Monday 20 September 2021 03:08 PM IST : By Lisha Anna

മുംബൈയ്ക്ക് തൊട്ടടുത്തുള്ള ശാന്തസുന്ദരമായ ഭൂപ്രദേശം, പർവതനെറ്റിയിലെ വനം

matheran 2

നാട്ടിൽ വേനൽ കടുക്കുമ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടും. ഊട്ടിക്ക് ടൂറു പോയാലോ? ഐഡിയ ചാലുവായാൽ, ബാഗ് പാക്ക് ചെയ്യും; ബഡ്ഡീസിനെയും കൂട്ടി നേരെ ‘ചലോ ഊട്ടി’.പക്ഷേ, ഊട്ടിയൊക്കെയങ്ങ് നാട്ടില്. ഈ മുംബൈയിൽ നിന്ന് ഊട്ടി അത്ര ഈസിയല്ല. പിന്നെ... ആലോചന ഇത്രയുമായപ്പോൾ ഗൂഗിൾ അസിസ്റ്റ് വക ഒരു നിർദേശം, മതേരൻ ഹിൽസ്. ഏഷ്യയിലെ ആദ്യ ഒാട്ടമൊബീൽ ഫ്രീ ഹിൽസ്റ്റേഷൻ.

matheran 5

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മതേരന്‍ മലകള്‍. കടല്‍നിരപ്പില്‍ നിന്നു 800 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. മുംബൈ നഗരത്തില്‍ നിന്നും 120 കിലോമീറ്റര്‍ ദൂരെ മാറി ശാന്തസുന്ദരമായ ഭൂപ്രദേശം. 'പർവതനെറ്റിയിലെ വനം' (forest on the forehead of the mountains) എന്നാണത്രേ മതേരന്‍ എന്ന വാക്കിനർഥം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 'പരിസ്ഥിതി ലോല വനപ്രദേശ'മായാണ് മതേരനെ കണക്കാക്കുന്നത്. 1850 ല്‍ താനെ കലക്ടര്‍ ആയിരുന്ന ഹ്യൂഗ് പോയിന്റ്‌സ് മാലെറ്റ് ആണ് മനോഹരമായ ഈ സ്ഥലം ആദ്യമായി കണ്ടെത്തിയത്. ഒരിക്കല്‍ ഇതുവഴി കടന്നു പോയപ്പോള്‍ അദ്ദേഹം ഇവിടുത്തെ ഒരുറവയില്‍ നിന്നു ദാഹമകറ്റിയതായി പറയപ്പെടുന്നു. ആ ഉറവ ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍, പുറമെയുള്ള ആളുകള്‍ മതേരനെക്കുറിച്ച് അറിഞ്ഞു തുടങ്ങിയത് 1855 ലാണ്. ബോംബെ ഗവര്‍ണര്‍ ആയിരുന്ന ലോര്‍ഡ് എല്‍ഫിന്‍സ്റ്റണ്‍ മതേരന്റെ ഭംഗിയില്‍ മയങ്ങി അവിടെ ബംഗ്ലാവ് പണിതു. എല്‍ഫിന്‍സ്റ്റണ്‍ ലോഡ്ജ് എ ന്നായിരുന്നു അതിനു പേരിട്ടത്. ഇവിടേക്ക് എത്തിച്ചേരാനുള്ള റോഡ് ഗതാഗതം സ്ഥാപിച്ചത് എല്‍ഫിന്‍സ്റ്റണ്‍ ആയിരുന്നു. 1907ലാണ് ഇവിടുത്തെ റെയില്‍പ്പാത നിർമിച്ചത്. സാമൂഹികപരിവര്‍ത്തകനായിരുന്ന ആദംജി പീര്‍ഭോയ് ആണ് കാട്ടുവഴികളിലൂടെ 20 കിലോമീറ്ററുകള്‍ നീളുന്ന ഈ റെയില്‍പ്പാതയ്ക്ക് പിന്നില്‍. 'മുംബൈയുടെ ഊട്ടി'യായി മതേരനെ മാറ്റിയത് ബ്രിട്ടീഷുകാരായിരുന്നു.അവര്‍ ഇവിടെ മനോഹരസൗധങ്ങള്‍ പണിതു. ഇവിടുത്തെ സെന്റ് പോള്‍സ് ചര്‍ച്ച് , റോമ ന്‍ കാത്തലിക് ചര്‍ച്ച് എന്നിവ നിര്‍മിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇപ്പോഴും ഇവ മതേരന്റെ അഭിമാനസ്തംഭങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. കഥ വായിച്ചു കഴിഞ്ഞപ്പോൾ റൂട്ട് ക്ലിയറായി. ചലോ മതേരൻ.

