പുള്ളിപ്പുലി പേടിയിൽ മൈസൂർ. തുടർച്ചയായി പുള്ളിപ്പുലി ഇറങ്ങിയതിനെ തുടർന്നു വിനോദസഞ്ചാര കേന്ദ്രമായ മൈസൂരു ബൃന്ദാവൻ ഗാർഡൻ അനിശ്ചിതകാലത്തേക്ക് അടച്ചു. പുലിയെ പിടികൂടിയതിനു ശേഷമേ ബൃന്ദാവൻ ഗാർഡൻ തുറക്കൂ എന്ന് കാവേരി നീരാവരി നിഗം ലിമിറ്റഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഫാറൂഖ് അഹമ്മദ് അബു പറഞ്ഞു. ഒരു മാസത്തിനിടെ രണ്ടാം തവണയാണു ഗാർഡൻ അടച്ചിടുന്നത്. ദീപാവലി സമയത്ത് ഗാർഡനിലൂടെ പുലി സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
സമീപത്തെ കെആർഎസ് അണക്കെട്ടിലും നാലു തവണ പുലിയെ കണ്ടതോടെ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചെങ്കിലും പിന്നീട് തുറന്നു.
കഴിഞ്ഞ നാലിനു മൈസൂരു കെആർ നഗറിൽ പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റിരുന്നു. പുലിയെ പിന്നീട് വനംവകുപ്പ് അധികൃതർ മയക്കുവെടി വച്ച് പിടികൂടിയിരുന്നു. ഇതിനും രണ്ടു ദിവസം മുൻപ് മൈസൂരു ടി നരസീപുരയിൽ പുലിയുടെ ആക്രമണത്തിൽ കോളജ് വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു.