Friday 05 November 2021 04:57 PM IST : By അന്ന ബ്രോമിൻ

സ്ട്രോബറിയുടെ നാട്ടിലേക്കൊരു യാത്ര!

maha3 ഫോട്ടോ: സജു ഫ്രാൻസിസ്

മുംബൈയിൽ എത്തിയ കാലം തൊട്ടു കേൾക്കാൻ തുടങ്ങിയതാണ് മഹേബലേശ്വർ എന്ന പേര്. പത്താം വാർഷികത്തിലാണ് യാത്രയ്ക്ക് അവസരം കിട്ടിയത്. ദീപാവലി അവധി നാട്ടിലോ അതോ മഹാബലേശ്വറിലോ? ഒടുവിൽ നറുക്കു വീണത് മഹാബലേശ്വറിന്. യാത്രയിൽ കൂടെ കൂട്ടാൻ പറ്റിയ സുഹൃത്തിനൊപ്പം മുംബൈ–പൂണെ എക്സ്പ്രസ് വേയിലേക്ക് ഇറങ്ങി.

ലോണാവാല ഹിൽേസ്റ്റഷനിലെ ചുരങ്ങളിലൂടെ വണ്ടി നീങ്ങി. തുരങ്കങ്ങളിലൂടെയുള്ള സഞ്ചാരം മലയാളികളെ സംബന്ധിച്ചിടത്തോളം കൗതുകം നിറഞ്ഞതാണെന്നു പ്രത്യേകം പറയേണ്ടല്ലോ. ഗതാഗതക്കുരുക്കില്ലാതെ 150 കി.മീ. അതിവേഗ യാത്രയ്ക്കൊടുവിൽ പൂണെയിലെത്തി. അവിടെ നിന്നാണ് മഹാബലേശ്വറിലേക്കുള്ള പാത ആരംഭിക്കുന്നത്. പൂണെ–ബെംഗളൂരു എക്സ്പ്രസ് ഹൈവേയിലൂടെ കടന്നു പോയപ്പോൾ പ്രിയദർശന്റെ സ്ഥിരം സിനിമാ ലൊക്കേഷനുകൾ ഓർമ വന്നു. നെറുകയിൽ പൂക്കൾ ചൂടിയ പച്ചക്കുന്നുകൾ, മൺകലങ്ങൾ തലയിൽ ചുമന്നു നടന്നു നീങ്ങുന്ന പെണ്ണുങ്ങൾ, അലഞ്ഞു തിരിയുന്ന കാലിക്കൂട്ടം... അങ്ങനെയങ്ങനെ. കഷ്ടിച്ച് ഏഴു കിലോമീറ്റർ കടന്നപ്പോൾ വിത്തൽ കമ്മത്ത് എന്ന ബോർഡ് കണ്ടു. കേരളത്തിനു തമിഴ്നാടിന്റെ രുചി പരിചയപ്പെടുത്തിയ ‘ആര്യാസ്’ ഹോട്ടൽ പോലെയാണ് മഹാരാഷ്ട്രക്കാർക്ക് ഈ ഹോട്ടൽ. അവിടുത്തെ പ്രഭാത ഭക്ഷണം പ്രശസ്തമാണ്.

maha5

പൂണെ ബൈപാസ് ആരംഭിക്കുന്നിടം എത്താൻ 27 കിലോമീറ്റർ താണ്ടണം. കാത്തറെജ് തുരങ്കം കടന്നു മുന്നോട്ടു പോയാൽ ടോൾ ബൂത്തിലെത്തും. 130 രൂപ കൊടുത്ത് ശിർവൽ ഗ്രാമത്തിലേക്കു പ്രവേശനത്തിന് അനുമതി വാങ്ങി. കംബദദകി ചുരത്തിലെത്താൻ അവിടെ നിന്നു പിന്നെയും പതിനാറു കിലോമീറ്റർ യാത്ര ചെയ്യണം. ചുരമിറങ്ങിയാൽ ‘സുറൂർ – വായ് – മഹാബലേശ്വർ ’ ബോർഡ് കാണാം. വായ് കവലയിൽ നിന്ന് പാസാർസി ചുരം കയറി എൺപതു കിലോമീറ്റർ യാത്ര ചെയ്താൽ പഞ്ചഗണി. ആ പാതയിലൂടെ മുന്നോട്ടു നീങ്ങി. വായ് കടന്നാൽപ്പിന്നെ മെഡിക്കൽ ഷോപ്പുകളില്ല. അതൊരു കൗതുകം തന്നെ!

