തായ്ലൻഡിൽ പോയി കേരള സദ്യ കഴിച്ചാലോ! സദ്യ മാത്രമല്ല ചക്കപ്പുഴുക്ക്, കപ്പ, ചേമ്പ്... തുടങ്ങി മലബാർ ബിരിയാണി വരെ ഏതു ഭക്ഷണവും ചിയാങ്മെയിൽ നിന്നു കഴിക്കാം
Mail This Article
തായ്‌ലൻഡിലെ രണ്ടാമത്തെ വലിയ നഗരമാണെങ്കിലും അൻപതിൽ താഴെ മാത്രം ഇന്ത്യക്കാർ താമസിക്കുന്ന ഇടമാണ് ചിയാങ് മെ. അതിൽ തന്നെ പഠന ആവശ്യങ്ങൾക്കും ജോലിക്കുമായി എത്തി താമസിക്കുന്ന ഏഴ് മലയാളികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. വർഷം തോറും ആയിരക്കണക്കിന് മലയാളികൾ യാത്ര ചെയ്യുന്ന തായ്‌ലൻഡിലാണ് ഇതെന്ന് ഓർക്കണം. തലസ്ഥാന നഗരമായ ബാങ്കോക്കിൽ നിന്നും എഴുന്നൂറോളം കിലോമീറ്റർ മാത്രം അകലെയുള്ള മനോഹരമായ ഈ നഗരത്തിലേക്ക് അധികമാരും യാത്ര ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടായിരിക്കും.
യഥാർഥത്തിൽ തായ്‌ലന്‍ഡിന്റെ സാംസ്കാരികത്തനിമ അടയാളപ്പെടുത്തുന്ന ഇടമാണ് ചിയാങ് മെ. എണ്ണമറ്റ ബുദ്ധക്ഷേത്രങ്ങളും ഉത്സവങ്ങളും വ്യത്യസ്തങ്ങളായ ഗോത്രങ്ങളുമൊക്കെ താമസിക്കുന്ന ഇടം. പക്ഷേ, ഈ യാത്ര ആ സാംസ്കാരിക തനിമയിലേക്ക് മാത്രമല്ല. മറിച്ച് കേരളത്തിൽ നിന്ന് കേരളത്തിന്റെ തനത് ഭക്ഷണങ്ങൾ ആയ ചക്കയും കപ്പയും കാപ്പിയും ചീനിക്കിഴങ്ങുമൊക്കെ കഴിക്കാൻ തായ്‌ലൻഡിലേക്ക് പോയ കഥയാണിത്. സംശയിക്കേണ്ട, ചിയാങ് മെയിലുണ്ട് കേരളത്തിന്റെ തനത് രുചികൾ.
കേരളത്തിന്റെ സ്വന്തം ചായ് ആൻഡ് തായ്
തെരുവിലൂടെ പായുന്ന വാഹനത്തിന്റെ ഉച്ചകേട്ടാണ് രാവിലെ ഉണർന്നത്. സമയം എട്ടുമണി കഴിഞ്ഞിരുന്നു. വേഗം തന്നെ നഗരം ചുറ്റാൻ തയാറായി പുറത്തേക്കിറങ്ങി. ഇരുട്ടിൽ കണ്ട കെട്ടിടങ്ങൾ സമ്മാനിച്ച അന്യതാബോധം പകൽവെളിച്ചത്തിൽ ഇല്ലാതായി. അതിമനോഹരമായൊരു തെരുവായിരുന്നു മുന്നിൽ. ആ തെരുവിന്റെ ഓരം ചേർന്നാണ് ' ചായ് ആൻഡ് തായ് ' എന്ന മനോഹരമായ റസ്റ്ററന്റ്.
റസ്റ്ററന്റിന് ചുറ്റും അവിടേക്ക് ആവശ്യമുള്ള പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്നു. ഇതാണ് ഈ നഗരത്തിലെ ജനങ്ങളെയും അവിടെയെത്തുന്ന വിദേശവിനോദ സഞ്ചാരികളെയും വർഷങ്ങളായി കേരളത്തിന്റെ എരിവും പുളിയുമൊക്കെ പരിചയപ്പെടുത്തുന്ന റസ്റ്ററന്റ്. ആ കൗതുകമാണ് കേരളത്തിലെ ഭക്ഷണം കഴിക്കാൻ ഇങ്ങു തായ്‌ലൻഡ് വരെ വരാൻ പ്രേരിപ്പിച്ച ഘടകം. കേരള സദ്യ മുതൽ തലശേരി ബിരിയാണി വരെ ഇവിടെ ലഭ്യമാണ്. കേരളത്തിന്റെ തനത് ഭക്ഷണങ്ങൾ കഴിക്കാനായി എത്തുന്നവർ മലയാളികളല്ല എന്നുള്ളതാണ് ഈ റസ്റ്ററന്റിലെ മറ്റൊരു ഹൈലൈറ്റ്.
തുടക്കം അപ്പവും മുട്ട റോസ്റ്റും
രാവിലെ അപ്പവും മുട്ടറോസ്റ്റുമായി ചിയാങ്മെയിലെ ദിനം ആരംഭിക്കാമെന്ന് കരുതി. ഏതാനും ദിവസങ്ങളായി ബാങ്കോക്ക് നഗരത്തിൽ ചുറ്റിത്തിരിയുന്നതിനാൽ തായ് ഭക്ഷണം മാത്രമായിരുന്നു കഴിച്ചിരുന്നത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ മണമുള്ള, അന്യനാട്ടിലെ ഒരു ഭക്ഷണശാലയിൽ കടന്നിരുന്നപ്പോൾ അൽപം സന്തോഷവും മലയാളി എന്ന നിലയിൽ അഭിമാനവും തോന്നി. അപ്പവും പുട്ടുമൊക്കെ ഓർഡർ അനുസരിച്ച് പെട്ടെന്ന് തന്നെ തയാറാക്കി നൽകും. അധിക സമയം ഇരിക്കേണ്ടി വന്നില്ല , മൊരിഞ്ഞ അപ്പവും വലിയ ബൗളിൽ മുട്ടറോസ്റ്റും ചൂടോടെ മുന്നിലെത്തി. ആസ്വദിച്ച് കഴിച്ചു. രുചികരമായൊരു പ്രഭാതഭക്ഷണം. ഭക്ഷണം കഴിച്ച് കൈ കഴുകി വന്നപ്പോഴേക്കും ഷെഫ് സുബിൻ പുറത്തേക്ക് വന്നു. പരിചയപ്പെട്ടു. അൽപനേരം നാട്ടുവിശേഷങ്ങൾ പറഞ്ഞുനിന്നു. റസ്റ്ററന്റിൽ ചുവരിൽ കഥകളിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ. ചുവരിനോളം വലിപ്പമുള്ള ആ ചിത്രം ഒരു തായ് ചിത്രകാരൻ സ്പ്രേ പെയിന്റിൽ ചെയ്തെടുത്തതാണെന്നറിഞ്ഞപ്പോൾ കൗതുകം കൂടി. അത്രത്തോളം മിഴിവുള്ളതായിരുന്നു അത്. ഷെഫ് ആയ ഇന്ത്യക്കാരെ കൂടാതെ ക്യാഷ് കൗണ്ടറും ഫുഡ് സെർവ് ചെയ്യുന്നതുമൊക്കെ തായ് വനിതകളാണ്. സൗമ്യമായ പുഞ്ചിരിയോടെ അവർ ഈ റസ്റ്ററന്റിനെ ഹൃദ്യമായൊരു അനുഭവമാക്കി മാറ്റുന്നു .
