ADVERTISEMENT

ടാൻസാനിയ, കിഴക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും വലുത്. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി കിളിമഞ്ചാരോ സ്ഥിതി ചെയ്യുന്ന രാജ്യം. വിക്ടോറിയ, ടാങ്കനിക്ക, ന്യാസ... ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വലിയ മൂന്നു തടാകങ്ങളുള്ള നാട്. അതിലേറെ വിസ്മയിപ്പിക്കുന്നതാണ് ഈ രാജ്യത്തിന്റെ ഗോത്ര വൈവിധ്യം. 120 ഗോത്രങ്ങളാണു ടാൻസാനിയയിലുള്ളത്. ദക്ഷിണ ആഫ്രിക്കയിലെ സുലു, നൈജീരിയയിലെ യോരുബ, കെനിയയിലെ മസായി തുടങ്ങിയ വിഭാഗങ്ങളെപ്പോലെ പ്രശസ്തമല്ല ടാൻസാനിയൻ ഗോത്രങ്ങളിൽ പലതും. പുറം ലോകത്തിനു പരിചിതമല്ലാത്ത ആചാരങ്ങളും പാരമ്പര്യങ്ങളുമായി കഴിയുന്ന ഗോത്രവിഭാഗങ്ങളെ പരിചയപ്പെടുത്തുന്ന സാംസ്കാരിക സഫാരികൾ ടാൻസാനിയൻ യാത്രകളിൽ രസകരമായ അനുഭവമാണ്.

datoogas

നൈൽ നദിയുടെ താഴ്‌വരയിൽ നിന്നു വന്നവരെന്നു കരുതുന്ന ഡറ്റോഗ ഗോത്രക്കാരെ ടാൻസാനിയയിലെ മന്യാര, മാര, സിങ്ഗിഡ, അരുഷ എന്നീ നാലുപ്രദേശങ്ങളിൽ കാണാം. അരുഷ പ്രദേശത്തെ കാരാട് ജില്ലയിലെ വനപ്രദേശത്തേക്കാണ് ഞങ്ങൾ ഗോത്രവിഭാഗങ്ങളെ പരിചയപ്പെടാൻ പോയത്. കാരാട് ടൗണിൽ നിന്ന് 40 കിലോ മീറ്റർ ദൂരെ അയസി തടാകത്തിനു സമീപം ഡറ്റോഗ ഗോത്രക്കാർ വസിക്കുന്ന ഒരു ഭാഗമുണ്ട്. തുറസ്സായ കാട്ടിലൂടെയാണു യാത്ര. ഇടയ്ക്ക് അവിടെയും ഇവിടെയും ബൗബപ് മരങ്ങൾ. പല ഇനം പക്ഷികളുടെ കൂജനം കേൾക്കാം. ഞങ്ങൾ കടന്നു പോന്ന പ്രദേശത്ത് ഇളംകാറ്റു വീശുന്നുണ്ട്. കാറ്റിനൊപ്പം പറന്നെത്തുന്ന മണൽത്തരികളും. ഈ കാട്ടിലൂടെ അൽപം സഞ്ചരിക്കാനുണ്ട് ഡറ്റോഗ എന്ന ഗോത്രത്തിന്റെ കോളനി പ്രദേശത്ത് എത്താൻ. ‘സൗത്ത് സുഡാനിൽ നിന്ന് ഇവിടേക്കു കുടിയേറിയ ഗോത്രങ്ങളിൽ അവസാനം എത്തിയവരാണു ഡറ്റോഗ. ങ്കൊറോങ്കൊറോ പ്രദേശത്തു മസായി വിഭാഗക്കാർ അവർക്ക് അഭയം നൽകി. ആദ്യം മസായിക ൾക്കൊപ്പം താമസിച്ചെങ്കിലും പിന്നീട് അവർ പിരിയുകയും വിവിധ സ്ഥലങ്ങളിലേക്കു വ്യാപിക്കുകയും ചെയ്തു.’ തരിശുഭൂമി കടന്ന് അയസി തടാക പ്രദേശത്തേയ്ക്കു സഞ്ചരിക്കവേ ഗൈഡ് ജെജെ ഗോത്രത്തിന്റ ചരിത്രം വിവരിച്ചു.

