ശൈത്യകാല വിനോദങ്ങൾക്ക് ഏറെ പ്രശസ്തമായ ഗുൽമാർഗിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ സീസണില്‍ ആദ്യമായി മഞ്ഞു പൊഴിഞ്ഞു. പച്ച പുതച്ച പുൽമൈതാനങ്ങൾക്കും കോണിഫറസ് മരങ്ങളുടെ തലപ്പൊക്കത്തിനും മുകളിലുള്ള അഫർവത് പർവത നിരകൾ വെള്ള പുതച്ചു തുടങ്ങി.
വടക്കൻ കശ്മീരിലെ ബാരമുള്ള ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ച പുലർച്ചെയുമായി ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയുണ്ടായത്. മഞ്ഞുവീഴ്ചയെത്തുടർന്ന് താഴ്‌വരയിലെങ്ങും താപനില ഏറെ താഴ്ന്നു. വരും ദിവസങ്ങളിൽ കൂടുതൽ മഞ്ഞുവീഴ്ചയും ഒപ്പും മഴയും പ്രവചിച്ചിട്ടുള്ളതിനാൽ നാല്–അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയൊക്കെ അന്തരീക്ഷ താപം താഴ്ന്നേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ കശ്മീരിലെ 2025–26 സീസണിലെ മഞ്ഞുകാലത്തിന് തുടക്കമാകുകയാണ്.
അഫർവത് മലനിരകൾ മഞ്ഞണിയുമ്പോൾ സംസ്ഥാനത്തെ ടൂറിസം മേഖല പ്രത്യാശയുടെ കൊടുമുടിയിലേക്ക് എത്തുകയാണ്. കഴിഞ്ഞ അഞ്ച് മാസങ്ങളായി സുരക്ഷാപ്രശ്നങ്ങളാൽ അടച്ചിട്ടിരുന്ന പല ടൂറിസ്റ്റ് കേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നു കൊടുത്തു കഴിഞ്ഞു ഇതിനകം. പതിവിലും നേരത്തേ എത്തിയ മഞ്ഞുവീഴ്ച കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുമെന്നാണ് അവർ കണക്കാക്കുന്നത്. കശ്മീരിലെ ശൈത്യകാല ടൂറിസത്തിന്റെ കേന്ദ്രസ്ഥാനമായ ഗുൽമാർഗിൽ തന്നെ ആദ്യ മഞ്ഞുതുള്ളികൾ വീണത് പ്രദേശവാസികളുടെ ഉള്ളം കുളിർപ്പിക്കുകയാണ്.
മഞ്ഞുകാല വിനോദത്തിന് ഗുൽമാർഗ്
ഇന്ത്യൻ ശീതതാല സ്പോർട്സിന്റെ ഹൃദയം എന്നാണ് ഗുൽമാർഗിനെ വിശേഷിപ്പിക്കുന്നത്. ഏഷ്യയിലെ ഏറ്റവും മികച്ച സ്കീയിങ് ഡെസ്റ്റിനേഷനായി കണക്കാക്കുന്ന ഗുൽമർഗ്, വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായത് ഗുൽമർഗ് ഗോണ്ടോള എന്ന കേബിൾ കാറിന്റെ വരവോടെയാണ്.

ശ്രീനഗറിൽ നിന്നു ഗുൽമാർഗിലേക്ക് 50 കിലോമീറ്ററുണ്ട്. ഷെയർ ടാക്സി, ബൈക്ക് ഉപയോഗിച്ച് ഗുൽമാർഗിൽ എത്താം. ഗൊണ്ടോള ടോപ്പ് വരെ പോയി മഞ്ഞുമല കാണാനാണ് ആളുകൾ ഇവിടെ വരുന്നത്. മഞ്ഞുമൂടിയ മലമുകളിലേക്ക് കേബിൾ കാറുണ്ട്. ഗൊണ്ടോളയ്ക്ക് നിരവധി സ്റ്റോപ്പുകളുണ്ട്. സ്റ്റേജ് എന്നാണ് സ്റ്റോപ്പുകൾ അറിയപ്പെടുന്നത്. ഗൊണ്ടോള ടോപ്പിൽ നിരവധി ആക്റ്റിവിറ്റികൾ ഉണ്ട്. കൂടുതൽ വിനോദപരിപാടികളിൽ ഏർപ്പെടാൻ താൽപര്യമുള്ളവർ സ്റ്റേജ് 2 തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മഞ്ഞിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഗുൽമർഗിനെ കാണാൻ പറ്റിയ സമയം ഡിസംബർ മുതൽ മാർച്ച് പകുതി വരെയാണ്.
ടൂറിസം കേന്ദ്രങ്ങൾ തുറന്നു
ഏപ്രിൽ 22 ന് പഹൽഗാമിനു സമീപമുണ്ടായ ഭീകരാക്രമണത്തിനു ശേഷം 48 ടൂറിസം കേന്ദ്രങ്ങൾ സർക്കാർ അടച്ചിരുന്നു. സുരക്ഷാപരിശോധനകൾക്കും നടപടികൾക്കും ശേഷം ജൂൺ പകുതിയോടെ 16 കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരുന്നു. തുടർന്ന് അമർനാഥ് തീർഥാടനവും വിജയകരമായി പൂർത്തിയാക്കി. ന്യൂഡൽഹിയിൽ നിന്ന് ജമ്മുവിലേക്കും ശ്രീനഗറിൽ നിന്ന് കട്രയിലേക്കും ആരംഭിച്ച വന്ദേഭാരത് ട്രെയിൻ സർവീസുകളും വൻ ഹിറ്റുകളായി മാറിയിട്ടുണ്ട്. സെപ്തംബർ 29 മുതൽ ഒരു ഡസൻ സ്ഥലങ്ങളിലേക്കു കൂടി പ്രവേശനം അനുവദിച്ചു. ഇതോടെ ബേതാബ് വാലി, ബേതാബ് പാർക്ക്, പഹൽഗാം മാർക്കറ്റ്, വെരിനാഗ് ഗാർഡൻ, കോകർനാദ് ഗാർഡൻ, അഛാബാൽ ഗാർഡൻ അനന്ത്നാഗ്, ശ്രീനഗറിലെ ബദാംവാരി പാർക്ക്, ഡക് പാർക്ക്, തക്ദീർ പാർക്ക്, കത്‌വയിലെ സർതാൽ, ധഗർ, റിയാസിയിലെ ദേവി പിണ്ഡി, സിയാദ് ബാബ, സുല പാർക്ക്, ദോഡയിലെ ദുൽഡണ്ഡ, ജയ് വാലി, ഉധംപുരിലെ പഞ്ചേരി തുടങ്ങിയ സ്ഥലങ്ങൾ ആദ്യ ഘട്ടത്തിൽ തുറന്നിരുന്നു.

ആറു വാലി, യാനേർ റാഫ്റ്റിങ് പോയിന്റ്, അക്കഡ് പാർക്ക് പഹൽഗാം, പദ്ഷഹി പാർക്ക് ബിജ്ബേഹര, ഉറിയിൽ നിയന്ത്രണ േരഖയ്ക്ക് സമീപമുള്ള കമാൻ പോസ്റ്റ്, റാംബാണിലെ ഡഗാൻടോപ്, റാംബാൺ, റിയാസിയിലെ ശിവ് കേവ് തുടങ്ങിയ ഇടങ്ങൾ രണ്ടാം ഘട്ടത്തിൽ തുറന്നവയാണ്.
എന്നാൽ ഏറെ ജനപ്രിയമായിരുന്ന ദൂധ്പത്രി, തോസ്മൈദാൻ, കൗസർ നാഗ്, അഹർബാൽ, സിന്ദാൻടോപ്, മർഗാൻടോപ് തുടങ്ങി സമീപകാലത്ത് വികസിതമായി വന്ന പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇപ്പോഴും അടഞ്ഞു കിടക്കുന്നു. എങ്കിലും ഘട്ടംഘട്ടമായി ഇവയുടെ നിയന്ത്രണവും പിൻവലിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.