ADVERTISEMENT

അക്കരെ അക്കരെ അക്കരെ എന്ന സിനിമയ്ക്കു വേണ്ടി അമേരിക്കയിൽ പോയ സമയത്താണ് ആദ്യമായി കാനഡ സന്ദർശിച്ചത്. അവിടെ പകൽ സമയത്തും പ്രവർത്തിക്കുന്ന ഡാൻസ് ബാറുകളുണ്ട്. ഞാൻ ഇക്കാര്യം മുകേഷിനെ അറിയിച്ചു. മറ്റാരും അറിയാതെ നൂഡ് ഡാൻസ് കാണാൻ ഞങ്ങൾ തീരുമാനിച്ചു.

ഞാനും മുകേഷും തന്ത്രപരമായി ഹോട്ടലിൽ നിന്നു മുങ്ങി ഡാൻസ് ബാറിൽ കയറി. ജീവിതത്തിൽ ആദ്യമായാണ് നൂഡ് ഡാൻസ് കാണുന്നത്. മറ്റൊരു ലോകത്ത് എത്തിയ പോലെ അതു കണ്ടിറങ്ങി. ഒരിക്കലും ഇക്കാര്യം മറ്റാരോടും പറയരുത് – മുകേഷ് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു. ‘‘ഭൂമിയിൽ വച്ച് ആരോടും പറയില്ല, പോരേ’’ ഞാൻ വാക്കു നൽകി.

ADVERTISEMENT

ധൃതിയിൽ ഓടിപ്പിടിച്ച് ഹോട്ടലിൽ എത്തിയപ്പോൾ ഞങ്ങളുടെ മുറിയുടെ മുന്നിൽ മോഹൻലാൽ നിൽക്കുന്നു. ‘‘എവിടാരുന്നു’’ ലാലിന്റെ ചോദ്യം. മുകേഷ് അതിനു മറുപടിയായി എന്തൊക്കെയോ കഥകൾ പറഞ്ഞു. ആ സമയത്തിനുള്ളിൽ ഞാൻ മുറിയിൽ കയറി ബാഗെടുത്ത് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറി. ഫ്ളൈറ്റ് പറന്നുയർന്നപ്പോൾ ലാൽ എന്റെയടുത്തു വന്നു.

‘‘സത്യം പറ, നിങ്ങൾ എവിടെ പോയതായിരുന്നു’’ എന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് ലാൽ ചോദിച്ചു. ഡാൻസ് ബാറിൽ പോയതും ആദ്യമായി നൂഡ് ഡാൻസ് കണ്ടതും സിനിമാക്കഥ പോലെ ഞാൻ വിവരിച്ചു. എല്ലാം കേട്ടതിനു ശേഷം മുകേഷിന്റെ അടുത്തേക്കാണു ലാൽ പോയത്. ഞാൻ തിരിഞ്ഞു നോക്കിയില്ല. അവിടെ എന്താണു സംഭവിക്കുകയെന്ന കാര്യം എനിക്കു നന്നായറിയാം.

ADVERTISEMENT

കുറച്ചു കഴിഞ്ഞപ്പോൾ കോപം ജ്വലിക്കുന്ന മുഖവുമായി മുകേഷ് എന്റെയരികിൽ വന്നു.

‘‘ആരോടും പറയില്ലെന്ന് നീ സത്യം ചെയ്തതല്ലേ?’’ കരയുന്ന ശബ്ദത്തിൽ മുകേഷ് ചോദിച്ചു.

ADVERTISEMENT

ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ അതു ശ്രദ്ധിച്ചു കേൾക്കണം.

ഭൂമിയിൽ വച്ച് ആരോടും പറയില്ലെന്നാണു ഞാൻ സത്യം ചെയ്തത്.

വിമാനം പറക്കുന്നത് ഭൂമിയിലൂടെയല്ല, ആകാശത്താണ്.

ആകാശത്തു വച്ചു പറഞ്ഞതിൽ എന്താണു കുഴപ്പം?

ഞാൻ പറഞ്ഞതിന്റെ ലോജിക് മനസ്സിലാകാതെ മുകേഷ് കുറേ നേരം ആലോചിച്ചു നിന്നു. അപ്പോഴേക്കും ഞങ്ങൾ ന്യൂഡ് ‍ഡ‍ാൻസ് കാണാൻ പോയ കാര്യം കുടെയുള്ളവരെല്ലാം അറിഞ്ഞു കഴിഞ്ഞിരുന്നു.

(മനോരമ ട്രാവലറിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്)

ADVERTISEMENT