ഗോവയുടെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ കാർണിവലിന് അരങ്ങുണരുന്നു. പാട്ടും നൃത്തവും ആഘോഷങ്ങളുമായി കുറച്ച് ദിവസങ്ങൾ ഗോവയിൽ ചെലവിടാൻ സഞ്ചാരികൾക്കിത് മികച്ച അവസരമാണ്. നാളെ ആരംഭിക്കുന്ന കാർണിവൽ 21 ചെവ്വാഴ്ച വരെ നീണ്ടു നിൽക്കും. ഉദ്ദേശം 500 വർഷത്തെ പഴക്കമുള്ള ആഘോഷം എന്ന നിലയിലും ഗോവൻ കാർണിവൽ പ്രശസ്തമാണ്. പണ്ട് ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ് ഇത് ആഘോഷിച്ചിരുന്നതെങ്കിൽ ഇന്നിത് ജാതി മത ഭേദമന്യേ നാടിന്റെ ഉത്സവമായി കൊണ്ടാടുന്നു. ക്രിസ്ത്യൻ വിശ്വാസികളുടെ അൻപതു നോയമ്പിന് മുന്നോടിയായാണ് ഗോവൻ കാർണിവൽ ആഘോഷിക്കുന്നത്.

പനാജി, മാപൂസ, മർഗാവോ, വാസ്കോ എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും കാർണിവൽ ആഘോഷം. കാർണിവൽ കിങ് എന്നറിയപ്പെടുന്ന മോമോയാണ് ഗ്രാൻഡ് പരേഡിന് നേതൃത്വം നൽകുന്നത്.പനാജിയിൽ വച്ച് കാർണിവൽ തുടങ്ങുമ്പോൾ മോമോയുടെ രൂപം ധരിച്ചെത്തുന്നയാൾ നിർദ്ദേശങ്ങൾ നൽകുന്നു. ചുവപ്പും കറുപ്പും നിറങ്ങളണിഞ്ഞ് ആളുകളെത്തി കാർണിവൽ അതിന്റെ പാരമ്യത്തിലെത്തുന്നത് അവസാനത്തെ ദിനത്തിലാണ്. ന്യൂ ഇയറും ക്രിസ്മസും ഗോവയിലാഘോഷിക്കാൻ പദ്ധതിയിട്ട് നടക്കാതെ പോയ സഞ്ചാരികൾക്ക് ഇത് സുവർണാവസരം. യാത്ര പോകാം, ഗോവയുടെ ആഘോഷതിമിർപ്പിലേക്ക്...