കാടിനുള്ളിലെ മൺപാതയിലൂടെ ജീപ്പ് ആടിയുലഞ്ഞാണു നീങ്ങിയത്. റോഡെന്നു പറയാനാവില്ല. കുഴികളിലൂടെ വാഹനങ്ങൾ സഞ്ചരിച്ചുണ്ടായ സ്ഥലത്തു കൂടിയാണു യാത്ര. മുൻപൊരിക്കൽ കാട്ടാനയുടെ മുന്നിൽപ്പെട്ട സംഭവം കഥ പോലെ വിവരിക്കുകയാണ് ഡ്രൈവർ. അദ്ദേഹം പുലിയേയും കണ്ടിട്ടുണ്ടത്രേ. ‘പുലിയേക്കാൾ ഭയക്കേണ്ടതു കരടിയെയാണ്’ ഡ്രൈവറുടെ മുഖത്ത് ഭയം നിഴലിട്ടു. അതു കണ്ട് ഞങ്ങളുടെ നെഞ്ചിടിപ്പിനു വേഗം കൂടി. ആ യാത്രയുടെ ലക്ഷ്യം മൃഗങ്ങളെ കാണലായിരുന്നില്ല. ഏഷ്യയിൽ അവശേഷിക്കുന്ന ഗുഹാവാസികളായ ചോലനായ്ക്കരെ കാണാനാണ് കാട്ടിൽ കയറിയത്. ഏറെ ദിവസത്തെ ശ്രമത്തിനൊടുവിൽ കിട്ടിയ അവസരമായിരുന്നു. ചോലനായ്ക്കന്മാർ താമസിക്കുന്ന ‘അള’ കാണണം, അവരുടെ ജീവിതം ക്യാമറയിൽ പകർത്തണം – ഇതു മാത്രമായിരുന്നു ലക്ഷ്യം.
1973 നവംബർ 13ന് മലയാള മനോരമയാണ് ഗുഹാവാസികളായ ചോലനായ്ക്കരുടെ ജീവിതം ആദ്യമായി വെളിച്ചം കാണിച്ചത്. മലയാള മനോരമ ഫൊട്ടോഗ്രഫർ ടി. നാരായണന്റെ ക്യാമറയിലൂടെ നഗ്നരായി ജീവിക്കുന്ന ചോലനായ്ക്കന്മാരുടെ ഫോട്ടോ ലോകം കണ്ടു. നിലമ്പൂരിലെ കരുളായി വനമേഖലയിലെ ചോലനായ്ക്കന്മാരുടെ ക്ഷേമത്തിനായി പിന്നീട് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടു. കാടിന്റെ സുരക്ഷിതത്വവും ചോലനായ്ക്കന്മാരുടെ സ്വകാര്യതയും സംരക്ഷിക്കാനായി പിൽക്കാലത്ത് ഈ വനമേഖലയിൽ പ്രവേശനം നിരോധിച്ചു. അതിനാൽത്തന്നെ, ചോലനായ്ക്കന്മാരെ കുറിച്ച് റിപ്പോർട്ട് തയാറാക്കാനായി മാഞ്ചീരി മലവാരത്തേക്കു പോകാൻ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു.
കുട്ടികൾ പോസ് ചെയ്തു, ചങ്ങാടം തുഴഞ്ഞു

ഞങ്ങൾ മാഞ്ചീരി കോളനിയിലെത്തി. ചോലനായ്ക്കന്മാരുടെ ജീവിതചിത്രങ്ങൾ പുറത്തു വന്നതിനു ശേഷം സർക്കാർ നിർമിച്ചു നൽകിയതാണ് ഈ കോളനി. ഞങ്ങൾ എത്തിയ സമയത്ത്, അവിടെ കുടിയിരുത്തിയവരിൽ പലരും അളകളിലേക്കു തന്നെ തിരിച്ചു പോയിക്കഴിഞ്ഞിരുന്നു.
ചോലനായ്ക്കന്മാരെ കണ്ടതിനു ശേഷമേ തിരികെ പോകൂ – ഞങ്ങൾ ഉറപ്പിച്ചു. സുരക്ഷിതമെന്നു തോന്നിയ ഒരിടത്ത് വാഹനം നിർത്തി. കാട്, പുഴ, കുന്നുകൾ, ചതുപ്പു നിലങ്ങൾ... ഞങ്ങൾ നടന്നു, കനത്ത ജാഗ്രതയോടെയാണ് നീങ്ങിയത്. അട്ടയും തടിയനുറുമ്പും ദേഹം വേദനിപ്പിച്ചു. കൂട്ടത്തിലൊരാളുടെ കാൽ ചെളിയിൽ പുതഞ്ഞു. ഒന്നു രണ്ടുപേർ തെന്നി വീണു. വള്ളിയിൽ തൂങ്ങിയാണ് അരുവി കടന്നത്. കുറേ ദൂരം താണ്ടിയപ്പോൾ ഒരു യുവാവിനെ കണ്ടു. ചോലനായ്ക്കനാണ്. കള്ളിമുണ്ടാണു വേഷം. തുടർയാത്രയിൽ ആ യുവാവും ഞങ്ങളോടൊപ്പം ചേർന്നു.
ഉൾക്കാട്ടിലൂടെ എത്ര കിലോമീറ്റർ നടന്നുവെന്നറിയില്ല. ഉള്ളിലേക്കു പോകുംതോറും കാടിന്റെ സൗന്ദര്യം വർധിച്ചു. ഒടുവിൽ, പുഴയുടെ തീരത്ത് പാറകളുടെ ചെരിവിൽ എത്തി. തൊപ്പിക്കുടപോലെയുള്ള പാറയുടെ താഴെ ‘അള’യിൽ കുറച്ചു പേർ – ചോലനായ്ക്കർ. അതൊരു കുടുംബമായിരുന്നു. ചുരുണ്ട തലമുടിയുള്ള വയോധികൻ, പ്രായം മറന്ന് ജോലിയിൽ മുഴുകിയ മുത്തശ്ശി, രണ്ടു ചെറുപ്പക്കാർ...അവരിലൊരാൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.

