Wednesday 27 April 2022 03:17 PM IST : By Remya S Anand

ഒരു മനുഷ്യൻ 35 വർഷം കൊണ്ട് ശേഖരിച്ച വസ്തുക്കൾ , ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്ന്

remya s 4

ഒരു മനുഷ്യൻ 35 വർഷം കൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നായി ശേഖരിച്ചുവച്ച കലാവസ്തുക്കളും പുസ്തകങ്ങളും പിൽക്കാലത്ത് ലോകത്തിലെ തന്നെ വലിയൊരു മ്യൂസിയമായി മാറിയ കഥ, ഹൈദരാബാദിലെ സലർജങ് മ്യൂസിയത്തിന്റെ ചരിത്രം ഏറ്റവും ചുരുക്കി ഇങ്ങനെ പറയാം. രണ്ടു തവണ ഹൈദരാബാദ് യാത്ര നടത്തിയിട്ടും സന്ദർശനഭാഗ്യം കിട്ടാതെ പോയൊരിടം. അതിനാൽ ഇത്തവണത്തെ യാത്രയിലെ പ്രധാന ലക്ഷ്യം സലർജങ് മ്യൂസിയം പൂർണമായും കാണുകയെന്നതു തന്നെ. കൊച്ചിയിൽ നിന്നും അതിരാവിലെ യാത്ര തുടങ്ങി. ചരിത്ര ശേഷിപ്പുകളുടെ സൗന്ദര്യമാണ് ഹൈദരാബാദിനെ ഓരോ സഞ്ചാരിയുടെയും പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. ഇന്ത്യൻ മ്യൂസിയങ്ങളിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമാണ് സലർജങ് മ്യൂസിയത്തിന്. എന്നാൽ ഒരൊറ്റ മനുഷ്യന്റെ കലാശേഖരങ്ങൾ മ്യൂസിയമായി മാറിയ കാഴ്ച ലോകത്ത് ഇതൊന്നേയുള്ളൂ. രാത്രി ഏറെ വൈകിയാണ് ഹോട്ടലിലെത്തിയത്. ‘നിസാമിന്റെ നാട്ടിലെ’ സുന്ദരിമാർ വെൽകം ഡ്രിങ്ക് നൽകി സ്വാഗതമരുളി. ഒരു രാത്രിയ്ക്കപ്പുറം സലർജങ് മ്യൂസിയത്തിന്റെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലാം.


റെബേക്ക, മൂടുപടമിട്ട സുന്ദരി

മ്യൂസി നദീതീരത്താണ് ഹൈദരാബാദ് നഗരം വികസിച്ചത്. പക്ഷെ നദി കണ്ടാൽ നാം ഉള്ളിൽ കരയും. നഗരത്തിലെ എല്ലാ അഴുക്കുചാലും പൂർണമായി ഏറ്റുവാങ്ങുന്നതു മ്യൂസിനദിയാണ്. ദാറുൽഷിഫായിൽ മ്യൂസിനദീയുടെ തെക്കേകരയിലാണ് സലർജങ് മ്യൂസിയം. ഹൈദരാബാദിലെ ഏഴാം നവാബിന്റെ പ്രധാനമന്ത്രിയായിരുന്ന മിർ യൂസഫ് അലിഖാൻ സലർജങ് മൂന്നാമന്റെ സ്വകാര്യ ശേഖരമാണ് പിൽക്കാലത്ത് മ്യൂസിയമായി മാറിയത്. 43000 ത്തിലധികം കലാവസ്തുക്കളും 47000 പുസ്തകങ്ങളും 9000 കയ്യെഴുത്തുപ്രതികളും സലർജങ് മ്യൂസിയത്തിലുണ്ട്. അർധവൃത്താകൃതിയിൽ 38 ഗാലറികളിലായാണ് പുരാവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ളത്. രണ്ട് നിലകളിലായാണ് മ്യൂസിയത്തിന്റെ നിർമിതി. ഒന്നാമത്തെ നിലയിൽ 20 ഗാലറികൾ. ബാക്കി 18 എണ്ണം രണ്ടാമത്തെ നിലയിലും. സലർജങ് മൂന്നാമന്റെ ശേഖരത്തിലെ പകുതി മാത്രമേ മ്യൂസിയത്തിലുള്ളൂ എന്നാണ് പറയപ്പെടുന്നത്. ബാക്കി കണ്ടെടുത്തിട്ടില്ല. പലതും മോഷണം പോയെന്നും നശിച്ചുപോയെന്നുമൊക്കം അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ടിപ്പുസുൽത്താന്റെ കസേര, ഔറംഗസേബിന്റെ വാൾ, ഈജിപ്തിൽ നിന്നും സിറിയയിൽ നിന്നും പേർഷ്യയിൽ നിന്നുമുള്ള അലങ്കാരങ്ങൾ തുടങ്ങി കണ്ണെടുക്കാൻ തോന്നാത്തത്ര ദൃശ്യ വിസ്മയങ്ങളാണിവിടെ. പക്ഷേ, ഇവിടെയെത്തുന്ന ആരും ആദ്യം തേടുന്നത് ഒരു സുന്ദരിയെയാണ്, റബേക്ക. മൂടുപടമിട്ട അതിസുന്ദരമായ മാർബിൾ ശിൽപം. ഗാലറിയുടെ പതിനഞ്ചാമത്തെ സെക്‌ഷനിലേക്കെത്തുമ്പോൾ ഹൃദയമിടിപ്പ് കൂടി. 16 മണിക്കൂർ നീണ്ട യാത്ര ചെയ്തു വന്നത് ഈ ദൃശ്യം കാണാനാണ്,

