അതിർത്തിയിലുമുണ്ട് ടൂറിസം സാധ്യത, നമ്മുടെ രാജ്യാന്തര അതിർത്തികളിൽ ബോർഡർ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളിതാ
Mail This Article
ഇന്ത്യയിൽ രാജ്യാന്തര അതിർത്തികളിൽ ബോർഡർ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളെപ്പറ്റി പറയുമ്പോൾ ആദ്യത്തേത് പ്രസിദ്ധമായ വാഗാ അതിർത്തിയാണ്. പഞ്ചാബിൽ അമൃത്സറിൽ നിന്ന് 32 കിലോമീറ്റർ മാറി വാഗാ–അട്ടാരി അതിർത്തിയിൽ അര നൂറ്റാണ്ടിലേറെയായി സായാഹ്നത്തിൽ പതാക താഴ്ത്തൽ ചടങ്ങ് ആഘോഷമായി നടക്കുന്നു.
സൂര്യാസ്തമയത്തിനു മുൻപ് നടക്കുന്ന ചടങ്ങിന് മഞ്ഞുകാലത്ത് 4.15 ഉം വേനൽക്കാലത്ത് 5.15 ഉം ആണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞ് 3 മണിയോടെ ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കും. പ്രത്യേക ടിക്കറ്റ് ഇല്ല.
പഞ്ചാബിൽ തന്നെയുള്ള മറ്റൊരു അതിർത്തിയാണ് ഹുസൈനിവാല–ഗണ്ഡാസിങ് വാലാ ബോർഡർ. ഇവിടെയും വാഗാ അതിർത്തിക്കു സമാനമായ ചടങ്ങുകൾ കാണാം.
പഞ്ചാബിലെ ഫിറോസ്പുർ ബസ് സ്‌്റ്റാൻഡിൽ നിന്ന് 10.5 കിലോമീറ്ററുണ്ട് അതിർത്തിയിലേക്ക്. ഫിറോസ്പുർ കന്റോൺമെന്റ് റെയിൽവേസ്‌റ്റേഷനിൽ നിന്നും 13 കിലോമീറ്റർ.
പഞ്ചാബ് രാജസ്ഥാൻ സംസ്ഥാനങ്ങളുടെ അതിർത്തിക്കു സമീപമാണ് പഞ്ചാബിൽ ബോർഡർ സെറിമണി നടക്കുന്ന മൂന്നാമത് പോയിന്റ്. ഫസിൽക്കയിൽ നിന്നു 13 കിലോ മീറ്റർ അകലെയുള്ള സഡ്കി അതിർത്തി.
ഇവിടെ ഒരു കിലോ മീറ്റർ ദൂരം ഗോതമ്പു പാടത്തിനു നടുവിലൂടെ സഞ്ചരിച്ചാണ് ഇന്ത്യയുടെ ഗേറ്റിനു മുന്നിലെത്തുന്നത്.
ഇന്ത്യ–പാകിസ്ഥാൻ അതിർത്തി ടൂറിസം പട്ടികയിൽ സമീപ കാലത്ത് എത്തിയ സ്ഥലമാണ് ഗുജറാത്തിലെ നദാബേട്ട്.
ഗ്രേറ്റ് റാൻ ഒഫ് കച്ചിൽ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയുടെ മധ്യത്തിലുള്ള നദാബേട്ട് ബനസ്കാന്ത ജില്ലയിലാണ്. 9 മുതൽ 7 വരെയാണ് പ്രവേശന സമയം. സൂര്യാസ്തമയത്തിലാണ് പരേഡ്. തിങ്കളാഴ്ച ഇവിടെ അവധി ദിവസമാണ്. പ്രവേശനത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതുക.
പെട്രപോൾ–ബെനാപോൾ അതിർത്തിയാണ് ഇന്ത്യ ബംഗ്ലദേശ് അതിർത്തിയിൽ റിട്രീറ്റ് സെറിമണി അരങ്ങേറുന്ന ഇടം. പശ്ചിമബംഗാളിൽ കൊൽക്കത്തയിൽ നിന്ന് 83 കിലോമീറ്റർ മാറിയാണ് പെട്രപോൾ.