Friday 29 December 2023 02:54 PM IST : By Raju Mathew

കേരളത്തിന്റെ കാഴ്ചകളിലേക്ക് പറന്നിറങ്ങാൻ ഇനി ഹെലി ടൂറിസം, ഉദ്ഘാടനം നാളെ

heli tourism1

കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പറക്കും വേഗം നൽകുകയാണ് ഹെലി ടൂറിസം. കേരളമെന്ന കൊച്ചു മരതകത്തുരുത്തിന്റെ ആകാശക്കാഴ്ച കണ്ണുനിറച്ച് കണ്ട് എത്രയും പെട്ടെന്ന് ലക്ഷ്യ സ്ഥാനങ്ങളിൽ എത്താൻ ഇതിലും നല്ല യാത്രാമാർഗമില്ല. അതു കൊണ്ടു തന്നെ ഹെലിടൂറിസത്തിന് അനന്ത സാധ്യതകളാണ് സംസ്ഥാനത്തുള്ളത്. വരും നാളുകളിൽ കേരളത്തിന്റെ ആകാശത്ത് ഇനിയും ഏറെ യന്ത്രത്തുമ്പികൾ വട്ടമിടുമെന്ന് ഉറപ്പ്.

രാവിലെ കൊച്ചി, പിന്നെ ശബരിമല, ഉച്ചയോടെ ഗുരുവായൂർ, വൈകിട്ട് കാടാമ്പുഴ സന്ദർശനവും കഴിഞ്ഞ് തിരികെ കൊച്ചിയിൽ. അവിടെ നിന്ന് നേരെ ബെംഗളുരു അല്ലെങ്കിൽ ഡൽഹി. മുൻപ് ദിവസങ്ങൾ വേണ്ടിയിരുന്ന ഈ സന്ദർശനങ്ങൾക്ക് ഇപ്പോൾ ഒരുദിവസം ധാരാളം. കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് മുൻപ് ആറും ഏഴും മണിക്കൂർ യാത്രാദൂരം ഉണ്ടായിരുന്ന സ്ഥാനത്ത് ഹെലിക്കോപ്റ്ററിൽ ഇപ്പോൾ 35 മിനിറ്റ് ധാരാളം. കുമരകത്തേക്കും ഏതാണ്ട് ഇതേ യാത്രാ സമയം മതി.

പോക്കറ്റ് കീറില്ലേ?

‘അയ്യോ, ഹെലിക്കോപ്റ്ററോ! പോക്കറ്റു കീറും’ എന്ന് കരുതിയാൽ തെറ്റി. ഒരാൾക്ക് ഉദ്ദേശം 15,000 രൂപയേ ചെലവു വരൂ. അഞ്ചോ ഏഴോ പേർ ഉണ്ടെങ്കിൽ ഹെലിക്കോപ്റ്റർ റെഡി. മൂന്നാറിലേക്ക് ഒരു സുന്ദരൻ റൈഡ്. കൂടാതെ മൂന്നാറിന്റെ കൺകുളിർക്കുന്ന ആകാശക്കാഴ്ച കണ്ട് ഒന്നു ചുറ്റിയടിക്കാം.

പണ്ട് വമ്പൻ കമ്പനി ഉടമകൾ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന സാധ്യതകളാണ് ഇപ്പോൾ ടെക്കികൾ ഉൾപ്പടെയുള്ളവർ ഉപയോഗിക്കുന്നത്. സമയമാണ് പണമെന്ന് കരുതുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഹെലിക്കോപ്റ്ററിനെയാണ്.

