Thursday 11 November 2021 01:47 PM IST

രഥോത്സവത്തിന് കൽപാത്തി ഒരുങ്ങി: ദേവന്മാരുടെ തേര് വലിക്കാൻ പോകാം പാലക്കാട്ടേക്ക്

Baiju Govind

Sub Editor Manorama Traveller

kalpathi 10

അരിപ്പൊടിക്കോലം മുറ്റത്തെഴുതിയാണ് അഗ്രഹാരങ്ങളിൽ നേരം പുലരുക. ഐശ്വര്യത്തിന്റെ പ്രതീകം പടിപ്പുരയിൽ ചാർത്തി സ്വാഗതമരുളുന്നു അവിടെയുള്ളവരുടെ ഹൃദയവിശാലത.

രാവിലെ ആറരയ്ക്ക് അഗ്രഹാരത്തിലെത്തിയപ്പോൾ നാലമ്പലത്തിനകത്തു കയറിയ പോലെ. മന്ത്രോച്ചാരണങ്ങളിൽ മുഖരിതമായിരുന്നു ഗ്രാമം. നെറുകയിലേക്കു വാരിക്കെട്ടിയ കുടുമയുമായി സൈക്കിളിൽ സഞ്ചരിക്കുന്നു ദീക്ഷിതന്മാരും പൂജാരികളും. തെളിഞ്ഞ നിലവിളക്കും ചന്ദനത്തിരിയുടെ സുഗന്ധവുമായി ആ നാട് ഒരു തീർഥാടന കേന്ദ്രം പോലെ. തമിഴും മലയാളവും കലർത്തി ‘തമിഴാളം’ സംസാരിക്കുന്ന കൽപ്പാത്തിയുടെ സ്ഥലപുരാണം പറയാം.

പണ്ടു പൂജയ്ക്ക് ബ്രാഹ്മണരെ കിട്ടാതായപ്പോൾ പാലക്കാട്ടെ രാജാവ് തമിഴ്നാട്ടിൽ നിന്നു പൂജാരികളെ കൊണ്ടു വന്നു. കുളി–തേവാരത്തിനു സൗകര്യം നോക്കി അവർ കൽപ്പാത്തിപ്പുഴയുടെ തീരത്ത് വീടുവച്ചു. കാലം കടന്നപ്പോൾ പുഴക്കരയിലെ ബ്രാഹ്മണരുടെ ഗ്രാമം അഗ്രഹാരമായി. മലയാളക്കരയുടെ സംസ്കാരവും ബ്രാഹ്മണ്യത്തിന്റെ വിശുദ്ധിയും ഹൃദയത്തിനു കുറുകെയണിഞ്ഞ് അവർ ക്ഷേത്രോപാസകരായി ഉപനയനം ചെയ്തു. കാലപ്പഴക്കത്തിന്റെ പെരുമ പിൽക്കാലത്ത് കൽപ്പാത്തി എന്ന പേരിനെ യുനെസ്കോയുടെ പൈതൃകപ്പട്ടികയിലേക്കുയർത്തി.