മുള കൂട്ടിക്കെട്ടിയ ചങ്ങാടങ്ങളിൽ കയറി കുട്ടികൾ പുഴയിലിറങ്ങി. അവർ ഞങ്ങളുടെ ക്യാമറയ്ക്കു മുന്നിൽ കുറച്ചു നേരം ഇരുന്നു. അപ്പോഴേക്കും മുതിർന്ന ഒരാൾ വന്ന് അവരെ അളയിലേക്കു കൂട്ടിക്കൊണ്ടു പോയി.
ചോലനായ്ക്കന്മാർക്ക് പുറംലോകത്തുള്ള മനുഷ്യരുമായി ഇടപഴകി ശീലമായിരിക്കുന്നു. അവരിലെ പുരുഷന്മാരിൽ ചിലർ മുണ്ടും ഷർട്ടും ധരിച്ചിട്ടുണ്ട്. സ്ത്രീകൾ അവരുടേതായ രീതിയിൽ ധരിച്ചിരുന്നു. കവളക്കിഴങ്ങ്, ബന്നിക്കിഴങ്ങ്, കാട്ടിലെ ഇലകൾ എന്നിവയായിരുന്നു പണ്ട് അവരുടെ ഭക്ഷണം. ഇപ്പോൾ, അവർ ശേഖരിക്കുന്ന കാട്ടുതേൻ, ഇഞ്ചി, പന്തം, ശതാവരി, കുന്തിരിക്കം, ചീനിക്ക എന്നിവ വനസംരക്ഷണ സിമിതിക്കു വിൽക്കുന്നു. പകരം, അരി, തേയില എന്നിവ ചോലനായ്ക്കന്മാർക്കു നൽകുന്നു. ചോലനായ്ക്കന്മാരുടെ ഏക വരുമാന മാർഗമാണ് വനവിഭവങ്ങളുടെ ശേഖരണം.
നാലു പതിറ്റാണ്ടു മുൻപ് ചോലനായ്ക്കരെ സന്ദർശിച്ച മനോരമ ലേഖകൻ മാത്യു കദളിക്കാടിന്റെ അനുഭവക്കുറിപ്പ് ഓർത്തു. അന്ന് ക്യാമറയുമായി എത്തിയ മാധ്യമ സംഘത്തെ കണ്ട് ചോലനായ്ക്കന്മാർ പുഴയിൽ ചാടി രക്ഷപെടാൻ ശ്രമിച്ചു. ചിലർ ഗുഹകളിൽ ഒളിച്ചു...
മലയാള മനോരമയിൽ അദ്ദേഹം എഴുതിയ ലേഖനത്തിന്റെ ചുരുക്കം:
രാപാർക്കാൻ അള മതി

