Wednesday 15 September 2021 04:19 PM IST : By Easwaran Seeravally

തെലങ്കാനയിലെ ഹംപി, കാകതീയസാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ തേടി ഒരു യാത്ര

warangal 6

warangal 5

ഹംപി മനസ്സിലുണർത്തുന്നത് കലാപരമായും സാമൂഹ്യമായും ഔന്നത്യം പ്രാപിച്ചശേഷം തകർന്ന ഒരു സമൂഹത്തിന്റെ അനുപമമായ ശിലാവശിഷ്ടങ്ങൾ ആണെങ്കിൽ അതേപോലെ തന്നെ കാണേണ്ട വറംഗലിലൂടെ ഒരു യാത്ര. വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയിലെ നിർമിതികൾ വലിപ്പവും വൈവിധ്യവും ശിൽപചാതുരിയും കൊണ്ട് ആരേയും അമ്പരപ്പിക്കുന്നതാണ്. ഹംപിയിൽനിന്നും അഞ്ഞൂറിൽപരം കിലോമീറ്റർ കിഴക്കുവടക്ക് മാറി കിടക്കുന്ന, വിജയനഗരസാമ്രാജ്യത്തിന്റെ പൂർവഗാമികളായ മറ്റൊരു ചെറുസാമ്രാജ്യമുണ്ടായിരുന്നു. ഇന്നത്തെ തെലങ്കാന പ്രദേശം വാണ, പേരുകേട്ട രുദ്രമാദേവിയുടെ കാകതീയസാമ്രാജ്യം. ഇപ്പോഴും പതിനായിരക്കണക്കിന് ഏക്കർ കൃഷിഭൂമിയിലേക്കും നൂറുകണക്കിനു ഗ്രാമങ്ങളിലേക്കും വെള്ളമെത്തിക്കുവാൻ സഹായിക്കുന്ന ചില തടാകങ്ങളും വറംഗലിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന ഏതാനം ക്ഷേത്രങ്ങളും വറംഗൽ കോട്ടയും കാകതീയ സാമ്രാജ്യത്തിന്റെ നേർസാക്ഷ്യങ്ങളായി ഇന്നും നിലകൊള്ളുന്നു.

വറംഗൽ ഫോർട്ട്

warangal 3

ഹനംകൊണ്ടയിൽനിന്ന് വറംഗൽ കോട്ടയിലേക്ക് യാത്ര ചെയ്യവെ ഒരു വികസ്വര നഗരത്തിന്റെ മുഖമാണ് വഴിയിൽ കാണാനായത്. സാമാന്യം വീതിയുള്ള ഹനംകൊണ്ട–വറംഗൽ റോഡിന്റെ നടുവിലെ ഡിവൈഡറിൽ‌ മരങ്ങൾ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു. വറംഗൽ ഭാഗത്തേക്ക് കടന്നതോടെ കടകളും കച്ചവടങ്ങളും കുറഞ്ഞ് ജനവാസപ്രദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവരുന്നതു കാണാനായി. വറംഗൽ റയിൽവെ േസ്റ്റഷനും ബസ് സ്റ്റാന്റും കഴിഞ്ഞ് വലത്തേക്കു തിരിഞ്ഞ് സഞ്ചരിച്ചാൽ പെട്ടന്നു ഗ്രാമീണമായ അന്തരീക്ഷത്തിലേക്കു മാറും. അതിനിടയിൽ ഒരു വശത്തേക്കു മാത്രം നീളുന്ന ഒരു കരിങ്കൽകോട്ടയുടെ അവശിഷ്ടം കണ്ണിൽ പെടുകയായി. അതെ, വറംഗൽ കോട്ട ഇവിടെ ആരംഭിക്കുന്നു.