ഇറ്റാലിയൻ ശിൽപി ജിയോവാണി മരിയ ബെൻസോണി വെണ്ണക്കല്ലിൽ തീർത്ത വിസ്മയം വെയ്ൽഡ് റെബേക്ക. അർധതാര്യമായ ശിരോവസ്ത്രത്തിനിടയിൽ കൂടി തിളങ്ങുന്ന ജൂതവധുവിന്റെ പരിശുദ്ധമായ മുഖം കാണാം. തുടുത്തു നീണ്ട വിരലുകളാൽ ശിരോവസ്ത്രം താങ്ങിയിട്ടുണ്ട്. നീളൻ വിവാഹവസ്ത്രത്തില്‍ തെളിഞ്ഞു കാണുന്ന മനോഹരമായ ഞൊറികൾ. ഞൊറികൾക്കുള്ളിലമർന്ന വടിവൊത്ത ശരീരത്തിന്റെ രൂപേഖകൾ.ഇതൊരു ശിൽപമോ! അതീവ സൂക്ഷ്മതയോടെ കൊത്തിയെടുത്ത സുതാര്യമായ ശിരോവസ്ത്രവും അഴകൊഴുകുന്ന സ്ത്രീ രൂപവും കണ്ണെടുക്കാതെ നോക്കി നിന്നുപോകും.ഹീബ്രു ബൈബിളിൽ തന്റെ ഭാവി വരനായ ഇസഹാക്കിനെ കാണാനെത്തിയ അതിസുന്ദരിയായ വധുവാണ് ഇവിടുത്തെ റെബേക്ക. മനുഷ്യകരങ്ങൾക്കു സാധ്യമായതോ എന്നുതോന്നുന്ന വിധം അതീവസുന്ദരമായ ഒരു സൃഷ്ടി. 167 സെന്റിമീറ്റർ നീളത്തിൽ ഒത്ത ഉയരവുമായി സൗന്ദര്യത്തികവോടെ ഉയർന്നു നിൽക്കുന്നു മൂടുപടമിട്ട റെബേക്ക. ജിയോവാണി നിർമിച്ച നാലു ശില്പങ്ങളിൽ മൂന്നും ഇന്നു അമേരിക്കയിലെ പല മ്യൂസിയങ്ങളെയും അലങ്കരിക്കുന്നു ഇവയിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ റെബേക്ക വലതുകയ്യിലാണ് ശിരോവസ്ത്രം പിടിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ ഇറ്റലിയുടെ നിയോക്ലാസിക്കൽ ശൈലി വെളിവാക്കുന്ന ശിൽപം. റോമിൽ നിന്നും കടൽ കടന്നാണ് റെബേക്കവഇവിടെയെത്തിയത്. ആധുനികമായവയാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ പൂർണമായും മനുഷ്യപ്രയത്നത്താൽ ഉണ്ടാക്കിയത്.

