കാടിനു നടുവിലൂടെ ആനപ്പിണ്ടത്തിൽ ചവിട്ടിയുള്ള 4 കിലോമീറ്റർ നടത്തം ഓർക്കുമ്പോൾ കരിമിന്റെ മനസിൽ ഇപ്പോഴും നടുക്കം. പിഞ്ചു മകനെ തോളിലിട്ട്, മറ്റ് 2 മക്കളുടെ കൈയ്യും പിടിച്ച് ഇരുണ്ട് മൂടിയ കാലാവസ്ഥയിൽ റോഡിലൂടെയുള്ള യാത്ര ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു കരിമിനും കുടുംബത്തിനും. കെഎസ്ആർടിസിയുടെ ഗവി ബസ് തകരാറിലായപ്പോൾ കുടുങ്ങിപ്പോയ യാത്രാസംഘത്തിലംഗങ്ങളായിരുന്നു കരിമും കുടുംബവും. പത്തനംതിട്ടയിൽനിന്ന് രാവിലെ ആറരയ്ക്കു കുമളിക്കു പോയ പത്തനംതിട്ട–ഗവി–കുമളി ബസാണ് മടങ്ങി വരും വഴി പമ്പ അണക്കെട്ട് പിന്നിട്ടപ്പോഴാണ് തകരാറിലായത്.
തിരുവനന്തപുരം നന്ദൻകോട് ഭാഷാ ഇൻസിറ്റ്യൂട്ടിൽ ഡ്രൈവറായ കരിം ഭാര്യ ഹസീന, മക്കളായ ഹാലിക്ക് മുഹമ്മദ്(2), സുഹറാ ഫാത്തിമ(6), സുമയ്യാ(9) എന്നിവർക്കൊപ്പം ഗവി കാണാൻ തിങ്കളാഴ്ച രാവിലെ 6.30നാണ് പത്തനംതിട്ടയിൽ നിന്നു കെഎസ്ആർടിസി ബസിൽ പുറപ്പെട്ടത്.
രാവിലെ ആങ്ങമൂഴിയും ഉച്ചയ്ക്കും കൊച്ചുപമ്പയും സന്ദർശിച്ച കുടുംബം മറ്റൊരു വാഹനത്തിൽ ഗവി ഡാമിൽ എത്തി. കാഴ്ചകൾ കണ്ടു തീരാറായപ്പോഴേക്കും മൂന്നരയോടെ കുമളിക്കു പോയ ബസ് മടങ്ങി എത്തി. ഏറെ സന്തോഷത്തോടെയായിരുന്നു തുടർയാത്രയുടെ തുടക്കം. ഗവിയിൽ നിന്ന് യാത്ര തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും യാത്രയുടെ എല്ലാ ആവേശവും കെടുത്തി വാഹനം വഴിയിൽ നിന്നു. ബസിലുണ്ടായിരുന്ന മെക്കാനിക്കിന്റെ സഹായത്തോടെ ബസ് സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ യാത്രക്കാരായ 28 പേരും കൂടി കണ്ടക്ടർക്കൊപ്പം നടക്കാൻ തുടങ്ങി.

ആനച്ചൂര് അനുഭവപ്പെട്ടു തുടങ്ങിയതോടെ തെല്ലുപരിഭ്രമത്തോടെയായിരുന്നു നടത്തം. കണ്ടക്ടറുടെ ധൈര്യം പകർന്നുള്ള വാക്കുകൾ മാത്രമായിരുന്നു ഏക ആശ്വാസം. എങ്കിലും ഓരോ വളവ് തിരിയുമ്പോഴും ഭീതി ഏറി വരുകയായിരുന്നു. ഇടതൂർന്ന മരങ്ങൾ കാരണം റോഡിൽ കാര്യമായ വെളിച്ചം ഇല്ലായിരുന്നു. ഇരുട്ട് പടരും മുൻപേ ആനത്തോട്ടിൽ എത്തുകയെന്ന ലക്ഷ്യത്തിൽ അത്യാവശ്യം വേഗത്തിലായിരുന്നു നടത്തം.
ഒരു മണിക്കൂറിനുള്ളിൽ എല്ലാവരും ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റിൽ എത്തിയതോടെയാണ് ശ്വാസം നേരെ വീണത്. കയ്യിലിരുന്ന ഭക്ഷണം തീർന്നു. കുട്ടികളും പ്രായമായവരും തളർന്ന് തുടങ്ങിയിരുന്നു. ഔട്ട് പോസ്റ്റിലെ പൊലീസുകാർ കട്ടൻ ചായ നൽകി. ഇതിനിടെ കുട്ടികളിൽ ചിലർ പൊലീസുകാരുടെ കിടക്കകളിൽ സ്ഥാനം പിടിച്ചു. രാത്രി 10 മണിയോടെ മൂഴിയാറിൽ നിന്ന് എത്തിയ ബസ് കണ്ടതോടെ എല്ലാവർക്കും ആശ്വാസമായി. 2 മണിയോടെയാണ് ബസ് പത്തനംതിട്ടയിൽ എത്തിയത്. പിന്നീട് സ്വന്തം വാഹനത്തിൽ ഇന്നലെ രാവിലെ 6 മണിക്കു വീട്ടിൽ ചെന്നപ്പോഴാണ് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഗവി യാത്ര അവസാനിച്ചത്.