Tuesday 23 November 2021 04:23 PM IST : By സ്വന്തം ലേഖകൻ

മുഴുപ്പിലങ്ങാട് ബീച്ചിനോളം മികച്ച ഡ്രൈവ് ഇൻ സൗകര്യങ്ങളുള്ള മറ്റൊരു ബീച്ചുണ്ട് കേരളത്തിൽ

beach 1

ഐസ് ഒരതിയുടെയും കല്ലുമ്മക്കായയുടെയും രുചി നിറക്കുന്ന കോഴിക്കോട് കടപ്പുറം എല്ലാവർക്കും പരിചിതമാണ്. എന്നാൽ, അധികമാരുമറിയാത്ത ഒരു ബീച്ച് വിശേഷം കോഴിക്കോട് ഒളിച്ചിരിപ്പുണ്ട്; കൊയിലാണ്ടിക്കടുത്തു തിക്കോടി ഡ്രൈവ് ഇൻ ബീച്ച്.

കണ്ണൂർ മുഴുപ്പിലങ്ങാട് ബീച്ചിനോളം മികച്ച ഡ്രൈവ് ഇൻ സൗകര്യങ്ങളാണ് തിക്കോടിയിലുമുള്ളത്. നീണ്ടു കിടക്കുന്ന കടൽത്തീരത്തെ ഉറച്ച മണലിലൂടെ നാലു കിലോമീറ്ററോളം വാഹനമോടിക്കാം. സുരക്ഷാ സംവിധാനങ്ങളോടെ അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ അഭ്യാസ പ്രകടനങ്ങളാവാം. തെങ്ങിൻ തോപ്പുകൾക്കിടയിലൂടെ കടൽത്തീരത്തെ മണൽപ്പരപ്പിലേക്കു വാഹനമോടിച്ചിറങ്ങുന്നത് വ്യത്യസ്തമായ അനുഭവമാണ്. സഞ്ചാരികൾക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന നാട്ടുകാരും ശാന്തമായ പ്രകൃതിക്കാഴ്ചകളും തിക്കോടിയിലുണ്ട്. പ്രാദേശിക വിനോദ സഞ്ചാരികളുടെയും ബൈക്ക് സാഹസിക അഭ്യാസികളുടെയും ഇഷ്ടകേന്ദ്രമായ ഈ കടൽത്തീരം പാരാഗ്ലൈഡിങ്ങിനും അനുകൂല സാഹചര്യമൊരുക്കുന്നു. വേലിയിറക്ക സമയങ്ങളിൽ കാണുന്ന കടലിലെ പാറക്കൂട്ടങ്ങളും മഴക്കാലത്തു കടൽത്തീരത്തു തെളിയുന്ന തോടും ക്യാമറയും മനസ്സും നിറക്കുന്ന കാഴ്ചകളാണ്. കടപ്പുറത്തു നിന്ന് കുറച്ചു ദൂരം ചെന്നാൽ തിക്കോടി വിളക്കു മാടം കാണാം. കോഴിക്കോട് നഗരത്തിൽ നിന്ന് 38 കിലോമീറ്റർ ദൂരം. കണ്ണൂർ ഭാഗത്തേക്കു പോകുമ്പോൾ തിക്കോടിയെത്തുന്നതിനു മുൻപ് ദേശീയ പാതയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കോടിക്കൽ ബീച്ച് റോ ഡു വഴി തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലെത്താം. കൊയിലാണ്ടി റയിൽവേ സ്‌റ്റേഷനാണ് ഏറ്റവുമടുത്തുള്ളത് (8 കിലോമീറ്റർ). വിനോദസഞ്ചാര കേന്ദ്രമായി തിക്കോടി വളർന്നിട്ടില്ലാത്തതിനാൽ വിശ്രമകേന്ദ്രങ്ങളും ഭക്ഷണശാലകളും ഇവിടെയില്ല. കുടംബസമേതമുള്ള യാത്രയകൾക്കു അനുയോജ്യമായ ഈ കടപ്പുറത്തു അവധി ദിനങ്ങളിൽ നൂറുകണക്കിനു പ്രാദേശിക സഞ്ചാരികളെത്താറുണ്ട്.

കാപ്പാട് തീരം ചരിത്രപ്രാധാന്യം കൊണ്ടു ശ്രദ്ധയാകർഷിക്കുന്ന കോഴിക്കോട് ജില്ലയിലെ മനോഹരമായ മറ്റൊരു കടൽത്തീരമാണ് കാപ്പാട്. വെളുത്ത മണൽപ്പരപ്പും ശാന്തമായ കടലും കാഴ്ചകളൊരുക്കുന്ന ഈ തീരത്താണു വാസ്കോ ഡ ഗാമ ആദ്യമായി വന്നിറങ്ങിയത്. ബീച്ചിന്റെ ഒരറ്റത്തു സഞ്ചാരികള്‍ക്കു കയറിച്ചെല്ലാൻ പാകത്തിലുള്ള പാറക്കൂട്ടങ്ങളുണ്ട്. തിരമാലകൾ തട്ടിച്ചിതറുന്ന ഈ പാറക്കൂട്ടങ്ങളിൽ ചെലവഴിക്കുന്ന സായാഹ്നങ്ങളും ബീച്ചിനോടു ചേർന്നുകിടക്കുന്ന റോഡിലൂടെയുള്ള ഡ്രൈവും എക്കാലത്തേക്കുമുള്ള ഓർമകളാണ്. കാറ്റാടി മരങ്ങൾ തണൽ വിരിക്കുന്ന പാർക്കും പടവുകളും ഇരിപ്പിടങ്ങളും കാഴ്ചകളെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. പാർക്കിങ് ഏരിയയോടു ചേർന്നുള്ള പാറക്കെട്ടിനു മുകളിലായി നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഒരു ക്ഷേത്രം നിലകൊള്ളുന്നുണ്ട്. കോഴിക്കോട് നഗരത്തിൽ നിന്ന് 18 കിലോമീറ്റർ ദൂരം. കോഴിക്കോട് റയിൽവേ സ്‌റ്റേഷനാണ് ഏറ്റവുമടുത്തുള്ളത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ കാഴ്ചകളൊരുക്കുന്ന കാപ്പാട് വിശ്രമകേന്ദ്രങ്ങളും ചെറുകടകളുമുണ്ട്. ടൂറിസ്റ്റ് പോലീസിന്റെ സേവനവും ലഭ്യം.

Tags:
  • Manorama Traveller