തണുപ്പും കാഴ്ചകളും തേടി

matheran 1

മതേരന്‍ കുന്നിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. ഇരുവശവും മരങ്ങള്‍. തണുപ്പ്. ആകാശത്തു നിറയെ കുനുകുനാന്ന് നക്ഷത്രങ്ങള്‍. കുന്നിനു മേലെയിട്ട കമ്പളത്തിലെന്ന പോലെ അവ മിന്നിക്കൊണ്ടിരുന്നു. വലതു വശത്ത് താഴ്‌വാരത്തില്‍ കുറെ ദൂരം പരന്നുകിടക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ വെളിച്ചം തെളിഞ്ഞു നില്‍ക്കുന്നു. തീപ്പെട്ടി വലുപ്പത്തില്‍ നിറയെ കൊച്ചുകൊച്ചു പ്രകാശക്കൂടുകള്‍. കര്‍ജത് നഗരത്തിന്റെ രാത്രി തുടങ്ങുകയാണ്. ദൂരെ ജോലി കഴിഞ്ഞു ഫ്ലാറ്റ് കൂടുകളില്‍ ചേക്കേറുന്ന മനുഷ്യരുടെ അടയാളമായി ചതുരവെളിച്ചങ്ങള്‍. പല തട്ടുകളിലായി കിടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും വിളര്‍ത്ത മഞ്ഞവെളിച്ചം തൂവി വരുന്ന കാഴ്ച അതിമനോഹരമായിരുന്നു. താഴെ നിന്നു ഏകദേശം ഏഴു കിലോമീറ്റര്‍ മുകളിലേക്ക് കയറിയാല്‍ മഹാരാഷ്ട്ര ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ ഗസ്റ്റ് ഹൗസുണ്ട്. കയറിപ്പോകും വഴി മൂന്നാലു കുഞ്ഞു കടകള്‍ ഉണ്ടായിരുന്നു. വഴി വലിയ നിശ്ചയം പോരാ. ആദ്യം കണ്ട ചെറിയ കടയില്‍ കയറി. അത്യാവശ്യം വേണ്ട സാധനങ്ങള്‍ വാങ്ങിച്ച ശേഷം കടക്കാരനോട് വഴി അന്വേഷിച്ചു. ‘ഇനിയും നാലു കിലോമീറ്റര്‍ പോയാല്‍ ഗസ്റ്റ് ഹൗസില്‍ എത്താം’ ,അയാള്‍ പറഞ്ഞു. ദാസ്തുരി നകയിലുള്ള ഈ ഗസ്റ്റ് ഹൗസ് കവാടം വരെയേ മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ. അവിടുന്നും മൂന്നു കിലോമീറ്റര്‍ അപ്പുറത്താണ് മതേരന്‍ പ്രധാന മാര്‍ക്കറ്റ്. കുന്നു കേറിക്കേറി പോകുമ്പോള്‍ കര്‍ജത് കുഞ്ഞു കുഞ്ഞു വെളിച്ചങ്ങളായി താഴെ ചിതറിപ്പോയി. ഇടയ്ക്ക് മലമുകളിലൂടെ പോകുന്ന റെയില്‍പ്പാളം കണ്ടു. ഇവിടെ ട്രെയിന്‍ സർ‌വീസ് ഉണ്ടായിരുന്നു. മണ്‍സൂണിൽ മലയിടിച്ചിലിൽ പാളം ഒലിച്ചു പോയതു കൊണ്ട് ഇപ്പോഴത് പുനരാരംഭിച്ചിട്ടില്ല. അധികം വൈകാതെ മതേരന്‍ ഗസ്റ്റ് ഹൗസിലെത്തി. വിളിച്ചു ചോദിച്ചപ്പോള്‍ ബുക്കിങ് ഇല്ലെന്നാണ് പറഞ്ഞിരുന്നത്. അവിടെ താമസസൗകര്യം കിട്ടുമോ എന്ന് സംശയമായിരുന്നു. അവിടെ കിട്ടിയില്ലെങ്കിലും പ്രശ്‌നമൊന്നുമില്ല. ചുറ്റിനും നിരവധിയാണ് ഹോട്ടലുകള്‍. സീസണല്ലാത്തതിനാല്‍ ആളുകള്‍ കുറവാണെന്ന് റിസപ്ഷനില്‍ ഉണ്ടായിരുന്ന പയ്യന്‍ പറഞ്ഞു. മരം കൊണ്ട് മുഖപ്പില്‍ കൊത്തുപണികളുള്ള മുന്‍‌വശമാണ് ഗസ്റ്റ് ഹൗസിന്റെ ഓഫിസിന്. അതിന്റെ വശത്ത് പിന്നിലായി റസ്റ്റോറന്റ്. താമസിക്കാനുള്ള മുറികള്‍ക്ക് നിരവധി ഓപ്ഷനുകള്‍ ഉണ്ട്. മുറിയല്ല, ഓരോരോ വില്ലയായിട്ടാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ബുക്ക് ചെയ്തു നേരെ പിന്നിലെ റസ്റ്ററന്റില്‍ പോയി. ചപ്പാത്തിയും കടലക്കറിയും കഴിച്ചു. വഴി കാട്ടാന്‍ വന്ന പയ്യനോടൊപ്പം താമസസ്ഥലത്തേക്ക് നടന്നു. അഞ്ചു മിനിറ്റോളം നടക്കാനുണ്ട് ബുക്ക് ചെയ്ത വില്ലയിലേക്ക്.