ADVERTISEMENT

ഡറ്റോഗ ക്ലെയ്ൻ

ഒരു വേലിക്കെട്ടിനുള്ളിൽ ഏതാനും വീടുകളുള്ള ഒരു പ്രദേശത്ത് എത്തി. അ വിടെ ‌ആളുകൾ വട്ടമിട്ടിരുന്നു കനലിൽ ലോഹക്കമ്പി പഴുപ്പിക്കുകയും ചുറ്റിക കൊണ്ട് അടിച്ചു പരത്തുകയും ചെയ്യുന്നു. ജെജെ പറഞ്ഞതനുസരിച്ച് ‘സെസു’ (സുഖമല്ലേ) എന്ന കുശലാന്വേഷണത്തോടെ ഞങ്ങൾ അവിടേക്ക് ചെന്നു. അത് ഒരു ഡറ്റോഗ ക്ലെയ്ൻ ആണത്രേ. ഡറ്റോഗ പുരുഷന് എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കാം. ഒരു പുരുഷന്റെ ഓരോ ഭാര്യക്കും സ്വന്തമായി കുടിൽ ഉണ്ടാകും. അക്വേഷ്യയുടെ ചില്ലകൾ ചതുരത്തിൽ കെട്ടിയുയർത്തി അതിൻമേൽ മണ്ണുകുഴച്ചു തേച്ചതാണ് കുടിൽ. വീട് ഭർത്താവു നിർമിച്ചു നൽകണം. കുടിലുകളെല്ലാം വളച്ചു കെട്ടുംവിധം അക്വേഷ്യകൊണ്ടു വേലി നിർമിക്കും. അങ്ങനെ ഒരു കുടുംബത്തിനെയാണ് ക്ലെയ്ൻ എന്നു വിളിക്കുന്നത്. മസായി വിഭാഗത്തിനും ക്ലെയ്ൻ ഉണ്ട്, എ ന്നാൽ വൃത്താകൃതിയിലുള്ള അവരുടെ കുടിൽ നിർമിക്കുന്നതു സ്ത്രീകളാണ്. ഞങ്ങൾ ചെന്നപ്പോൾ കൊല്ലപ്പണി ചെയ്തുകൊണ്ടിരുന്നവരുടെ സമീപത്തു തന്നെ ആ ക്ലെയ്നിലെ സ്ത്രീകളെയും കണ്ടു.

datoogaclan
ADVERTISEMENT

ആട്ടിൻതോലുകൊണ്ടുള്ള വസ്ത്രങ്ങളാണ് സ്ത്രീകളിൽ ചിലർ ധരിച്ചിരിക്കുന്നത്. അതിൽ പലവിധത്തിലുള്ള അലങ്കാരങ്ങളും കണ്ടു. കയ്യിൽ നിറയെ ലോഹവളകൾ. ചിലരുടെ കയ്യിൽ വീതിയേറിയ വളകളാണെന്നത് ശ്രദ്ധയിൽ പെട്ടു. ജെജെയുടെ സഹായത്തോടെ അൽപം സംസാരിച്ച ശേഷം ആല കാണാൻ അവർ ക്ഷണിച്ചു. നമ്മുടെ നാട്ടിൻപുറങ്ങളിലെ ആലകൾ പോലെ ലളിതമായ സംവിധാനം. ഇരുമ്പിന്റെ ചീളുകളും ലോഹ ടാപ്പിന്റെ കഷ്ണം പോലുള്ളവയും ഉരുക്കിയാണ് അമ്പിന്റെ അഗ്രഭാഗങ്ങളും ആഭരണങ്ങളും അവിടെ നിർമിക്കുന്നത്. ഞങ്ങൾക്കു വേണ്ടി ഒരു വളയുടെ നിർമാണം കാട്ടിത്തന്നു. പുരുഷൻമാർ ധരിക്കുന്ന ‘ഇടിവള’ പോലെ ഒരെണ്ണം നിമിഷങ്ങൾകൊണ്ട് അവർ തയാറാക്കി.

മക്കൾ 35, കൊച്ചുമക്കൾ 100

ADVERTISEMENT

ഹംപേഷ് എന്ന ഒരു കൊച്ചു കുട്ടി ഞങ്ങളുടെ കയ്യിൽ നിന്നു ബോട്ടിൽഡ് വാട്ടർ മേടിച്ചു കൊണ്ടുപോയി രുചിച്ചു നോക്കി. അവർക്ക് അത് ഏറെ വ്യത്യസ്തമായൊരു ‘വെള്ള’മാണ്. ആഫ്രിക്കയിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് ഇത്. ഈർപ്പമുള്ള മണ്ണ് കുഴിച്ച് അതിൽ ഊറുന്ന ജലം തെളിച്ചെടുത്ത് അവർ കുടിവെള്ളം കണ്ടെത്തുന്നു. കുപ്പി വെള്ളത്തിന്റെയത്ര തെളിഞ്ഞ ശുദ്ധജലം കാണുന്നത് അപൂർവമാണ്.

