ADVERTISEMENT

28 ദിവസം മുൻപ് മനോരമ ട്രാവലറിലേക്ക് ആ കോൾ വന്നപ്പോൾ യാദൃച്ഛികത ഒന്നും തോന്നിയില്ല. വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുമ്പോൾ ലോകസഞ്ചാരി വിജയൻ ചേട്ടൻ, എറണാകുളം ഗാന്ധിനഗറിലെ ശ്രീ ബാലാജി കോഫി ഹൗസിലെ തിരക്കിനിടയിലും പലപ്പോഴും ഇതു പോലെ വിളിക്കാറുണ്ടായിരുന്നു. "രണ്ടു ദിവസത്തിനകം ഞങ്ങൾ റഷ്യക്ക് പറക്കുകയാണ് മാഷേ. ഇരുപത്തിയാറാമത്തെ രാജ്യം കാണാൻ.

ഇത്തവണ കാൻസറിനോടു ഞാൻ പറഞ്ഞു. വേണമെങ്കിൽ കൂടെ പോന്നോളു. ഫ്രീ ആയി റഷ്യ കാണിക്കാം. അർബുദം ബാധിച്ചത് എന്റെ മനസ്സിനെ തൊടാൻ ഞാൻ അനുവദിച്ചിട്ടില്ല. ഞാനിപ്പോൾ റഷ്യൻ യാത്രയുടെ ത്രില്ലിലാണ്. മോഹം തോന്നിയ രാജ്യങ്ങളെല്ലാം വീൽചെയറിൽ ഇരുന്നാണങ്കിലും കാണണം. നടൻ ഇന്നസെന്റ് എന്നോട് പറഞ്ഞു, നമുക്ക് രണ്ടു പേർക്കും കാൻസർ എന്ന ഒരു കോമൺ ഫ്രണ്ട് ഉണ്ടല്ലോ. '

ADVERTISEMENT

റഷ്യൻ സന്ദർശനം നടത്തിയ റിമ കല്ലിങ്കലിന്റെയും ആഷിഖ് അബുവിന്റെയും സ്‌റ്റോറി ട്രാവലറിൽ വരുന്നെന്ന് അറിഞ്ഞപ്പോൾ വിജയൻ ചേട്ടൻ പറഞ്ഞു. ഇനി അവസരമില്ലല്ലോ ,റഷ്യൻ ട്രിപ്പിനു മുൻപ് അവരോട് സംസാരിക്കാൻ.

vijayan1

റഷ്യയെക്കുറിച്ച് പഠിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി. ദസ്തേവ്സ്കി മ്യൂസിയത്തിൽ നിന്നു റിമ കുറച്ചു പോസ്റ്റ് കാർഡുകൾ വാങ്ങിയതും ഒത്തിരി ഇഷ്ടമുള്ള റഷ്യൻ ഡോൾ പർച്ചേസ് ചെയ്യാൻ സാധിക്കാഞ്ഞതും അറിഞ്ഞപ്പോൾ വിജയൻ പറഞ്ഞു. 'റിമയ്ക്ക് ഒരു റഷ്യൻ ഡോൾ, സർപ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നുണ്ട്. '

ADVERTISEMENT

വിജയേട്ടന്റെ അപാരമായ പോസിറ്റീവ് തിങ്കിങ്, അദ്ദേഹം ആവർത്തിച്ചു പറയുന്ന ലക്ഷ്യ ബോധം, വിദഗ്ദ്ധ പ്ളാനിങ് ഇവയെല്ലാം വായനക്കാർക്ക് ആവേശമാകുമെന്നുറപ്പായിരുന്നു. മനോരമ ട്രാവലറിൽ വരുന്ന എഡിറ്റോറിയൽ കടയിൽ ഫ്രെയിം ചെയ്ത് വയ്ക്കുമെന്നും പറഞ്ഞാണ് അര മണിക്കൂറോളം നീണ്ട സംഭാഷണം അവസാനിപ്പിച്ചത്. മോഹന ചേച്ചി വാത്സല്യത്തോടെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. 'സ്പെഷൽ പക്കാവട ഉണ്ടാക്കി തരാം. മക്കൾ കടയിലോട്ട് പൊന്നോളു.'

vijayan3

വിജയൻ ചേട്ടന്റെ മുഴക്കമുള്ള ശബ്ദം മനസ്സിൽ ഉഷാറായി മുഴങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ അകാല വിയോഗം താങ്ങാൻ മോഹന ചേച്ചിക്കും കുടുംബത്തിനും ശക്തി നൽകണേ എന്ന് പ്രാർഥിക്കുന്നു.

ADVERTISEMENT

വിജയൻ ചേട്ടന്, ടീം മനോരമ ട്രാവലറിന്റെ ആദരാഞ്ജലി.

ADVERTISEMENT