പടികള്‍ പാകിയ നീണ്ട വഴി

matheran 3

ഇരുവശത്തും നിറയെ മരങ്ങള്‍. അല്ല, കാട്. അതിനുള്ളില്‍ കുഞ്ഞു കുഞ്ഞു വീടുകള്‍. പച്ചപ്പിനിടയില്‍ ഓരോ വീടും മുഖം പൂഴ്ത്തി മെല്ലേ ഉറങ്ങുകയാണ്. വഴിയുടെ ഇരുവശത്തും അലങ്കാര വിളക്കുകള്‍ വെളിച്ചം വിതറുന്നുണ്ട്. തൊട്ടു മുന്നേ പെയ്ത മഴ താഴെ വെള്ളം കൊണ്ട് വെളിച്ചത്തെ വരയ്ക്കുന്നു. ഇടവിട്ടിടവിട്ട് ചന്ദ്രന്മാര്‍ ഉദിച്ചു നില്ക്കുംപോലെ തോന്നും ദൂരെ നിന്നും നോക്കുമ്പോള്‍. സമയം ഒന്‍പതായതേയുണ്ടായിരുന്നുള്ളൂ. റൂമിലെത്തി സാധനങ്ങള്‍ വച്ച ശേഷം പുറത്തിറങ്ങി. നല്ല തണുപ്പ്. പിന്‍‌വശത്തെ ഗേറ്റിലൂടെ വശത്തൂടെ നീണ്ടു പോകുന്ന റോഡിലേക്കിറങ്ങി. നല്ല നിലാവുണ്ട്. തിരിച്ച് റൂമിലെത്തി എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് വലിയ നിശ്ചയം പോരായിരുന്നു. രാവിലെ വാതിലില്‍ മുട്ടുന്ന ശ ബ്ദം കേട്ടാണ് ഉണര്‍ന്നത്. കെയര്‍ടേക്കറാണ്. പത്തു മണിയാണ് ചെക്കൌട്ട് സമയം. ഓര്‍മിപ്പിക്കാന്‍ വേണ്ടി വിളിച്ചതാണ്. റെഡിയായി നേരെ പോയത് റസ്റ്ററന്റിലേക്കായിരുന്നു. പത്തരയായിട്ടും മതേരന്‍ മഞ്ഞിന്റെ ആലസ്യത്തിലാണ്. മൂടല്‍... ചെറിയ ചാറ്റല്‍ മഴയുണ്ട്. അവിടെ രണ്ടു സ്റ്റാഫ് അല്ലാതെ ആരും ഉണ്ടായിരുന്നില്ല. ആളുകളൊക്കെ നേരത്തേ പോയിക്കാണണം. ജനാലയ്ക്കപ്പുറത്തു നിറയെ കുതിരകള്‍ മഞ്ഞിലൂടെ മെല്ലേ നടന്നു നീങ്ങിക്കൊണ്ടിരുന്നു. അവയെ തെളിക്കുന്ന കുതിരക്കാരുടെ ശബ്ദം വായുവിലും മഞ്ഞിലുമായലിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. പിന്നിലെ മരങ്ങളും മഞ്ഞും ജനാലയിലെ പുക പിടിച്ച പോലെയുള്ള കാഴ്ചയുമെല്ലാം കണ്മുന്നില്‍ നിരന്നപ്പോള്‍ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' സിനിമയിലെ 'പിന്നെയും പിന്നെയും' എന്ന പാട്ട് ഓര്‍മയിലേക്കു കയറി വന്നു. മുകളിലേക്ക് പോവാന്‍ ഈ കുതിരകളെയാണ് ആശ്രയിക്കേണ്ടത്. ആംബുലന്‍സ് ഒഴിച്ച് മറ്റൊരു മോട്ടോര്‍ വാഹനങ്ങള്‍ക്കും അങ്ങോട്ടേക്ക് പ്രവേശനമില്ല. റസ്റ്ററന്റിലെ വലിയ ഫ്ലാറ്റ് ടിവിയില്‍ മഗധീര ഓടിക്കൊണ്ടിരിക്കുന്നതിനിടെ കയ്യില്‍ തിന്നാന്‍ ചൂടു പോഹ ഉപ്പുമാവുമായി വെയിറ്റര്‍ വന്നു. മഞ്ഞനിറമുള്ള വെന്ത അവല്‍. നല്ല രുചി. ഭക്ഷണം കഴിച്ചു കഴിഞ്ഞു പുറത്തിറങ്ങി. ദാസ്തുരി നകയിലെ ഗസ്റ്റ് ഹൗസിനടുത്തുള്ള ഈ പോയിന്റില്‍ നിന്നാണ് മുകളിലെ വ്യൂപോയിന്റുകളിലേക്കുള്ള യാത്ര ആരംഭിക്കേണ്ടത്. ഒന്നുകില്‍ നടന്നു പോകാം. മരങ്ങള്‍ക്കും മലകള്‍ക്കും ഇടയിലൂടെ നടന്നുനടന്ന് എല്ലാ കാഴ്ചകളും ആസ്വദിച്ച് കണ്ടു തീര്‍ക്കാം. നടക്കാന്‍ വയ്യാത്തവര്‍ക്കു കുതിരകളെ ആശ്രയിക്കാം. നൂറു കണക്കിനാളുകള്‍ കുതിരക്കാരായി ഇവിടെ ഉപജീവനം നടത്തുന്നുണ്ട്. ഹൈദരാബാദ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. നാട്ടില്‍ നിന്നും ഉള്ളതൊക്കെ വിറ്റുപെറുക്കി കിട്ടിയ കാശിനു കുതിരയേയും വാങ്ങി ഇവിടെ വന്നു കൂടിയവരുമുണ്ട്. നന്നായി ട്രെയിന്‍ ചെയ്ത അഞ്ഞൂറോളം കുതിരകള്‍ ഇവിടെയുണ്ടെന്നു പറയുന്നു. മുപ്പത്തെട്ടു വ്യൂ പോയിന്റുകളില്‍ മിക്കതിലും കുതിരസര്‍‌വീസുണ്ട്. മുകളിലേക്കു കയറുമ്പോള്‍ കുതിരപ്പുറത്തു കയറാതെ നടന്നു പോകാമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കുതിര പോകുന്ന റോഡിനു സമാന്തരമായി ഇടതുവശത്ത് കുറച്ചു താഴെയായി റെയില്‍പ്പാതയുണ്ട്. അതിലൂടെ നടന്നു പോവാം. റോഡിനും റെയില്‍പ്പാതയ്ക്കും ഇടയില്‍ ചെറിയ മണ്‍തിട്ടകളും അവയ്ക്ക് മേല്‍ മരങ്ങളും കാണാം. റെയില്‍പ്പാതയുടെ ഇടതു വശത്തും അങ്ങെത്തുവോളം നിറയെ പച്ചപ്പാണ്. ഇടയ്ക്ക് താഴ്‌വാരത്തേക്ക് ഇറങ്ങിപ്പോവുന്ന മരക്കൂട്ടങ്ങള്‍. ഇടയ്ക്ക് പഴയ കെട്ടിടങ്ങളും സര്‍ക്കാര്‍ ഓഫിസുകളും. റെയിലിന് മീതെ അട്ടകളുണ്ട് നിറയെ. ശ്രദ്ധിച്ചു വേണം നടക്കാന്‍. പതിനൊന്നു മണിയായിട്ടും നല്ല മൂടല്‍ മഞ്ഞുണ്ട്. മുന്നില്‍ നടന്നു പോകുന്നവരെയൊന്നും ശരിക്ക് കാണാന്‍ പറ്റില്ല. ഇടയ്ക്കിടെ മൂടല്‍ മഞ്ഞു മാറി കാഴ്ച തെളിയും. ചാറ്റല്‍ മഴയുണ്ട്. കുടപിടിച്ച് നടക്കേണ്ട ആവശ്യമില്ല. ഇരുപത്തഞ്ചു രൂപയ്ക്ക് ഇവിടുത്തെ ചെറിയ കടകളില്‍ നിന്നും തൊപ്പിയും റെയിന്‍കോട്ടുമെല്ലാം കിട്ടും. മികച്ച ഇക്കോണമി റെയിന്‍കോട്ട് തന്നെ! വാങ്ങിച്ചപ്പോഴാണ് അതിന്റെ ഒരു സൗകര്യം മനസ്സിലായത്. കുട പിടിക്കാതെ നടക്കാന്‍ എന്തു സുഖം! ‍