നാൽപ്പത്തൊൻപതു വർഷം മുൻപ്, 1973ലായിരുന്നു ആ യാത്ര. ഏഷ്യയിലെ ഏറ്റവും പ്രാകൃത ഗിരിവർഗത്തെ, ചോലനായ്ക്കന്മാരെ കണ്ടെത്തി – ആ വാർത്ത ഇന്ത്യ മുഴുവൻ ചർച്ചയായി. മലപ്പുറം ജില്ലയിൽ നിലമ്പൂരിലെ കരുളായി വനത്തിലാണ് അവർ പാർക്കുന്നത്. മയിലാടുംപൊട്ടി, അച്ചനള, മണ്ണള, പുലിമുണ്ട, പൂച്ചപ്പാറ, പുഞ്ചക്കൊല്ലി, അളയ്ക്കൽ എന്നിവിടങ്ങളിൽ പാറയുടെ താഴെ ഗുഹകളിലാണ് അവർ ജീവിക്കുന്നത്.
അക്കാലത്ത് ഇരുപതു കിലോമീറ്റർ ജീപ്പിലും പിന്നീട് പത്തിലേറെ കിലോമീറ്റർ നടന്നുമാണു മാധ്യമപ്രവർത്തകർ ചോലനായ്ക്കന്മാരെ കണ്ടെത്തിയത്. കാട് ചോലനായ്ക്കരുടെ തറവാടാണ്. തറവാടിന്റെ കഴുക്കോലും തൂണും അവർ ഊരിയെടുക്കാറില്ല. കാട്ടുതടി വെട്ടാറില്ല, മൃഗങ്ങളെ വേട്ടയാടാറില്ല. ആക്രമിക്കാനെത്തിയ മൃഗങ്ങളെ കൈക്കരുത്തിൽ നേരിട്ടവർ അവിടെയുണ്ടായിരുന്നു. കരടിയുമായി മൽപ്പിടുത്തം നടത്തിയ ആളാണ് അവരുടെ മൂപ്പൻ കുപ്പമല കണിയൻ. നെഞ്ചിലെ ഒരു പിടി മാംസം കരടി പറിച്ചെടുത്തിട്ടും മൂപ്പൻ പിടിവിട്ടില്ല. ഏറെ നേരം പോരാടിയ ശേഷം മൂപ്പന്റെ പിടിവിടുവിച്ച് കരടി ഓടിരക്ഷപ്പെട്ടു.

കന്നഡയും തെലുങ്കും മലയാളവും കലർന്നതാണ് ചോലനായ്ക്കന്മാരുടെ ഭാഷ. ഓടക്കമ്പുകൾ ഉരസിയാണ് അവർ തീയുണ്ടാക്കിയിരുന്നത്. ഒരു ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. അതു സൂര്യാസ്തമയത്തിനു മുൻപു വേണമെന്നു നിർബന്ധം. ഉണങ്ങിയ ഇലയിൽ പുകയില തെറുത്ത് ആണുങ്ങളും പെണ്ണുങ്ങളും പുകവലിച്ചു. അരഞ്ഞിമരത്തിന്റെ തോൽ ചതച്ച് അതുപയോഗിച്ച് ചിലർ നാണം മറച്ചിരുന്നു – ആ റിപ്പോർട്ടിൽ ചോലനായ്ക്കന്മാരുടെ ജീവിതചിത്രം പൂർണമായും വിശദീകരിച്ചിട്ടുണ്ട്. ചോലനായ്ക്കന്മാരിലെ പുരുഷന്മാരുടെ ഏറ്റവും വലിയ സമ്പാദ്യമാണു ഭാര്യ. ‘ഇണ്ട്റ്ശി’യെ (ഭാര്യ) തനിച്ചാക്കി പുരുഷന്മാർ എവിടെയും പോകില്ല.
കിഴങ്ങു ഭക്ഷിച്ച് വിവാഹം, മധുവിധു കാട്ടിൽ

ചോലനായ്ക്കന്മാരുടെ വിവാഹ ചടങ്ങുകൾ ആചാര പ്രകാരമായിരുന്നു. ‘‘കാട്ടിലെ വിശിഷ്ടമായ കിഴങ്ങ് ഇണ്ട്റിശി വേവിച്ചു. പാത്രത്തിന്റെ ഇരുവശത്തും വധൂവരന്മാർ ഇരുന്നു. ഒരു കഷണം കിഴങ്ങ് വരൻ വധുവിന്റെ വായിൽ വച്ചു. പെണ്ണിന്റെ അച്ഛൻ കന്യാദാനമന്ത്രം ജപിച്ചു.
അട പെട്ടാതെ ഉള്ള ചേലുക്ക് കൂസിനെ നീ ഇറ്റ് നടക്ക്. ഉള്ള ചേലുക്ക് നോക്ക് (തർക്കങ്ങളില്ലാതെ പെണ്ണിനെ പരിപാലിക്കണം. പോറ്റണം)
ഉള്ള ചേലുക്ക് തോടും. കൂസിനെ ഇറ്റ് കൊണ്ടു നടേൻ. (നന്നായി നേക്കും. കൊണ്ടു നടക്കും) വരൻ മറുപടി നൽകി – വിവാഹ ചടങ്ങുകൾ സമാപിച്ചു.
ചോലനായ്ക്കന്റെ ജീവിതസമ്പാദ്യമാണ് ഭാര്യ. അവളുടെ നേർക്ക് അന്യപുരുഷന്റെ നോട്ടം പോലും അവൻ സഹിക്കില്ല. വിവാഹം കഴിഞ്ഞ് മധുവിധു മുഹൂർത്തത്തിനായി വരനും വധുവും കാത്തിരിക്കുന്നതാണ് അവരുടെ രീതി. അളകളിൽ ശാരീരിക ബന്ധം പാടില്ലെന്ന് അവർ വിശ്വസിച്ചു. മുഹൂർത്തം എത്തിയാൽ വധുവും വരനും കാട്ടിലേക്കു പോകും. പ്രണയത്തിനും പ്രസവത്തിനും കാടാണു വേദി.
അത്തോയി, അക്കരവീരൻ, കാളി, കാളൻ എന്നിങ്ങനെയാണ് ചോലനായ്ക്കരുടെ പേരുകൾ. ഫോട്ടോ എടുക്കുന്നത് അവർക്കു ഭയമായിരുന്നു. ഫോട്ടം പിടിച്ചാൽ ദീനം വരും – ഇതായിരുന്നു മൂപ്പന്റെ ഭയം. ഉടലിന്റെ നേർരൂപം ഫോട്ടോയിൽ പതിഞ്ഞാൽ ദേഹം അടർന്നു പോകുമെന്നു വിശ്വസിച്ചു.’’

