Friday 03 February 2023 04:04 PM IST

ലോകസഞ്ചാരികൾക്കും പ്രിയപ്പെട്ട കേരള ബാക്ക്‌വാട്ടേഴ്സ് ആസ്വദിക്കാം വെറും 29 രൂപയ്ക്ക്

Easwaran Namboothiri H

Sub Editor, Manorama Traveller

kerala backawater on boat

പുലർ വെട്ടം പരന്നിറങ്ങുന്നതേയുള്ളു. വാച്ചിൽ 5.45 കാണിച്ചപ്പോൾ ഡബിൾ ബെൽ മുഴങ്ങി. അതുവരെ ശാന്തവും നിശ്ചലവുമായിരുന്ന കൊടൂരാറ്റിൽ അലകളിളക്കി എൻജിൻ മുരണ്ടു. കോട്ടയം-ആലപ്പുഴ പാസഞ്ചർ സർവീസ് പുറപ്പെടുകയാണ്. എംസി റോഡിലെ കോടിമത പാലത്തിനുമപ്പുറം വെള്ള കീറുന്ന ആകാശത്തെ പിൻതള്ളി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ 58ാം നമ്പർ ബോട്ട് ജലപ്പരപ്പിലൂടെ സാവധാനം നീങ്ങിത്തുടങ്ങി.

1kumarakom boat jetty

പഴയ പാതയിലൂടെ

പുത്തൻതോട്, കാഞ്ഞിരം ജെട്ടി വഴിയുള്ള സ്ഥിരം ജലപാതയ്ക്കു കുറുകെ പാലങ്ങളുടെ നിർമാണം നടക്കുകയായിരുന്നതിനാൽ റൂട്ട് മാറിയാണ് അന്ന് ബോട്ട് ഓടിയത്. ഇപ്പോൾ വീണ്ടും കാഞ്ഞിരം വഴിയുള്ള ജലപാത തന്നെ ഉപയോഗിക്കുന്നു. ടിക്കറ്റ് മെഷിനുമായി സമീപത്തെത്തിയ കണ്ടക്ടറോട് ‘രണ്ട് ആലപ്പുഴ’ എന്നു പറഞ്ഞു തീരും മുൻപ് കേട്ടു, 58 രൂപ. അതയാത്, ഒരാൾക്ക് 29 രൂപ! ഇത്ര കുറവാണോ ബോട്ട് ടിക്കറ്റ്! കൊടൂരാറ്റിലൂടെ തന്നെ അൽപം തെക്കോട്ടു സഞ്ചരിച്ച് പള്ളം, കോട്ടയം പോർട്ട് ടെർമിനലിനു സമീപത്തുകൂടി പടിഞ്ഞാറോട്ട് സഞ്ചരിക്കവേ കിഴക്കൻ ചക്രവാളത്തെ ചെമ്പട്ട് പുതപ്പിച്ച് സൂര്യൻ തന്റെ വരവ് അറിയിച്ചു. തുടർന്നു സഞ്ചരിക്കുമ്പോൾ ബോട്ടിന് ഇടതു വശത്ത് കൃഷി ഇടങ്ങൾ കാണാം. ഈ ഭാഗമാണ് പഴുക്കാനില. ഇവിടെ കോട്ടയം നഗരത്തിന് വടക്കു വശത്തുകൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ ഒരു കൈവഴി നഗരത്തിന്റെ തെക്കേ അതിരു തൊട്ടെത്തിയ കൊടൂരാറിലേക്ക് ചേരുന്നു. ഇവ ഒരുമിച്ച് വേമ്പനാട്കായലിലേക്കു പതിക്കുന്നു. ഇവിടെ വേമ്പനാട് കായൽ പഴുക്കാനില കായൽ എന്നാണ് അറിയപ്പെടുന്നത്.

