എങ്ങനെയാണ് കേക്ക് ക്രിസ്മസിന്റെ രുചിയായി മാറിയതെന്ന് അറിയാമോ, ലോകത്തെ പ്രശസ്തമായ കേക്കുകളെ കുറിച്ചോ! കേക്ക് കഴിക്കും മുൻപേ ആ കഥ അറിയാം
Mail This Article
‘നാലുദിനം കൊണ്ട് ഉണ്ടാക്കുന്ന ജുവാൻസ് റെയിൻബോ എന്ന കേക്കിന്റെ കഥയും അതുണ്ടാക്കി കഴിക്കുന്ന കൊതിപ്പിക്കുന്ന സീനും സാൾട്ട് & പെപ്പർ സിനിമയിൽ നാം ആസ്വദിച്ചതാണ്. ഓരോ കേക്കിനു പിന്നിലും ഇതുപോലെ രസിപ്പിക്കുന്ന എന്തെങ്കിലും കഥകളുണ്ടാവില്ലേ ! ഈ ക്രിസ്മസ് കാലത്ത് കേക്കിന്റെ കഥകൾ തേടി പോയാലോ!
കുറുക്ക് കുറുകി കേക്കായി
ക്രിസ്മസിന് പ്രചാരം പ്ലം കേക്കാണ്. ആരായിരിക്കും ആദ്യം ഈ കേക്ക് ഉണ്ടാക്കിയിട്ടുണ്ടാവുക! എന്തായാലും ചരിത്രമനുസരിച്ച് യൂറോപ്പിലാണ് കേക്കിന്റെ പിറവി. പണ്ടുപണ്ട് ക്രിസ്മസിനു തലേന്നുള്ള ഉപവാസം അവസാനിപ്പിക്കാൻ പ്ലം പോറിഡ്ജ് എന്നൊരു കുറുക്ക് ഉണ്ടാക്കുമായിരുന്നത്രേ. ഈ പ്ലം പോറിഡ്ജാണ് കേക്കിന്റെ പിൻഗാമിയായി കരുതുന്നത്. നീണ്ട നോമ്പിനു ശേഷം വയറിനെ പാകപ്പെടുത്താനാണ് ഓട്സ് ഉപയോഗിച്ച് ഇത്തരം കുറുക്ക് ഉണ്ടാക്കിയിരുന്നത്. അതു കുറേ കൂടി രുചികരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പിന്നീട് iഗോതമ്പും ഉണക്കപ്പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും മസാലകളും കൂട്ടിച്ചേർത്തു. കിഴക്കുനിന്ന് ഉണ്ണിയേശുവിനെ കാണാനായി വന്ന മൂന്ന് ജ്ഞാനികൾ സമ്മാനമായി കൊണ്ടുവന്നിരുന്നത് ഉണക്കപഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമായിരുന്നത്രേ. അതിന്റെ പ്രതീകമായിട്ടാണ് ഇവ ഉപയോഗിച്ചതെന്നും പറയപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് ഐസിങ്ങോടു കൂടിയ വട്ടത്തിലുള്ള കേക്കിന്റെ പിറവി, അതും യൂറോപ്പിൽ തന്നെ. ഇംഗ്ലണ്ടിൽ ക്രിസ്മസ് ആഘോഷങ്ങൾ അവസാനിക്കുന്ന ദിവസം അതായത് ജനുവരി അഞ്ചാണ് ‘ട്വൽഫ്ത് ഡേ’ എന്ന് അറിയപ്പെടുന്നത്. ഈ ദിവസത്തിന്റെ ആഘോഷങ്ങളിൽ പതിവായി കേക്ക് ഒരുക്കാറുണ്ടായിരുന്നു. പിന്നീട് പല കാരണങ്ങൾ കൊണ്ട് ട്വൽഫ്ത് ഡേ ആഘോഷങ്ങൾ ഇല്ലാതായെങ്കിലും കേക്ക് നിർമാണം ക്രിസ്മസിന്റെ തന്നെ ഒരുഭാഗമായി മാറി. ഇംഗ്ലണ്ടിലുള്ളവർ മറ്റുനാടുകളിലേക്ക് ക്രിസ്മസ് സമ്മാനമായി കേക്കുകൾ അയയ്ക്കാൻ തുടങ്ങിയതോടെ ‘കേക്ക്’ എന്നത് ക്രിസ്മസിന്റെ രുചിയായി.
