Tuesday 14 November 2023 04:14 PM IST : By Samuel Ginu

സ്റ്റോക്ക്ഹോമിലെ റോഡിൽ മഹീന്ദ്ര സ്കോർപിയോ; മുഹമ്മദ്‌ സിനാന്റെ ലക്ഷ്യം മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 75 രാജ്യങ്ങളിലേക്ക്...

karnataka-to-london-by-road-muhammed-sinan-samuel-ginu-cover ലേഖകനൊപ്പം സിനാൻ

ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളും അശോകചക്രവും ചരിത്രസ്മാരകങ്ങളും ആലേഖനം ചെയ്ത മഹീന്ദ്ര സ്കോർപിയോ. കർണാടക രജിസ്ട്രേഷൻ... ഇന്ത്യയിലല്ല; ഒക്ടോബറിലെ തണുത്തുറഞ്ഞ സായാഹ്നത്തിൽ സ്റ്റോക്ക്ഹോമിലെ ഒരു തെരുവിൽ. ഒറ്റനോട്ടത്തിൽ ആരുടെയും ശ്രദ്ധയാകർഷിക്കുന്ന വാഹനത്തിലെ യാത്രികനെ പരിചയപ്പെട്ടതും ‘എങ്ങനെ ഒരു ഇന്ത്യൻ നിർമിത, രജിസ്ട്രേഡ് സ്കോർപിയോ ഇവിടെ’ എന്ന കൗതുകം കൊണ്ടായിരുന്നു. വാഹനത്തിന്റെ ഡ്രൈവറും ഉടമയും മുഹമ്മദ് സിനാൻ. ആള് മംഗലാപുരം സ്വദേശി. ഇന്റീരിയർ ഡിസൈനർ ആണ്. ഇന്ത്യയുടെ പ്രധാന ടൂറിസം ആകർഷണ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ കൊണ്ട് മോഡി പിടിപ്പിച്ച കർണാടക രജിസ്ട്രേഷൻ വാഹനവുമായി റോഡ് മാർഗം ലോകപര്യടനത്തിന് ഇറങ്ങിയതാണ് സിനാൻ. 22 രാജ്യങ്ങൾ പിന്നിട്ടു തന്റെ ഇരുപത്തി മൂന്നാമത്തെ രാജ്യമായ സ്വീഡനിൽ എത്തി നിൽക്കുകയാണ് മുഹമ്മദ്‌ സിനാൻ.

karnataka-to-london-by-road-muhammed-sinan-samuel-ginu-travel-map

മൂന്നു ഭൂഖണ്ഡങ്ങളിലായി 75 രാജ്യങ്ങളിലൂടെ റോഡ് മാർഗം യാത്ര ചെയ്യുക എന്നതാണ് 30 കാരനായ മുഹമ്മദ് സിനാന്റെ ലക്ഷ്യം. യാത്ര തുടങ്ങിയത് കർണാടകയിൽ നിന്ന്. യാത്രാ വാഹനം ഇന്ത്യൻ നിർമിതമാവണം എന്നുറപ്പിച്ചതിനു പിന്നിൽ ചില ലക്ഷ്യങ്ങളൊക്കെയുണ്ട് സിനാന്. ഇന്ത്യൻ വാഹനമ ലോകത്തിനു പരിചയപ്പെടുത്തുക, ഇന്ത്യൻ ടൂറിസം പ്രോത്സാഹിപ്പിക്കുക, ആളുകളുമായി ഇടപഴകുക തുടങ്ങിയ ലക്ഷ്യങ്ങൾ ആണ് യാത്രക്ക് പിന്നിൽ. ഒപ്പം ഇന്ത്യൻ നിർമിത വാഹനത്തിൽ ഏറ്റവും അധികം രാജ്യങ്ങൾ പിന്നിടുക എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുക എന്ന ആഗ്രഹവും ഈ ചെറുപ്പക്കാരന്റെ മനസിലുണ്ട്. എട്ടു വർഷത്തോളം ദുബായിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമാണ് യാത്രക്ക് മുതൽക്കൂട്ട്.