12ാം നൂറ്റാണ്ടിൽ കാകതീയ രാജാവായിരുന്ന ഗണപതിദേവ ആണ് ഒരുഗല്ലു കോട്ട അഥവാ എകശിലാനഗരം പണിതുയർത്തിയത് എന്നാണ് കരുതുന്നത്. മണ്ണും കല്ലും കൊണ്ട് തീർത്ത പല കോട്ടവലയങ്ങൾക്കുള്ളിലായിരുന്നത്രെ ഈ നഗരം. ഇന്ന് ഒരു കരിങ്കൽക്കെട്ടുമാത്രമെ അതിന്റെ ബാക്കിയായി നിലനിൽക്കുന്നുള്ളു. ടാറിട്ടറോഡ് വീണ്ടും പാടങ്ങൾക്കും കരിമ്പനകൾക്കും ഇടയിലൂടെ മുന്നോട്ടുതന്നെ. ഒടുവിൽ ഒരു മുക്കവലയിൽ വണ്ടി നിർത്തിയ ഡ്രൈവർ ഇടതുവശത്തേക്ക് ചൂണ്ടിപ്പറഞ്ഞു, ഇത് വറംഗൽ ഫോർട്ട്, കുറച്ച് മുൻപോട്ട് പോയാൽ ഏകശിലാപാർക്ക്, വലതുവശത്ത് ഖുശ്മഹൽ. തെലുഗുസംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും കലകളുടെയും സംരക്ഷകരായിരുന്ന കാകതീയരുടെ ശിൽപവിസ്മയങ്ങൾ ചിലതൊക്കെ കാണാനുള്ള ആദ്യ അവസരം.

വറംഗൽ ഫോർട് മ്യൂസിയം

warangal 7

കമ്പിവേലികെട്ടിയ വിശാലമായ ഒരു പുൽമൈതാനം. അതിന്റെ പലഭാഗത്തും ഒട്ടേറെ കരിങ്കൽക്കെട്ടുകളും ശിലാഖണ്ഡങ്ങളും പ്രതിമകളും മറ്റും. പലഭാഗങ്ങളും ഒറ്റനോട്ടത്തിൽ ഒരു ആർട് ഇൻസ്റ്റലേഷൻപോലെ തോന്നും. അതാണ് വറംഗൽ ഫോർട് മ്യൂസിയം. ഇതൊരു ഓപൺഎയർ മ്യൂസിയമാണ്. കാകതീയഭരണകർത്താക്കൾ നിർമിക്കുകയും അവരുടെ ഭരണമവസാനിച്ചതോടെ തകർക്കപ്പെടുകയും ചെയ്ത കോട്ടകളുടെയും ക്ഷേത്രങ്ങളുടെയും ബാക്കിപത്രമായി കിട്ടിയ ഭാഗങ്ങൾ പെറുക്കി എടുത്ത് ഈ മൈതാനത്ത് പ്രദർശിപ്പിച്ചിരിക്കുന്നു. അതിൽ പല തൂണുകളും മണ്ഡപങ്ങളും ഒക്കെ അടുക്കിച്ചേർത്ത് കുറച്ചൊക്കെ പുനസ്ഥാപിച്ചിട്ടുമുണ്ട്.

കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള വറംഗൽ ഫോർട് മ്യൂസിയത്തിലേക്ക് പ്രവേശനത്തിനും ക്യാമറയ്ക്കുമുള്ള ടിക്കറ്റുകൾ എടുത്ത് പ്രവേശിക്കുമ്പോൾ മുൻപുണ്ടായിരുന്ന പ്രതീക്ഷകൾ നഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം. ഏറെ കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുള്ള, തെലങ്കാന സംസ്ഥാനം ഔദ്യോഗികചിഹ്നമായി സ്വീകരിച്ച കീർത്തിതോരണങ്ങൾ കാണാമെന്ന തോന്നൽ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ പുറത്തുനിന്നു നോക്കുമ്പോൾ ചെറുതായി തോന്നുമെങ്കിലും അകത്ത് മനോഹരമായ കരിങ്കൽ കൊത്തുപണികളുടെ അതിവിശാലമായ പ്രദർശനമാണെന്ന് പെട്ടന്നുതന്നെ മനസ്സിലായി.

ഗേറ്റ് കടന്ന് അകത്തേക്കു കേറുമ്പോൾത്തന്നെ വലിയ വലിയ എടുപ്പുകളുടെ കരിങ്കല്ലിലുള്ള മേൽക്കുരകളും ഉത്തരങ്ങളും കാണാം. ഏതോ വലിയ മുറിയുടേതോ അല്ലങ്കിൽ ക്ഷേത്രമണ്ഡപം പോലെ ഒന്നിന്റെയോ മേൽഭാഗത്ത് ഇരുന്നിരുന്ന ഒരു ശിലാഖണ്ഡത്തിൽ പെട്ടന്ന് ശ്രദ്ധ ഉടക്കി. ഇന്ന് തടിയിൽ യന്ത്രസഹായത്തോടെ കൊത്തി എടുക്കുന്നതിനെക്കാൾ സൂക്ഷ്മവും വിശദാംശങ്ങളുള്ളതുമായ ഡിസൈൻ ഇതിൽ നമുക്കു കാണാനാകും. താമരമൊട്ടുകളും ഇതളുകളും വള്ളികളും ഒക്കെ കാൻവാസിൽ വരയ്ക്കുന്നതുപോലെ കല്ലിൽ കൊത്തിവെച്ചിരിക്കുന്നു! ഇതുപോലെ ഉത്തരങ്ങളുടെയും തൂണുകളുടെയും തൂവാനങ്ങളുടെയും ഒക്കെ ഭാഗങ്ങൾ.