ക്ലോക്കുകളുടെ ശേഖരം

1949 ല്‍ മിർ യൂസഫ് അലിഖാൻ സലർജങ് മൂന്നാമന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ശേഖരങ്ങളെല്ലാം പഴയ കൊട്ടാരമായ ദിവാൻ ദേവടിയിലേക്ക് മാറ്റി. ശേഷം ഇവിടമൊരു സ്വകാര്യ മ്യൂസിയമായി പ്രവർത്തനമാരംഭിച്ചു. ‘സലാർജങ് മ്യൂസിയം’ എന്നു പേരിട്ട കെട്ടിടം 1951 ൽ ജവഹർലാൽ നെഹ്റുവാണ് ഉദ്ഘാടനം ചെയ്തത്. 1968 ലാണ് ഇന്നു കാണുന്ന സ്ഥലത്തേക്ക് മ്യൂസിയം മാറ്റി സ്ഥാപിച്ചത്. കോവിഡ് കാലമായതിനാലാകും സഞ്ചാരികൾ നന്നേ കുറവാണ്. മ്യൂസിയം പൂർണമായും സമയമെടുത്ത് ആസ്വദിക്കാം.

remya s 3

ഇന്ത്യൻ ഗാലറിയിൽ ഗാന്ധാര ചോള കാലഘട്ടത്തിലെ ഇന്ത്യൻ ശിലാശാസനങ്ങളും ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കളുമാണ് പ്രധാനകാഴ്ച. ഫ്രാൻസിലെ ലൂയി പതിനാലാമൻ ടിപ്പു സുൽത്താനു നൽകിയ ആനക്കൊമ്പാൽ തീർത്ത രാജകീയ ഇരിപ്പിടങ്ങൾ, ക്വീൻ വിക്ടോറിയയുടെ ഡയമണ്ട് ജൂബിലിക്കാലത്തുണ്ടാക്കിയ പോർസലൈൻവേസ്‌, ഈേസ്റ്റൺ ജാപ്പനീസ് പോർസലിൻ കരകൗശലവസ്തുക്കൾ, സമൂറായ് വാളുകൾ, ചൈന, ടിബറ്റ് കരകൗശലവസ്തുക്കൾ തുടങ്ങിയവയെല്ലാം ഇവിടെ കാണാം. ഇവിടുത്തെ ശേഖരങ്ങളിൽ എടുത്തു പറയേണ്ടവയാണ് ക്ലോക്കുകൾ. നിർമാണത്തിലും പഴക്കത്തിലും രൂപത്തിലും വ്യത്യസ്തമായ നൂറുകണക്കിന് ക്ലോക്കുകൾ ഇവിടെയുണ്ട്. ഇംഗ്ലണ്ടിൽനിന്നുള്ള മ്യൂസിക്കൽ ക്ലോക്കിന്റെ പ്രവർത്തനം കാണാനായി ഒരു ചെറിയ ഗാലറി തന്നെയുണ്ട്. ക്ളോക്കിൽ കൃത്യം ഒരുമണിയാകാൻ കാത്തുനിൽക്കുകയാണ് സന്ദർശകർ. ഒരുമണിയായപ്പോൾ സംഗീതം പൊഴിച്ചു കൊണ്ടു ക്ലോക്കിന്റ കുഞ്ഞൻകവാടങ്ങൾ തുറന്നു ഒരു ചെറിയ താടിക്കാരൻ പുറത്തിറങ്ങി. ബെല്ലിൽ ഒരടിയടിച്ച് തിരിച്ചു കയറിപ്പോയി.