ഡോഗ് എസ്കോർട്ടിൽ വ്യൂ പോയിന്റിലേക്ക്

matheran 4

ഇടയ്ക്ക് ഒരു കടയില്‍ കയറി നല്ല മസാലച്ചായയും ചൂടന്‍ വടാപാവും കഴിച്ചു. റോഡിനോട് ചേര്‍ന്നാണ് കടയുടെ മുൻ‌വശം. കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പാവമെന്നു തോന്നിച്ച ഒരു കറുത്ത പട്ടി വിശന്നു വലഞ്ഞു കയറി വന്നു. ബാഗില്‍ ഉണ്ടായിരുന്ന 50-50 ബിസ്‌ക്കറ്റ് പാക്കറ്റ് പൊട്ടിച്ച് രണ്ടെണ്ണം അതിനു കൊടുത്തു. അപ്പോള്‍ എവിടെ നിന്നോ രണ്ടു പട്ടികള്‍ കൂടി ഓടി വന്നു. മൂന്നു നാല് ബിസ്‌ക്കറ്റുകള്‍ കൂടി ഇട്ടു കൊടുത്തു. പിന്നീടാണ് അബദ്ധം മനസ്സിലായത്! പത്തു മിനിറ്റിനുള്ളില്‍ ആ നാട്ടിലെ പ്രധാന പട്ടികള്‍ എല്ലാം കടത്തിണ്ണയില്‍! എന്റെ കണ്ണുതള്ളിപ്പോയി. എന്ത് ചെയ്യണമെന്നറിയാതെ കടക്കാരന്റെ മുഖത്തു നോക്കി ഞാന്‍ ഇളിഞ്ഞ ഒരു ചിരി ചിരിച്ചു. ഇത് അവിടെ പതിവാണെന്ന് പിന്നീട് എനിക്ക് മനസ്സിലായി. കടയുടെ ഒരു മൂലയ്ക്ക് ചാരി വച്ചിരിക്കുന്ന വടിയെടുത്ത് പട്ടികളുെട നേരെ മൂന്നാലു വീശു വീശിയപ്പോള്‍ അവ എങ്ങോട്ടോ ഓടിപ്പോയി. അത്ഭുതം അതല്ല, കടയില്‍ നിന്നിറങ്ങി നടന്നപ്പോള്‍ രണ്ടര കിലോമീറ്റര്‍ ദൂരത്തോളം ഏറ്റവുമാദ്യം വന്ന പട്ടി പിന്നാലെ വന്നു. ഉത്തരവാദിത്തമുള്ള ഒരു ബോഡിഗാര്‍ഡിനെപ്പോലെ അത് പത്തടി അകലത്തില്‍ പിന്നാലെയുണ്ടായിരുന്നു. അങ്ങനെ ഒരു പാക്കറ്റ് ഫിഫ്റ്റി -ഫിഫ്റ്റി ബിസ്‌ക്കറ്റ് കയ്യിലുണ്ടെങ്കില്‍ യാതൊരു പേടിയുമില്ലാതെ നടക്കാന്‍ പറ്റുന്ന സ്ഥലങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് ആദ്യമായി മനസിലാക്കി. സാധാരണ ജോലികള്‍ ചെയ്തു