Thursday 08 December 2022 04:32 PM IST : By സ്വന്തം ലേഖകൻ

ഇന്റഗ്രേറ്റഡ് സിറ്റി പാസ് വരുന്നു, കൊൽക്കത്തയിൽ സഞ്ചാരികൾക്കിനി ക്യൂ ഒഴിവാക്കാം

kolkata inegrted pass

ഇന്ത്യക്കകത്തുനിന്നും പുറത്തു നിന്നും ഒട്ടേറെ സഞ്ചാരികളെത്തുന്ന കൊൽക്കത്ത നഗരത്തിൽ വിവിധ ഡെസ്റ്റിനേഷനുകളിലേക്കുള്ള പ്രവേശനടിക്കറ്റുകൾ ഒരുമിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് സിറ്റി പാസ് നടപ്പിലാക്കുന്നു. നൂറിലേറെ വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള കൊൽക്കത്ത മഹാനഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും 21 കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് ആദ്യഘട്ടത്തിൽ പാസിൽ ഉൾപ്പെടുന്നത്. തുടർന്ന് കൂടുതൽ ഡെസ്റ്റിനേഷനുകളെ ഈ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തും.

ക്യൂആർ കോഡ് സംവിധാനമുള്ള കോഡ് ബംഗാൾ ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺ ലൈനായും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഓഫ്‌ലൈനായും വാങ്ങാനുള്ള സൗകര്യമുണ്ടായിരിക്കും.

kolkata victoria memorial

സഞ്ചാരികൾക്ക് സമയം ലാഭിക്കാനും ഡെസ്റ്റിനേഷനുകളിലെ പ്രവേശനം സുഗമമാക്കാനും സഹായിക്കും വിധമാണ് പാസ് തയാറാകുന്നത്. ‘ഡിസ്കവർ കൊൽക്കത്ത’ എന്നു പേരിട്ട ഈ സംവിധാനത്തിലൂടെ വിക്ടോറിയ മെമ്മോറിയൽ, ഇന്ത്യൻ മ്യൂസിയം, നേതാജി ഭവൻ, നെഹ്‌റു ചിൽഡ്രൻ മ്യൂസിയം, ബിർള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം, ഏഷ്യാറ്റിക് സൊസൈറ്റി, സ്വാമി വിവേകാനന്ദന്റെ പൈതൃക ഭവനം, സയൻസ് സിറ്റി, നിക്കോ പാർക്ക്, രബീന്ദ്ര തീർഥ, നസ്‌റുൾ തീർഥ, ഇക്കോ പാർക്ക്, എയർക്രാഫ്റ്റ് മ്യൂസിയം, മദേഴ്സ് വാക്സ് മ്യൂസിയം, ഗാന്ധി ആശ്രമം, നാട്യ ശോധ് സംസ്ഥാൻ (ബിധാൻ നഗർ), കൊൽക്കത്ത പോർട്ട് മാരിടൈം മ്യൂസിയം, കൊൽക്കത്ത പൊലിസ് മ്യൂസിയം എന്നീ ആകർഷണങ്ങളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുന്നത്.

kolkata indian museuml

21 സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് 495 രൂപയാണ് ഈടാക്കുന്നത്. പാസ് ഉപയോഗിച്ച് ഒരു സ്ഥലത്തേക്ക് ഒരിക്കൽ മാത്രമേ കയറാനാകൂ. ഏഴു ദിവസത്തെ കാലാവധിയാണ് പാസിനുള്ളത്. സ്വദേശത്തെയും വിദേശത്തെയും സഞ്ചാരികൾക്ക് പാസ് എടുക്കാൻ സാധിക്കും. സഞ്ചാരികൾക്ക് താൽപര്യമുള്ള മൂന്നോ ഏഴോ സ്ഥലങ്ങൾ മാത്രം ഉൾപ്പെടുത്തി പാസ് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഈ ഡിസംബർ 15 മുതൽ ഡിസ്കവർ കൊൽക്കത്ത ലഭ്യമാകുമെന്ന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞു.

Tags:
  • Manorama Traveller
  • Travel India