‘കാടിന്റെ ഉള്ളറകൾ ഒളിപ്പിച്ചുവയ്ക്കുന്ന മാന്ത്രികത പകർത്തിയെടുക്കുക എന്നതാണ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി. ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന കാഴ്ചകളുടെ, ശബ്ദങ്ങളുടെ ലോകമാണ് കാട്. ചിത്രം ഒന്നും പകർത്താൻ കഴിഞ്ഞില്ലെങ്കിലും കാട്ടിലേക്കുള്ള ഓരോ യാത്രയും മറക്കാനാവാത്ത അനുഭവങ്ങളാണ്. അവിടുത്തെ വിരുന്നുകാരാണ് നാം. ആ മര്യാദ പുലർത്തുന്ന ഫൊട്ടോഗ്രഫർക്ക് കാട് വിഭവസമൃദ്ധമായ നിമിഷങ്ങളെ മുന്നിൽ കാണിച്ചുകൊടുക്കും. കാടുകളിൽ ഏറെ പ്രിയപ്പെട്ടത് കബനിയാണ്. കടുവ, പുള്ളിപ്പുലി, കരിമ്പുലി തുടങ്ങി ബിഗ് ക്യാറ്റ്സിന്റെ ധാരാളം ചിത്രങ്ങൾ അവിടമെനിക്ക് സമ്മാനിച്ചു. ഓരോ ചിത്രത്തിനു പിന്നിലും പറഞ്ഞാൽ തീരാത്ത കഥകളുണ്ട്, അനുഭവങ്ങളുണ്ട്. ഇപ്പോഴും കാടിനെ കുറിച്ചുള്ള പഠനത്തിലാണ്. അതിനിടയിൽ ക്യാമറയിൽ പതിഞ്ഞ ചില നല്ല നിമിഷങ്ങൾ ചേർത്ത് ഒരു ഷോർട് ഫിലിം നിർമിച്ചു, ‘വൈൽഡ് കബനി’ എന്ന പേരിൽ.’... വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയെ സ്നേഹിക്കുന്ന െഎ.ടി പ്രൊഫഷനൽ അമൽ ജോർജ് കാടിനോടുള്ള പ്രണയത്തെ കുറിച്ചും പകർത്തിയ ചിത്രങ്ങളെ കുറിച്ചും സംസാരിക്കുന്നു.
കാത്തിരുന്ന് കിട്ടിയ ഫാമിലി ക്ലിക്ക്
കബനിയെ കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ അൽപം കടുവാചരിത്രം ഉൾപ്പെടുത്താതെ കഥ പൂർണമാകില്ല. കബനി കാടിനുള്ളിൽ മസ്തിഗുഡി എന്ന് വിളിക്കുന്നൊരു പഴയ ക്ഷേത്രമുണ്ട്. അതിന്റെ അടുത്തായി എപ്പോഴും കാണുന്ന രണ്ട് കടുവകളുണ്ട്. ഇണകളാണ്. മസ്തിഗുഡി കപ്പിൾസ് എന്നായിരുന്നു അവ അറിയപ്പെട്ടിരുന്നത്. കബനിയിലെത്തുന്നവരുടെ പ്രധാന ആകർഷണമായിരുന്നു അവ. വൈൽഡ് ലൈഫ് തേടിയെത്തുന്ന ഫൊട്ടോഗ്രഫർമാരുടെ ക്യാമറയ്ക്ക് വിരുന്നാകുന്നവ. ആദ്യത്തെ ഇണചേരലിൽ ഒരു കടുവകുഞ്ഞ് പിറന്നു. അതിനുശേഷം ഒരു വർഷം കഴിഞ്ഞ് മൂന്ന് കുഞ്ഞുങ്ങളും. എന്നാൽ അധികം വൈകാതെ പല സന്ദർഭങ്ങളിലായി മൂന്ന് കുഞ്ഞുങ്ങളും മസ്തിഗുഡി കപ്പിൾസും