2old light house

1886 ൽ കോടിമതയിൽ നിന്ന് പുത്തൻതോട് വെട്ടി കോട്ടയം ജലപാതയെ കുമരകവുമായി ബന്ധിപ്പിക്കുന്നതിനു മുൻപ് ഏറെ സജീവമായിരുന്നു ഈ ജലമാർഗം. അതിന്റെ ശേഷിപ്പായി 200 വർഷത്തിലേറെ പഴക്കമുള്ള വിളക്കുമരം ബോട്ട് യാത്രയിൽ കാണാം. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോ 1815ൽ സ്ഥാപിച്ച ലൈറ്റ് ഹൗസ് മൺറോ വിളക്ക് എന്നും അറിയപ്പെട്ടിരുന്നു. വർഷങ്ങളോളം പ്രവർത്തനം നിലച്ചിരുന്ന ഇത് അടുത്തകാലത്ത് വൈദ്യുതീകരിച്ച് പ്രവർത്തനം പുനരാരംഭിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു.

ദിവസത്തിന്റെ തുടക്കം

5 kayal life

പുല്ല് വളർന്ന തുരുത്തുകൾക്കിടയിലൂടെ ബോട്ട് നീങ്ങി. നദികളിലൂടെ ഒഴുകിയെത്തുന്ന എക്കൽമണ്ണടിഞ്ഞ് രൂപപ്പെട്ടതാണ് ഈ തുരുത്തുകൾ. കായലരികിലുള്ള വീടുകൾക്കെല്ലാം കടവുകളുണ്ട്. മിക്കവാറും കടവു ചേർന്ന് കെട്ടിയിട്ടിരിക്കുന്ന തോണികൾ.

വെയിൽ പരക്കുന്നതിനു മുൻപ് മീൻ പിടിക്കാൻ പോകുന്നവർ വള്ളത്തിൽ വലയുമായി ഇറങ്ങിക്കഴിഞ്ഞു. കായലിൽ ചേരക്കോഴിയും നീലക്കോഴിയും സജീവമായിത്തുടങ്ങി. പോളകളിലും ജലപ്പരപ്പിനു മുകളിലേക്കു നിൽക്കുന്ന കുറ്റികളിലും ധ്യാനത്തിൽ മുഴുകി ഇരിക്കുന്ന കൊക്കുകൾ. തീരം ചേർന്നു പറന്നിറങ്ങാൻ തുടങ്ങുന്ന കുരുവിക്കൂട്ടങ്ങൾ... ജലപ്പരപ്പിലെ പ്രഭാതം മനോഹരമായ കാഴ്ചയാണ്. പുലർവെട്ടം വീഴുന്നതിനൊപ്പം സജീവമാകുന്ന ജീവിതക്കാഴ്ചകൾ. മനുഷ്യർമാത്രമല്ല, നീർപ്പക്ഷികളും പ്രതീക്ഷയുടെ ചിറകു കുടഞ്ഞ് ഉണരുന്നു.

23 inside boat

കായലോരം ചേർന്നുള്ള വീടുകളിൽ ദിവസം തുടങ്ങുന്നതിന്റെ തിരക്കാണ്. കടവിലിറങ്ങി പാത്രം കഴുകുന്ന വീട്ടമ്മമാർ, ചിലർ കുളിക്കുന്നു, തുണി അലക്കുന്നു. ജോലി, പഠനം, ചികിത്സ പല ആവശ്യങ്ങൾക്ക് ആലപ്പുഴയ്ക്കു പോകുന്നവർ ബോട്ട് ജെട്ടികളിൽ കാത്തുനിൽക്കുന്നു. ചതുരാകൃതിയിൽ വെള്ളത്തിലേക്ക് അൽപം നീട്ടി വാർത്ത പ്ലാറ്റ്ഫോം കാണുമ്പോൾ ബോട്ടിനു മുകളിൽ മണി മുഴങ്ങും. ഒപ്പം ബോട്ടിന്റെ സഞ്ചാരപാത അതിനരികിലേക്ക് നീങ്ങും. ചില ജെട്ടികൾ മേൽക്കൂരയും കാത്തിരിപ്പു കേന്ദ്രങ്ങളിലെപ്പോലെ ഇരിപ്പിടങ്ങളുമുള്ളവ ആണ്.