കീർത്തിതോരണങ്ങൾ

അശോകസ്തംഭം പോലെ പ്രശസ്തമാണ് കാകതീയ കീർത്തിതോരണങ്ങൾ. വറംഗൽ കോട്ടയ്ക്കുള്ളിൽ സ്വയംഭൂക്ഷേത്രത്തിനു ചുറ്റു നാലുദിക്കിലായി സ്ഥാപിച്ചിരുന്ന സൗന്ദര്യത്തിളക്കമുള്ള കവാടങ്ങളാണിവ. ഇപ്പോൾ ഫോർട് മ്യൂസിയത്തിനുള്ളിൽ നാലുദിക്കുകളെ അലങ്കരിക്കുന്ന വിധത്തിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.

സാഞ്ചിസ്തൂപത്തിന്റെ കവാടങ്ങളോട് സാമ്യം തോന്നാവുന്നതാണ് ഇവയുടെ രൂപം, എന്നാൽ ഇവ തമ്മിൽ വലിയ വ്യത്യാസമുണ്ട് താനും.

ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന കാകതീയതോരണങ്ങളുടെ ഒരു വിശേഷത അവയുടെ ഇരട്ടത്തൂണുകളാണ്. ഓരോ തൂണും മനോഹരമായ കൊത്തുപണികളാൽ അലംകൃതമാണ്. ഉൾവശത്ത് മുകളിൽ താഴേക്ക് തൂങ്ങിനിൽക്കുന്ന രീതിയിലുള്ള താമരമൊട്ടുകൾ. മുകളിൽ തോരണത്തിനിരുവശത്തും അരയന്നങ്ങൾ. തൂണുകളുടെ വശത്തുനിന്നും ഉത്തരത്തിലേക്ക് താങ്ങുപലകകളായി കൊത്തിയെടുത്തിരിക്കുന്ന ശിലാഖണ്ഡത്തിനു മുകളിലും താഴെയുമായി സിംഹങ്ങൾ. മുത്തുമാലകൾ മടക്കിയിട്ടതുപോലുള്ള സൂക്ഷ്മമായ ഡിസൈൻ പാറ്റേണുകൾ ഇതൊക്കെ കാകതീയ തോരണങ്ങളുടെ വിശേഷതകളാണ്.

ഒരു മഹാക്ഷേത്രത്തിന്റെ നാലുദിക്കുകളെയും അലങ്കരിച്ചിട്ടുകൂടിയും ഈ തോരണങ്ങളിൽ മതചിഹ്നങ്ങളായി എടുത്തുകാട്ടാവുന്നതൊന്നും കാണാൻ സാധിക്കില്ല. അതുകൊണ്ടാണ് പതിനാലാം നൂറ്റാണ്ടിൽ ദൽഹിസുൽത്താനേറ്റ് കാകതീയരെ നിശ്ശേഷം പരാജയപ്പെടുത്തിയതിനെ തുടർന്ന് വറംഗൽകോട്ട എമ്പാടും തകർത്തപ്പോൾ ഈ നാലു തോരണങ്ങളും കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടതെന്ന് കരുതുന്നു.