ചത്തു. ബാക്കി വന്നത് ഒരു കടുവ. ആ പെൺകടുവയ്ക്ക് പിറകെയായിരുന്നു പിന്നീട് ഫൊട്ടോഗ്രഫേഴ്സ്. സഫാരി വാനിന്റെ ശബ്ദം കേട്ടാൽ കാട്ടിലേക്ക് ഓടി മറയുന്ന സ്വഭാവം അതിനില്ലായിരുന്നു. വാനിന്റെ തൊട്ടടുത്ത് വരെ വരും. മിക്ക സോണിലും അതിനെ കാണാം. അങ്ങനെ നല്ല ചിത്രങ്ങൾ സമ്മാനിക്കും. അങ്ങനെയിരിക്കെയാണ് ആ കടുവ ഗർഭിണിയാണെന്ന് അറിയുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ കബനിയിൽ പോയപ്പോൾ ആ വാർത്ത സത്യമാണെന്ന് ഉറപ്പായി. പിന്നീട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. കുഞ്ഞുങ്ങളോടൊപ്പം വരുന്ന അമ്മകടുവയുടെ നല്ലൊരു ചിത്രം കിട്ടാനായി. മൂന്ന് കുഞ്ഞുങ്ങളോടൊപ്പം കടുവയെ പലരും കണ്ടു എന്നറിഞ്ഞപ്പോൾ തന്നെ കബനിയിലേക്ക് വണ്ടി കയറി. ആർക്കും ഇതുവരെ ചിത്രം കിട്ടിയില്ല. സഫാരിയ്ക്കായി ഒരുങ്ങി. പല ഭാഗത്തായി പോയി നോക്കി. ഒന്നും കണ്ടില്ല. പെട്ടെന്ന് മാനുകളുടെ അലാം കാൾ കേട്ടു. രാജേഷ് എന്നൊരു ഡ്രൈവറായിരുന്നു കൂടെ. ഞങ്ങൾ വാഹനം നിർത്തി. ചുറ്റും ശ്രദ്ധിക്കാൻ തുടങ്ങി. തീർച്ചയായും ഈ ഭാഗത്തെവിടെയോ അത് ഒളിഞ്ഞിരിപ്പുണ്ട്. കാത്തിരിക്കാം, പുറത്തുവരും എന്ന ഉറച്ച വിശ്വാസത്തിൽ ഞങ്ങൾ നിന്നു. അധികം വൈകിയില്ല. പുല്ലുകൾക്കിടയിൽ നിന്ന് കടുവ പുറത്തേക്ക് വന്നു. പക്ഷേ കുഞ്ഞുങ്ങൾ കൂടെയില്ല. ഒരൽപ്പം നിരാശ എല്ലാവരുടെ മുഖത്തും നിഴലിച്ചു. കാരണം കടുവയുടെ കുഞ്ഞുങ്ങളെ ഒരുനോക്ക് കാണുകയെന്നത് ഞാനുൾപ്പെടെ എല്ലാവരുടെയും സ്വപ്നമാണ്. അമ്മക്കടുവ പുറത്തിറങ്ങിയ സ്ഥിതിയ്ക്ക് കുഞ്ഞുങ്ങളും പിറകെ വരുമെന്ന ഉറപ്പിൽ ഞങ്ങൾ കാത്തിരിപ്പ് തുടർന്നു. അമ്മയെവിടെ പോയി എന്നന്വേഷണവുമായി ഒരു കുഞ്ഞുതല മൺതിട്ടയ്ക്ക് മുകളിലേക്കുയർന്നു വന്നു. സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞ നിമിഷമായിരുന്നു അത്. പെട്ടെന്ന് കുഞ്ഞുകടുവകൾ ഒന്നിനു പിറകെ ഒന്നായി അമ്മക്കടുവയുടെ അടുത്തേക്ക് വന്നു. അവയുടെ കളിയും കുറുമ്പും ചേർന്ന ഒരുപാട് ചിത്രങ്ങൾ പകർത്തി.
