ADVERTISEMENT

മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ആചാരാനുഷ്ഠാനളോടെ പാലക്കാട് കൽപാത്തി ഗ്രാമ ക്ഷേത്രങ്ങളിൽ രഥോത്സവം കൊടിയേറി.12ന് അഞ്ചാം തിരുനാൾ രഥസംഗമം ആഘോഷിക്കും. 14നാണ് ഒന്നാം തേര്. 15നു രണ്ടാം തേരുത്സവവും 16നു ദേവരഥസംഗമവും നടക്കും. കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ രാവിലെ വിഘ്നേശ്വരപൂജ, അങ്കുരപൂജ, ശിവപാർവതിമാർക്ക് ഏകാദശ ദ്രവ്യാഭിഷേകം ചടങ്ങുകൾ നടന്നു. തുടർന്നു 10.30നു ശേഷമായിരുന്നു കൊടിയേറ്റം.

മുഖ്യപൂജാരിമാരായ പ്രഭുദേവ സേനാപതി, രത്നസഭാപതി എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ വേദപാരായണത്തിനുശേഷം ഭക്തരുടെ സാരഥ്യത്തിൽ ഗണപതി പല്ലക്കിലേറി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെത്തി വണങ്ങിയശേഷം തിരിച്ചെഴുന്നള്ളി. തുടർന്നു 10.30നും 11.30നും ഇടയ്ക്കായിരുന്നു കൊടിയേറ്റം. രാംകുമാർ ശിവാചാര്യർ, മുഖ്യപൂജാരി കെ.വി.വെങ്കിടീശ്വരൻ എന്നിവർ കാർമികത്വം വഹിച്ചു.

kalpathi-ratholsavam-kodiyettu-village-temples
പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം
ADVERTISEMENT

പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ രാവിലെ കളഭാഭിഷേകം, വേദപാരായണം ചടങ്ങുകൾക്കു ശേഷം 10.30നും 11നും ഇടയ്ക്കായിരുന്നു കൊടിയേറ്റം. മുഖ്യപുരോഹിതൻ രാമമൂർത്തി ഭട്ടാചാര്യർ, ഗ്രാമ പുരോഹിതൻ ബാലു വാധ്യാർ, രാമഗോവിന്ദ ഭട്ടാചാര്യർ, നാരായണസ്വാമി ഭട്ടാചാര്യർ, രാമമൂർത്തി ഭട്ടാചാര്യർ എന്നിവർ കാർമികത്വം വഹിച്ചു. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ 9.30നും 10.30 ഇടയ്ക്കു മുഖ്യ പൂജാരി ശ്രീകാന്ത് ഭട്ടാചാര്യർ, രമേഷ് ദ്രാവിഡ് എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം.

സംഗീതോത്സവത്തിന് ഇന്നു തുടക്കം

ADVERTISEMENT

കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള സംഗീതോത്സവത്തിന് ഇന്നു ചാത്തപുരം റോഡിലെ ടി.വി.ശങ്കരനാരായണൻ നഗറിൽ അരങ്ങുണരും. വൈകിട്ടു 6നു വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. തുടർന്നു കുന്നക്കുടി എം.ബാലമുരളിയുടെ സംഗീത കച്ചേരി നടക്കും. തിരുവിഴ വിജു എസ്.ആനന്ദ് (വയലിനിലും) കുഴൽമന്ദം രാമകൃഷ്ണൻ (മൃദംഗത്തിലും) വി.അനിരുദ്ധ് ആത്രേയ (ഗഞ്ചിറയിലും) അകമ്പടിയേകും.

പുരന്ദരദാസർ ദിനത്തോടെയാണു തുടക്കം.13നു വൈകിട്ട് 6നു സമാപന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. നടക്കും. തുടർന്ന് ഐശ്വര്യ വിദ്യയുടെ കച്ചേരി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സംസ്ഥാന ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണു സംഗീതോത്സവം നടത്തുന്നത്.

ADVERTISEMENT
ADVERTISEMENT