ജീവിക്കുന്ന ആളുകളാണ് ഇവിടെ അധികവും. ഫാഷനബിള്‍ ആയ ചെരിപ്പുകളും ഷൂസും വില്‍ക്കുന്ന കടക ള്‍ കാണാം ഇടയ്ക്കിടെ. മറാത്തിയും ഹിന്ദിയുമാണ് ഇവിടുത്തെ പ്രധാന സംസാരഭാഷകള്‍. മ നോഹരമായ ബ്രിട്ടീഷ് ശൈലിയില്‍ നിർമിച്ച കെട്ടിടങ്ങള്‍ ഇരുവശത്തും. പാഴ്‌സി ബംഗ്ലാവുകളും നിരവധി. ലാറ്ററൈറ്റ് പ്രഭാവത്താല്‍ ചുവന്നു കിടക്കുന്ന മെറ്റല്‍ വിരിക്കാത്ത റോഡില്‍ ചെങ്കല്‍ നിറമുള്ള ചളി കുഴഞ്ഞു കിടന്നു. നടന്നുനടന്ന് മതേരന്‍ റെയില്‍‌വേ സ്റ്റേഷനിലാണ് ചെന്നെത്തിയത്. ട്രെയിന്‍ ഓടാത്തതിനാല്‍ സ്റ്റേഷനില്‍ യാത്രക്കാരൊന്നുമില്ല. സെന്‍ട്രല്‍ റെയില്‍‌വേയുടെ കീഴില്‍ വരുന്ന ഈ റെയില്‍‌വേ സംവിധാനം നെരാളില്‍ നിന്നു മതേരന്‍ വരെ 21 കിലോമീറ്റർ നീണ്ടു കിടക്കുന്നു. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മണ്‍സൂണ്‍ സമയത്ത് ട്രെയിന്‍ ഓടില്ല. ചെരിഞ്ഞ പ്രദേശമായതിനാല്‍ മഴക്കാലത്ത് അപകടസാധ്യത ഉള്ളതിനാലാണിത്. ഏതാണ്ട് 38 വ്യൂ പോയിന്റുകള്‍ ആണ് മതേരനില്‍ കണ്ണുകള്‍ക്ക് സദ്യയൊരുക്കുന്നത്. ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ 360 ഡിഗ്രി കാഴ്ചയൊരുക്കുന്ന പനോരമ പോയിന്റ്, പ്രബല്‍ ഫോര്‍ട്ടിന്റെ സുന്ദരദൃശ്യം കാണിച്ചു തരുന്ന ലൂയിസ പോയിന്റ്, വണ്‍ ട്രീ ഹില്‍ പോയിന്റ്, ഹാര്‍ട്ട് പോയിന്റ്, മങ്കി പോയിന്റ്, പോര്‍ക്യുപൈന്‍ പോയിന്റ്, രാം ബാഗ് പോയിന്റ് എന്നിങ്ങനെ നിരവധിയാണ് കാഴ്ചയിടങ്ങള്‍.മുകളിലേക്കുള്ള വഴിയിലൂടെ നടന്നു കയറും തോറും വ്യൂപോയിന്റുകള്‍ അത്രമേല്‍ മനോഹരമായി കാഴ്ചകൾ അനാവൃതമായിക്കൊണ്ടിരുന്നു.