പ്രഭാത ഭക്ഷണത്തിന്റെ തിരക്ക് കഴിഞ്ഞപ്പോഴേക്കും റസ്റ്ററന്റിലെ തന്നെ ജീവനക്കാരിയായ നട്ട്കയോടൊപ്പം തെരുവിലേക്കിറങ്ങി. ഉച്ചഭക്ഷണസമയത്തിനുള്ളിൽ തിരിച്ചു വരാനായിരുന്നു പ്ലാൻ. ചിയാങ് മെ ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ടുതീർക്കാവുന്ന ഒരു നഗരമല്ല. കാടുകളും മഴയും പുഴകളും മലനിരകളുമൊക്കെ ചേർന്ന മനോഹരമായ ഒരു കാഴ്ചാനുഭവം. ബാങ്കോക്കിലും പട്ടായയിലും ഉള്ള പോലെ അസാധാരണമായ തിരക്കില്ല. യാത്രക്കാരുടെ തള്ളിക്കയറ്റമില്ല. അവിടെങ്ങളിലെ ഡാൻസ് ബാറുകളോ മറ്റ് ആഘോഷങ്ങളോ ഇവിടെ ഇല്ലെന്നതാകും കാരണം. നാഗരാതിർത്തിയിൽ അതിവിശാലമായ കോമ്പൗണ്ടിൽ മരങ്ങൾക്കും പച്ചപ്പിനുമിടയിൽ സ്ഥിതിചെയ്യുന്ന ചിയാങ് മെ യൂണിവേഴ്‌സിറ്റി ലോകപ്രശസ്തമായ സർവകലാശാലകളിൽ ഒന്നാണ്. എണ്ണമറ്റ ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളുമൊക്കെ ചേർന്ന പ്രദേശം. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന ഈ നഗരത്തെ അടയാളപ്പെടുത്തപ്പെടുന്നു.
ചക്കപ്പുഴുക്കിന്റെ രുചിയിടം
ഉച്ചയോടെ നഗരം ചുറ്റി നടന്ന്, നട്കയ്‌ക്കൊപ്പം റസ്റ്ററന്റിലേക്ക് തിരിച്ചെത്തി. തായ്‌ലൻഡിലെ മറ്റിടങ്ങളിൽ ഒരിക്കലും ലഭിക്കാത്ത കേരളത്തിന്റെ ചില പഴയകാല ഭക്ഷണശീലങ്ങൾ ഇവിടെ ലഭിക്കും. റസ്റ്ററന്റിന്റെ അകത്തേയും പുറത്തെയും ടേബിളുകളിൽ സ്വദേശികളും വിദേശികൾ ഭക്ഷണം കഴിക്കാനായി കാത്തിരിക്കുന്നു. പതുക്കെ മെനു കാർഡ് കയ്യിലെടുത്തു. കേരള രുചികളിലേക്ക് കണ്ണോടിച്ചു. കേരളത്തിന്റെ ഏതോ ഗ്രാമത്തിലെ പഴയ ശീലങ്ങൾ സൂക്ഷിക്കുന്ന ഒരിടത്ത് എത്തിപ്പെട്ടതുപോലെ. ചിയാങ് മെയിലെ ഭക്ഷണപ്രേമികൾക്ക് ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട ചിലത് ഇവിടെയുണ്ട്. ചക്കപ്പുഴുക്ക് തേങ്ങയിട്ടത്, ചീനി വാട്ടിപ്പുഴുങ്ങിയത്, കായ പുഴുങ്ങിയത്, കപ്പ പുഴുങ്ങിയതും കട്ടൻ കാപ്പിയും , ചക്ക കറിവെച്ചതും കോഴിയും കൂടാതെ ചക്ക എരിശ്ശേരി, ഓലൻ, കൂട്ടുകറികൾ, പാവയ്ക്ക മെഴുക്കുപുരട്ടി, മുരിങ്ങയ്ക്ക കറി, പുട്ടും കടലയും, അപ്പം, ഇടിയപ്പം, കേരള പൊറോട്ട, തലശ്ശേരി ബിരിയാണി... ഇവ ഓരോന്നും തായ് ജനതയെ കൊതിപ്പിക്കുന്നു. ഇവിടത്തെ തീന്മേശയിൽ നിറയുന്നത് കേരളത്തിൽ ഏറെക്കുറേ അന്യമായിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികളാണ്.
