Saturday 14 May 2022 03:46 PM IST : By Thara Nandikkara

തിന്നും കുടിച്ചും മല കയറുന്ന ഡാർബാൻഡ് ഹൈക്കിങ് ട്രെയിൽ, കാൽനടയാത്രക്കാർക്കും ചീറിപ്പായുന്ന വാഹനങ്ങൾക്കും ഇടയിൽ ഭക്ഷണം വിളമ്പുന്ന തബിയാത് ബ്രിഡ്ജ്... ഇറാൻ കാഴ്ചകൾ

tabiyat bridge iran Photo : Goutham Rajan

സംശയങ്ങളും ആശങ്കകളുമായിട്ടാണ് ടെഹ്റാനിൽ വിമാനം ഇറങ്ങിയത്. ഓൺ അറൈവൽ വീസ കിട്ടുമോ? വീസ പാസ്പോർട്ടിൽ പതിച്ചാൽ പിന്നീട് പാശ്ചാത്യ രാജ്യങ്ങളിൽ പോകാൻ പറ്റുമോ? നൂറു കൂട്ടം ആശങ്കകൾ...വീസ കൗണ്ടർ കണ്ടതോടെ മനസ്സ് ഒന്നു തണുത്തു. അനൗപചാരികമായ അന്തരീക്ഷമായിരുന്നു വീസ കൗണ്ടറിന്. ഒരു കഫറ്റേരിയയുടെ മട്ട്. കുറച്ചു കോഫീ ടേബിളുകൾ അവിടവിടെയായി ഇട്ടിട്ടുണ്ട്. ഫോം വാങ്ങി അവിടെയിരുന്നു സാവധാനം പൂരിപ്പിച്ചു കൊടുക്കാം. ആകെ രണ്ടു ഉദ്യോഗസ്ഥർ മാത്രം. അധികം ചോദ്യങ്ങളും പറച്ചിലുകളുമൊന്നുമുണ്ടായില്ല. ഇറാൻ വീസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യില്ല. വേറെ കടലാസിൽ അടിച്ചു തരികയുമില്ല. ഡിജിറ്റലായി അവരുടെ കംപ്യൂട്ടറിൽ സൂക്ഷിക്കും. അത് ഒരേ സമയം ആശ്വാസവും അല്പം സങ്കടവുമുണ്ടാക്കി. മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ തടസ്സമാവില്ലല്ലോ എന്ന ആശ്വാസവും ഇറാൻ വീസ ഞങ്ങളുടെ പാസ്‌പോർട്ടിൽ ഉണ്ടാവില്ലല്ലോ എന്ന സങ്കടവും.

പോക്കറ്റ് കാലിയാക്കാത്ത രാജ്യം

എയർപോർട്ടിൽ പല പ്രത്യേകതകളും കണ്ടു. ഒരു എയർപോർട്ടിൽ റെസ്ററ് റൂമിനോടു ചേർന്ന് ബാർബർ ഷോപ്പ് കാണുന്നത് ആദ്യമായിട്ടാണ്. ആളുകളുടെ സംശയങ്ങൾ തീർക്കുന്ന കൗണ്ടറിന്റെ അവിടെ കൈൻഡ് നെസ്സ് അംബാസ്സഡർ എന്ന ബോർഡ് കണ്ടപ്പോൾ കൗതുകം തോന്നി. വാക്കുകളിൽ ഉപയോഗിച്ചിരിക്കുന്ന എത്ര ചെറിയൊരു വ്യത്യാസം മതി പരിചയമില്ലാത്തൊരു രാജ്യത്തേക്ക് ആദ്യമായി വരുന്നൊരാളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ! എയർപോർട്ടിൽ നിന്നു തന്നെ സിറ്റിയിലേക്ക് മെട്രോ സർവീസ് ഉണ്ട്. ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോസ്റ്റലിനടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്തു. രണ്ടു പേർക്കും കൂടി അറുപതു രൂപ മാത്രം. പൊതു ഗതാഗതം ഉപയോഗിക്കാൻ വളരെ ചിലവു കുറവാണിവിടെ.