4 life1

യാത്രക്കാരുടെ തിരക്ക് ഏറി വരുന്നതേയുള്ളു. ജലപാതയിൽ മറ്റു ‘വാഹനങ്ങൾ’ കണ്ടുതുടങ്ങി. മോട്ടർ ഘടിപ്പിച്ച വള്ളങ്ങൾ തലങ്ങും വിലങ്ങും പായുന്നു. കായലിനു നടുവിൽ കഴ ഊന്നി വള്ളമുറപ്പിച്ചിട്ട് വല വീശുന്നവരിൽ നിന്ന് ബോട്ട് അകന്നു മാറി. വെള്ളത്തിൽ നിന്നു കക്ക നിറച്ച കുട്ടയുമായി പൊങ്ങി വന്നവർ വള്ളത്തിലേക്ക് കക്ക കുടഞ്ഞിട്ടു. കുട്ടയും വട്ടിയുമായി പാടത്ത് പണിക്കു പോകുന്നവരുടെ വള്ളങ്ങളും കാണാം. കായൽ നിലങ്ങൾക്കരികിലൂടെ പച്ചപ്പുല്ലു വിരിച്ച മൈതാനം കണക്കെ നെല്ല് വളരുന്ന കൃഷിയിടങ്ങളും കുലച്ചു നിൽക്കുന്ന തെങ്ങുകളുമാണ് ഇപ്പോൾ വഴിക്കാഴ്ചകളിൽ നിറയുന്നത്. കീടബാധമൂലം മണ്ടപോയ തെങ്ങുകളിൽ പച്ചപ്പനന്തത്ത കുഞ്ഞിനു തീറ്റ കൊടുക്കുന്നു.

6 kayal life

സജീവമാകുന്ന കായൽപരപ്പ്

കുട്ടനാടിന്റെ പ്രധാന കായൽ നിലങ്ങളിലൊന്നായ ആർ ബ്ലോക്കിനു സമീപത്തുകൂടിയാണ് സഞ്ചരിക്കുന്നത്. കതിരിടാൻ സമയം കാത്തു നിൽക്കുകയാണ് നെൽത്തലപ്പുകൾ. ആർ ബ്ലോക്ക് ബോട്ട് ജെട്ടിയിൽ ഏതാനും പേർ കാത്തുനിന്നിരുന്നു. കായൽ നികത്തിയെടുത്ത ഭൂമികളിലാണ് നെല്ലിന്റെ സമൃദ്ധി കാണുന്നത്. ആർ ബ്ലോക്കും ചിത്തിരയും ചിത്തിരപ്പള്ളിയും കമലന്റെ മൂലയും കുപ്പപ്പുറവും മാർത്താണ്ഡവും കടന്ന് ആലപ്പുഴയുടെ ജലപ്പരപ്പിലേക്ക് ബോട്ട് പ്രവേശിച്ചു. സ്വദേശികളും വിദേശികളുമായി സഞ്ചാരികളുമായി കായൽപരപ്പിൽ അങ്ങിങ്ങ് സഞ്ചരിക്കുന്ന പുരവഞ്ചികളും ടൂറിസ്റ്റ് ബോട്ടുകളും.

9

ബോട്ടിനുള്ളിൽ സ്ഥിരം യാത്രക്കാർ ചിരിച്ചും കുശലം ചോദിച്ചും ‘വെടിവട്ടം’ തുടങ്ങി. കഴിഞ്ഞ ദിവസത്തെ അന്തിക്കള്ളും കരിമീന്റെ രുചിയും വേലിയേറ്റത്തിന്റെ സമയവും അവരുടെ വർത്തമാനത്തിൽ നിറയുന്നു. ബോട്ട് ജെട്ടികളുടെ അകലം കുറഞ്ഞു. കുപ്പപ്പുറം സ്കൂൾ, ചെറുകായൽ, അഴീക്കൽ, കാവുങ്കൽ, സി ജി, പുന്നമൂട്ടിൽ, സോമൻ ബോട്ട് ജെട്ടി... ദേശീയ ജലപാതയിലൂടെ സ്‌റ്റോപ്പുകളുടെ എണ്ണം കൂടിയതോടെ ആളുകളുടെ എണ്ണം വർധിച്ചു.