കാകതീയ രാജവംശം

12ാം നൂറ്റാണ്ടിൽ ഇന്നത്തെ ഹനംകൊണ്ട കേന്ദ്രമാക്കി ഉയർന്നുവന്ന ഭരണകൂടമായിരുന്നു കാകതീയവംശം. എഡി 1116 മുതൽ 1157 വരെ ഭരണം കൈയാളിയ പ്രോല രണ്ടാമനിൽ തുടങ്ങി രുദ്രദേവ, മഹാദേവ എന്നിവരിലൂടെ ഗണപതിദേവയിലെത്തിയതോടെ ഗോദാവരി ഡെൽറ്റ മുതൽ നെല്ലൂർ, കർണൂൽ, കഡപ്പ പ്രദേശങ്ങൾ വരെ നീണ്ടുകിടക്കുന്നൊരു വലിയ സാമ്രാജ്യമായി മാറിയിരുന്നു. ഒരുഗല്ലിലേക്ക് തലസ്ഥാനം മാറ്റി സ്ഥാപിച്ച ഗണപതിദേവയിൽനിന്ന് അധികാരം കിട്ടിയത് അദ്ദേഹത്തിന്റെ ഏക മകൾ രുദ്രമാദേവിക്കായിരുന്നു. ധീരയും സാഹസികയുമായിരുന്ന രുദ്രമാ (1262–1289) രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള മുഴുവൻ എതിർപ്പുകളെയും പരാജയപ്പെടുത്തി രാജ്യത്തെ ഔന്നത്യത്തിലേക്ക് നയിച്ചു. അതിനുശേഷം രുദ്രമായുടെ കൊച്ചുമകനായ പ്രതാപ രുദ്ര സിംഹാസനത്തിലേറി. 1323ൽ ഡൽഹി സുൽത്താനേറ്റിന്റെ സൈന്യാധിപനായ ഉലുഘ് ഖാനുമായി നടന്ന യുദ്ധത്തിൽ പ്രതാപരുദ്ര തോറ്റ് തടവിലായതോടെ കാകതീയ സാമ്രാജ്യം അവസാനിച്ചു.

warangal 11

ഒരുഗല്ല് കോട്ട ഉള്ളില്‍ ക്ഷേത്രങ്ങളും കൊട്ടാരക്കെട്ടുകളും അടക്കമായിരുന്നു സംവിധാനം ചെയ്തിരുന്നത്. യുദ്ധത്തില്‍ വിജയിച്ച സൈന്യം അവയെ നാമാവശേഷമാക്കിയപ്പോൾ ഒപ്പം ഇല്ലാതായത് വളരെ വലിയൊരു കലാസമുച്ചയംകൂടിയായിരുന്നു എന്ന് ഈ അവശിഷ്ടങ്ങളിൽ‌നിന്നു പോലും നമുക്ക് തിരിച്ചറിയാം. വറംഗൽ ഫോർട് മ്യൂസിയത്തിൽ ധാരാളം തൂണുകൾ പലേടങ്ങളിലായി എടുത്തു വച്ചിട്ടുണ്ട്. ഓരോന്നും സവിശേഷമായ കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. വളഞ്ഞും ചരിഞ്ഞും ഒഴുകിയിറങ്ങുന്ന വള്ളികളും മടക്കിയിട്ടിരിക്കുന്ന മാലകളും ഒക്കെ പലതവണ ആവർത്തിക്കപ്പെടുന്ന പാറ്റേണുകളാണെന്നു കാണാം.ആനകൾ, സിംഹങ്ങൾ, അന്നങ്ങൾ, ആനപ്പുറത്തിരിക്കുന്ന സ്ത്രീകൾ. മ്യൂസിയത്തിലെ മുഴുവൻ ശിലാഖണ്ഡങ്ങളും പരിശോധിച്ചാൽ പലേടത്തും ക്ഷേത്രാവശിഷ്ടങ്ങളെന്നു വ്യക്തമാകുന്ന ഒട്ടേറെ ഭാഗങ്ങൾ കാണാനാകും. മണ്ഡപം, അരഭിത്തി, പടവുകൾ, കവാടങ്ങൾ, പീഠങ്ങൾ ഇങ്ങനെ രൂപമൊപ്പിക്കാവുന്ന ശിലാഖണ്ഡങ്ങളൊക്കെ ഒരുമിച്ച് അടുക്കി കാഴ്ചക്കാർക്കു മുന്നിൽ പൂർണമായൊരു ദൃശ്യമൊരുക്കുവാൻ ഇവിടെ ശ്രമിച്ചിട്ടുണ്ട്.