tabiyat iran airport

ഞങ്ങൾ താമസിച്ചത് വോണോ എന്ന ഹോസ്റ്റലിലാണ്. വളരെ ചെറിയ ഒരു ഹോസ്റ്റലായിരുന്നു അത്. കേവലം എണ്ണൂറു രൂപയായിരുന്നു ഒരു രാത്രി അവിടെ താങ്ങാനുള്ള വാടക. യൂറോപ്യൻ രാജ്യങ്ങളിലുള്ള ഹോസ്റ്റലുകൾ പോലെ നാലഞ്ചു കിടക്കകളുള്ള ഒരു ഡോർമിറ്ററി പ്രതീക്ഷിച്ച ഞങ്ങൾ ടെഹ്റാനിലെ ഹോസ്റ്റൽ കണ്ട്‌ അത്ഭുതപ്പെട്ടു. ഒരു മുറിയിൽ രണ്ടു കിടക്കകളാണ് ഉണ്ടായിരുന്നത്. മുറിയോട് ചേർന്ന് കുളിക്കാനുള്ള സൗകര്യമില്ല എന്നതൊഴിച്ചാൽ ഒരു സാധാരണ ഹോട്ടലിന്റെ സൗകര്യങ്ങളുള്ള എന്നാൽ വളരെ ചിലവു കുറഞ്ഞ മുറി.

ആദ്യത്തെ ദിവസം പ്രത്യേകിച്ച് പ്ലാനൊന്നുമില്ലാതെ നഗരം മുഴുവൻ ചുറ്റി. റോഡിലേക്കിറങ്ങിയപ്പോൾ പ്രത്യേക തരത്തിലുള്ള ബൈക്കുകൾ! എല്ലാ ടൂ വീലറുകളിലും തണുപ്പും പൊടിയും അടിക്കാതിരിക്കാനും മഴയത്ത് നനയാതിരിക്കാനുമുള്ള ഷീൽഡുകളുണ്ട്. പോരാത്തതിന് ഹാൻഡിൽ ബാറിൽ കയ്യുറകളും ഘടിപ്പിച്ചിരിക്കുന്നു. തണുപ്പു കാലത്ത് വണ്ടിയോടിക്കുമ്പോൾ കോച്ചി വിറക്കാതിരിക്കാനായിരിക്കണം. ഇന്ത്യൻ ബൈക്കുകൾ ടെഹ്റാനിൽ ധാരാളമുണ്ട്. അപ്പാച്ചെയും, പൾസറും ഒക്കെയാണ് ടെഹ്റാനിലെ സൂപ്പർ ബൈക്കുകൾ. ഹാൻഡിൽ ലോക്കിൽ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു, പല ബൈക്കുകളും പ്രത്യേകം ചങ്ങലയിട്ട് പൂട്ടിയിട്ടുണ്ട്.

tabiyat iran bikest

മലയിലേക്കുള്ള വാതിൽ

ഗോലസ്ഥാൻ കൊട്ടാരമല്ലാതെ ടെഹ്റാനിൽ പോകണമെന്ന് ആഗ്രഹിച്ചിരുന്ന മറ്റൊരു സ്ഥലം ഡാർബാൻഡ്‌ ആണ്. ഡാർബാൻഡിൽ സന്ധ്യാസമയത്ത് പോയാലേ ആസ്വദിക്കാൻ പറ്റുകയുള്ളൂ. താബിയാത്ത് ബ്രിഡ്ജിൽ രാത്രിയിൽ പോവുന്നതാണ് അഭികാമ്യം. ടെഹ്‌റാൻ നഗരത്തിൽ നിന്നും അല്പം വിട്ടുമാറി തൊച്ചാൽ മലയുടെ താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഡാർബാൻഡ്. ഇതു പണ്ടൊരു ഗ്രാമപ്രദേശമായിരുന്നു. മലയുടെ താഴ്‌വാരം ഒരു ഹൈക്കിങ് ട്രെയിലാക്കി മാറ്റിയിരിക്കുകയാണ്. ഹൈക്ക് ചെയ്യാൻ താല്പര്യം ഉള്ളവർക്ക് ഇതിലേ നടന്നു കേറി മുകളിലേക്ക് പോവാം. എന്നാൽ ഇതല്ല ഈ സ്ഥലത്തിന്റെ പ്രത്യേകത. ഇതൊരു വെറും ഹൈക്കിങ് ട്രെയിലല്ല. ട്രെയിലിന്റെ ഇരുവശത്തും നിറയെ ഭക്ഷണശാലകളാണ്. മലയിലേക്കുള്ള വാതിൽ എന്നാണത്രെ ഡർബാൻഡ്‌ എന്ന വാക്കിന്റെ അർത്ഥം.

