ADVERTISEMENT

ഡ്രൈവർ ഇല്ലാത്ത ബസിൽ ഒരിക്കൽ കയറിയിട്ടുണ്ട്. അതിന്റെ ഓർമയിലാണ് സ്റ്റോക്ക്ഹോമിൽ ക്യാപ്റ്റൻ (ഡ്രൈവർ) ഇല്ലാത്ത ഫെറിയിൽ കയറാൻ പോയത്. പലയിടത്തും ക്യാപ്റ്റൻ അല്ലെങ്കിൽ സ്രാങ്ക് ഉണ്ടായിട്ടു പോലും ബോട്ട് അപകടം തുടർക്കഥ ആകുമ്പോഴാണ് ഇവിടെ ക്യാപ്റ്റൻ തന്നെ ഇല്ലാത്ത ഫെറി.

ഉച്ചക്ക് കൃത്യം 1.20നു ഫെറി കരയ്ക്കടുത്തു. 24 യാത്രക്കാർക്ക് ഒരു സമയത്തു ഫെറിയിൽ യാത്ര ചെയ്യാം. പുറമെ വച്ചിരിക്കുന്ന കാർഡ് മെഷിനിൽ എടിഎം കാർഡ് കാണിക്കേണ്ട താമസം മുപ്പത്തിയഞ്ചു സ്വീഡിഷ് ക്രോണർ ഏതാണ്ട് 250 രൂപ കാർഡിൽ നിന്നും ടിക്കെറ്റിനായി വലിച്ചെടുത്തു. ടിക്കറ്റ് എടുത്തോ എന്ന് നോക്കാനും ആളുകളെ നിയന്ത്രിക്കാനും ആരുമില്ല. എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്താണ് ഓടുന്നത്. പൊതുവെ സ്കാൻഡിനേവിയയിൽ അങ്ങനെയാണ്.

auto-captain-ferry-stockholm-sweeden-ferry-to-port
ADVERTISEMENT

ഫെറി കരയിലേക്ക് എത്തിയതും ഞാനും മകൻ ക്രിസ്സും സുഹൃത്ത് ജിയോയും വലതുകാൽവച്ചു കയറി. സ്റ്റോക്ക്ഹോമിലെ രണ്ടു ദ്വീപുകൾ ബന്ധിപ്പിച്ചാണ് ഈ ഫെറി പ്രവർത്തിക്കുന്നത്. ഓരോ 20 മിനിറ്റിലും സർവീസ് ഉണ്ട്. സ്റ്റോക്ക്ഹോമിലെ മനോഹര കാഴ്ചകൾ കണ്ടുകൊണ്ടു പത്തു മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന ഒരു യാത്ര. ഓളപ്പരപ്പുകളെ വകഞ്ഞുമാറ്റികൊണ്ടു ഫെറി മുന്നോട്ടെടുത്തു. സ്‌റ്റോക്ക്ഹോം സിറ്റി ഹാൾ ആണ് ആദ്യ കാഴ്ചയിൽ കണ്ണുടക്കുന്നത്. നോബൽ സമ്മാന വിതരണത്തിന് ശേഷം വിശിഷ്ട അതിഥികൾക്ക് അത്താഴം ഒരുക്കിയിരിക്കുന്നതവിടെയാണ് എന്ന് കേട്ടിട്ടുണ്ട്. ഒരിക്കൽ അതിന്റെ അകത്തേക്കും പോയിരുന്നു. 22 കാരറ്റ് സ്വർണം പൂശിയ വലിയ ഒരു മുറി തന്നെയുണ്ട് അതിനകത്തു. ആ വലിയ കെട്ടിടം ഫെറിയിൽ ഇരുന്നു ഓളപ്പരപ്പുകളുടെ പശ്ചാത്തലത്തിൽ കാണുമ്പോൾ ചന്തം ഇരട്ടിക്കുന്നുണ്ട്.