ചക്കപ്പുഴുക്കിനൊപ്പം അപ്പവും കുടംപുളിയിട്ട മീൻകറിയും ഓർഡർ ചെയ്തു. സമീപത്തുള്ള തീന്മേശയിൽ വിദേശീയർ സദ്യയോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ്. എരിശ്ശേരിയും കാളനും ഓലനുമൊക്കെ അവർക്ക് നന്നേ ഇഷ്ടപ്പെട്ടിട്ടുണ്ട്. സമയമെടുത്ത് ആസ്വദിച്ചുള്ള ഭക്ഷണരീതിയാണ് അവരുടേത്.റസ്റ്ററന്റിനോട് ചേർന്നുതന്നെ വഴിയോരത്ത് പാവൽ, ചേന ,കോളി ഫ്ലവർ, കുമ്പളം , പച്ചമുളക്, മുരിങ്ങ, കാന്താരി മുളക്, കറിവേപ്പില, തക്കാളി തുടങ്ങിയവയെല്ലാം ചെറിയ തോതിൽ കൃഷി ചെയ്തുവരുന്നു. അതുകൊണ്ടുതന്നെ കലർപ്പില്ലാത്ത ഭക്ഷണം വിളമ്പാൻ ഇവർക്ക് കഴിയുന്നുണ്ട്.
ചായ് ആൻഡ് തായ് യുടെ തുടക്കം
തായ്‌ലന്റ് കേന്ദ്രീകരിച്ചുള്ള ഒരു മൾട്ടി നാഷണൽ കമ്പനിയുടെ ഉന്നതപദവിയിലിരിക്കുന്ന ജയകൃഷ്ണൻ എന്ന വ്യക്തിയാണ് ഈ റസ്റ്ററന്റ് ഇവിടെ ആരംഭിച്ചത്. ആദ്യമൊക്കെ ഈ രുചി ജനങ്ങളിലെത്തിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ തനത് രുചികൾ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ പാൻ ഇന്ത്യൻ റസ്റ്ററന്റ് എന്ന രൂപത്തിൽ ഇന്ത്യയിലെ ഏറെക്കുറെ എല്ലാ േസ്റ്ററ്റിലെയും ഭക്ഷണങ്ങൾ ലഭിക്കുന്ന തരത്തിൽ തുടക്കം കുറിച്ചു. നിമ്മാൻ 9 സ്ട്രീറ്റിലെ ചെറിയൊരു ഭക്ഷണശാലയിൽ നിന്നും ഇപ്പോൾ തായ്‌ലൻഡിലെ മറ്റിടങ്ങളിലേക്കും ശാഖകൾ തുറക്കാനുള്ള ശ്രമത്തിലാണ് ചായ് ആൻഡ് തായ്. ചിയാങ് മെയിലെ മാർക്കറ്റ് റോഡിനോട് ചേർന്നുതന്നെ കൂടുതൽ വിശാലമായൊരു റസ്റ്ററന്റ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. തായ്‌ലൻഡിലെ നഗരയാത്രകൾ ഉപേക്ഷിച്ച് ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും ഏറ്റവും ഹൃദ്യമായൊരു ഇടമായിരിക്കും ചിയാങ് മേയും അതിനോടുചേർന്നുള്ള പ്രവിശ്യകളും. അവിടെ തായ് ജനതയുടെ ലളിതമായ ജീവിതം കാണാനാകും.
അത്രത്തോളം ഹൃദ്യമായ പുഞ്ചിരിയോടെ അവർ നമ്മെ സ്വീകരിക്കും. നാം എപ്പോഴൊക്കെയോ രണ്ടാം തരമായി കാണാൻ തുടങ്ങിയ നമ്മുടെ സ്വന്തം നാട്ടുരുചികൾ മറ്റൊരു രാജ്യത്ത് നിന്ന് ആസ്വദിക്കുന്നു. വളരെ കൗതുകത്തോടെ ആ കാര്യം ഇവിടെ പങ്കുവയ്ക്കുന്നു. നോക്കൂ, കാലത്തിനൊപ്പം നമ്മൾ എത്ര മാറിപ്പോയെന്ന്! നമ്മുടെ തൊടികളിലും വയലുകളിലും അവശേഷിക്കുന്ന ആ സ്വാദിന്റെ ലോകം നമുക്ക് ഇനിയെങ്കിലും തിരിച്ച് പിടിക്കണ്ടേ!