tabiyat iran darban

ഡാർബാൻഡ് എത്തിയപ്പോഴേക്കും ചെറുതായി മഴ ചാറിത്തുടങ്ങിയിരുന്നു. കുത്തനെയുള്ള കയറ്റമാണെങ്കിലും ഇരുവശത്തെയും ഭക്ഷണശാലകൾ കണ്ടും ഓരോന്ന് വാങ്ങിയുമൊക്കെ നടന്നാൽ വലിയ ബുദ്ധിമുട്ടില്ലാതെ കയറാവുന്ന ഹൈക്കിങ് ട്രെയിലാണിത്. ചെറിയ കടകൾ മുതൽ വളരെ ചിലവേറിയ റസ്റ്റോറന്റുകൾ വരെ ഇവിടെയുണ്ട്. എല്ലാ ഇറാനിയൻ വിഭവങ്ങളും ലഭിക്കുമെങ്കിലും ചെറിയ കടകളിൽ കൂടുതലും മധുര പലഹാരങ്ങളും ഉപ്പിലിട്ട വിഭവങ്ങളാണ് നിരത്തി വെച്ചിരുന്നത്. വാൾനട്ടും കോളിഫ്ളവറും വരെ ഉപ്പിലിട്ടു വെച്ചിരിക്കുന്നതു കണ്ടു. വൈകുന്നേരങ്ങളിലാണ് തെരുവ് ഉഷാറാകുന്നത്. വഴിവിളക്കുകളെല്ലാം കത്തിത്തുടങ്ങും, തെരുവിൽ ആളുകൾ നിറഞ്ഞു തുടങ്ങും. പാതയ്ക്കിരുവശവും വഴിവാണിഭക്കാരെക്കൊണ്ടു നിറയും. ആ തിരക്കിലൂടെയുള്ള നടപ്പു നല്ല രസമാണ്.

tabiyat iran darban trail

മഴയത്ത് വഴിയരികിൽ ഒരു കുട്ടിയിരുന്നു ചിത്രം വരയ്ക്കുന്നതു കണ്ടു. വരച്ചു കഴിഞ്ഞ ചിത്രങ്ങൾ അവനിരിക്കുന്നതിന് അടുത്തായി വിൽക്കാൻ നിരത്തി വെച്ചിട്ടുമുണ്ട്. മഴ നനയാതിരിക്കാൻ ഓരോ ചിത്രവും ഒരു പ്ലാസ്റ്റിക് ഫയലിൽ ആക്കിയാണ് വെച്ചിരിക്കുന്നത്. കുറച്ച് കൂടെ നടന്നപ്പോൾ, കുഞ്ഞു പാവകളെ വിൽക്കുന്ന ഒരു സ്ത്രീയുടെ മുന്നിലാണെത്തിയത്. പുറം രാജ്യത്ത് നിന്നുള്ള സഞ്ചാരികളെ കണ്ട കൗതുകത്തിലാണെന്ന് തോന്നുന്നു, അവർ ഞങ്ങളോട് വിശേഷമൊക്കെ ചോദിച്ചു. അതും നല്ല വൃത്തിയുള്ള ഇംഗ്ലീഷിൽ. കുറച്ച് നേരം സംസാരിച്ച ശേഷം അവരുടെ രണ്ടു മൂന്നു പാവകളും വാങ്ങി. സാധാരണ, വിദേശ യാത്രകളുടെ അവസാന ദിവസങ്ങളിലാണ് സുവനീറുകളൊക്കെ വാങ്ങാറുള്ളത്. ആ സ്ത്രീയെയും അവരുടെ പാവകളെയും കണ്ടപ്പോൾ എന്തോ വാങ്ങാതെ പോവാൻ തോന്നിയില്ല.

