ശത്രുതയും കുടിപ്പകയും തീർക്കാൻ തുടങ്ങിയ ആഘോഷം 16 ഗോത്രക്കാരെ ഒരുമിപ്പിച്ച കഥ, ഈ വർഷത്തെ നാഗാലൻഡ് ഹോൺബിൽ ഫെസ്റ്റിവലിന് ഡിസംബർ ഒന്നിന് തുടക്കമാകും
Mail This Article
നാഗാലാൻഡ്, 17 ദേശഭേദങ്ങളോടെ 14 ഭാഷകൾ സംസാരിക്കുന്ന 16 ഗോത്രവർഗങ്ങളുടെ നാട്. ഇവരുടെ സംസ്കാരത്തെ ഒരുമിച്ച് പരിചയപ്പെടുത്തുന്ന ഹോൺബിൽ ഫെസ്റ്റിവൽ. ഇന്ത്യയിൽ ഗോത്രവർഗക്കാർ ഏറെയുള്ള ഒരു നാട്. ഒരുകാലത്ത് ഹെഡ് ഹണ്ടേഴ്സ് ആയിരുന്ന സമൂഹങ്ങൾ വരെ ഇവരിലുണ്ട്. കൊഹിമയിൽ നിന്ന് 10 കിലോമീറ്റർ അകലെ കിസാമ ഗ്രാമത്തിലാണ് ഹോൺബിൽ ഫെസ്റ്റിവൽ അരങ്ങേറുന്നത്. എങ്കിലും നാഗാലാൻഡിന്റെ തലസ്ഥാന നഗരിയിലെ റോഡുകൾ തന്നെ ആഘോഷങ്ങളുടെ വേദിയായി കാണാം. വേഴാമ്പലിന്റെ ചിത്രം ആലേഖനം ചെയ്ത വലിയ കമാനം കടന്ന് ഫെസ്റ്റിവൽ ഗ്രാമത്തിലേക്കു കടന്നപ്പോൾ മറ്റൊരു ലോകത്ത് എത്തിയ പോലെ തോന്നും.
വടക്കു കിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ആകെ 140 ൽ അധികം ഗോത്ര വിഭാഗങ്ങളുണ്ട്. നാഗാലാൻഡിലെ മാത്രം അഗീകൃത ഗോത്രങ്ങൾ 16 ആണ്. ഇവർക്ക് ഏതാണ്ട് 40 ഭാഷകളുമുണ്ട്. ഗോത്രങ്ങൾ തമ്മിൽ ശത്രുതയും കുടിപ്പകയും നിലനിന്നിരുന്നു. അതൊക്കെ കുറയ്ക്കാനും ഒരു സമൂഹത്തിന്റെ ഘടകം എന്ന നിലയ്ക്കുള്ള പരസ്പരസഹകരണം സൃഷ്ടിക്കാനുമാണ് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് ഹോൺബിൽ ഫെസ്റ്റിവൽ ആരംഭിച്ചത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളവർക്കും ലോകത്തിന്റെ നാനാ ദേശങ്ങളിലുള്ളവർക്കും 16 സംസ്കാരങ്ങളെ ഒരുമിച്ചു കാണാൻ കിട്ടുന്ന അവസരം എന്ന നിലയ്ക്ക് രാജ്യാന്തര ടൂറിസം രംഗത്തും ഈ ഫെസ്റ്റിവലിനു വലിയ പ്രാധാന്യം ലഭിച്ചു. ഇപ്പോൾ 2 ദശാബ്ദം പൂർത്തിയാക്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ വർഷം തോറും ഡിസംബറിലെ ആദ്യ 10 ദിവസമാണ് അരങ്ങേറുന്നത്.