പനോരമ പോയിന്റ്

matheran 6

മതേരന്‍ മലയില്‍ സൂര്യന്‍ ഉദിച്ചു കയറുന്നത് ഇ വിടെ നിന്നാണ്. കുരങ്ങന്മാര്‍ കൂടുതല്‍ ഉള്ളതിനാല്‍ കയ്യില്‍ ഭക്ഷണ സാധനങ്ങള്‍ കരുതാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാട്ടിനുള്ളിലൂടെ വേണം ഇങ്ങോട്ടേയ്ക്ക് ന ടന്നു കയറാന്‍. വേണമെങ്കില്‍ കുതിരക്കാരെ ആശ്രയിക്കാം. രാവിലെ നേരത്തെ എത്തണം. ചുറ്റും നോക്കിയാല്‍ 360 ഡിഗ്രിയില്‍ പരന്നുകിടക്കുന്ന സ്വര്‍ഗം കാണാം. കടും ചുവപ്പില്‍ തിളങ്ങുന്ന ഗോളമായി സൂര്യന്‍ തെളിഞ്ഞു വരുന്ന കാഴ്ച ഒരിക്കല്‍ കണ്ടാല്‍ ആരും ജീവിതത്തില്‍ പിന്നീടത് മറക്കില്ല. ഇവിടെ നിന്ന് നോക്കുമ്പോള്‍ പശ്ചിമഘട്ട മലനിരകളില്‍ നിന്നും ഉത്ഭവിച്ച് ഒഴുകി വരുന്ന ഉല്ലാസ് നദി കാണാം വലതു വശത്തായി. 'സണ്‍റൈസ് പോയിന്റ്' എന്നറിയപ്പെടുന്ന ഈ പ്രദേശം മതേരന്‍ പര്യടനം തുടങ്ങാന്‍ ഏറ്റവും യോജിച്ചതാണ്. എക്കോ പോയിന്റ് ഇരുമ്പ് വേലി കൊണ്ട് താഴ്‌വാരത്തെ ഭാഗിച്ചു നിര്‍ത്തിയിരിക്കുകയാണ് ഇവിടെ. ആയിരം കൈകളോടെ താഴേക്കു പറന്നു പോയി പച്ച മുഴുവനും കെട്ടിപ്പിടിക്കാന്‍ തോന്നിപ്പോയി. പച്ചപ്പിനിടയ്ക്ക് നിറഞ്ഞും കുത്തനെയുള്ള താഴ്‌വാരത്തിലേക്ക് തല നീട്ടിയും നിറയെ മഞ്ഞപ്പൂക്കള്‍ കാണാം ഇവിടെ. ആകാശം ഇത്രയ്ക്കുമടുത്തായിരുന്നോ എന്നു തോന്നിപ്പോവും. എങ്ങോട്ടു നോക്കിയാലും പച്ചപ്പ്. നീലയിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന പച്ച. ദൂരെ ആകാശം മുറിഞ്ഞു വീണപോലെ നീര്‍ച്ചോലകളുടെ വെള്ളവരകള്‍. ഇവിടെ നിന്നും എന്തെങ്കിലും ഉറക്കെ വിളിച്ചു പറഞ്ഞാല്‍ അത് ചുറ്റുമുള്ള മലകളില്‍ തട്ടി പ്രതിധ്വനിക്കുമത്രേ. പേരിനു പിന്നിലെ കഥയതാണ്. വൈകുന്നേരം അഞ്ചരയൊക്കെ ആയപ്പോഴേക്കും വനത്തിനുള്ളില്‍ ചെറിയ ഇരുട്ട് പരക്കാന്‍ തുടങ്ങി. ഇനിയും അധികനേരം അതിനുള്ളില്‍ നില്‍ക്കണ്ട എന്ന് വഴിയില്‍ കണ്ട ഒരു കുതിരക്കാരന്‍ മുന്നറിയിപ്പ് നല്‍കി. താഴേക്ക് കുതിരപ്പുറത്ത് പോവാം എന്ന് തീരുമാനിച്ചു. മുക്കാല്‍ മണിക്കൂറില്‍ താഴെയെത്തി. ഗസ്റ്റ് ഹൗസില്‍ എത്തുമ്പോഴേക്കും ചെറിയ ഇരുട്ടു പരന്നു തുടങ്ങി. തിരിച്ചുള്ള യാത്ര. ഇറങ്ങുന്തോറും താഴെ കര്‍ജത് നഗരത്തില്‍ തീപ്പെട്ടി വെളിച്ചങ്ങള്‍ തെളിഞ്ഞു തെളിഞ്ഞു വന്നു. മലമുകളില്‍ വച്ച് മുടിയിഴകളിലൂടെ മെല്ലെ തൊട്ടു തഴുകി കടന്നുപോയ മേഘത്തുണ്ടുകള്‍ ആകാശത്ത് കൺചിമ്മി നോക്കുന്നു...

 

Tags:
  • Manorama Traveller