auto-captain-ferry-stockholm-sweeden-from-ferry

നിമിഷ നേരംകൊണ്ട് ഫെറി അങ്ങേ കരയിൽ എത്തി. ഇവിടെ ഇറങ്ങി അടുത്ത ട്രിപ്പിൽ തിരികെ പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു. അടുത്ത ഫെറിക്കായുള്ള കാത്തിരിപ്പു തുടർന്നു. സൂര്യൻ സർവ ശക്തിയുമെടുത്തു വെയിൽ അടിപ്പിച്ചു തളർത്തുന്നുണ്ട്. ഇനി ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ സ്കാന്റിനേവിയയിലെങ്ങും ഇരുട്ട് മൂടി തുടങ്ങും. നവംബർ മാസം പകൽ പോലും സൂര്യൻ മടിയൻ ആയി മാറുന്ന മാസമാണ്. ഞങ്ങൾക്ക് തിരികെ പോകാനുള്ള ഫെറി എത്തി കഴിഞ്ഞു.

auto-captain-ferry-stockholm-sweeden-from-ferry3
ADVERTISEMENT

ജൂൺ മാസത്തിലാണ് ഈ ഫെറി പ്രവർത്തനം ആരംഭിച്ചത്. പതിനഞ്ചു ലക്ഷം യൂറോ മുടക്കി നോർവീജിയൻ കമ്പനി യൂറോപ്യൻ യൂണിയന്റെ സഹായത്തോടുകൂടി നിർമിച്ചതാണിത്. നമ്മുടെ നാട്ടിൽ എത്ര തവണ ബോട്ട് അപകടങ്ങൾ നടന്നിട്ടുണ്ട്. എത്രയോ ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു അന്വേഷണങ്ങൾ നടക്കുന്നതല്ലാതെ അപകടങ്ങൾ ഇല്ലാതെ ആവുന്നില്ല. അതിന്റെ സ്ഥാനത്താണ് ഡ്രൈവർ പോലുമില്ലത്ത ഫെറിയുടെ പരീക്ഷണ ഓട്ടം.

ക്യാമറകളും റഡാറുകളും ലേസറുകളും കൊണ്ടു സർവ സജ്ജമാണ് ഈ ഫെറി. തലങ്ങും വിലങ്ങും പോകുന്ന മറ്റു ബോട്ടുകളെ തിരിച്ചറിയാനുള്ള നിർമിത ബുദ്ധിയുണ്ടിതിന്. എന്തെകിലും അപായം മണത്താൽ തന്നെ ഈ ഫെറിയിൽ നിന്നും അപായ മണികൾ മുഴങ്ങും.

auto-captain-ferry-stockholm-sweeden-from-ferry2
ADVERTISEMENT

നീന്തൽ വശമില്ലാത്ത ഞാൻ അല്പം ഭയത്തോടെയാണ് ഫെറിയിൽ ഇരിക്കുന്നത്. ക്രിസിന്റെ മുഖത്തു അമ്പരപ്പ് ലവലേശം ഇല്ല. സ്വീഡനിലെ സ്‌കൂളുകളിൽ നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാണ്. കഴിഞ്ഞ വര്ഷം ക്രിസ് നീന്തൽ പരീക്ഷ ജയിച്ചിരുന്നു .വെള്ളത്താൽ ചുറ്റപ്പെട്ട സ്വീഡനിലെ, വിദ്യാഭ്യാസ സമ്പ്രദായത്തോട് ബഹുമാനം തോന്നുന്ന മറ്റൊരു നിമിഷം. പഞ്ചായത്തു തോറും നീന്തൽ കുളങ്ങളും കളിസ്ഥലങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. നമ്മുടെ വരും തലമുറയെങ്കിലും പാഠ്യപദ്ധതിയിൽ നീന്തൽ പഠിക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല. പുത്തൻ ഗതാഗത ആശയത്തിന്റെ കാഴ്ചകൾ ആസ്വദിച്ചു ഞങ്ങൾ തിരികെ മടങ്ങി.

ADVERTISEMENT