സ്കൾപ്ചർ ഗാലറിയിലെ ദ്വന്ദമുഖം

remya s 1

സ്കൾപ്ചർ ഗാലറിയിലെ ഒറ്റത്തടിയിൽ തീർത്ത ദ്വന്ദമുഖമാണ് മറ്റൊരു ആകർഷണം. മെഫിേസ്റ്റാഫിലിസും മാർഗരിറ്റയും. ജർമ്മൻ നാടകമായ ഡോക്ടർഫോസ്റ്റിലെ പ്രസിദ്ധമായ കഥാപാത്രങ്ങൾ. മുന്നിലെ കണ്ണാടിയിലേക്ക് നോക്കുമ്പോൾ പ്രതിഫലിക്കുന്ന പ്രശാന്തസുന്ദരമായ മുഖം മാർഗരീറ്റയുടെയാണ്. നമ്മെ അഭിമുഖീകരിച്ചു നിൽക്കുന്നത് കോപാകുലമായ മെഫിേസ്റ്റാഫിലിസിന്റെ പുരുഷമുഖവും. നന്മയുടെയും തിന്മയുടെയും പ്രതിരൂപങ്ങൾ പോലെ... ഫ്രഞ്ച് നിർമിതിയുടെ യഥാർഥ സൗന്ദര്യം വെളിവാക്കുന്നവയാണിതെല്ലാം. കഥയിൽ പ്രധാനകഥാപാത്രം തന്റെ ആത്മാവിനെ ഒരു പിശാചിന് നൽക്കുകയാണ്. പക്ഷെ അതേസമയം തന്നെ അദ്ദേഹം മാർഗരീറ്റയോട് ആത്മാനുരാഗത്തിലുമാണ്. ഒരുപക്ഷേ സലർജങ് മ്യൂസിയത്തിലെ ഏറ്റവും ജനപ്രിയ ശിൽപം, സൈകമോർ മരത്തിന്റെ ഒറ്റത്തടിയിൽ തീർത്ത, മുഖത്തൊരു നാരകീയ പുഞ്ചിരിയുമായി ഹീലുള്ള ബൂട്ടും ആകെ മൂടുന്ന കോട്ടും ധരിച്ച് നിൽക്കുന്ന പാപത്തിന്റെ പ്രതീകമായ മെഫിസ്‌റ്റോഫെലിസും കയ്യിൽ പ്രാർത്ഥനാ പുസ്തകവുമായി പ്രണയത്തിൽ ഉലഞ്ഞു വിലയം പ്രാപിച്ചു മധുരമായി പുഞ്ചിരിച്ചു നിൽക്കുന്ന മാർഗരിറ്റയും തന്നെയാവും. ഫ്രാൻസിൽ നിന്നാണ് ദ്വന്ദമുഖമുള്ള ശിൽപം സലർജങ് ഒന്നാമനായ മിർതുറാബ് അലിഖാന്റെ കയ്യിലെത്തിച്ചേരുന്നത്. അതുപോലെ ഇറ്റലിയിൽ വച്ചാണ് മൂടുപടമണിഞ്ഞ റെബേക്കയെ അദ്ദേഹം സ്വന്തമാക്കുന്നത്. മ്യൂസിയത്തിന്റെ മിക്കവിഭാഗങ്ങളിലും ഇരിക്കുന്നത് ആ ഇടത്തെപറ്റി ഒന്നുമറിയാത്ത കെയർടേക്കർമാരായിരുന്നുവെന്നത് ഒരു നഷ്ടംതന്നെയാണ്. നൈസാമിന്റെ അത്താഴപാത്രങ്ങളുടെ വലിയൊരു ശേഖരം തന്നെ മ്യൂസിയത്തിനകത്തുണ്ട്.


