ADVERTISEMENT

പാരാസെയ്‌ലിങ്ങിനിടെ ബലൂൺ കടലിൽ പതിച്ചു. വെള്ളത്തിൽ വീണ സഞ്ചാരി ബോട്ടിലെ ജീവനക്കാരിലൊരാളുടെ സഹായത്തോടെ നീന്തി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് കോവളം ഹവ്വാ ബീച്ചിലെ കടലിൽ ആയിരുന്നു സംഭവം. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന സഞ്ചാരി കടലിൽ വീണയുടൻ പാരാസെയ്‌ലിങ് ജീവനക്കാരിലൊരാൾ കടലിലേക്ക് ചാടി. ഇയാൾക്കൊപ്പം നീന്തിയെത്തിയ സഞ്ചാരിയെ തിരികെ ബോട്ടിലേക്ക് കയറ്റി.

കാറ്റിന്റെ ശക്തി കുറഞ്ഞ സമയം ബലൂൺ താഴേക്കു പതിച്ചു എന്നാണ് ടൂറിസം പൊലീസ് അധികൃതർ നൽകുന്ന വിവരം. എന്നാൽ സെയ്‌ലിങിനിടെ സഞ്ചാരിയുടെ കാൽ നനയ്ക്കൽ എന്ന വിനോദ ഭാഗമായി ബലൂൺ താഴ്ത്തുന്നതിനിടെ നിയന്ത്രണം വിട്ടു താഴേക്കു പതിച്ചതാകാം എന്നും  തീരത്ത് ഉണ്ടായിരുന്നവർ പറയുന്നു. സഞ്ചാരിക്കു നീന്തൽ വശമുണ്ടായിരുന്നതും കടൽ ശാന്തമായിരുന്നതും അപകടത്തിന്റെ ആഘാതം കുറച്ചു. കഴിഞ്ഞ മാസം 18ന് പാരാസെയ്‌ലിങിനു സഞ്ചാരികളെ കൊണ്ടു പോകുന്ന ബോട്ട് തിരയിൽപ്പെട്ടു മറിഞ്ഞ സംഭവമുണ്ടായി. സ്ത്രീകൾ ഉൾപ്പെടെ ഏതാനും വടക്കേ ഇന്ത്യൻ സഞ്ചാരികൾക്ക് പരുക്കേറ്റിരുന്നു.

ADVERTISEMENT

പരിശോധന കർശനമാക്കും

വിഴിഞ്ഞം∙കടലിലെ ഇത്തരം അപകടങ്ങൾ പതിവാകുന്നതു മുൻനിർത്തി കോവളത്ത് പരിശോധന കർശനമാക്കുമെന്ന് ലൈസൻസിങ് അതോറിറ്റിയായ വിഴിഞ്ഞം പോർട്ട് ഓഫ് റജിസ്ട്രിയും പർസറുമായ എസ്.വിനുലാൽ അറിയിച്ചു. ലൈസൻസ് വിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ബോട്ടു പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT