രുചിയും കലയും സൗഹൃദവും ചേർത്തു വയ്ക്കുകയാണു മലയാളിയായ ആർഷ മോഹന്റെ ‘പെപ്പർ ആൻഡ് ലില്ലി’ സപ്പർക്ലബ്. ‘‘ആളുകൾക്കൊപ്പമിരിക്കാനുള്ള ഇഷ്ടം കൊണ്ടു കൂടിയാണു സപ്പർ ക്ലബ് തുടങ്ങിയത്. രുചിയും കഥകളും ഒരേ ഇഷ്ടങ്ങളുമായി ആളുകൾക്ക് ഒത്തുകൂടാനുളള ഇടമാണു സപ്പർ ക്ലബ്. ’’ തിരുവനന്തപുരം സ്വദശിയും ആർക്കിടെക്ടുമായ ആർഷ മോഹൻ പറയുന്നു. െബംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നീ ഇടങ്ങളിലായി സപ്പർ ക്ലബ് വിജയകരമായി നടത്തിയതിന്റെ സന്തോഷത്തിലാണ് ആർഷ.
രുചിയുണ്ടാക്കിയ െഎഡിയ
‘‘ രുചികരമായ വിഭവങ്ങൾ പാകം ചെയ്തു സുഹൃത്തുക്കൾക്കു വിരുന്നൊരുക്കാൻ പണ്ടേ ഇഷ്ടമാണ്. അടുത്ത സുഹൃത്തായ ദർശനാണു ചോദിച്ചത് ‘വിരുന്നൊരുക്കാനും വിളമ്പാനുമുള്ള ഇഷ്ടമുള്ള നിനക്കു സപ്പർ ക്ലബ് തുടങ്ങിക്കൂടേ’യെന്ന്. ആ െഎഡിയ എനിക്കിഷ്ടമായി. ഭക്ഷണപ്രേമികൾ സൗഹൃദവും കഥകളുമായി ഒന്നിച്ചുകൂടുന്ന സപ്പർക്ലബ് വിദേശനാടുകളിൽ ട്രെൻഡാണല്ലോ. മാനസികാരോഗ്യത്തിനു പ്രാധാന്യം നൽകുന്ന ആളാണു ഞാൻ. ചുറ്റും എപ്പോഴും ആളുകളുണ്ടാകുന്നതാണ് എനിക്കു സന്തോഷം. ഒരേ മനസ്സുള്ള ആളുകൾക്ക് ഒത്തുകൂടാൻ സപ്പർ ക്ലബ് വേദിയാകുമല്ലോ എന്നോർത്ത് ആ െഎഡിയയ്ക്കു ഞാൻ കൈ കൊടുത്തു. അമ്മ സീമ മോഹനും സഹോദരി ആതിര മോഹനും പൂർണ പിന്തുണയുമായി ഒപ്പം നിന്നു.
സപ്പർ ക്ലബിനു പേര് കണ്ടെത്താൻ അധികം തല പുകയ്ക്കേണ്ടി വന്നില്ല. ഭക്ഷണവും പൂക്കളുടെ ഗന്ധവുമാണ് എനിക്ക് ഏറ്റവും ഇഷ്ടം. ആളുകൾക്കു സന്തോഷമേകാൻ ഈ രണ്ടു കാര്യങ്ങൾക്കും കഴിയുമല്ലോ. അതിൽ നിന്നാണു പെപ്പർ ആൻഡ് ലില്ലി എന്ന പേരുണ്ടായത്. അന്നു പാതിരാവിലിരുന്നു പെപ്പർ ആൻഡ് ലില്ലിയെക്കുറിച്ചുള്ള പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ആദ്യത്തെ വിരുന്നിലേക്കു സ്ത്രീകളെ മാത്രമാണു ക്ഷണിച്ചത്. വേദി ബെംഗളൂരുവിലെ എന്റെ ഫ്ളാറ്റ്. പോസ്റ്റ് കണ്ട് സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കളുമെല്ലാം സ്ലോട്ട് ബുക് ചെയ്തു. ഫ്ളാറ്റ് പൂക്കളും അലങ്കാരവും കൊണ്ട് വൈബുള്ള ഇടമാക്കുന്നതായിരുന്നു ആദ്യപടി. ഫൈവ് കോഴ്സ് വിരുന്നുമൊരുക്കി. െബംഗളൂരുവിൽ നടത്തിയ ചാപ്റ്റർ വൺ ഹിറ്റായതോടെ പെപ്പർ ആൻഡ് ലില്ലിയെ ചുറ്റിയായി ജീവിതം.