മണ്ഡപങ്ങളുടെയും ഉത്തരങ്ങളുടെയും മറ്റും ശിലകളിലോരോ തലവും വിവിധ പാറ്റേണുകളാൽ അലംകൃതമാണ്. ഒരെണ്ണം വരിവരിയായി പോകുന്ന സിംഹമാണെങ്കിൽ അടുത്തത് അരയന്നം, മറ്റൊന്നിൽ ആന. വേറൊന്നിൽ രണ്ടുവശത്തേക്കും തിരിഞ്ഞുനിൽക്കുന്ന സിംഹങ്ങളുടെ ജോഡികൾ. ഇതേപോലെ പരസ്പരം കൊക്കുരുമ്മുന്ന ഹംസങ്ങളുടെ പാറ്റേണും ഒരു മുഖപ്പിന്റെ കല്ലിൽ കാണാനായി. ഫ്ലോറൽ പാറ്റേണുകളുടെ വൈവിധ്യവും നമ്മെ അദ്ഭുതപ്പെടുത്തും. സിംഹാസനത്തിലേക്കോ മണ്ഡപത്തിലേക്കോ കയറുന്ന ഒരു സോപാനത്തിനിരുവശവും ആനയെ അതിന്റെ മുകളിലിരുന്നു രണ്ടുപേർ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഒരു രൂപം കൊത്തിവച്ചിരിക്കുന്നതുകാണാം. അതിലൊന്നിൽ ആനയുടെ മുകളിലിരിക്കുന്നത് ഒരു സ്ത്രീയാണെന്നത് വ്യക്തമാണ്. മ്യൂസിയത്തിന്റെ ഒരു മൂലയിലായി ഒരു ക്ഷേത്രം പുനർനിർമിച്ചിട്ടുണ്ട്. വിശാലമായ പൂമുഖമാണ് ഈ ക്ഷേത്രത്തിനുള്ളത്.

ശ്രദ്ധേയമായ ഒരു കാര്യം കാകതീയശിൽപങ്ങൾ പലതിനും അവരുടെ സമകാലികരായ ഹൊയ്സാല സാമ്രാജ്യത്തിന്റെ നിർമിതികളുമായി ചില സാമ്യം തോന്നുന്നു എന്നതാണ്. സ്ത്രീപുരുഷ രൂപങ്ങൾ ഇവിടെ കുറച്ചുകൂടി വലുതാണ്. മുത്തുമാലകൾ മടക്കിയിട്ടപോലുള്ള ഡിസൈൻ പാറ്റേൺ രണ്ടിടത്തും കാണാം. രണ്ടിടത്തും കൊത്തിവയ്ക്കുന്നതെന്തായാലും അതിന്റെ വിശദാംശങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നത് കാഴ്ചക്കാരിൽ അദ്ഭുതമുളവാക്കും.

ഖുശ്മഹൽ

warangal 4

ഓപൺ എയർ മ്യൂസിയത്തിനു പുറത്തിറങ്ങിയ ഞങ്ങൾ നേരെ പടിഞ്ഞാട്ടേക്കു നടന്നു. അൽപം അകലെ കരിങ്കൽ കോട്ടപോലെ ഒരു കെട്ടിടം കാണാനായി. അതാണ് ഖുശ്മഹൽ അഥവാ ഷിതാബ് ഖാൻ മഹൽ. 15–ാം നൂറ്റാണ്ടിൽ ഗവർണറായിരുന്ന ഷിതാബ് ഖാനാണ് ഇത് പണികഴിപ്പിച്ചത്. തെക്കുവടക്ക് ദിശയിൽ ദീർഘചതുരാകൃതിയിലുള്ള ഒരു ഹാളാണിത്. രണ്ട് അറ്റങ്ങളിലും പടുകൂറ്റൻ വാതിലുകളുള്ള കെട്ടിടത്തിന് രണ്ടുവശങ്ങളിലേക്കായി 12 വളച്ചുവാതിലുകൾ കാണാം. ഉള്ളിൽ നടുക്കായി വെള്ളം ശേഖരിക്കാനാകുന്ന തരത്തിലുള്ള ഒരു നീണ്ട കുഴിയും ഉണ്ട്. കാകതീയ കോട്ടയുടെ ഭാഗങ്ങളായിരുന്ന കരിങ്കൽ സ്ലാബുകളുപയോഗിച്ചാണ് ഇതുണ്ടാക്കിയതെന്നും പറയപ്പെടുന്നു.

