അഷ്ടമിരോഹിണി വരെ എൺപതു ദിവസം വിഭവ സമൃദ്ധമായ സദ്യ. അറുപത്തിനാലു തരം കറികൾ. ആടിപ്പാടാൻ അമ്പത്തൊന്നു കരക്കാർ. ആനച്ചന്തത്തിനു പകരം ആറാടിയെത്തുന്ന പള്ളിയോടം. ഭക്ഷണ പ്രിയർക്ക് ആനന്ദലബ്ധിക്കിനിയെന്തു വേണം...?
‘‘പാരിടത്തിൽ കീർത്തികേട്ട തിരുവാറന്മുള ക്ഷേത്രം
തെയ് തെയ് തക തെയ് തെയ് തോം
പാവനയാം പമ്പയുടെ വാമഭാഗത്തായ്
തെയ് തെയ് തക ധിമിതക തിത്തോം
ധീയ തിത്തോം തിത്തോം തിമിധോം’’
പള്ളിയോടത്തിന്റെ അണിയത്തു നാലുപേർ. അമരത്ത് നാല് ആണുങ്ങൾ. ഇരുവശത്തും അരികിലുമായി അറുപത്തിനാലു ചുണക്കുട്ടന്മാർ. വള്ളസദ്യയുടെ വഴിപാടുകാരൻ വെറ്റിലയും പുകലയും ദക്ഷിണ വച്ചു. പെണ്ണുങ്ങൾ കുരവയിട്ടു. ആവേശത്തിലാറാടിയ പുരുഷ കേസരികൾ അതു കേട്ടു പുഴയിൽ പങ്കായമെറിഞ്ഞു. പമ്പാനദിയുടെ മാറു കീറി വള്ളപ്പാട്ടിന്റെ ഈണം കിഴക്കോട്ട്... ഒരു കരയുടെ മുഴുവൻ പ്രാർഥനയും അവിൽപ്പൊതിയിൽ ആവാഹിച്ച് തിരുവാറന്മുളത്തേവർക്കു സമർപ്പിക്കാനുള്ള യാത്ര.
ചോറുണ്ണാൻ 44 വിഭവങ്ങൾ
താളത്തിൽ പാട്ടുപാടി തുഴക്കാർ വള്ളം കടവിലേക്കടുപ്പിച്ചു. അവലും മലരും വെറ്റിലടയ്ക്കയും ദക്ഷിണവച്ച് മുത്തുക്കുട ചൂടി വഴിപാടുകാരൻ വള്ളക്കാരെ സ്വീകരിച്ചു. സദ്യയുണ്ണാൻ കൊതിച്ചു നിന്ന ആൾക്കൂട്ടം ആർപ്പു വിളിച്ചു. വള്ളക്കാരും കരക്കാരും ക്ഷേത്രത്തെ പ്രദക്ഷിണം വച്ച് ഊട്ടുപുരയിലേക്കു നീങ്ങി.
അറുപത്തിനാലു തരം കറികൾ എങ്ങനെ ഒരു ഇലയിൽ വിളമ്പും...? ഊട്ടുപുരയിലേക്കു നടക്കുമ്പോൾ ആലോചിച്ച് തല പുകഞ്ഞു. ‘‘അതാണല്ലോ ആറന്മുളയിലെ വള്ളസദ്യയുടെ പ്രത്യേകത. ഭഗവാനു പ്രിയപ്പെട്ട സദ്യയാണ്. എത്ര വിളമ്പിയാലും മതി വരില്ല...’’ പള്ളിയോട സേവാസംഘം സെക്രട്ടറി രാധാകൃഷ്ണൻ നായർ ആ സംശയം തീർത്തു. എന്നു മാത്രമല്ല, വള്ളസദ്യയുടെ ഐതിഹ്യവും അദ്ദേഹം പറഞ്ഞു. ഉണ്ണാൻ കാത്തിരുന്ന സമയമായിരുന്നെങ്കിലും കഥയുടെ വിഷയം ഭക്ഷണണമായതുകൊണ്ട് കേൾക്കാൻ താത്പര്യം തോന്നി.
