്സ് കേവ് എന്ന പേരു കിട്ടിയത്. ബ്രിട്ടിഷ് നിയമവാഴ്ചയെ എതിർത്ത സ്വാതന്ത്ര്യ സമര ഭടൻമാരും ഇവിടെ ഒളിച്ചു താമസിച്ചിട്ടുണ്ട് എന്നു പറയപ്പെടുന്നു.

doon jonsari tribe.

ഡറാഡൂൺ ദിനങ്ങളിലെ ഒരു വിശേഷയാത്ര ആദിവാസികളായ ജൊൻസാരികളുടെ ഗ്രാമത്തിലേക്ക് ആയിരുന്നു. ഡറാഡൂണിനു സമീപം ചക്രദാ താലൂക്കിൽ വസിക്കുന്ന ഇവർ ഇന്ത്യയിലെ ഗോത്രവിഭാഗങ്ങളിൽ ഏറ്റവും പുരോഗമന ജീവിതം നയിക്കുന്നവരാണ്. ഗഡ്‌വാളികളിൽ നിന്നും കുമയൂണികളിൽ നിന്നും വേറിട്ടു നിൽക്കുന്ന ജൊൻസാരികൾ ചെറിയൊരു സമൂഹമാണ്. പരമ്പരാഗതമായി കർഷകരാണെങ്കിലും ഇവരുടെ പുതുതലമുറക്കാർ പലരും വിദ്യാഭ്യാസം നേടുകയും സർക്കാർ ജോലി സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. സിവിൽ സർവീസ് പരീക്ഷ പാസായവരും ഈ സമൂഹത്തിലുണ്ട്. ജൊൻസാരി വിഭാഗത്തിലെ സ്ത്രീകളുടെ വസ്ത്രം കുറച്ചു കാലം മുൻപു വരെ മലയാളി യുവതികൾക്കിടയിൽ സർവസാധാരണമായിരുന്ന ഫുൾപാവാട–ബ്ലൗസ് വേഷത്തിനു സമാനമായി തോന്നി.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India