Tuesday 15 June 2021 12:54 PM IST : By Dinu Kuriakose

ഗുജറാത്തിലെ ഈ ഗ്രാമത്തിൽ നോൺവെജിറ്റേറിയൻ ഭക്ഷണം കിട്ടുമെന്നു കരുതേണ്ട, ഇത് സസ്യഭക്ഷണം മാത്രം കഴിക്കാൻ അനുവാദമുള്ള സ്ഥലം... ലോകത്തിലെ ആദ്യ വെജിറ്റേറിയൻ ഗ്രാമത്തിൽ

palitana7

സസ്യഭക്ഷണം മാത്രം കഴിക്കാൻ അനുവാദമുള്ള ഒരു ഗ്രാമം... മനോഹരമായ നടക്കാത്ത സ്വപ്നം എന്നു പറയാൻ വരട്ടെ, നമ്മുടെ ഇന്ത്യയിൽ തന്നെ ഒരു കൊച്ചു ഗ്രാമമുണ്ട് ഗുജറാത്തിൽ–പാലീതാന. ഇറച്ചി, മീൻ, മുട്ട തുടങ്ങിയ സസ്യേതര ഭക്ഷണം മേടിക്കുന്നതും വിൽക്കുന്നതും ഭക്ഷണത്തിനായി മൃഗങ്ങളെ വളർത്തുന്നതും നിയമപരമായി വിലക്കിയിട്ടുണ്ട് ലോകത്തിലെ ആദ്യ വെജിറ്റേറിയൻ ഗ്രാമമായ ഇവിടെ. എന്നാൽ പാലീതാനയുടെ വിസ്മയം ഇതല്ല. അത് ഗ്രാമത്തിലെ മലമുകളിലുള്ള 900 ക്ഷേത്രങ്ങളാണ്. ഗ്രാമത്തോടു ചേർന്നു കിടക്കുന്ന ശത്രുഞ്ജയ മലനിരയിലാണ് ലോകത്തിലെ ഏറ്റവും വലിയ ജൈന തീർത്ഥാടന സമുച്ചയം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒട്ടേറെ ക്ഷേത്രങ്ങൾ ഈ സമുച്ചയത്തിന്റെ ഭാഗമാണ്.

palitana2

ഗുജറാത്തിലെ ഭവ്നഗർ ജില്ലയിലാണ് പാലീതാന. ജൈനതീർഥാടന കേന്ദ്രങ്ങൾ ഒട്ടേറെയുള്ള സംസ്ഥാനമാണ് ഗുജറാത്ത്. എന്നാൽ പാലീതാനയുടെ സ്ഥാനം എല്ലാറ്റിനും മുകളിലാണ്. വിശ്വാസപരമായി മാത്രമല്ല ഭൗതികമായും ശത്രുഞ്ജയ മലയുടെ മുകളിലുള്ള ക്ഷേത്രങ്ങൾക്കു സമീപം എത്താൻ 3800 പടി ചവിട്ടിക്കയറണം!

ആദിനാഥിന്റെ ധ്യാനസങ്കേതം

'പാലീതാന' പണ്ട് ഒരു നാട്ടുരാജ്യം ആയിരുന്നു, 700 ചതുരശ്ര കിലോ മീറ്റർ വിസ്തീർണവും ഉദ്ദേശം 90 ഗ്രാമങ്ങളുള്ളതും. 1656 ൽ മുഗൾ ചക്രവർത്തി ഷാജഹാന്റെ മകൻ മുരാഡ് ഭക്ഷ് പാലീതാന നഗരത്തെ ശാന്തിദാദ് ഝവെരി എന്ന ജൈന വ്യാപാരിക്ക് കൈമാറി. അതിനു മുൻപ് അക്ബർ ചക്രവർത്തിയുടെ കാലത്തു തന്നെ ജൈനമത വിശ്വാസത്തിൽ ശത്രുഞ്ജയ മലനിരകൾക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക പദവി മലനിരകൾക്കു നൽകിയിരുന്നു.

ആദ്യ തീർഥങ്കരനായ ആദിനാഥിന്റെ ധ്യാനസങ്കേതമായിരുന്നു ഈ മലനിരകൾ. 24 ജൈന തീർഥങ്കരൻമാരിൽ 23 പേരും ഇവിടം സന്ദർശിച്ചിട്ടുണ്ട്. ശാന്തിദാദ് ഝവേരിയുടെ കയ്യിൽ ഈ സ്ഥലമെത്തിയതോടെ ഈ പ്രദേശത്തെ കുന്നിൻ ചെരുവിൽ ക്ഷേത്ര നിർമാണം അധികരിച്ചു. കാലക്രമേണ നിർമിതികൾ പടർന്നു പന്തലിച്ച പാലീതാനയിൽ 900 ക്ഷേത്രങ്ങളുണ്ട് ഇന്ന്. അങ്ങനെ മറ്റൊരു ലോകറെക്കോർഡ് കൂടി പാലീതാനയെ തേടിയെത്തി. ലോകത്ത് എറ്റവും കൂടുതൽ ക്ഷേത്രങ്ങൾ ഉള്ള മല!