ശിൽപങ്ങളുടെആരാമം

remya s 8

മ്യൂസിയത്തിൽ നിന്നും ഇറങ്ങി. അടുത്ത ലക്ഷ്യസ്ഥാനം ശിൽപാരാമമാണ്. തിരക്കേറിയ ഹൈദരാബാദിലെ ഒരു മരുപ്പച്ച പോലെയാണ് ശിൽപാരാമം. മരങ്ങളുടെതണലിലേക്ക് ഒരു പാലായനം. മണ്ണിന്റെ നിറമുള്ള പ്രവേശനകവാടം കടന്ന് മാധാപൂരിലെ തണലിലേക്ക് ഇറങ്ങിനടന്നു. ശിൽപാരാമം ഒരു ഓപ്പൺ എയർ തിയേറ്റർ പോലെയാണ്. ഷോപ്പിങ്ങിനു വേണ്ടിയാണ് കൂടുതൽ പേരും ഇവിടെ എത്തുന്നത്.മണ്ണിൽ തീർത്ത കുതിരകൾ നിറഞ്ഞ പ്രവേശനകവാടം കഴിഞ്ഞാൽ നിറങ്ങളുടെ ലോകത്തേക്കെത്താം.ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഗ്രാമങ്ങളിൽ നിന്നുള്ള തുണിത്തരങ്ങൾ നിറഞ്ഞ കൂടാരങ്ങൾ. പഞ്ചാബിലെ ഫുൽക്കാരിയും ഗുജറാത്തിലെ ബാന്ദ്നിയും ആന്ധ്രയിലെ കലംകാരിയും ഇക്കറ്റും തുടങ്ങി ഏതിനും തുണിത്തരങ്ങളും കിട്ടുന്നിടം. കുന്ദൻ ജ്വല്ലറി പേളുകൾ, തടികൊണ്ടുള്ള വളകൾ, ആപ്ലിക് വർക്കുകൾ നിറഞ്ഞ ബാഗുകളും ജൂത്തികളും തുടങ്ങി ശിൽപാരാമം എപ്പോഴും സജീവമാണ്. നടന്നുനടന്ന് അവസാനം എത്തിയത് വില്ലേജ് മ്യൂസിയത്തിലാണ്. ഇന്ത്യയിലെ ഒരുൾഗ്രാമത്തിന്റെ പരിച്ഛേദം പോലെയാണ് ഇവിടം. പതിനഞ്ചോ അതിൽ കൂടുതലോ കുടിലുകൾ ഇവിടെയുണ്ട്. കളിമണ്ണും പനയോലകളും കൊണ്ടാണ് കുടിലുകൾ നിർമിച്ചിരിരിക്കുന്നത്. കരകൗശല വിദഗ്ധരുടെ ഗ്രാമമാണിത്. 60 ഏക്കറിൽ വിശാലമായി കിടക്കുന്ന ഭൂമി. ശിൽപാരാമത്തിനു പിറകിൽ ഒരു റോക്ക്ഗാർഡൻ ഉണ്ട്. പാറക്കൂട്ടങ്ങളിൽ ലോഹം കൊണ്ടുള്ള ശിൽപങ്ങളെ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്ന കാഴ്ച. മധുബനി ചിത്രകലയുമായി കലാകാരന്മാർ ലൈവ് പെയിന്റിങ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. ഒരിടം നിറയെ കളിമണ്ണിന്റെ ശിൽപ വേലകൾ, മുളകൊണ്ടുള്ളഅലങ്കാരങ്ങൾ, ചില്ലുവിളക്കുകളുടെ നിറമുള്ള കൂടാരങ്ങൾ, മെറ്റൽആർട്ടുകളുടെ ഇന്ദ്രജാലം.

remya s 7


നഗരം രാത്രിയുടെ ചന്തത്തിൽ

remya s 6

സന്ധ്യമയങ്ങി. കാലാപഹാഡിന്മുകളിലെ ബിർളമന്ദിറിന്റെ കൽപടവുകളിൽ നിന്നുനോക്കുമ്പോൾ താഴെ കാണുന്ന ഹൈദരാബാദ് നഗരം വർണനാതീതം. ലുംബിനിപാർക്കും ഹൈദരാബാദിനെയും സെക്കന്ദരാബാദിനെയും വേർതിരിക്കുന്ന മനുഷ്യ നിർമിത ഹുസൈൻസാഗർ തടാകവും തടാകനടുവിലെ ഒറ്റക്കൽ ബുദ്ധപ്രതിമയും...കുപ്പിവളകളും മുത്തുമാലകളും വർണക്കുപ്പായങ്ങളും നിറഞ്ഞ തെരുവുകൾ. കടുത്തനിറങ്ങൾ കൊണ്ട്് വരച്ചൊരു ചിത്രം പോലെയാണ് ചാർമിനാർ. ചാർമിനാറും ചൗമഹല്ലപാലസും മെക്കാമസ്ജിദും ചേർന്ന ആ സ്‌ക്വയർ ഒട്ടും അടക്കമില്ലാത്ത ഒരു തെരുവാണ്. തിക്കിതിരക്കി, സൈക്കിളുകളും മനുഷ്യരും ഓട്ടോറിക്ഷകളുമെല്ലാം ചേർന്ന ഒരു നഗരം. നഗരത്തിന്റെ രാത്രിച്ചന്തം കണ്ടു മതിവരാതെ ഉറക്കത്തിലേക്ക്. പിറ്റേന്ന് അതിരാവിലെ തന്നെ ബൻജാരഹിൽസ് ചുറ്റിക്കാണാനിറങ്ങി. മഞ്ഞിൽ മുങ്ങിയ തെരുവുകൾ. പാർക്കുകളിൽ നിറയെ പ്രഭാത സവാരിക്കാർ. കുന്നിൻമുകളിൽ നിന്ന് പ്രലോഭിപ്പിക്കുന്ന പഴയകൊട്ടാരം കാണാനാണ് ആദ്യം പോയത്. ഇന്ന് താജ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫൈവ് സ്റ്റാർ ഹോട്ടലാണ് താജ്ഫലക്നാമപാലസ്.