മരത്തിൻ മുകളിലെ കരിമ്പുലി
ഏതൊരു വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറെയും കബനിയിലേക്കു കൂടുതൽ അടുപ്പിക്കുന്ന ഘടകം കരിമ്പുലിയാണ് എന്നതിൽ സംശയമില്ല. ഏഴ് തവണ കബനിയിൽ വച്ച് കരിമ്പുലിയെ കണ്ടിട്ടുണ്ട്. പലപ്പോഴും നല്ല ചിത്രങ്ങളും കിട്ടി. അങ്ങനെ കിട്ടിയതിൽ പ്രിയപ്പെട്ട ഒരു ചിത്രമാണ് മഴ നനഞ്ഞ് മരത്തിൻ മുകളിൽ കിടക്കുന്ന കരിമ്പുലിയുടേത്. രണ്ടു ചങ്ങാതിമാരോടൊപ്പമായിരുന്നു അത്തവണത്തെ സഫാരിയാത്ര. വൈകിട്ട് മൂന്നുമണിയായപ്പോൾ സഫാരി വാനിൽ കയറി. വണ്ടി അൽപ്പദൂരം മുന്നോട്ട് നീങ്ങിയേ ഉള്ളൂ. മഴ തകർത്ത് പെയ്യുകയാണ്. വാൻ മുഴുവനായി മൂടിയിട്ട് ഞങ്ങൾ മഴമാറാനായി കാത്തിരുന്നു. മഴയുടെ ശക്തി കുറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന ഗൈഡ് ഷീറ്റ് മാറ്റി പുറത്തേക്ക് തലയിട്ട് നോക്കി. പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു സാർ... ബ്ലാക്ക് പാന്തർ. പിന്നെ ഈ മഴയത്ത് ഇറങ്ങിനടക്കുകയാണല്ലോ കരിമ്പുലി. അത് വേറെന്തെങ്കിലുമായിരിക്കും എന്ന് പറഞ്ഞ് ഞങ്ങൾ വണ്ടിക്കുള്ളിൽ ചുരുണ്ടുകൂടിയിരുന്നു. അവൻ പിന്നെയും പുറത്തേക്കു നോക്കിനിൽപ്പാണ്. സാർ...ക്യാമറ റെഡിയാക്കിക്കൊള്ളൂ. മരത്തിൻ മുകളിൽ മഴനനഞ്ഞ് കിടക്കുന്നത് കരിമ്പുലി തന്നെ. ആകാംക്ഷയോടെ ഞങ്ങൾ പുറത്തേക്കു നോക്കി. അതെ, കരിമ്പുലിയാണ്. മഴ ശമിക്കും വരെ ആ കിടപ്പ് തുടരാനുള്ള സാധ്യത മനസ്സിലാക്കി. മുപ്പത് മിനുട്ടോളം അവൻ ക്യാമറയ്ക്ക് പോസ് ചെയ്തു.
വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലെ പ്രിയപ്പെട്ട മൃഗം കടുവയാണ്. കടുവ ഒരു വേട്ട നടത്തുന്ന ചിത്രം എന്റെ ഡ്രീം ഷോട്ടാണ്. ഓരോ തവണ കാട്ടിലേക്ക് യാത്ര നടത്തുമ്പോഴും കുറേ നല്ല നിമിഷങ്ങൾ കാട് സമ്മാനിക്കും. ചിലതെല്ലാം ചിത്രമെടുക്കും. അതിൽ ചിലത് പ്രിയപ്പെട്ട ചിത്രങ്ങളാകും. സ്വപ്നചിത്രങ്ങളുടെ നിര അവസാനമില്ലാതെ നീണ്ടുനിൽക്കുകയാണ്. അതുപോലെ യാത്രകളും.
വീഡിയോ കാണാം,