12

ഓരോ ജെട്ടിയിലും കാത്തുനിൽക്കുന്നവരുടെ ചെറുസംഘങ്ങൾ. അതിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളും എല്ലാവരുമുണ്ട്. സ്കൂൾ വിദ്യാർഥികളും കോളജ് വിദ്യാർഥികളുമുണ്ട്. കുട്ടനാടിന്റെ മക്കൾക്ക് ഇന്നും ജലയാത്ര തന്നെ പഥ്യം. കൊല്ലം–കോട്ടപ്പുറം ദേശീയ ജലപാതയിലൂടെ നെഹ്‌റു ട്രോഫി വള്ളംകളി പവലിയനെ പിന്നിലാക്കി നീങ്ങവേ പുന്നമടക്കയാലിന്റെ പല ഭാഗത്തായി നിർത്തിയിട്ടിരിക്കുന്ന പുരവഞ്ചികളുടെ നിര... കോവിഡ് കാലത്തിനു ശേഷം സഞ്ചാരികളുടെ എണ്ണം കൂടിയതിന്റെ ആഹ്ലാദത്തിലാണ് ആലപ്പുഴയുടെ വിനോദസഞ്ചാര മേഖല.

14

ഇടത്തും വലത്തും കൈവഴികൾ പിരിഞ്ഞൊഴുകുന്ന കനാലുകൾ പിന്നിട്ട് ബോട്ട്് ലക്ഷ്യസ്ഥാനമായ കിഴക്കിന്റെ വെനീസിലേക്ക് അടുക്കുകയാണ്. സമയം ഒൻപതു കഴിഞ്ഞു. വെറും 29 രൂപയ്ക്ക് മൂന്നു മണിക്കൂർ ജലയാത്ര ആലപ്പുഴയിൽ അവസാനിച്ചു. ബോണസ്സായി കിട്ടിയ സുന്ദരകാഴ്ചകൾ മനസ്സിൽ ഓളം തല്ലിക്കൊണ്ടിരുന്നു. പകൽ ഇനിയും ശേഷിക്കുന്നു. ആലപ്പുഴയിലോ മാരാരിക്കുളത്തോ ബീച്ചിൽ പോകാം, ലൈറ്റ് ഹൗസിൽ കയറാം, അമ്പലപ്പുഴയ്ക്കു പോകാം, അതല്ല, കുട്ടനാടിന്റെ ഗ്രാമത്തുടിപ്പുകൾ അറിയാൻ തകഴിക്കോ നെടുമുടിക്കോ ബോട്ട് യാത്രയുമാകാം.

3

എസ് ഡബ്ല്യു റ്റി ഡി 58 കോട്ടയത്തേക്ക് മടക്കയാത്രയ്ക്കായി തിരിച്ചിടുമ്പോൾ ആലപ്പുഴ–കൃഷ്ണപുരം ബോട്ട് നിറയെ യാത്രക്കാരുമായി ജെട്ടിയിലേക്കു കയറുന്നു. ജലയാത്രകൾ അവസാനിക്കുന്നില്ല ഇവിടെ.

15

ഉൾനാടൻ ജലഗതാഗത മാർഗങ്ങളിൽ പൊതുഗതാഗത സൗകര്യം ഉപയോഗിച്ച് സഞ്ചരിക്കുന്നത് കേരള ഗ്രാമങ്ങളെ അടുത്തുകാണാൻ ഇഷ്ടപ്പെടുന്നവർക്ക് മനോഹരമായ അനുഭവമാകും. ഗ്രാമീണ ജീവിത ദൃശ്യങ്ങൾക്കൊപ്പം കായലും തുരുത്തുകളും നീർപ്പക്ഷികളും കണ്ടലുകളും ഈ യാത്രകളിൽ കണ്ടറിയാം. വേറിട്ട ചില ബോട്ട് യാത്രാ പാതകൾ : ആലപ്പുഴ – കൈനകരി, ആലപ്പുഴ – കൃഷ്ണപുരം, എറണാകുളം – മട്ടാഞ്ചേരി, കൊല്ലം – സാമ്പ്രാണിക്കൊടി, പടന്ന – ആയിറ്റി (കണ്ണൂർ ജില്ല), പറശ്ശിനിക്കടവ് – മാട്ടൂൽ, ആലപ്പുഴ–കുമരകം–ആലപ്പുഴ വേഗ ബോട്ട്.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Travel Stories
  • Travel India