വഴി നീളെ ആൽമരങ്ങൾ. റോഡിനു മുകളിൽ ക്രോപ്പ് ചെയ്തതു പോപെ തിങ്ങി നിറഞ്ഞ വേരുകൾ. കരിമ്പിൻ തോട്ടത്തിനു നടുവിലൂടെ സത്താറയുടെ ഗ്രാമഭംഗി ആസ്വദിച്ചാണു യാത്ര. വീടുകളുടെ മുറ്റത്ത് മഞ്ഞളും ഇ‍ഞ്ചിയും കൂട്ടിയിട്ടു വിൽക്കുന്നവരെ കണ്ടു. എട്ടു ഹെയർപിൻ വളവുകൾ കടന്ന് ഒടുവിൽ മഹാബലേശ്വറിലെത്തി.

maha4

സ്ട്രോബെറിയുടെ നാട് എന്നാണ് മഹാബലേശ്വർ അറിയപ്പെടുന്നത്. ബോംബെ പ്രസിഡൻസിയിലെ ബ്രിട്ടീഷുകാരന്റെ വേനൽക്കാല വസതിയായിരുന്നു ഇവിടം. അധികാരമുള്ള കാലത്ത് ബ്രിട്ടീഷുകാർ നട്ടു പിടിപ്പിച്ച സ്ട്രോബറി ഇപ്പോൾ ഈ നാടിന്റെ മധുരമായി നിലനിൽക്കുന്നു. സഹ്യാദ്രി മലനിരകളിൽ ഉൾപ്പെടുന്ന മഹാബലേശ്വർ നിത്യഹരിത വനമേഘലയാണ്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ദേവഗിരിയിലെ യാദവ രാജാവായ സിംഗനിലാണ് മഹാബലേശ്വറിന്റെ ചരിത്രം ആരംഭിക്കുന്നത്. മലകൾ കയറിയെത്തിയ രാജാവ് അഞ്ച് നദികളുടെ പ്രഭവ സ്ഥാനം കണ്ടെത്തി. കൃഷ്ണ, സാവിത്രി, ഗായത്രി, വെന്ന, കൊയ്ന എന്നിങ്ങനെ നദികൾക്കു പേരിട്ടു. അതിനടുത്തു ശിവലിംഗ പ്രതിഷ്ഠ നടത്തി ക്ഷേത്രം നിർമിച്ചു. ഇതു പിന്നീട് പഞ്ചഗംഗ ക്ഷേത്രം എന്ന് അറിയപ്പെട്ടു. കാടിനുള്ളിലൂടെ ആറു കിലോമീറ്റർ താണ്ടി ഓൾഡ് മഹാബലേശ്വറിലെത്തിയാൽ ഓവുകളിലൂടെ നദി ഒഴുകി വരുന്നതു കാണാം.

ഒരു കൽമണ്ഡപം. അതിനു മുൻപിൽ കറുത്ത കല്ലിൽ കൊത്തിയുണ്ടാക്കിയ ഗൗമുഖിയുടെ വായിലൂടെ ഈ നദികളിലെ വെള്ളം വന്നു വീഴുന്നത് കുളത്തിലേക്കാണ്. ക്ഷേത്രത്തിനുള്ളിൽ തടാകം നിർമിച്ച രാജാവിന്റെ ദീർഘവീക്ഷണം അപാരംയ ഗൗമുഖിയുടെ വായിൽ നിന്നു നിരന്തരം ഒഴുകുന്ന വെള്ളത്തിന്റെ എൻജിനിയറിങ് അദ്ഭുതകരം. പഞ്ചഗംഗയിൽ ഉദ്ഭവിക്കുന്ന അഞ്ച് നദികളുടെ നാഡികളിലാണ് മഹാബലേശ്വർ, കൃഷ്ണ ക്ഷേത്രങ്ങൾ നിർമിച്ചിട്ടുള്ളത്.