karnataka-to-london-by-road-muhammed-sinan-samuel-ginu-travel-host-norway സ്വീഡനിൽ ലേഖകന്റെയും സുഹൃത്തുക്കളുടേയുമൊപ്പം മുഹമ്മദ് സിനാൻ

ലോക പര്യടനത്തിനുള്ള ഗ്രൗണ്ട് വർക്ക് 2019ൽ ആരംഭിച്ചു, പക്ഷേ COVID-19 എല്ലാ പ്ലാനുകളും തകിടം മറിച്ചു. പിന്നീട് എല്ലാ പ്ലാനുകളും റദ്ദാക്കി യുകെയിലേക്ക് വണ്ടി കയറി. യാത്രയോടുള്ള അഭിനിവേശം മനസ്സിൽ മായാതെ കിടന്നു അതിൽ നിന്ന് മനസ്സ് മാറ്റാൻ കഴിഞ്ഞില്ല. അങ്ങനെ 2021-ൽ എല്ലാം ഉപേക്ഷിച്ചു ഇന്ത്യയിലേക്ക് മടങ്ങി, സ്വപ്നങ്ങൾ പിന്തുടരാനുള്ള പദ്ധതികൾ ആരംഭിച്ചു.

ഇന്ത്യൻ കാലാവസ്ഥയ്ക്കും റോഡ് സാഹചര്യങ്ങൾക്കും വേണ്ടി നിർമിക്കപ്പട്ട വാഹനം മറ്റു സാഹചര്യങ്ങളിൽ എന്നങ്ങനെ പ്രതികരിക്കും എന്നത് ഒരാശങ്കയായിരുന്നു. സർവീസ് സെന്ററുകളുടെ അപര്യാപ്തതയും സ്പെയർപാർട്സ് ലഭ്യതയും എങ്ങനെയാവും എന്നതും ഏറെ ചിന്തിപ്പിച്ച കാര്യങ്ങളായിരുന്നു. തണുപ്പു കൂടുതലുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വാഹനം എങ്ങനെ പ്രതികരിക്കും എന്നതും സിനാന്റെ ആശങ്കകളിലൊന്നായിരുന്നു. എല്ലാറ്റിനും പരിഹാരമായി മഹീന്ദ്രയുടെ പുതിയ സ്കോർപിയോ വാങ്ങി. എല്ലാ കാലാവസ്ഥയിലുമോടിക്കാവുന്ന ഓൾ ടെറയ്ൻ ഇന്ത്യൻ ടയറുകൾ വാഹനത്തിൽ ഘടിപ്പിച്ചു. മുംബൈയിൽ നിന്നു കപ്പൽ മാർഗം വാഹനം യുഎഇയിൽ എത്തിച്ച്, ആദ്യ സർവീസ് ദുബായിൽ ചെയ്ത ശേഷം അവിടെ നിന്നു യാത്ര തുടങ്ങി.

karnataka-to-london-by-road-muhammed-sinan-samuel-ginu-on-the-way

‘‘യാത്രയിൽ അമ്പരപ്പിച്ച രാജ്യം ഇറാൻ ആയിരുന്നു. വാർത്തകളിലൂടെ നമ്മൾ അറിഞ്ഞ ഇറാനല്ല എന്റെ അനുഭവം. സഹായികളും സൗഹാർ‌ദമനോഭാവവുമുള്ള ആളുകൾ. ഒരുപാട് അഫ്ഗാൻകാരെ അവിടെവച്ചു കണ്ടും. ഇന്ത്യക്കാരോട് അവർക്ക് വലിയ സ്നേഹമാണ്. ഭക്ഷണവും താമസവുമൊക്കെ അവർ വാഗ്ദാനം ചെയ്തു. അവിടെയുള്ള ട്രക്ക് ഡ്രൈവർമാർ ഇന്ധനം തീർന്ന ഒരു സന്ദർഭത്തിൽ നൂറു ലീറ്റർ ഡീസലാണ് തന്നത്. ഡീസലിന് അവിടെ വിലക്കുറവാണെങ്കിലും അത് ഫ്രീയായി നൽകാനുള്ള അവരുടെ മനസ്സാണ് കാണേണ്ടത്.