മലബാറിൽ നിന്നൊരു കേക്ക് വാസന
ഇന്ത്യയിൽ ആദ്യമായി കേക്കിന്റെ വാസന പരക്കുന്നത് ഇങ്ങ് കേരളത്തിൽ നിന്നാണ്. 1883 ലെ ക്രിസ്മസ് ദിനത്തിൽ തലശേരിക്കാരൻ മമ്പള്ളി ബാപ്പു ആദ്യത്തെ കേക്കുണ്ടാക്കി. ഈ കേക്കിന്റെ പിറവിക്കും മൂന്ന് വർഷം മുൻപാണ് തലശേരി ടൗണിൽ മമ്പള്ളി റോയൽ ബിസ്ക്കറ്റ് ഫാക്ടറി ആരംഭിക്കുന്നത്. അക്കാലത്ത് ബ്രിട്ടിഷുകാരുടെ പ്രധാനകേന്ദ്രമായ തലശേരിയിൽ റൊട്ടിയും ബിസ്ക്കറ്റും വിൽക്കുന്ന വ്യവസായം എന്നത് ലാഭകരമായ ബിസിനസ്സായിരുന്നു. അവർക്കുവേണ്ട രുചിക്കൂട്ടുകൾ മനസ്സിലാക്കി റൊട്ടിയുത്പന്നങ്ങൾ തയാറാക്കി. ബ്രൗൺ സായിപ്പിന് വേണ്ട വിശേഷരുചികൾ ഉണ്ടാക്കി നൽകിയതും മമ്പള്ളി ബാപ്പുവായിരുന്നു. ഒരിക്കൽ സായിപ്പ് ബാപ്പുവിന് ഒരു കഷണം കേക്ക് നൽകി. അതുപോലൊരു കേക്ക് ക്രിസ്മസിനു മുൻപായി ഉണ്ടാക്കിത്തരാമോ എന്ന് ചോദിച്ചത്രേ. അതുവരെ പരിചിതമല്ലാതിരുന്ന കേക്ക് എന്ന പുതിയരുചി! ആ ഒരു കഷണം കേക്കിൽ നിന്ന് മമ്പള്ളി ബാപ്പു കേക്കിന്റെ റെസിപ്പി ഏതാണ്ട് ഊഹിച്ചെടുത്തു. ഇംഗ്ലണ്ടിൽ കേക്കിന്റെ കൂട്ടു തയാറാക്കാൻ റമ്മാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ കശുമാങ്ങയിട്ട് വാറ്റിയ ചാരായമാണ് ബാപ്പു കേക്ക് നിർമ്മിക്കാനായി ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു. അതല്ല, റൊട്ടിമാവ് പുളിച്ച് ഉറയ്ക്കാൻ ആദ്യം തെങ്ങിൻകള്ളായിരുന്നു ഉപയോഗച്ചെന്നും പറയപ്പെടുന്നുണ്ട്. സംഗതി എന്തായാലും സായിപ്പിന് കേക്ക് നന്നേ ബോധിച്ചു. അതോടെ കേരളത്തിലും കേക്കിന്റെ ബേക്കിങ് രുചി പരന്നു.
ഒരുമയുടെ കേക്ക് മിക്സിങ്
കേക്കിനാവശ്യമായ കൂട്ട് തയാറാക്കുന്ന പരമ്പരാഗത രീതിയെ മിക്സ് ഇറ്റ് അപ് സെറിമണി എന്നു വിളിച്ചു. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടണിലാണ് ഇതിനു തുടക്കമായത്. നവംബർ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് കേക്ക് മിക്സിങ് നടക്കുന്നത്. പിന്നീട് ഇവ ശീതീകരിച്ച് സൂക്ഷിക്കുന്നു. അക്കാലത്ത് കേക്ക് മിക്സിങ് എന്നത് അന്നാട്ടുകാരുടെ സ്വകാര്യമായ കുടുംബചടങ്ങായിരുന്നു. ക്രിസ്മസിനും പുതുവത്സരത്തിനും മുന്നോടിയായിയുള്ള കുടുംബത്തിന്റെ ഒത്തുചേരൽ. വരുന്നവർ കൊണ്ടുവരുന്ന ഉണക്കപ്പഴങ്ങളും ചേരുവകളും പഴച്ചാറിലും വീഞ്ഞിലും മദ്യത്തിലുമൊക്കെ മിക്സ് ചെയ്ത് ചേർത്ത് അവർ ആ ദിനങ്ങൾ ആഘോഷമാക്കി.
