Tuesday 13 July 2021 02:28 PM IST : By Staff Reporter

മീരാ നന്ദൻ ‘ഒറ്റയ്ക്ക്’ അമേരിക്കയിൽ: ഫോട്ടോ എടുത്തത് ആരെന്നു മീര വെളിപ്പെടുത്തി

3- meera

നൃത്ത രംഗത്തു നിന്നു സിനിമയിലെത്തി അവിടെ നിന്നു റേഡിയോ ജോക്കിയായി ദുബായിയിലേക്കു വിമാനം കയറിയ മീരാ നന്ദൻ ഇതാ ജീവിത യാത്രകളുടെ അധ്യായങ്ങൾ പങ്കു വച്ചിരിക്കുന്നു. ലോക്ഡൗണിൽ ദുബായിയിൽ കുടുങ്ങിയെന്നും പിന്നീട് അമേരിക്കയിലേക്കു യാത്ര നടത്തിയെന്നും ഫോട്ടോ സഹിതമുള്ള പോസ്റ്റിൽ മീര കുറിച്ചു. വർഷങ്ങളായി ദുബായിൽ ആർ.ജെയായി കഴിയുകയാണ് മീര നന്ദൻ. കോവിഡ് നാളുകളിലും മീര തന്റെ ജോലിയിൽ വ്യാപൃതയായിരുന്നു.

"ഞാന്‍ ആദ്യമായാണ്‌ സോളോ യാത്ര ചെയ്യുന്നത്. എന്‍റെ ചിത്രങ്ങള്‍ എടുക്കാന്‍ ആരും ഇല്ല എന്നതായിരുന്നു ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അപ്പോഴാണ്‌ റോഡരികില്‍ ഒരു സ്ത്രീയെ കണ്ടത്, അവരാണ് എനിക്ക് ഈ ചിത്രം എടുത്തു തന്നത്" അമേരിക്കയിൽ നിന്നുള്ള ഫോട്ടോയ്ക്ക് മീര എഴുതിയ അടിക്കുറിപ്പ് ഇതാണ്.

അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള ഏറ്റവും വലിയ നഗരമായ ഹ്യൂസ്റ്റണില്‍ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. നാസയുടെ ലിൻഡൺ ബി. ജോൺസൺ സ്പേസ് സെന്‍റര്‍ ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്. ചന്ദ്രനിൽനിന്നുള്ള പാറക്കഷണങ്ങളും ഷട്ടിൽ സിമുലേറ്ററും നാസയുടെ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്‍റെ ചരിത്രത്തെക്കുറിച്ചുള്ള പ്രസന്റേഷനുമെല്ലാം ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൂടാതെ പതിനേഴ് ബ്ലോക്കുകൾ വ്യാപിച്ചു കിടക്കുന്ന തിയേറ്റർ ഡിസ്ട്രിക്റ്റ്, 337- ഓളം പൊതു ഉദ്യാനങ്ങള്‍, ടെക്സാസിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ഗലേറിയ, ഓൾഡ് മാർക്കറ്റ് സ്ക്വയർ, ഡൗണ്ടൗൺ അക്വേറിയം, സ്പ്ലാഷ്ടൗൺ, സാം ഹ്യൂസ്റ്റൺ റേസ് പാർക്ക് എന്നിവയും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. അമേരിക്കയിലെ ജനവാസമേറിയ പത്തു നഗരങ്ങളിൽവച്ച് ഏറ്റവുമധികം ഉദ്യാനങ്ങളും പച്ചപ്പുമുള്ളത് ഹ്യൂസ്റ്റണിലാണ്‌.

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് യുഎസില്‍ ഇപ്പോഴും യാത്രാവിലക്കുണ്ട്. യാത്രക്ക് തൊട്ടുമുന്‍പുള്ള 14 ദിവസങ്ങളില്‍ എപ്പോഴെങ്കിലും ഇന്ത്യയിലൂടെ സഞ്ചരിച്ചവര്‍ക്കും യാത്രാവിലക്ക് ബാധകമാണ്. അമേരിക്കൻ പൗരന്മാർ, വിദ്യാർത്ഥികൾ, രാജ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് മാത്രമേ നിലവിലെ സാഹചര്യത്തില്‍ യുഎസിലേക്ക് യാത്ര ചെയ്യാനാവൂ. ഇത് എപ്പോള്‍ വരെ തുടരും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.