karnataka-to-london-by-road-muhammed-sinan-samuel-ginu-iran-scorpio

എന്നാൽ ഇറാനിൽ നിന്ന് തുർക്കിയിലേക്ക് കടക്കുന്പോൾ കർശനമായ ചെക്കിങ്ങാണ്. വണ്ടിയിലെ ടാങ്ക് കപ്പാസിറ്റിക്ക് അനുസരിച്ചുള്ള പണം അവിടെ അവർ അടപ്പിക്കും. പല തവണ വാഹനം പരിശോധിക്കുകയും സ്കാൻ ചെയ്യുകയും ചെയ്തു. ഇറാനിൽ നിന്നു വന്നതു കൊണ്ടു മാത്രം. തുർക്കിയിൽ നിന്നു മറ്റു രാജ്യങ്ങളിലേക്കു കടക്കുമ്പോൾ ഇത്തരം വലിയ പരിശോധനകളൊന്നുമില്ല.’’ സിനാൻ പറഞ്ഞു.

വാഹനത്തിന്റെ സർവീസും മെയ്ന്റനൻസുമാണ് യാത്രയിൽ സിനാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യൻ വാഹനനിർമാണ കമ്പനിക്ക് യൂറോപ്പിൽ സർവീസ് ഇല്ലാത്തത് വലിയൊരു വെല്ലുവിളിയാണ് ഈ സോളോ ഡ്രൈവർക്ക് നൽകുന്നത്. നിർമാതാക്കളുമായി ഇതു സംബന്ധിച്ചു നടത്തിയ ഓൺലൈൻ കമ്യൂണിക്കേഷന് അവരുടെ ഭാഗത്തു നിന്ന് മറുപടി ഇല്ലാത്തത് വലിയ നിരാശയാണ് നൽകുന്നതെന്ന് സിനാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വിഡിയോയിലൂടെ പറയുന്നു. ഡെൻമാർക്കിലെ ഒരു പഞ്ചാബി വർക്കഷോപ്പിൽ നിന്ന് ഓയിൽ ചേഞ്ച് ചെയ്യാൻ കഴിഞ്ഞതു ഭാഗ്യമായെന്നു യാത്രികൻ. യുണൈറ്റഡ്.വാൻഡർ എന്ന ഐഡിയിൽ കന്നടയിലും മലയാളത്തിലുമുള്ള രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ സിനാൻ തന്റെ യാത്രയുടെ വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

രണ്ട് വർഷത്തിനുള്ളിൽ ഏഷ്യ, യൂറോപ്പ്, ആഫ്രിക്കൻ ഭൂഖണ്ഡത്തിലൂടെ 75 രാജ്യങ്ങളും ഒരു ലക്ഷത്തിലധികം കിലോമീറ്ററും പിന്നിടാനാണു ലക്ഷ്യമിടുന്നതു എന്നു രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ ഈ ചെറുപ്പക്കാരൻ പറയുന്നു. തുടക്കത്തിൽ, കുടുംബത്തെ കൂടെ കൊണ്ടുപോകാൻ ആയിരുന്നു പ്ലാൻ. ചെറിയ കുട്ടിയുമായുള്ള യാത്രയുടെ റിസ്ക്ക് ആലോചിച്ചപ്പോൾ ഒറ്റയ്ക്ക് യാത്ര ചെയ്യുവാൻ തീരുമാനിച്ചു. കാര്യങ്ങൾ പ്ലാൻ ചെയ്തതനുസരിച്ച് നടക്കുകയാണെങ്കിൽ, യാത്രയിൽ ഇടയ്ക്കു കുടുബത്തെയും ഒപ്പം ചേർക്കേണം എന്നാണ് സിനാന്റെ ആഗ്രഹം.