tabiyat iranarban trail

തബിയാത് ബ്രിഡ്ജ്

രാത്രി തബിയാത് ബ്രിഡ്ജിലേക്ക് പോയി. ടെഹ്റാനിലെ ഏറ്റവും വലിയ ഓവർപാസാണിത്. പാലത്തിലൂടെ വാഹനങ്ങൾ പോവില്ല. കാൽനടക്കാർക്ക് മാത്രമേ പ്രവേശിക്കാൻ കഴിയുകയുള്ളൂ. പാലത്തിനിരുവശവും പാർക്കുകളാണ്. തലേഖാനി പാർക്കും ആബോ അറ്റാഷ് പാർക്കും. ഈ രണ്ടു പാർക്കുകളെയും ബന്ധിപ്പിച്ചു കൊണ്ടാണ് പാലത്തിന്റെ നിൽപ്പ്. രണ്ടു പാർക്കുകൾക്കുമിടയിൽ പാലത്തിനു താഴെ ഒരു ഫോർ ലൈൻ ഹൈവെയും.

tabiyat bridge light

ഈ പാലത്തിന് വേറെങ്ങുമില്ലാത്തൊരു പ്രത്യേകതയുണ്ട്. രണ്ടു നിലകളിലായാണ് പാലം പണിതിരിക്കുന്നത്. മുകളിലത്തെ നിലയിൽ നടപ്പാത. താഴത്തെ നിലയിൽ നിറയെ റെസ്റ്ററന്റുകളാണ്. തൊട്ടു മുകളിലെ കാൽനടക്കാർക്കും, തൊട്ടു താഴെ ചീറിപ്പായുന്ന വാഹനങ്ങൾക്കും നടുവിലുള്ള റസ്റ്റോറന്റുകൾ. അന്നത്തെ അത്താഴം അവിടെ നിന്നാക്കാമെന്നു വച്ചു.

tabiyat bridge green  light

രാത്രിയിലെ പല നേരങ്ങളിൽ ഈ പാലത്തിനു പല നിറമാണ്. ഓരോ സെറ്റ് ലൈറ്റുകൾ ഓരോ നേരത്ത് തെളിയും. ഞങ്ങളെത്തിയ നേരത്ത് ഇളം പച്ചവെളിച്ചത്തിൽ മുങ്ങി കിടക്കുകയാണ് പാലം. പേർഷ്യൻ തഹ്ചിൻ (ഇറാനിയൻ ഫ്രൈഡ് റൈസിൽ ചിക്കൻ പൂഴ്ത്തി വെച്ചത്) ആദ്യമായി കഴിച്ചത് അന്നാണ്. ആഷ് രസ്തെ സൂപ്പ് കഴിഞ്ഞാൽ ഇറാൻ യാത്രയിൽ രുചികരമായി തോന്നിയ മറ്റൊരു വിഭവമാണ് ചിക്കൻ തഹ്ചിൻ. ഭക്ഷണം കഴിഞ്ഞ ശേഷവും കുറച്ച് നേരം കൂടി ഞങ്ങൾ പാലത്തിലിരുന്നു. കഴുത്തിലൂടെയും കൈകളിലൂടെയും ജാക്കറ്റിനുള്ളിലേക്ക് തണുത്ത കാറ്റടിച്ചു കേറുന്നുണ്ടായിരുന്നെങ്കിലും, പാലത്തിന്റെ നിറം മാറ്റമൊന്ന് കണ്ട ശേഷം മടങ്ങാനായിരുന്നു പ്ലാൻ. പക്ഷെ നടന്നില്ല, കുറച്ച് നേരം കാത്തിട്ടും പാലം ഗ്രീൻ സിഗ്നലിൽ തന്നെയാണ്. ആദ്യം ദിവസം തന്നെ തണുപ്പടിച്ച് ജലദോഷം പിടിപ്പിക്കേണ്ട എന്നു കരുതി ഞങ്ങൾ മടങ്ങി. നിരാശയോടെ തുടങ്ങിയ ദിവസം മനസ് നിറച്ചാണ് അവസാനിച്ചത്.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations
  • Travel Stories