ടൈം മാഗസിൻ പ്രസിദ്ധീകരിച്ച 2022 ൽ ലോകത്ത് കണ്ടിരിക്കേണ്ട 50 മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടി. ഇന്ത്യയിൽ നിന്നുള്ള സ്ഥലങ്ങളുടെ ലിസ്റ്റിൽ അഹമ്മദാബാദും ഇടം നേടിയിട്ടുണ്ട്. കേരളത്തെ ഇക്കോ ടൂറിസം സ്പോട്ട് എന്നാണ് മാഗസിൻ വിശേഷിപ്പിച്ചിരിക്കുന്നത്. 50 സ്ഥലങ്ങളുടെ പട്ടികയിൽ ഒൻപതാം സ്ഥാനമാണ് കേരളം കരസ്ഥമാക്കിയത്.

ഭംഗിയാർന്ന ബീച്ചുകളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമുള്ള കേരളം ശരിയായ അർഥത്തിൽ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് ടൈം മാഗസിനിൽ പറയുന്നു. കേരളത്തിലെ ആയുർവേദ സൗകര്യങ്ങളെ കുറിച്ചും വിദേശികൾക്കായി തയാറാക്കിയ സേവനങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു. ഇന്ത്യയിലെ മോട്ടോർ ഹോം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ വാഗമണിൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കിനെ കുറിച്ചും ടൈംസ് റിപ്പോർട്ടിൽ പറയുന്നു. രാജ്യാന്തര ട്രാവൽ ജേർണലിസ്റ്റുകളുടെ അഭിപ്രായങ്ങൾ ചേർത്തുകൊണ്ടാണ് ടൈം മാഗസിൻ പട്ടിക തയാറാക്കിയിരിക്കുന്നത്.