heli tourism2

മുൻപ് വല്ലപ്പോഴും മാത്രം ട്രിപ്പുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഏറ്റവും കുറഞ്ഞത് മാസത്തിൽ മൂന്നു ട്രിപ്പുകളെങ്കിലും ബെംഗളുരുവിൽ നിന്ന് കൊച്ചിയിലേക്കും മൂന്നാറിലേക്കും നടത്തുന്നുണ്ടെന്ന് ഹെലി ടൂറിസം സേവനങ്ങൾ നൽകുന്ന ബെംഗളുരുവിലെ ചിപ്സൻ കമ്പനിയിലെ ടിം ചിപ്സൻ നായകരായ സുനിൽ നാരായണനും ഡെയ്സി ചെറിയാനും പറഞ്ഞു. ഡിസംബർ, ജനുവരി മാസങ്ങളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്താൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ കൊച്ചിയിൽ വിമാനത്തിൽ ഇറങ്ങി അവിടെ നിന്ന് ബോൾഗാട്ടിയിൽ എത്താനും ഹെലി സർവീസ് ഉപയോഗിച്ചവരുണ്ട്. കൊച്ചി - ശബരിമല - ഗുരുവായൂർ- കാടാമ്പുഴ - കൊച്ചി ഹെലിക്കോപ്റ്റർ യാത്രയ്ക്ക് അഞ്ചംഗ സംഘത്തിന് മൂന്നരലക്ഷത്തോളം ചെലവാകും. ഹെലിപ്പാഡുകളിൽ നിന്ന് യാത്രാലക്ഷ്യങ്ങളിലേക്ക് ടാക്സി സേവനം ഉൾപ്പെടെ ചിപ്സൻ ഏർപ്പെടുത്തും.

ശബരീശനെ കണ്ട് തൊഴാനും അനന്തപത്മനാഭന്റെ അരികിലെത്താനും കർണാടകയിലും ആന്ധ്രയിലുമുള്ളവർക്ക് ഏറെ ആഗ്രഹമുണ്ട്. ഗുരുവായൂരപ്പന്റെ ഭക്തരും ഏറെയാണ്. മുൻപ് യാത്രാദൂരമായിരുന്നു തടസ്സമെങ്കിൽ, ഇപ്പോൾ ഹെലിടൂറിസം വന്നതോടെ ഏതാനും മണിക്കൂറുകളുടെ അകലത്തിലായി ഈ പുണ്യസ്ഥലങ്ങളെല്ലാം. പിൽഗ്രിം ടൂറിസത്തിന്റെ സാധ്യതകളെ കേരളത്തിന് പരമാവധി പ്രയോജനപ്പെടുത്താനും ഹെലി ടൂറിസം പ്രയോജനപ്പെടും.

heli tourism4

നാഷനൽ ജിയോഗ്രഫിക്കിനായി ബ്രിട്ടിഷ് സാഹസികനും ടെലിവിഷൻ അവതാരകനുമായ എഡ്വേർഡ് മൈക്കിൾ (ബിയർ) ഗ്രിൽസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പവും നടൻ രജനീകാന്തിനൊപ്പവും ബന്ദിപ്പുർ വനത്തിലാണ് രംഗങ്ങൾ ചിത്രീകരിച്ചത്.

അതേ സമയം അതിനേക്കാൾ ഭംഗിയുള്ള കിടു കടുവാ സങ്കേതങ്ങളാണ് നമ്മുടെ പെരിയാർ കടുവ സങ്കേതവും വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതമെന്നും സുനിൽ നാരായണൻ ചൂണ്ടിക്കാട്ടി. ഹെലി ടൂറിസത്തിലൂടെ കൂടുതൽ സഞ്ചാരികളെയും ഇതുപോലുള്ള രാജ്യാന്തര സാഹസികരെയും ഇവിടേക്ക് ആകർഷിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇവയാകും ബന്ദിപ്പുരിനേക്കാൾ ചിത്രീകരിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഒരു നീളൻ സാധ്യത