palitana1

ഭവ്നഗറിന് അടുത്ത് സോൻഗഡ് ആണു എറ്റവും അടുത്ത റെയിൽവെ സ്‌റ്റേഷൻ. മുംബൈയിൽ നിന്നും അഹമ്മദാബാദ്നിന്നും ഒട്ടേറെ ട്രെയിനുകളുണ്ട് ഈ റൂട്ടിൽ. പുലർച്ചെ പാലീതാനയിൽ എത്തിയാൽ കുളിചു ഫ്രെഷ് ആയി ഭക്ഷണവും കഴിച്ചു മലകയറ്റം ആരംഭിക്കാം. മുകളിൽ എത്താൻ 3800 പടവുകൾ നടന്നു കയറണം. ഇടയ്ക്കു നിരപ്പായ ഭാഗങ്ങളും ഉണ്ട്. മല നടന്നു കയറുവാൻ പ്രയാസമുള്ളവരെ കസേരയിൽ ഇരുത്തി ആ കസേര പല്ലക്കുപോലെ ചുമന്ന് മുകളിൽ എത്തിക്കുന്നവരും തൊട്ടിലിൽ ഇരുത്തിയിട്ടെന്നോണം എടുത്തു കൊണ്ടുപോകുന്നവരും വഴിയോരത്തു കാത്തിരിക്കുന്നു. നടന്നു കയറുന്നവർക്കു വിശ്രമത്തിനായി വഴിയിൽ ബഞ്ചുകളുണ്ട്, കുടിക്കാൻ ശുദ്ധജലവും കിട്ടും. യാതൊരു തിരക്കും കൂട്ടാതെ സാവധാനം നടന്നു കയറാം. ഇടയ്ക്കു ചുറ്റുപാടുകളുടെ പ്രകൃതിഭംഗിയും ആസ്വദിക്കാം. പുറത്തുനിന്നുള്ള ഭക്ഷണം അനുവദനീയമല്ല മല കയറ്റത്തിൽ.

കാഴ്ചകൾ കണ്ടു മല കയറാം

വീതിയേറിയ വഴിക്കു നല്ല വൃത്തി. പരമ്പരാഗത രീതിയിൽ വെളുത്ത വസ്ത്രം ധരിച്ചും പാദരക്ഷകൾ ഉപയോഗിക്കാതെയും മലകയറുന്ന വിശ്വാസികളെ നടത്തത്തിനിടയിൽ കാണാം. മെല്ലെ മല കയറുമ്പോൾ നമുക്കൊപ്പം പലതരം പക്ഷികളും, അണ്ണാൻ കുഞ്ഞുങ്ങളും കൂടെ നടക്കുന്നതുപോലെ തോന്നും. ഒപ്പം നല്ല കാറ്റും. മലമുകളിൽ നിന്നും നൊക്കിയാൽ താഴെ നഗരത്തിന്റെ വിശാലത കാണൂവാൻ സാധിക്കും. ഒപ്പം താഴ്‌വരയിലൂടെ ഒഴുകുന്ന ശത്രുഞ്ജയ നദിയും.

palitana3

മുഖ്യ ക്ഷേത്ര പരിസരത്തേക്കു നമ്മെ സ്വാഗതം ചെയ്ത് "രാം ഗേറ്റ്" എന്ന വലിയ ഒരു വാതിൽ ഉണ്ട്. അവിടെ കുരങ്ങു ശല്യം മോശമല്ല. മലമുകളിൽ എത്തിയാൽ റസ്‌റ്ററന്റിൽ നിന്ന് എന്തെങ്കിലും കഴിക്കാം എന്നു വിചാരിക്കണ്ട. വെറും കുടിവെള്ളം മാത്രമേ അവിടെ ലഭിക്കൂ! മലമുകളിലെ ക്ഷേത്രങ്ങളിൽ പ്രധാന ക്ഷേത്രം "റിഷഭനാധ തീർഥങ്കര" നാണൂ സമർപ്പിചിരിക്കുന്നത്. പരമ്പരാഗത ആചാരങ്ങളെ മുറുകെ പിടിക്കുന്ന ജൈനമതസ്ഥർ അന്യമതത്തിൽ പെട്ടവർക്ക് മുഖ്യ ക്ഷേത്ര സന്നിധിയിൽ ചില സന്ദർഭങ്ങളിൽ പ്രവേശനം നിഷേധിക്കാറുണ്ട്.