ലോകത്തെ മികച്ച 10 കേക്കുകൾ
ലോകത്തെ ഏറ്റവും മികച്ച പത്തു കേക്കുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് തിറാമിസു കേക്ക്. ലേഡിഫിങ്കർ എന്നുവിളിക്കുന്ന ഒരിനം ബിസ്ക്കറ്റ് ബേസ് കുക്കീസ് കോഫിയിൽ കുതിർത്തതും മാസ്കാർപോൺ ചീസും ചേർത്ത് ഉണ്ടാക്കുന്ന തിറാമിസുവിന്റെ ജന്മനാട് ഇറ്റലിയാണ്. 1960 കളിലാണ് ഈ കേക്കിന്റെ ഉദ്ഭവം.
നമുക്കെല്ലാം ഏറെ പരിചിതമായ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് 1915 ൽ ജർമ്മനിയിൽ നിർമ്മിച്ചുതുടങ്ങിയതാണ്. ബ്ലാക്ക് ഫോറസ്റ്റ് മേഖലയുടെ പേരിൽ അറിയപ്പെടുന്ന ഈ ചോക്ലേറ്റ് കേക്ക് ആദ്യം ഉണ്ടാക്കുന്നത് ജോസഫ് കെല്ലർ എന്ന വ്യക്തിയാണത്രേ.
പുരാതന ഗ്രീസുകാർ ഉണ്ടാക്കിയെന്നും അതല്ല അമേരിക്കയിലാണ് പിറവിയെന്നും അവകാശപ്പെടുന്ന കേക്കാണ് ചീസ് കേക്ക്. ക്രീം ചീസും , മുട്ടയും പഞ്ചസാരയും ഗ്രഹാം ക്രാക്കറും ചേർത്താണ് ചീസ് കേക്കിന്റെ നിർമാണം. 19 –ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിർമിച്ച കേക്കാണ് വിക്ടോറിയ സ്പോഞ്ച് കേക്ക്. വിക്ടോറിയ രാജ്ഞിയുടെ പേരിൽ നിന്നാണ് കേക്കിനും ആ പേര് കിട്ടിയതെന്ന് പറയപ്പെടുന്നു.1832 ൽ ഓസ്ട്രിയയിൽ ജന്മമെടുത്ത് ലോകത്തെ കൊതിപ്പിച്ച കേക്കാണ് സാച്ചർ ടോർട്ടെ. ഇതും ഒരു ചോക്ലേറ്റ് കേക്കാണ്. ആപ്രിക്കോട്ട് ജാം ആണ് പ്രധാന ചേരുവ. പ്രിൻസ് ക്ലെമെൻസ് വോൺ മെറ്റെർനിച്ചിനായി നിർമിച്ചതാണ് ഈ കേക്ക് എന്നാണ് ചരിത്രം. പാരിസ് ഓപ്പറയുടെ പേരിൽ അറിയപ്പെടുന്ന കേക്കാണ് ഫ്രാൻസിൽ ജന്മമെടുത്ത ഓപ്പറ കേക്ക്. 1955 ൽ സിറിയക്ക് ഗാവില്ലനാണ് ആദ്യമായി ഈ കേക്ക് ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്നു.
1920 കളിൽ ഓസ്ട്രേലിയയിൽ നിർമിച്ച കേക്കാണ് പാവ്‌ലോവ. റഷ്യൻ പ്രൈമ ബാലെറിനയായിരുന്ന അന്ന പാവ്‌ലോവ്നയുടെ പേരിലാണ് ഈ കേക്ക് പ്രശസ്തമായത്. പരമ്പരാഗത ജാപ്പനീസ് റൈസ് കേക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച കേക്കാണ് മോച്ചി കേക്ക്. പതിനാലാം നൂറ്റാണ്ടിൽ ജപ്പാനിലാണ് മോച്ചി കേക്ക് ആദ്യമായി ഉണ്ടാക്കുന്നത്.
1885 ൽ ഹംഗറിയിലെ ബുഡാപെസ്റ്റ് വേൾഡ് മേളയിൽ ആദ്യമായി അവതരിപ്പിച്ച കേക്കാണ് ഡോബോസ് ടോർട്ടെ. പാളികളായി അടുക്കിയ കേക്കിന്റെ പ്രധാന ചേരുവ കാരമലൈസ്ഡ് ഷുഗറാണ്. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുൻപ് ലോകമെമ്പാടും പടർന്നുപിടിച്ച മഹാ സാമ്പത്തിക മാന്ദ്യമാണ് ഗ്രേറ്റ് ഡിപ്രഷൻ. ഈ കാലത്ത് ജനപ്രിയമായ കേക്കാണ് അമേരിക്കയിൽ പിറവിയെടുത്ത റെഡ് വെൽവെറ്റ് കേക്ക്.
