ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. ദക്ഷിണകാശി എന്നാണ് ഇവിടം അറിയപ്പെടുന്നത്. സതീദേവിയുടെ പിതാവ് ദക്ഷൻ നടത്തുന്ന യാഗത്തിലേക്ക് ക്ഷണിക്കാതെ ചെന്ന് അപമാനിതയായ ശിവ പത്നി സതീദേവി ഹോമകുണ്ഡത്തിൽ ചാടി ദേഹത്യാഗം ചെയ്തയിടം. കൊട്ടിയൂരിൽ രണ്ട് ആരാധനാസ്ഥലങ്ങളാണുള്ളത്. ഇക്കരകൊട്ടിയൂരും അക്കരെ കൊട്ടിയൂരും. ഇക്കരകൊട്ടിയൂരിൽ ക്ഷേത്രമുണ്ട്. തുരുവഞ്ചിറ എന്ന ജലാശയത്തിലുള്ള രണ്ടു ശിലകളാണ് മൂലസ്ഥാനം. സ്വയംഭൂലിംഗവും അമ്മാരക്കല്ലും എന്നിങ്ങനെയാണവ.

ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചോതി വരെ മാത്രമേ അക്കരെ കൊട്ടിയൂരിൽ പൂജയുള്ളൂ. ഈ സമയത്ത് താൽകാലിക ഷെഡുകൾ കെട്ടി ക്ഷേത്രമായി സങ്കൽപിക്കുന്നു. ഉത്സവം കഴിഞ്ഞാൽ ഈ പ്രദേശം കാടുമൂടും. ബാക്കി 11 മാസം ഇക്കരെ കൊട്ടിയൂരിലാണ് മഹാദേവ സാന്നിധ്യം എന്നാണ് വിശ്വാസം. മേടമാസത്തിലെ വിശാഖം നാളിൽ നടക്കുന്ന പ്രക്കൂഴം എന്ന ചടങ്ങോടെയാണ് വൈശാഖ മഹോത്സവം തുടങ്ങുന്നത്. ഈ വർഷത്തെ ഉത്സവം മേയ് 27 ന് ആരംഭിച്ചു.

കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക തീർഥാടനയാത്രയുമായി കണ്ണൂർ കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ദിവസേനയുള്ള തീർഥയാത്രയാണ് നടത്തുന്നത്. നാളെ മുതൽ തുടങ്ങുന്ന സർവീസ് വൈശാഖോത്സവം അവസാനിക്കുന്ന ജൂൺ 28 വരെ തുടരും. എല്ലാദിവസവും രാവിലെ കണ്ണൂരിൽ നിന്ന് 6 ന് പുറപ്പെട്ട് കൊട്ടിയൂരും മറ്റ് ക്ഷേത്രങ്ങളും സന്ദർശിച്ച് വൈകിട്ട് 7.30യോടെ തിരികെ കണ്ണൂരെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പെരളശേരി സുബ്രഹ്മണ്യക്ഷേത്രം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, മാമാനത്തമ്പലം, പറശ്ശിനിക്കടവ് ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് ഈ ബജറ്റ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൂപ്പർ എക്സ്പ്രസ് സെമി സ്ലീപ്പർ ബസിലെ യാത്രയ്ക്ക് ഒരാൾക്ക് 630 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും, 9496131288, 8089463675