datoogaoldman

ആലയിൽ നിന്നു കാലിവളർത്തൽ തൊഴിലാക്കിയ ക്ലെയ്നിലേക്കു പുറപ്പെട്ടു. അവിടുത്തെ തല മുതിർന്ന ആൾ 9 വിവാഹം കഴിച്ച് 35 കുട്ടികളും 100 കൊച്ചുമക്കളുമുള്ള 90 കഴിഞ്ഞ അപ്പൂപ്പനായിരുന്നു, യൗവനത്തിൽ ആനയെ വധിച്ചിട്ടുണ്ടത്രേ ആ മനുഷ്യൻ... ഞങ്ങൾ അവിടെ നിൽക്കുമ്പോഴാണ് അദ്ദേഹം കയറി വന്നത്, വാർധക്യസഹജമായ ക്ഷീണം ബാധിച്ചിട്ടില്ല. ഒരു കുടിലിലേക്കു കയറിപ്പോയ അദ്ദേഹം ഞങ്ങളെ കാണാനോ സംസാരിക്കാനോ നിന്നില്ല. തന്റെ അമ്മയുടെ കുടുംബം ആ ക്ലെയ്നിൽ ‍ഉള്ളതാണെന്ന അഭിമാനത്തോടെയാണ് ജെജെ ഞങ്ങളെ അവിടെ കൊണ്ടുപോയത്.

ആഫ്രിക്കയിലെ അരകല്ല്

datoogahouse

അവിടുത്തെ സ്ത്രീകൾ ഞങ്ങളെ സ്വീകരിച്ച് സഞ്ചാരികൾക്കായി തയാറാക്കിയിരുന്ന കുടിലിലേക്ക് കൊണ്ടുപോയി. ഡറ്റോഗക്കാരുടെ വിശേഷപ്പെട്ട പാത്രങ്ങളും ആഭരണങ്ങളും പലതരം വിശേഷ വസ്തുക്കളും ആയുധങ്ങളും അവിടെ കാഴ്ചയ്ക്കായി ഒരുക്കിയിരുന്നു. അതിന്റെ മൂലയ്ക്കു ധാന്യങ്ങൾ പൊടിക്കാനും അരയ്ക്കാനുമുള്ള ഒരു കല്ല് കണ്ടു. നമ്മുടെ അരകല്ലിനോടു സാമ്യമുള്ള ഒന്ന്. അത് എന്തിനുള്ളതാണെന്ന് അന്വേഷിച്ചപ്പോൾ ഒരു സ്ത്രീ കുറച്ച് ചോളം എടുത്തു കല്ലിൽ വച്ച് അരച്ചു കാണിച്ചു. മധ്യഭാഗത്തു നമ്മുടെ അരകല്ലിനേക്കാൾ അൽപം കുഴിവുള്ളതായിരുന്നു അത്. സൂര്യനെ ആരാധിക്കുന്നവരാണ് ഡറ്റോഗ വിഭാഗം. അവർക്കു മറ്റു മതമോ ദൈവമോ ഇല്ല. മരണ ശേഷം ശവശരീരം കിടത്തുന്നതും കിഴക്കു ദിക്കിലേക്കു തലയാക്കിയാണ്.

മസായികളെപ്പോലെ ഡറ്റോഗ ഗോത്രത്തിലും സ്ത്രീകളും പുരുഷൻമാരും ലിംഗാഗ്ര ചർമം ഛേദിക്കണം എന്നാണ് ആചാരം. മസായികളിൽ നിന്നു വ്യത്യസ്തമായി പരിഛേദനം നടത്തിയവർ കറുത്ത വസ്ത്രം ധരിക്കണമെന്ന നിബന്ധനയില്ല. സ്ത്രീകളിലെ പരിഛേദനം നിയമംമൂലം നിരോധിച്ചതിനാൽ ഇപ്പോൾ അപൂർവമാണത്രേ. ഓരോ ക്ലെയ്നിലും പരിഛേദന കർമത്തിന്റെ സമയത്തും അംഗങ്ങളിൽ ആരെങ്കിലും മരിച്ചാലും ആചാരപരമായി വൈൻ ഉണ്ടാക്കാൻ പ്രത്യേക പാത്രങ്ങളുണ്ട്. അത്തരത്തിൽ ഒരു കുടം അവിടെ കണ്ടിരുന്നു. വിശേഷങ്ങൾ പറഞ്ഞിരിക്കവേ രസകരമായ ഒരു കാഴ്ച കണ്ടു. ആ കുടിലിനു സമീപത്തുകൂടി പോയ ഒരു പശു ചാണകമിട്ടു. ഉടനെ സ്ത്രീകളിൽ ഒരാൾ അതെടുത്ത് ആ കുടിലിന്റെ ഭിത്തിയിൽ തേച്ചു പിടിപ്പിച്ചു. മസായി ഗോത്രത്തിൽ പെട്ടവർ പശുവിന്റെ രക്തം കുടിക്കുമെന്നു കേട്ടിട്ടുണ്ട്. ഇവർ അങ്ങനെ ചെയ്യില്ല എന്നാണ് അറിഞ്ഞത്. അപ്പോഴാണ് അവിടുത്തെ സ്ത്രീകളിൽ പലരുടേയും മുഖത്തു കറുത്ത കുത്തുകൾ പോലുളള ടാറ്റൂ ശ്രദ്ധിച്ചത്. സുന്ദരിയാകാനായി കൂർത്ത മുള്ളുകൾ ഉപയോഗിച്ച് നെറ്റിയിലും കണ്ണിനു താഴെയും യുവതികൾ മുറിവുണ്ടാക്കുമത്രേ. അവ കൂട്ടിയോജിപ്പിച്ചാൽ വിശേഷമായ രൂപം കിട്ടും. പിന്നെ അവയിൽ ചാരം തേയ്ക്കും. അൽപം വേദന സഹിച്ചാലും കൂടുതൽ സുന്ദരിയാകുമല്ലോ!സഞ്ചാരികള്‍ക്കു താൽപര്യമുണ്ടെങ്കിൽ മഷി ഉപയോഗിച്ചു താൽക്കാലികമായി ടാറ്റൂ ചെയ്യാം.