ഏതാണ്ട് 590 കിലോമീറ്റർ നീളത്തിലാണ് കേരളത്തിന്റെ തീരഭൂമി. ഇവിടെ നിന്ന് ശരാശരി 50 കി.മീ ദൂരത്താണ് കിഴക്കൻ കുന്നിൻ പ്രദേശം. ഇതിനിടയിലുള്ള യാത്രാപരിമിതികളാണ് ഹെലിടൂറിസത്തിന്റെ അനന്ത സാധ്യത. ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിൽ ആറുവരിപ്പാത വികസനം തന്നെ പലപ്പോഴും ചിന്തിക്കാൻ പറ്റാത്തതാണ്. ഇതര സംസ്ഥാനങ്ങളുടെ സാധ്യതയും മെച്ചവും ഇക്കാര്യത്തിലാണ്. അവിടെ റോഡ് വികസനത്തിന് പ്രശ്നങ്ങളില്ല. അതേ സമയം കേരളത്തിന്റെ സുന്ദരൻ ഭൂപ്രകൃതിയാണ് ഹെലിടൂറിസത്തിന്റെ വിപുലമായ സാധ്യത. കടലും കടലോരവും കായലും കായൽക്കാറ്റും ഇടനാടും കിഴക്കൻ മലയോരവും എല്ലാം ഉള്ള സമഗ്ര പാക്കേജാണ് നമ്മുടെ സംസ്ഥാനം.

heli tourism3

ഏത് ഭൂപ്രകൃതി കാണാൻ ആഗ്രഹിക്കുന്നുവോ അത് കൺനിറച്ച് കാണാൻ നമ്മുടെ നാട്ടിൽ സൗകര്യമുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നതും കാഴ്ചകളുടെ ഈ സമഗ്രതയാണ്. ഉത്തരാഖണ്ഡിലോ കശ്മീരിലോ പോയി കടൽ കാണണമെന്ന് ആഗ്രഹിക്കാനാവില്ല. കാഴ്ചകളുടെ ഒരു സൂപർമാർക്കറ്റാണ് കേരളം.

എന്നാൽ ഇവിടെ ഒരു മണിക്കൂർ കാഴ്ച കാണാനായി ആറും ഏഴും മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെടുമ്പോഴാണ് യാത്ര അറു ബോറാകുന്നത്, വിനോദയാത്ര വിരസയാത്രയാകുന്നത്. ഇതിനെല്ലാമുള്ള പരിഹാരമാണ് ഹെലി ടൂറിസം.

സൗകര്യങ്ങൾ ഉപയോഗിക്കാം

കേരളത്തിൽ നാലു വിമാനത്താവളങ്ങളുള്ളതും ഇവയുടെ ഇടയ്ക്കുള്ള പ്രദേശങ്ങളിലെല്ലാം നല്ല ഹെലിപ്പാടുകൾ ഉള്ളതും ഹെലി ടൂറിസത്തിന് മുതൽക്കൂട്ടാണ്. ഇതു മൂലം എവിടെ നിന്ന് യാത്ര ചെയ്യാൻ ഒരുങ്ങിയാലും അതിന് ഏറ്റവും സമീപമുള്ള ഹെലിപ്പാഡിൽ നിന്ന് യാത്രക്കാരെ കയറ്റാനാവും.

തിരുവനന്തപുരം - പൊൻമുടി യാത്രയും ആദ്യന്തം ഹൃദ്യമായ ആകാശക്കാഴ്ചകൾ കൊണ്ടു നിറഞ്ഞതാണ്. ഇതിനു പുറമേ അറിയപ്പെടാത്ത ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടി കണ്ടെത്തി അവയെ ഹെലി ടൂറിസവുമായി കൂട്ടിയിണക്കിയാൽ കേരളത്തിലേക്ക് വിദേശ ടൂറിസ്റ്റുകൾക്കൊപ്പം ആഭ്യന്തര ടൂറിസ്റ്റുകളുടെയും പ്രവാഹമാകും.

സമയലാഭവും കാഴ്ചകളിലെ വേറിട്ട അനുഭവവും കോർത്തിണക്കുന്ന കേരള ടൂറിസത്തിന്റ ഹെലി ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് കൊച്ചിയിൽ നാളെ തുടക്കമാകുന്നത്.

Tags:
  • Manorama Traveller
  • Kerala Travel