ചോലനായ്ക്കന്മാർക്ക് അവരുടേതായ പാട്ടും സംഗീതവുമുണ്ട്. മരക്കമ്പുകളും മുളന്തണ്ടും ഉപയോഗിച്ച് ഉണ്ടാക്കിയതാണ് വാദ്യോപകരണങ്ങൾ. ‘ബിട’ എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ആത്മാവിനെ യാത്രയാക്കാനാണ് അവർ പാടാറുള്ളത്. അതിനാൽത്തന്നെ, പാട്ടിന്റെ വരികൾ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കാറില്ല.
ചോലനായ്ക്കന്മാരെ കാണാനുള്ള യാത്രയിൽ മനസ്സിനെ ആകർഷിച്ച സ്ഥലം കരിമ്പുഴയിലെ ഇരുമ്പു പാലമാണ്. ബ്രിട്ടിഷ് ഭരണകാലത്ത് ഫോറസ്റ്റ് എൻജിനിയറായിരുന്ന ഡോസൻ സായിപ്പാണ് പാലം നിർമിച്ചത്. നിലമ്പൂരിന്റെ പ്രകൃതിയെ സ്നേഹിച്ച ഡോസൻ പിന്നീട് പുഴയിൽ വീണു മരിച്ചു. പുഴയുടെ തീരത്താണു മൃതദേഹം സംസ്കരിച്ചത്. കരുളായിയിൽ എത്തുന്നവർ അദ്ദേഹത്തിന്റെ ഓർമകളുമായി ബന്ധിപ്പിച്ച് ആ സ്ഥലം ക്യാമറയിൽ പകർത്തുന്നു.
ഉപദ്രവിക്കരുത് പ്ലീസ്...

ആദ്യത്തെ മാധ്യമസംഘത്തിന്റെ സന്ദർശനം കഴിഞ്ഞ് മൂന്നു പതിറ്റാണ്ടുകൾക്കു ശേഷമാണ് ഞങ്ങൾ ചോലനായ്ക്കന്മാരെ കാണാൻ പോയത്. അപ്പോഴേക്കും ചോലനായ്ക്കന്മാർക്കു താമസിക്കാൻ മാഞ്ചീരി മലവാരത്തു കോളനി രൂപീകരിച്ച് കുടിലുകൾ നിർമിച്ചിരുന്നു. അവിടെ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചിരുന്നു. നാൽപതോളം കുട്ടികൾ പഠനത്തിനു പോകുന്നുണ്ടായിരുന്നു.
പതിറ്റാണ്ടുകൾക്കു മുൻപ് ചോലനായ്ക്കന്മാരെ കാണാൻ പോയ പത്രലേഖകൻ അവരോട് എന്താണു വേണ്ടതെന്ന് ചോദിച്ചിരുന്നു:
‘‘യെങ്കൈ അക്കി ബേക്ക, ഒയ്യ ബേക്ക, ചേല ബേക്ക’’... അരി, തുണി, പുകയില എന്നിവയാണ് അക്കാലത്ത് അവർ ആവശ്യപ്പെട്ടത്. പിൽക്കാലത്ത് അവിടെ എത്തിയ ഞങ്ങളും ചോദ്യം ആവർത്തിച്ചു.
‘കാടിനെ ഉപദ്രവിക്കരുത്’
വിദ്യാഭ്യാസം നേടിയ പുതുതലമുറയിലെ യുവാവ് ഉറച്ച ശബ്ദത്തിൽ മറുപടി പറഞ്ഞു.