വൈബുള്ളതാകണം വിളമ്പുമിടം

ഒരേ ഇഷ്ടങ്ങൾ ഉള്ളവർ ഭക്ഷണം കഴിക്കാൻ ഒത്തുകൂടുമ്പോഴുള്ള അനുഭവം രസകരമാണ്. സപ്പർ ക്ലബിൽ ഭക്ഷണം മാത്രമല്ല വിളമ്പുക. നാടിന്റെ കഥകളും സൗഹൃദവുമെല്ലാം ഈ കൂട്ടായ്മയിൽ ഒരുമിക്കും. ആറ് മുതൽ 14 പേർ വരെ ഉൾപ്പെടുന്ന സംഘത്തിനു വേണ്ടിയാണു സപ്പർ ക്ലബ് വിരുന്ന് സംഘടിപ്പിക്കാറ്. എത്ര അംഗങ്ങളെ ഉൾപ്പെടുത്താമെന്ന് ആതിഥേയരാണു തീരുമാനിക്കുക. ഫൈവ് കോഴ്സ് ഡിന്നറാണു കൂടുതൽ പേരുമൊരുക്കാറ്. േസാഷ്യൽ മീഡിയയിൽ അറിയിപ്പ് കാണുമ്പോൾ സ്ലോട്ട് ബുക് ചെയ്യാനാകും. വിരുന്നിനു മുൻപ് മെനുവിനെക്കുറിച്ചു മനസ്സിലാക്കാൻ ശ്രദ്ധിക്കണം. സൗകര്യങ്ങളും വിഭവങ്ങളുമനുസരിച്ചാണു ചാർജ് ഈടാക്കുക.
വിരുന്നൊരുക്കുന്ന ഇടം വൈബുള്ളതാകണമെന്നു നിർബന്ധമാണ്. റസ്‌റ്റോറന്റും ഹാളുമൊന്നും വേണ്ടേ വേണ്ട. വീട്, ഫ്ളാറ്റ്, പ്രകൃതിഭംഗി ചേർന്നു നിൽക്കുന്ന ഇടങ്ങൾ ഇവയെല്ലാം വേദിയാക്കാം. ഏത് ഇടത്തിനും ഭംഗിയുള്ള ആർട്പീസുകൾ, പൂക്കൾ, ചിത്രങ്ങൾ തുടങ്ങിയവ കൊണ്ടു ഡിസൈനർഭംഗി നൽകാൻ മറക്കേണ്ട.
സൗഹൃദത്തിന്റെ ചാപ്റ്റർ

ആദ്യ ചാപ്റ്ററിനു ശേഷമുള്ള വിരുന്നുകളിൽ അപരിചിതരും എത്തി. അഞ്ചാമത്തെ ചാപ്റ്റർ കൊച്ചിയിലാണു നടത്തിയത്. ആ ചാപ്റ്ററിൽ എത്തിയ ആരെയും എനിക്കു മുൻപു പരിചയമുണ്ടായിരുന്നില്ല. തീർത്തും അപരിചിതരായ അതിഥികൾ. െഎസ്ബ്രേക്കിങ്ങും ഭക്ഷണവും കഥകളുമെല്ലാമായി സൗഹൃദമുറപ്പിച്ചാണ് എല്ലാവരും മടങ്ങിയത്.
ആറാമത്തെ ചാപ്റ്റർ തിരുവനന്തപുരത്തെ എന്റെ വീട്ടിലാണു നടത്തിയത്. ഉപ്പ് മുതൽ കർപ്പൂരമെന്നു പറയാറില്ലേ. അതുപോലെ സപ്പർ ക്ലബിനു വേണ്ടി സ്പൂണുകൾ മുതൽ അലങ്കാരവസ്തുക്കൾ വരെ സകല സാധനങ്ങളുമായാണു ഞാൻ പല നഗരങ്ങളിലേക്കു യാത്ര ചെയ്തത്. ഓേരാ വിരുന്നും നല്ല നിമിഷങ്ങളുേടതാവുമ്പോൾ എന്റെ മനസ്സിൽ അഭിമാനം നിറയും. ഒക്ടോബർ 26 ന് വനിതാ സംരഭകരെ ഉൾപ്പെടുത്തി ബെംഗളൂരുവിൽ സപ്പർ ക്ലബ് നടത്താനുള്ള ഒരുക്കത്തിലാണ് ഞാൻ.’’ ആർഷയുടെ വാക്കുകളിൽ സന്തോഷം നിറയുന്നു.