‘‘പണ്ടുപണ്ട്, അതായത് കുറേക്കാലം മുമ്പ്. ആറന്മുള ക്ഷേത്രത്തിൽ നിന്ന് ആറേഴു ഫർലോങ് അപ്പുറത്തുള്ള കാട്ടൂരിൽ മനുഷ്യ സ്നേഹിയായ ഒരു ഭട്ടതിരി താമസിച്ചിരുന്നു. എല്ലാ വർഷവും തിരുവോണത്തിന് അദ്ദേഹം കുറേ ബ്രാഹ്മണർക്ക് സദ്യ നൽകുമായിരുന്നു. അങ്ങനെയിരിക്കെ ഒരു വർഷം ഓണത്തിന് ഭട്ടതിരിയുണ്ടാക്കിയ സദ്യയുണ്ണാൻ ബ്രാഹ്മണരാരും വന്നില്ല. ദുഖിതനായ ഭട്ടതിരി ആറന്മുള ഭഗവാനെ പ്രാർഥിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ തേജസ്വിയായ ഒരു ബ്രാഹ്മണൻ ഊണു കഴിക്കാൻ ഭട്ടതിരിയുടെ വീട്ടിലെത്തി. അന്നു രാത്രി ഭട്ടതിരി സ്വപ്നത്തിൽ ആ ബ്രാഹ്മണനെ കണ്ടു. അടുത്ത വർഷം മുതൽ തനിക്കുള്ള ഓണസദ്യ ആറന്മുളയിൽ എത്തിക്കണമെന്നു പറഞ്ഞാണ് സ്വപ്നത്തിലെത്തിൽ പ്രത്യക്ഷപ്പെട്ടയാൾ മടങ്ങിയത്. അത് ആറന്മുള ഭഗവനായിരുന്നു. അടുത്ത വർഷം ഭട്ടതിരി തിരുവോണസദ്യ ഒരു തോണിയിൽ കയറ്റി ആറന്മുളയിലെത്തിച്ചു. പിൽക്കാലത്ത് ആറന്മുളയിലേക്കുള്ള ഓണ സദ്യയോടൊപ്പം നാട്ടുകാരും ‘തിരുവോണത്തോണി’യിൽ കയറി. ഭഗവാനെ സ്തുതിച്ച് വഞ്ചിപ്പാട്ടു പാടിയുള്ള യാത്രയ്ക്കൊടുവിൽ അവർ ക്ഷേതമുറ്റത്തു സദ്യ വിളമ്പിയുണ്ടു.’’
ഐതിഹ്യം കേട്ടതോടെ സദ്യയുണ്ണാൻ ധൃതിയായി. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ‘പാഞ്ചജന്യം’ ഹാളിലാണു ഭക്ഷണം വിളമ്പുന്നത്. കിഴക്കേ നടയുടെ പടികളിറങ്ങി ഭക്ഷണശാലയിലെത്തിയപ്പോഴേക്കും വഴിപാടുകാരൻ തെളിച്ച ഭദ്രദീപത്തിനൊപ്പം വള്ളക്കാർ ആർപ്പുവിളി തുടങ്ങിയിരുന്നു.
‘‘ഭദ്രദീപം തെളിയിച്ചേ
തിത്തൈ തക തൈ തൈ തോം
വട്ടമിട്ടു വിഭവങ്ങൾ
തെയ് തെയ് തക ധിമിതക തിത്തോം’’
ഊട്ടുപുര പാട്ടുശാലയായി മാറി. പാട്ടുപാടാത്തവർ ഇലയിലേക്കു കൈ നീട്ടി. വിളമ്പിയ വിഭവങ്ങളും, പാട്ടുപാടി ചോദിക്കുമ്പോൾ വിളമ്പാനുള്ള കറികളും നിലവിളക്കിനു ചുറ്റും നിരന്നു. നാലു തരം പായസം, മൂന്നു കൂട്ടം തോരൻ, രണ്ടു തരം അച്ചാർ, മൂന്നു വിധം ഉപ്പേരി, ഇഞ്ചിത്തൈര്, പാളത്തൈര്, അട നേദ്യം, കാളൻ, ഓലൻ, പച്ചടി, കിച്ചടി, അവിയൽ, പരിപ്പ്, നെയ്യ്, പപ്പടം, ചോറ്... ഒറ്റ നോട്ടത്തിൽ ഇത്രയും കണ്ണിൽ പതിഞ്ഞു. ബാക്കി വിഭവങ്ങളുടെ പേരുകൾ അന്നത്തെ സദ്യയുണ്ടാക്കിയ അശോകനോടു ചോദിച്ചു.
ചോറ്, പപ്പടം രണ്ടു തരം, സാമ്പാർ, തോരൻ, നാരങ്ങ, ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, ആറന്മുള എരിശ്ശേരി, കാളൻ, ഓലൻ, രസം, മോര്, അട പ്രഥമൻ, പാൽപ്പായസം, പഴം പ്രഥമൻ, കടല പ്രഥമൻ, ശർക്കരപുരട്ടി, സ്റ്റൂ, കാളിപ്പഴം, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം, കൽക്കണ്ടം, ശർക്കര, പഞ്ചസാര, ഉണക്കമുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, നെല്ലിക്ക അച്ചാർ, പഴംനുറുക്ക്, അവൽ, മലർ, ജീരകവെള്ളം... നാൽപ്പത്തിനാലു തരം വിഭവങ്ങളുടെ പേരുകൾ നാമം ജപിക്കുന്നപോലെ അശോകൻ പറഞ്ഞു. തൊട്ടു പുറകെ വാഴയിലയുടെ വിശാലതയിലേക്ക് വള്ളസദ്യ പെയ്തിറങ്ങി.
കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവ നാക്കിലയുടെ തുമ്പത്ത്. അവിയൽ, തോരൻ, കാളൻ തുടങ്ങിയ കൂട്ടുകറികൾ ഇലയുടെ നടുവിൽ നിന്നു വലതു ഭാഗത്തേക്ക്. നെയ്യു ചേർത്ത തുവരപ്പരിപ്പ്, പുളിശേരി, സാമ്പാർ എന്നീ ചാറുകറികൾ ചോറിലേക്ക്. ഇലയുടെ താഴ്‍ഭാഗത്ത് പഴം. ഇതിനൊപ്പം വലിയ പപ്പടം, ചെറിയ പപ്പടം...
‘ഇന്ദ്രജാലം’ എന്ന സിനിമയിൽ കണ്ണൻനായർ എന്ന കഥാപാത്രമായി മോഹൻലാൽ പറഞ്ഞതുപോലെ ‘‘എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം’’ എന്നറിയാത്ത അവസ്ഥ...! കൺഫ്യൂഷൻ തിരിച്ചറിഞ്ഞിട്ടെന്നപോലെ അശോകൻ ഇടപെട്ടു. വള്ളസദ്യ കഴിക്കുന്ന പാരമ്പര്യ രീതി വിശദീകരിച്ചു.
ഇലയുടെ മുന്നിൽ ആളിരുന്ന ശേഷം മാത്രം ചോറു വിളമ്പുകയെന്നതാണ് വള്ളസദ്യയുടെ ചിട്ട. പരിപ്പും പപ്പടവും ചേർത്ത് കഴിച്ചു തുടങ്ങണം. അതു കഴിയുമ്പോഴേക്കും സാമ്പാറെത്തും. സാമ്പാർ കൂട്ടി ചോറുണ്ടു കഴിയുമ്പോൾ പായസം വിളമ്പും.
സത്യം പറയാമല്ലോ, ഇത്രയുമായപ്പോഴേക്കും വയറു പൊട്ടാറായി. എന്നിട്ടും ഇലയിൽ പകുതി വിഭവം ബാക്കി. എന്തു ചെയ്യുമെന്നറിയാതെ ഇരുന്ന നേരത്താണ് പാഞ്ഞു വന്ന വിളമ്പുകാരൻ ഒരു തവി ചോറുകൂടി ഇലയിലിട്ടത്. തൊട്ടു പിന്നാലെ വന്നയാൾ കാളനും മോരും ചെരിച്ചൊഴിച്ചു. ചൂടു ചോറിൽ കാളനൊഴിക്കുമ്പോഴുണ്ടാകുന്ന സുഗന്ധമുണ്ടല്ലോ... പിന്നെയും വായിൽ വെള്ളമൂറി. എന്നാൽപ്പിന്നെ രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ കാര്യമെന്നു കരുതി. അപ്പോഴേക്കും വള്ളക്കാരിലൊരാൾ വിഭവം ചോദിച്ച് പാട്ടു പാടി.
‘‘ചിങ്ങാന ദേശത്തുളവായ മാങ്ങ എങ്ങാനുമുണ്ടേൽ അതു കൊണ്ടു വന്ന് ചങ്ങാതിമാർ നിങ്ങൾ കറിയായ് ചമച്ചു തന്നാൽ മങ്ങാതെ ശ്രീയും സുഖവും ലഭിക്കും... അതു കൊണ്ടു വാ...’’
അച്ചാർ തീർന്നു. ഇനിയും വേണം. അതു ചോദിച്ചതാണീ കേട്ടത്.
പാട്ടുപാടി കൂട്ടാൻ ചോദിക്കാം
വള്ളസദ്യയിൽ പങ്കെടുക്കുന്ന തുഴക്കാർ പാട്ടുപാടിയാണ് വിഭവങ്ങൾ ചോദിക്കുക. ഓരോ വിഭവത്തിനും ഓരോരോ പാട്ട്. വള്ളപ്പാട്ടിന്റെ ഈണത്തിൽ വിഭവങ്ങൾ ആവശ്യപ്പെട്ടാൽ ഇല്ല എന്നു പറയുന്നത് ഭഗവാന് ഖേദമുണ്ടാക്കുമെന്ന് ഐതിഹ്യം.