ഏതാണ്ട് 130 വർഷം മുൻപുള്ള നിർമിതിയാണിത്. ഫലക്നാമ എന്നതിന്റെ ഉർദു അർത്ഥം ആകാശത്തിലേക്ക് തുറക്കുന്ന കണ്ണാടി എന്നാണ്. 32 ഏക്കറിൽ 20,000 സ്ക്വയർ ഫീറ്റിൽ പരന്നു കിടക്കുന്ന നിസാം മെഹബൂബ് അലിഖാന്റെ കൊട്ടാരം. ഇംഗ്ലണ്ടിൽ നിന്നും കപ്പലേറി വന്ന ജോർജ് അഞ്ചാമനും ക്യൂൻമേരിയും റഷ്യയിലെ സാർ ചക്രവർത്തിമാരുമൊക്കെ ആതിഥ്യം സ്വീകരിച്ച പഴയ ഗസ്റ്റ്ഹൗസ്. ഡ്യൂക്ക്ഓഫ്വിന്സർ ഇവിടം സന്ദർശിച്ചിട്ടുണ്ട്. ഇറ്റാലിയൻ വാസ്തുവിദ്യയാണ് കൊട്ടാരത്തിലുടനീളം. 220 മുറികളും 22 നീളൻ ഹാളുകളുമുണ്ട്. ജാപ്പനീസ്,രാജസ്ഥാനി, മുഗൾ ഗാർഡനുകളാണ് അങ്കണം നിറയെ. വിന്റേജ് കാറുകൾക്കായുള്ള പെട്രോൾപമ്പ്, ഫ്രിഡ്ജ് തുടങ്ങിയവയൊക്കെ ഇന്ത്യയിൽ തന്നെ ആദ്യമെത്തിയതിവിടെയാണ്. വെനീഷ്യൻ ശരറാന്തലുകളാണ്‌ പ്രകാശം പൊഴിക്കുന്നത്.

remya s 2

മുകളിലേക്കു പ്രവേശനം നൽകുന്ന ഇറ്റാലിയൻ മാർബിൾ പതിച്ച ഗോവണിപ്പടികൾ കയറിചെല്ലുന്നതു വിശാലമായ തളത്തിലേക്കാണ്. 101 പേർക്കിരിക്കാവുന്ന ഡൈനിങ്ഹാൾ. സമുദ്രനിരപ്പിൽ നിന്ന് 2800 അടിമുകളിൽ മേഘങ്ങളെ തൊട്ടാണ് കൊട്ടാരത്തിന്റെ നിൽപ്പുതന്നെ. 1884 ൽ ആണിതു നിർമിച്ചിരിക്കുന്നത്. നീളൻ ജാലകങ്ങൾ, ജലധാരകൾ, ചുമർചിത്രങ്ങൾ, വമ്പൻഛായാചിത്രങ്ങൾ തുടങ്ങി കണ്ണിനു വിരുന്ന് തന്നെയാണ്. ഇംഗ്ലണ്ടിലെ വിൻസർകാസിലിനെ അനുസ്മരിപ്പിക്കും വിധമാണ് ഇവിടത്തെയും ലൈബ്രറി. ബക്കിങ്ഹാംപാലസിൽ ഉള്ളതുപോലെയുള്ള ബില്ലിയാർഡ് ടേബിൾ. ഗ്രീക്ക് ഇതിഹാസങ്ങളിൽ നിന്നും ഇറങ്ങി വന്ന പ്രതിമകൾ അലങ്കരിക്കുന്ന അകത്തളങ്ങൾ. കൊട്ടാരം ചുറ്റിക്കണ്ട് കുന്നിറങ്ങി. പകൽ വിടപറയാനൊരുങ്ങുന്നതേയുള്ളൂ. പിറകിൽ കുന്നുമുഴുവൻ വർണ പ്രകാശോജ്വലമായി താജ്ഫലക്നാമപാലസ് ആഢംബരത്തിന്റെ പ്രതിരൂപമായി തിളങ്ങി.


Tags:
  • Manorama Traveller