Mahabaleswar-temple-2

മറാത്താ ഭാഷയും സ്ഥലും അറിയാത്തവരെ സഹായിക്കാൻ ഗൈഡുകളുണ്ട്. ഒടുക്കത്തെ ചാർജ് ചോദിക്കുമെങ്കിലും വിലപേശിയാൽ കുറഞ്ഞ തുകയ്ക്ക് വഴികാട്ടിയെ കിട്ടും. മഹാബലേശ്വറിൽ മനോഹരമായ കാഴ്ച എലഫന്റ് ഹെഡ്ഡാണ്. പർവത നിരയുടെ അറ്റത്ത് ആനയുടെ തലയുടെ രൂപത്തിലുള്ള പാറക്കെട്ടാണിത്. കെയ്റ്റ്സ് പോയിന്റ്, ഇക്കോ പോയിന്റ്, നീഡിൽ ഹോൾ പോയിന്റ് എന്നിങ്ങനെ മറ്റു വിനോദസഞ്ചാര പ്രാധ്യാന്യമുള്ള സ്ഥലങ്ങളും ഇതിനടുത്തുണ്ട്. വാനരന്മാരുടെ കേളീരംഗമാണ് ഈ പ്രദേശം, സഞ്ചാരികൾ ജാഗ്രത പാലിക്കുക.

മൂന്നാർ പോലെ തണുത്ത അന്തരീക്ഷമാണ് മഹാബലേശ്വറിലേത്. കെട്ടിടങ്ങൾ കുറവായതിനാൽ ശുദ്ധമായ കാറ്റ് ആസ്വദിക്കാം. താഴ്‌വരയിലുള്ള വീടുകളെല്ലാം ഓടു മേഞ്ഞവയാണ്. കൃഷിയും ആടു വളർത്തലുമായി ജീവിക്കുന്നവരാണ് ഗ്രാമവാസികൾ. ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽ മഴ ആ ഗ്രാമത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. യാത്രികർ അവിടെ മഴയെ പേടിച്ച് ഓടിയില്ല. മലമുകളിലെ മഴയെ ശിരസ്സിലേറ്റു വാങ്ങിയും മഴ നനഞ്ഞും ആളുകൾ പറ്റം ചേർന്നു നടന്നു. മഴത്തുള്ളികളുടെ വിടവുകളിലൂടെ വഴികാട്ടി ഞങ്ങൾക്കൊരു മല കാണിച്ചു തന്നു. മറാത്താ ചക്രവർത്തിയായ ഛത്രപതി ശിവജിയും അഫ്സൽ ഖാനുമായി ആ മലയുടെ മുകളിൽ വച്ചാണ് യുദ്ധം നടത്തിയത് . പരാജിതനായ അഫ്സൽ ഖാന്റെ മൃതദേഹം ആ മലയുടെ മുകളിലാണ് ഖബറടക്കിയിട്ടുള്ളത്. മലയുടെ മുകളിലെത്താൻ 450 പടികൾ കയറണം. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രക്കാർ പ്രതാപ് ഘട്ട് ഫോർട്ടിന്റെ മിനിയേച്ചർ ഉണ്ടാക്കാറുണ്ട്. ആ വഴിക്കു യാത്ര ചെയ്താൽ ധോബി വെള്ളച്ചാട്ടം കാണാം. ഓൾഡ് മഹാബലേശ്വർ റോഡിൽ മൂന്നു കിലോ മീറ്റർ ഉൾഭാഗത്തായാണ് വെള്ളച്ചാട്ടം.