ലൈറ്റ് ആൻഡ് സൗണ്ട് ഷോ

എല്ലാ ദിവസവും വൈകിട്ട് കാകതീയ സാമ്രാജ്യത്തിന്റെ ചരിത്രവും വറംഗൽകോട്ട, തൗസന്റ് പില്ലർ ടെംപിൾ, രാമപ്പക്ഷേത്രം, തടാകങ്ങൾ തുടങ്ങിയവയുടെ വസ്തുതകളും ഉൾപ്പെടുത്തി വറംഗൽ ഫോർട് മ്യൂസിയത്തിനുള്ളിൽത്തന്നെ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തുന്നുണ്ട്. 40 മിനിറ്റോളമുള്ള ഷോ ആദ്യം തെലുങ്കിലും പിന്നീട് 10 പേർ എങ്കിലും ടിക്കറ്റെടുക്കാൻ ഉണ്ടെങ്കില്‍ ഇംഗ്ലിഷിലും അവതരിപ്പിക്കുന്നു. വളരെ വിജ്ഞാനപ്രദമായൊരു ദൃശ്യാനുഭവമായിരുന്നു അത്. ഷോ കഴിഞ്ഞ് പുറത്തേക്കിറങ്ങവെ കാകതീയക്ഷേത്രങ്ങളിൽ ഏറ്റവും മികച്ചതായി അറിയപ്പെടുന്ന രാമപ്പ ക്ഷേത്രത്തിന്റെ ശ്രീകോവിൽ ഗോപുരം പണിത, വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ വെള്ളത്തിലിട്ട് പ്രദർശിപ്പിക്കുന്നതും കണ്ടു.

ഏകശിലാ പാർക്കും ക്ഷേത്രവും

വറംഗൽ കോട്ടയോട് ചേർന്നുതന്നെയുള്ള ഒരു വലിയ പാറക്കെട്ടാണ് ഒരുഗല്ല് അഥവാ ഏകശില. അതിന്റെ ഏറ്റവും ഉച്ചിയിൽ ഒരു ക്ഷേത്രവും നിരീക്ഷണഗോപുരവും കാണാം. ഇതിന്റെ ചുറ്റുപാടും ഇപ്പോഴൊരു പാർക്ക് ആയി വികസിപ്പിച്ചിരിക്കുന്നു. ഇവിടേക്ക് പ്രത്യേകം ടിക്കറ്റിലാണ് പ്രവേശനം. ഏകശിലാ പാറക്കെട്ടിനു താഴെ കാകതീയമുദ്ര എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ ഒരു വലിയ തടാകം നിർമിച്ചിട്ടുണ്ട്.

തൗസന്റ് പില്ലർ ടെംപിൾ

warangal 10

കാകതീയസാമ്രാജ്യത്തിന്റെ ആദ്യ ആസ്ഥാനമായിരുന്ന ഹനംകൊണ്ടയിലാണ് തൗസന്റ് പില്ലർ ക്ഷേത്രം. 1162-63 കാലഘട്ടത്തിൽ രുദ്രദേവയാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ശിവനും (രുദ്രേശ്വരൻ) വിഷ്ണുവും (വാസുദേവൻ) സൂര്യനും ആണ് ഇവിടെ ഒരൊറ്റ അധിഷ്ടാനത്തേലുള്ള മൂന്നു ശ്രീകോവിലുകളിലായി ആരാധിക്കുന്നത്. തെക്കുവശത്തെ പ്രധാന പ്രവേശനദ്വാരം കടന്നു ചെല്ലുന്നത് ഒരു രംഗമണ്ഡപത്തിലേക്കാണ്, അവിടെ കിഴക്കും പടിഞ്ഞാറും വടക്കും മൂന്നു ശ്രീകോവിലുകൾ. രംഗമണ്ഡപത്തിന്റെ തൂണും മച്ചുകളും ഗംഭീരമായി കൊത്തി എടുത്തവയാണ്. പടിഞ്ഞാറേ ശ്രീകോവിലിന്റെ പാർശ്വഭിത്തികളിലൊന്നിൽ ഹാരപ്പ കാലം മുതൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതായി കാണുന്ന ഒരു മോട്ടിഫ് കാണാം എന്നതു കൗതുകം തന്നെ.