kalpathi 13

കൽപാത്തി രഥോത്സവം

എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

kalpathi 12

പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന ഭാരതപ്പുഴയുടെ കൈവഴിയായ കൽപ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി.യിൽ‍ നിർമ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥസ്വാമിക്ഷേത്രം സന്ദർശിച്ചു മടങ്ങിയ തമിഴ്‌നാട് മായാവാരം സ്വദേശിനിയായ ഒരു തമിഴ് ബ്രാഹ്മണസ്ത്രീ കൊണ്ടു വന്ന ശിവന്റെ ജ്യോതിർലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കാശി വിശ്വനാഥസ്വാമിക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പാതി കൽപ്പാത്തി എന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ദക്ഷിണാമൂർത്തി, ഗംഗാധരൻ, കാലഭൈരവൻ, ചണ്ഡികേശ്വരൻ എന്നീ ശിവന്റെ വിവിധ ഭാവങ്ങളും, വള്ളിദേവസേന സമേതനായ സുബ്രമണ്യൻ, ഗണപതി, സൂര്യൻ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിലുണ്ട്. ഈ ക്ഷേത്രത്തിന് സമീപത്തായി ലക്ഷ്മീസമേതനായ ഭഗവാൻ നാരായണന്നും, ഗണപതിക്കും പ്രത്യേകം ക്ഷേത്രങ്ങളുമുണ്ട്. ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതിചെയ്യുന്ന കൽ‌പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ പ്രദേശങ്ങളിൽ ഒന്നാണ്. ശിവക്ഷേത്രനിർമ്മാണത്തോടനുബന്ധിച്ചാണ് ഇവർ ഇവിടേക്ക് കുടിയേറിയത്.

രഥോത്സവം 2021

kalpathi 11


കോവിഡ് ലോക്ഡൗണിനു ശേഷം കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്താനാണ് സര്‍ക്കാരിന്റെ അനുമതിയുള്ളത്. ഉത്സവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ മന്തക്കര മഹാഗണപതി ക്ഷേത്രം, ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും കൊടിയേറി. സര്‍ക്കാർ നിര്‍ദേശമുള്ളതിനാൽ നൂറ് പേർ മാത്രമാണ് കൊടിയേറ്റ ചടങ്ങുകളിൽ പങ്കെടുത്തത്.

14,15,16 തീയതികളിലാണ് അഗ്രഹാര വീഥികളിൽ രഥം വലിക്കുക. 200 പേര്‍ക്കാണ് ഈ ചടങ്ങിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയത്.

കൽപാത്തിയിലെ സായാഹ്നങ്ങൾ മനോഹരമാണ്. അവിടെ ചെന്നിറങ്ങിയപ്പോൾ മുതൽ രസകരമായിരുന്നു കാഴ്ചകൾ. സൂര്യൻ അസ്തമിച്ചപ്പോൾ കൽപാത്തി കൂടുതൽ സുന്ദരിയായി. കൽപ്പാത്തിപ്പുഴ അന്തിമാനച്ചുവപ്പിൽ നീരാടി. തോർത്തുമുണ്ടു ചുറ്റിയ ദീക്ഷിതന്മാർ കുളിക്കടവുകളിലേക്കു നീങ്ങി. ചിലപ്പതികാരം ചിതറിയ തേർവീഥികളിലേക്ക് അസ്തമയം അരിച്ചിറങ്ങി. സന്ധ്യാനാമത്തിന്റെ മധുരത്തോടെ രാത്രിയെ വരവേൽക്കുകയാണ് കൽപ്പാത്തി. എട്ടിന് അത്താഴം. അതു കഴിഞ്ഞ് പ്രാർഥന. ബ്രാഹ്മമുഹൂർത്തത്തിൽ ഉണരാനായി സുഖ നിദ്ര...

ചിട്ടവട്ടങ്ങൾ ചാലിച്ച് നെറ്റിയിൽ കുറിയണി‍ഞ്ഞ അഗ്രഹാരത്തോടു യാത്ര പറയുകയാണ്. പുതിയ കൽപ്പാത്തിയിലെ വലിയ വളവിൽ പോലും വണ്ടിയുടെ ഹോണടിക്കാൻ തോന്നിയില്ല. ആരുടെയും ശല്യമില്ലാതെ, എക്കാലത്തേയും പോലെ രാത്രിയെ പുണർന്നുറങ്ങട്ടെ ശാന്തിമന്ത്രങ്ങളുടെ ഗ്രാമം.

ഓം സഹനാവവതു സഹനൗ ഭുനക്തു

സഹവീര്യം കരവാവഹൈ

തേജസ്വി നാവധിതമസ്തു മാ വിദ്വിസാഷാവഹൈ

ഓം ശാന്തി ശാന്തി ശാന്തി


Tags:
  • Manorama Traveller