datoogamotherssing

കവിത എഴുതുന്ന അമ്മമാർ

അവിടെ നിന്നു മടങ്ങും മുൻപു ഡറ്റോഗ സ്ത്രീകളുടെ പാട്ട് കേട്ടാലോ എന്നായി അവർ. കൈ കൊട്ടി താളമിട്ടു ചിലർ പാട്ടു പാടി. പാട്ട് അവസാനിച്ചപ്പോഴാണ് അവയുടെ അർഥം മനസ്സിലായത്. ഡറ്റോഗ സ്ത്രീകളിലെ അമ്മമാർക്ക് എ ല്ലാവർക്കും സ്വന്തമായി ഗാനങ്ങൾ ഉണ്ടത്രേ. ഗർഭാവസ്ഥയിൽ പൊന്നോമനകളുടെ വളർച്ചയിലെ സുഖദുഃഖ നിമിഷങ്ങൾ ചേർത്തു വച്ച് അവർ വരികൾ തയാറാക്കും. ഒരു കുഞ്ഞിക്കാലിനായി ആഹ്ലാദത്തോടെ സഹിക്കുന്ന വേദനകൾ അർഥവത്തായ ഗാനമായി പിറക്കും. ഒരു കുഞ്ഞു ജനിക്കുമ്പോൾ ഒരമ്മയ്ക്കു ന ൽകാൻ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് ആ ഗാനം. കുഞ്ഞുങ്ങളെ അതു പാടി കേൾപ്പിക്കും. വ ളരുന്ന പ്രായത്തിൽ കുട്ടികൾ അവർ കേട്ട ഗാനം പാടി നടക്കും. ആ വരികളിലൂടെ അമ്മയുടെ വില അവർ മനസ്സിലാക്കും.

datoogamothers2

യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴാണ് ജെജെ അവിടുത്തെ സ്ത്രീകളുടെ വ സ്ത്രത്തിന്റെയും ആഭരണത്തിന്റെയും പ്രത്യേകതകൾ പറഞ്ഞത്. ആട്ടിൻതോൽ ഉപയോഗിച്ചാണു പലരുടെയും വസ്ത്രമെന്നും കൈ നിറയെ വളകൾ ഉണ്ടെന്നും നേരത്തെ ശ്രദ്ധിച്ചിരുന്നു. വിവാഹിതരായ സ്ത്രീകൾക്കാണു വണ്ണമുള്ള വള ധരിക്കാനുള്ള അവകാശം. അതുപോലെ വിവാഹിതരായ സ്ത്രീകൾ അണിയുന്ന വസ്ത്രങ്ങളെല്ലാം ആട്ടിൻ തോലുകൊണ്ടു തയാറാക്കുന്നതായിരിക്കണം. ആഫ്രിക്കയിലെ നിഗൂഢതകൾ മനസ്സിലാക്കുക എളുപ്പമല്ല, എന്നാൽ അവയെ ആദരിക്കാൻ നമുക്കു പ്രയാസമില്ല എന്നാണ് അറിവുള്ളവർ പറഞ്ഞിരിക്കുന്നത്. ഡറ്റോഗ ഗോത്രം കാണിച്ചു തന്നതും മറ്റൊന്നല്ല..

ADVERTISEMENT