തെക്കുവശത്ത് പടവുകൾ കയറുന്നതിനു പിന്നിലായി ഒറ്റക്കല്ലിൽ തീർത്ത ഒരു പടുകൂറ്റൻ നന്ദിയുടെ വിഗ്രഹം കാണാം. നന്ദിയുടെ പിന്നിലായിട്ടാണ് ആയിരം സ്തംഭങ്ങളുള്ള മണ്ഡപം. ഓരോ സ്തംഭവും അതിമനോഹരമായ കൊത്തുപണികൾ ഉൾക്കൊള്ളുന്നു. ഇപ്പോൾ ഇതിന്റെ പുനരുത്ഥാരണപ്രവർത്തനങ്ങൾ നടക്കുകയാണ്. ക്ഷേത്രത്തിന്റെ കിഴക്കെ കവാടത്തോട് ചേർന്ന് നാലു വശത്തും കാകതീയ ശാസനങ്ങൾ രേഖപ്പെടുത്തിയ ഒരു ശിലാസ്തംഭവും ക്ഷേത്രക്കുളവും കാണാം.

കാകതീയ തടാകങ്ങൾ

warangal 2

കാകതീയ ഭരണകർത്താക്കൾ ഒരുപാട് തടാകങ്ങൾ തങ്ങളുടെ സാമ്രാജ്യത്തിലുടനീളം നിർമിച്ചിട്ടുണ്ട്. അവ ഇന്നും കൃഷിക്കും കുടിവെള്ളത്തിനുമൊക്കെ ആയിരക്കണക്കിനു ഗ്രാമങ്ങൾക്ക് ഉപയോഗപ്പെടുന്നുമുണ്ട്. ഏകശിലാ തടാകം, ഭദ്രകാളി തടാകം എന്നിവ വറംഗൽ ടൗണിനടുത്തുതന്നെയാണ്. വറംഗൽ ടൗണിൽനിന്നും എളുപ്പം എത്താവുന്ന, വിനോദസഞ്ചാര കേന്ദ്രങ്ങൾകൂടിയാണ് പാഖൽ തടാകവും ലഖ്നവാരം തടാകവും. വറംഗലിലെ പ്രധാന കാഴ്ചകൾ കണ്ട് അരദിവസം മാറ്റിവയ്ക്കാൻ കിട്ടിയാൽ പാഖൽ ലേക്കും അതിനോടു ചേർന്നുള്ള വന്യജീവി സങ്കേതവും സന്ദർശിക്കാവുന്നതേ ഉള്ളു.

warangal 1

തെലങ്കാനയിലെ തേക്കടി

warangal 12

തേക്കടിപോലെ ഒരു ദിവസം താമസിച്ചു കാണാനുണ്ട് ലഖ്നാവരം ലേക്ക്. കാടും മലയും തടാകവും എല്ലാം അനുഭവിക്കാവുന്ന സ്ഥലം. സമയക്കുറവുണ്ടെങ്കിൽ രാമപ്പക്ഷേത്ര സന്ദർശനത്തിനുശേഷം പാലംപേട്ടിൽനിന്നും ഇവിടെ വന്നു തടാകം കണ്ട് തിരിച്ചു പോകാം. ഏതായാലും മനോഹരമായൊരു വനത്തിനോട് ചേർന്നാണ് ലഖ്നവാരം. ടിക്കറ്റെടുത്ത് അകത്തു പ്രവേശിച്ചാൽ ഒരു ഒരു തൂക്കുപാലത്തിലൂടെ നടന്ന് തടാകത്തിന്റെ നടുക്കുള്ള ഒരു ദ്വീപിലെത്താം. ഇവിടെ സംസ്ഥാന ടൂറിസംവകുപ്പിന്റെ വക ഒരു ഹോട്ടലും ലോഡ്ജും ഉണ്ട്. ഇവിടത്തെ ബോട്ടുജെട്ടിയിൽനിന്നും സ്പീഡ് ബോട്ടിലും വലിയ ബോട്ടിലുമൊക്കെ ബോട്ടിങ് നടത്താനും സൗകര്യമുണ്ട്. ഇവിടെ താമസിച്ച് പ്രകൃതിഭംഗി ആസ്വദിക്കാൻ താൽപര്യമുള്ളവർക്കായി കാട്ടിനുള്ളിൽ പക്ഷിനിരീക്ഷണത്തിനും മിനി ട്രക്കിങ്ങിനും കാളവണ്ടി യാത്രയ്ക്കും ഒക്കെ ആവശ്യാനുസൃതം അവസരമൊരുക്കാൻ വിനോദസഞ്ചാര വകുപ്പ് തയ്യാറാണ്.


Tags:
  • Manorama Traveller