പഞ്ചസാര, വെണ്ണ, കാളിപ്പഴം, കദളിപ്പഴം, പൂവമ്പഴം, തേൻ, ചീരത്തോരൻ, മടന്തയില തോരൻ, തകരയില തോരൻ, വഴുതനങ്ങ മെഴുക്കുപുരട്ടി, അമ്പഴങ്ങ, ഉപ്പുമാങ്ങ, പഴുത്ത മാങ്ങാ കറി, പാളത്തൈര്, ഇഞ്ചിത്തൈര്, വെള്ളിക്കിണ്ടിയിൽ പാൽ, അടനേദ്യം, ഉണക്കലരി ചോറ്, പമ്പാതീർഥം. ഇതൊക്കെയാണു വള്ളക്കാർ പാട്ടു പാടി ചോദിച്ചു വാങ്ങുന്ന വിഭവങ്ങൾ.
‘‘ആനപ്പാടി കേളച്ചാരുടെ കോളപ്പയ്യുടെ പാളത്തൈരേ... അതു കൊണ്ടു വാ...(തൈര്)
പൂവമ്പഴം കുലയോടിഹ കൊണ്ടു വന്ന് ചേതം വരാതെ തൊലി നിങ്ങൾ കളഞ്ഞു തന്നാൽ... അതുകൊണ്ടു വാ... (പൂവമ്പഴം)’’
ചോദിച്ചതെല്ലാം വഴിപാടുകാരൻ അപ്പപ്പോൾ വിളമ്പിക്കൊണ്ടിരുന്നു. അതിനിടയ്ക്ക് ആറാട്ടുപുഴക്കാരൻ വേറൊരു വിഭവം നീട്ടിച്ചോദിച്ചു.
‘‘ദേവരാജനുടെ ഭാര്യമാരിലൊരുത്തി തന്നുടെ നാമമാം ഭൂവിലൻപൊടു വളർന്നു നല്ല ഫലമങ്ങതിനെ ഉദ്ഭവിച്ച് വേണ്ടപോൽ ഭാരമങ്ങു കഷണിച്ചു വെന്തു മുളകും ചതച്ച് ലവണത്തിലാക്കി തോരനാക്കിയതു നൽകുവോയിരവേൽക്കുവേൽ നരകനാശനൻ... അതു കൊണ്ടു വാ...’’
പാട്ടിനൊരു കടങ്കഥയുടെ താളമുണ്ട്. സംഗതി മനസ്സിലായില്ല അല്ലേ ? വാഴയ്ക്ക തോരൻ ചോദിച്ചതാണ്. സദ്യയുടെ ഭാഷയ്ക്കിത്രയും ഭംഗിയിൽ കാവ്യം ചമച്ച കവിയാരായാലും ആ മഹാനുഭാവനു പ്രണാമം. ഈരേഴു പതിനാലു ലോകത്തെവിടെയെങ്കിലും ഇതുപോലൊരു സദ്യയുണ്ടാകുമോ ? കരിമ്പും മോദകവും, അവലും അടയും, ചുട്ടരച്ച ചമ്മന്തിയും കനലിൽ ചുട്ട പപ്പടവും, ഉഴുന്നുവടയും വിളമ്പുന്ന ഉച്ചയൂണ് വേറെ എവിടെയെങ്കിലുമുണ്ടോ...?
ഇലയിലൊഴുകിയ പായസം വടിച്ചെടുത്തു കുടിച്ചിട്ടും എഴുന്നേൽക്കാൻ തോന്നിയില്ല. മാമ്പഴ പ്രഥമൻ കുറച്ചു കൂടി വാങ്ങി. ഒരു ഞാലിപ്പൂവൻ പഴം അതിലിട്ടു കശക്കി. കൂട്ടിക്കുഴച്ച് അതേപടി നാവിലേക്കു തേച്ചു. എന്റെ സാറേ...!
ഇതു കേട്ടു കൊതി തോന്നിയെങ്കിൽ വൈകിയിട്ടില്ല. ശ്രീകൃഷ്ണ ജയന്തിക്ക് അമ്പതിനായിരം പേർക്കു സദ്യയൊരുക്കുന്നുണ്ട്. പുറപ്പെട്ടോളൂ ആറന്മുളയിലേക്ക്. അമ്പത്തൊന്നു വള്ളവും കാണാം ആസ്വദിച്ചൊരു സദ്യയുമുണ്ണാം...
തെയ് തെയ് തക തെയ് തെയ് തോം...
ആറന്മുള ക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ പമ്പാ നദിയുടെ തീരത്താണ് ആറന്മുള പാർഥസാരഥി ക്ഷേത്രം. ആറടി ഉയരമുള്ളതാണ് ഇവിടത്തെ ശ്രീകൃഷ്ണ വിഗ്രഹം. അഷ്ടമി രോഹിണി വള്ളസദ്യ, ഉത്രട്ടാതി വള്ളംകളി, ആറന്മുളക്കണ്ണാടി എന്നിവയുടെ പേരിൽ പ്രശസ്തമാണ് ആറന്മുള.