വലിയൊരു കുന്നിൻ ചെരിവിൽ ഓരോ ഗോത്ര വിഭാഗവും അവരുടെ തനതു വീടുകൾ നിർമിച്ചിട്ടുണ്ട്. ഏറക്കുറേ എല്ലാവരും ഉയരത്തിൽ പനയോല മേഞ്ഞും തടികൊണ്ടു ചുവരുകൾ നിർമിച്ചും കളിമണ്ണ് കുഴച്ച് തറ കെട്ടിയുമൊക്കെയാണ് വീടു തയാറാക്കിയിട്ടുള്ളത്. എന്നാൽ ഭവനങ്ങളെല്ലാം ഒന്നിനൊന്നു വ്യത്യസ്തവുമാണ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ആയുധങ്ങൾ എന്നിവയും ഓരോ ഗോത്രത്തിനും വ്യത്യസ്തമാണ്. വലിയ വാളും അമ്പും വില്ലും, കുന്തം,തോക്ക് എന്നിവ ഓരോ വിഭാഗത്തിനുമുണ്ട്. ഗോത്ര വിഭാഗങ്ങൾ എല്ലാവരും മാംസാഹര പ്രിയരാണ്.
കിസാമ ഗ്രാമത്തിലെ റോഡുകളിലൂടെ പരമ്പരാഗത വസ്ത്രമണിഞ്ഞ് ആയുധങ്ങളേന്തിയ ആദിവാസി സംഘങ്ങൾ പട്ടാളച്ചിട്ടയിൽ നടന്നു നീങ്ങുന്നു. ഒരു ഗോത്രഭവനത്തിന്റെ മുറ്റത്ത് അവർ വേട്ടയാടി കൊന്ന വലിയ കാട്ടുപോത്തിന്റെ തല മുറിച്ചെടുത്ത് പച്ചമരുന്നുകൾ തേച്ച് കമ്പിൽ കോർത്ത് സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ മാംസം ചുട്ടതും റൈസ് ബിയറുമാണ് അവിടെ പ്രധാന ആഹാരം. പന്നി, പശു, പട്ടി, പുൽച്ചാടി, വണ്ട് ഇതൊക്കെ അവിടുത്തെ മെനുവിൽ ഇടം പിടിച്ചിട്ടുണ്ട്.
ഉച്ചയോടെ വലിയ മൈതാനത്തിൽ ഗോത്രജനതയുടെ അഭ്യാസപ്രകടനങ്ങളും മത്സരങ്ങളും ആരംഭിക്കും. ആകർഷകമായ നിറങ്ങളും അദ്ഭുതപ്പെടുത്തുന്ന മെയ്‌വഴക്കവും ഒത്തുചേർന്ന അനുഭവം. ആ കലാപ്രകടനം ആസ്വദിക്കാം. തായ്‌ലൻഡിലെ ആദിവാസികളോടു ബന്ധമുള്ള മയൂരി നൃത്തം ലാസ്യ സൗന്ദര്യത്തിന്റെ വിരുന്നായെങ്കിൽ കുക്കി വിഭാഗക്കാരുടെ താളം മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കിൽ ഭയം ജനിപ്പിക്കുന്നതായി. എത്രയോ ദിനരാത്രങ്ങൾ െചലവിട്ട് നാഗാലാൻഡിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചാലും 16 ഗോത്ര വിഭാഗങ്ങളേയും കണ്ടുമുട്ടുക, അവരുടെ സംസ്കാരം പരിചയിക്കുക അസാധ്യമായിരിക്കും. സഞ്ചാരികളെ സംബന്ധിച്ച് അതാണ് ഹോൺബിൽ ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ നേട്ടം– നാഗാലാൻഡിന്റെ സാംസ്കാരിക പശ്ചാത്തലത്തിലേക്ക് ഒരു ജാലകം. ഗോത്ര വിഭാഗങ്ങൾക്ക് പരസ്പരം കാണാനും ഇടപഴകാനും വലിയൊരു വേദി. എല്ലാ ഗോത്രത്തേയും ഒന്നിച്ച് ഒരിടത്തേക്കു കൊണ്ടുവരാൻ അധികാരികൾക്കു കഴിഞ്ഞതും നേട്ടമാണ്.