maha2

റോഡിലിറങ്ങിയാൽ റസ്റ്ററന്റുകളുടെ നിരയാണ്. ഗാവാത് കഴിക്കാമെന്നു പറഞ്ഞ് ഗൈഡുകൾ യാത്രികരെ ക്ഷണിച്ചു. ഗാവാത് എന്നു വച്ചാൽ ഭക്ഷണം എന്നാണർഥം. കോഴിയിറച്ചി കറി വച്ചതാണ് പ്രധാന ഇനം. മറാത്തക്കാരുടെ പരമ്പരാഗത വിഭവമെന്ന പേരിലാണ് വിൽപ്പന. പക്ഷേ, ഗ്രാമങ്ങളിൽ കിട്ടുന്ന ഭക്ഷണത്തിന്റെ പകുതി പോലും രുചിയില്ല. റോഡ് യാത്രയ്ക്കിടെ വഴിയോരങ്ങളിൽ കാണുന്ന സ്ട്രോബറി തോട്ടങ്ങളാണ് മഹാബലേശ്വർ യാത്രയുടെ പ്രധാന സംതൃപ്തി. വർഷത്തിൽ രണ്ടു തവണ വിളയെടുക്കുന്ന തോട്ടങ്ങളിൽ നവംബർ, ഏപ്രിൽ മാസങ്ങളിൽ സ്ട്രോബറി നിറയും. മഹാബലേശ്വറിൽ നിന്നു പഞ്ചഗണിയിലേക്ക് പോകുന്ന റൂട്ടിൽ മാപ്രോ ഗാർനിൽ ഇറങ്ങിയാൽ മികച്ചയിനം സ്ട്രോബറി ജാം വാങ്ങാം. സ്ട്രോബറി ഉപയോഗിച്ച് സൃഷ്ടിക്കാവുന്ന എല്ലാ വിഭവങ്ങളും അവിടെ കിട്ടും. സ്ട്രോബറി ഷെയ്ക്ക്, കേക്ക്, ബ്രെഡ്ഡ്, പീറ്റ്സ, സാൻഡ്‌വിച്ച് എന്നിവ ഉദാഹരണം.

ഈസ്റ്ററിന്റെ അവസാന ദിവസങ്ങളിലാണ് സ്ട്രോബറി മേള നടത്തുക. വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പരിപാടിയിൽ സ്ട്രോബറിയുടെ വിവിധ വിഭവങ്ങൾ പ്രദർശിപ്പിക്കും. മഹാബലേശ്വറിലെ മറ്റൊരു ടൂറിസ്റ്റ് സ്പോട്ടാണ് വെന്ന തടാകം. മരക്കൂട്ടത്തിനു നടുവിലാണ് വെന്ന തടാകം. കുതിര സവാരി, ബോട്ടിങ് എന്നിവയാണ് പ്രധാന വിനോദങ്ങൾ. മഹാബലേശ്വർ പട്ടണത്തിൽ നിന്ന് ഏഴു കിലോമീറ്റർ അകരെ ലിംഗമല വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്കാണ് വെന്നയിൽ നിറയുന്നത്.

maha6

മഹാബലേശ്വർ യാത്രികർക്ക് എളുപ്പത്തിൽ എത്താവുന്ന സമീപക്കാഴ്ചകൾ നിരവധിയുണ്ട്. കാസ് വാലിയാണ് അതിൽ പ്രധാനം. പൂക്കളുടെ താഴ്‌വരയിൽ നിരവധി സഞ്ചാരികൾ എത്താറുണ്ട്. മഹാബലേശ്വറിലേക്കു കടക്കാതെ വന്ന വഴിയിൽ നിന്നു നേരേ 35 കി. മീ. യാത്ര ചെയ്താൽ കാസ് വാലിയിൽ എത്താം. ബൈലാറാണ് മറ്റൊരു സ്ഥലം. ഇന്ത്യയിലെ ആദ്യത്തെ പുസ്തക ഗ്രാമമാണ് ബൈലാർ. രണ്ടു കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമത്തിൽ 25 വായനശാലകളുണ്ട്.

മലയാളികൾക്ക് കേരളത്തിൽ നിന്നു വന്നു പോകാവുന്ന സുന്ദരമായ സ്ഥലമാണ് മഹാബലേശ്വർ. ബെംഗളൂരു – പൂണെ ഹൈവൈയിലൂടെ 50 കി.മീ. പൂണെയ്ക്കു മുൻപായി ഇടത്തോട്ടുള്ള പാതയിൽ സുറൂർ – വായ് റോഡിലൂടെ സഞ്ചരിച്ചാൽ മഹാബലേശ്വറിൽ എത്താം. പൂണെയിൽ നിന്നു ട്രാൻസ്പോർട്ട് ബസ് സർവീസുണ്ട്.