കർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് 10 ദിവസത്തെ ഭാരത് ഗൗരവ് ട്രെയിൻ യാത്ര ആരംഭിക്കുന്നു. സൗത്ത് വെസ്റ്റേൺ സോജേൺ എന്നു പേരിട്ടിരിക്കുന്ന യാത്ര ജൂൺ 17 ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന പാക്കേജ് ടൂർ മൈസൂരു, ഹംപി, ഷിർദി, നാസിക്, മഡ്ഗാംവ് എന്നീ സ്ഥലങ്ങൾ കണ്ട് 26 ന് തിരിച്ചെത്തും. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഈ പ്രത്യേക ട്രെയിനിൽ കയറാൻ സൗകര്യമുണ്ട്.
10 പകലും ഒൻപതു രാത്രിയും നീളുന്ന ടൂറിൽ മൈസൂരുവാണ് ആദ്യ ഡെസ്റ്റിനേൻ. രണ്ട് ദിവസംകൊണ്ട് സെന്റ് ഫിലോമിനാസ് ചർച്ച്, വൃന്ദാവൻ ഗാർഡൻ, ചാമുണ്ഡി ഹിൽസ്, റെയിൽവേ മ്യൂസിയം എന്നിവ സന്ദർശിച്ച് യുനെസ്കോ ലോകപൈതൃക കേന്ദ്രമായ ഹംപിയിലേക്ക് പുറപ്പെടും. തുടർന്ന് ഷിർദിയും ശനി ശിങ്ഗനപുരും കണ്ട് നാസിക്കിലേക്ക്. ത്ര്യംബകേശ്വറും പഞ്ചവടിയുമാണ് നാസിക്കിലെ കാഴ്ചകൾ. അതിനുശേഷം മഡ്ഗാംവിലേക്ക് നീങ്ങും. കലഗുന്ദേ ബീച്ച്, ബസിലിക്ക ഒഫ് ബോം ജീസസ്, സെ കതീഡ്രൽ എന്നീ കാഴ്ചകൾക്ക് ശേഷം കൊച്ചുവേളിയിലേക്ക് മടക്കയാത്ര.

സ്റ്റാൻഡേർഡ്, കംഫർട് എന്നിങ്ങനെ രണ്ടുവിധം ടിക്കറ്റുകളാണ് സൗത്ത് വെസ്റ്റേൺ സോജേണിലുള്ളത്. സ്ലീപർ ക്ലാസ് ട്രെയിൻ യാത്രയും നോൺ എസി വാഹന, താമസ സൗകര്യവും ലഭിക്കുന്ന സ്റ്റാൻഡേഡ് വിഭാഗത്തിൽ 18350 രൂപയാണ് നിരക്ക്. തേഡ് എസി ട്രെയിൻ യാത്രയും എസി താമസ, വാഹന സൗകര്യവും ലഭിക്കുന്ന കംഫർട് വിഭാഗത്തിൽ 28280 രൂപയാകും ഒരാൾക്ക്. യാത്രാ ദിവസങ്ങളിൽ മൂന്നു നേരത്തെ വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പടെയാണ് പാക്കേജ്.

കൊച്ചുവേളിക്കു പുറമെ കൊല്ലം, കോട്ടയും, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ കയറാനും മംഗലൂരു, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ മടക്കയാത്രയിൽ ഇറങ്ങാനും സാധിക്കും