palitana4

സന്ധ്യക്കു മുന്നേ മലയിറങ്ങണം

ഭക്തിഗാനവും മണിനാദവും കേട്ട് അൽപനേരം ക്ഷേത്ര പരിസരത്തു വിശ്രമിക്കാം. ജൈന ക്ഷേത്രങ്ങളുടെ കൊടിമരം പ്രത്യേക രീതിയിലാണ്. മാർബിൾ ശിലയിൽ നിർമിച്ച അനേകം സുന്ദര ശില്പങ്ങൾ ഓരോ ക്ഷേത്രച്ചുമരുകളെയും അലങ്കരിക്കുന്നു.

palitana6

‘പാലീതാന’ യിലെ എല്ലാ ക്ഷേത്രവും ഒരു ദിവസം കൊണ്ട് കണ്ടുതീർക്കുക അല്പം പ്രയാസമാണ്. എന്നാലും ഒറ്റനോട്ടത്തിൽ മനോഹരം എന്നു തോന്നുന്നവയെ വേഗത്തിൽ കണ്ടു തീർത്ത് സന്ധ്യക്കു മുന്നേ മലയിറങ്ങണം. സൂര്യാസ്തമയത്തിനു ശേഷം മലമുകളിൽ നിൽക്കാൻ ആർക്കും അനുവാദമില്ല. യാത്ര പൂർത്തിയാക്കി തിരിച്ചിറങ്ങുമ്പോൾ ഒരു ഭക്ഷണ ടോക്കൺ ലഭിക്കും. അതു താഴെയുള്ള കൗണ്ടറിൽ കാണിച്ചാൽ സൗജന്യ ഭക്ഷണം വയറു നിറയെ ലഭിക്കും. സമയം ബാക്കി ഉണ്ടെങ്കിൽ സമീപത്തുതന്നെയുള്ള മ്യൂസിയവും സന്ദർശിക്കാം. ഇവിടെനിന്ന് പാലീതാനയെ കുറിച് കൂടുതൽ അറിവ് ലഭിക്കും. ജൈനസമൂഹത്തിലെ ഏറ്റവും ശക്തവും പഴക്കം ചെന്നതുമായി ആനന്ദ്ജി–കല്യാൺജി ട്രസ്റ്റാണ് ഇപ്പോൾ പാലിതാന സമുച്ചയും നോക്കി നടത്തുന്നത്. മലകയറ്റത്തിന്റെ ക്ഷീണമുണ്ടെങ്കിൽ അന്നു രാത്രി ‘പാലിതാന’യിൽ തന്നെ വിശ്രമിക്കാം. തിരക്കില്ലാതെ പലിതാന തെരുവിലൂടെ ഒരു സായാഹന സവാരിയും ഒപ്പം ഷോപ്പിങ്ങും ആകാം. സോൻഗഡിലേക്കു വാഹനത്തിൽ യാത്ര ചെയ്യവേ ‘പാലീതാന’ മല ചെറുതായി വരുന്നതുപോലെയും യാത്രാനുഭവങ്ങൾ വലുതായി വരുന്നതുപോലെയും തോന്നി.

പാലീതാന

palitana5

ഭാവ്നഗറിൽനിന്ന് 50 കിലോ മീറ്റർ. ചൂടു കുറഞ്ഞ ഓഗസ്‌റ്റ് മുതൽ നവംബർ വരെയുള്ള കാലമാണ് യാത്രയ്ക്കു പറ്റിയ സമയം. ജൈനമതത്തിലെ ആഘോഷദിനങ്ങൾ ഒഴിവാക്കുന്നതും നന്ന്. ‌സോൻഗഡ് റെയിൽവേ സ്‌റ്റേഷനിൽ നിന്നു ധാരാളം ഷെയർ വാഹനങ്ങൾ പാലീതാന നഗരത്തിലേക്കു കിട്ടും. പാലീതാനയിൽ ദിവസ/ആഴ്ച നിരക്കിൽ താമസിക്കാൻ ആശ്രമങ്ങളും ട്രസ്റ്റുകളും ഒരുക്കുന്ന അതിഥി മന്ദിരങ്ങൾ ലഭിക്കും. സന്ദർശകർ എല്ലാവരും അച്ചടക്കം പാലിക്കണം എന്നത് എല്ലായിടത്തും നിർബന്ധമാണ്.

സ്വാദിഷ്ടമയ ജൈന ഭക്ഷണമാണ് ലഭിക്കുന്നത്. ലോകത്തെ രണ്ടു വെജിറ്റേറിയൻ വില്ലേജുകളിൽ ഒന്നായ പാലീതാനയിൽ നോൺ വെജ് ഭക്ഷണം പ്രതീക്ഷിക്കരുത്. നോണ്‍ വെജ് ഭക്ഷണം കൈവശം കരുതുന്നതും ഇവിടെ എത്തിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India