തിളങ്ങുന്ന പച്ചയുടെ ഭംഗിയാണ് മൂന്നാറിലെ മലനിരകൾക്ക്. മുടി വെട്ടി, ചീകിയൊതുക്കിയ പോലെ ഇല നുള്ളി നനച്ചു വളർത്തുന്ന തേയിലത്തോട്ടങ്ങള്‍ ഈ വർണശോഭ പകരുന്നു. മൂന്നാറിനു സമീപം, വേറിട്ട ഹരിത ശോഭയിൽ തിളങ്ങുന്ന ചില പ്രദേശങ്ങളുണ്ട്. ഏതാനും അടി പൊക്കത്തിൽ വളരുന്ന തണ്ടിനൊപ്പം നീണ്ട, കടും പച്ച ഇലകളുടെ ധാരാളിത്തത്തിന് ഇടയിൽ പൊന്നുപോലെ ഒളിപ്പിച്ച ഏലത്തിന്റെ സമൃദ്ധി ഈ പ്രദേശങ്ങൾക്കു പച്ച ഉടയാട ചാർത്തുന്നു. നിരയും വരിയുമൊപ്പിച്ചു വളരുമ്പോഴും, അഴിഞ്ഞുലഞ്ഞ കേശഭാരം പോലെ കാറ്റിലുലയുന്ന ഏലത്തലപ്പുകൾ ഈ പ്രദേശത്തിനു തനതു സൗന്ദര്യം പകരുന്നു.
ആകാശപ്പൊക്കത്തിൽ വളർന്ന വൃക്ഷത്തലപ്പുകൾക്ക് ഇടയിലൂടെ അരിച്ചിറങ്ങുന്ന പുലർവെട്ടം കണ്ടിട്ട് മനസ്സില്ലാ മനസ്സോടെ തെന്നിമാറുന്ന മഞ്ഞ്, മരക്കൊമ്പുകളിലൂടെ ചാടിക്കളിക്കുന്ന മലയണ്ണാൻ, മലനിരകൾ കാവൽ നിൽക്കുന്ന താഴ്‌വരയിൽ മുഴങ്ങുന്ന വേഴാമ്പലിന്റെ ശബ്ദം... പ്രകൃതിയുടെ മടിത്തട്ടിൽ തല ചായിക്കാൻ ആരേയും കൊതിപ്പിക്കുന്ന ഇടം. ‘സുഗന്ധവ്യഞ്ജനങ്ങളുടെ റാണി’ക്കൊപ്പമുള്ള പരിസരമാണ് മൂന്നാർ മിസ്റ്റി കാർഡമം ഹിൽസ് പ്ലാന്റേഷൻ റിസോർട്ടിന്റെ മിസ്റ്റിക് ഫീൽ.

പാരമ്പര്യ പ്രൗഢിയിൽ താമസിക്കാം
പാരമ്പര്യവും പുതുമയും പ്രകൃതിയുടെ സ്വാഭാവികതയ്ക്കൊപ്പം പാരമ്പര്യവും പുതുമയും ഒരുമിക്കുന്നു മിസ്റ്റി കാർഡമം ഹിൽസിൽ. പലക കൊണ്ട് നിരയിട്ട ഭിത്തിയും ഓടു മേഞ്ഞ മേൽക്കൂരയും ആദ്യ കാഴ്ചയിൽത്തന്നെ ഗൃഹാതുരത ഉണർത്തും. ‘ഇല്ലം ടൈപ്പ്’ എന്നു പേരിട്ടു വിളിക്കുന്ന മുറികളാണ് ഇവിടെയുള്ളത്. മധ്യതിരുവിതാംകൂറിലെ ഏതാനും പുരാതന ഗൃഹങ്ങൾ മേടിച്ച് മൂന്നാറിലെത്തിച്ചാണ് ഈ മുറികൾ തയാറാക്കിയത്. ഉള്ളിലോട്ടു തുറക്കും വിധം, തടിയിൽ തീർത്ത ജനാലയും മച്ചും വാതിലുകളുമൊക്കെ പുതുതലമുറയിൽ പലർക്കും കൗതുകക്കാഴ്ചകളാകും.
ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ ഡബിൾ റൂമുകളാണ് ഇല്ലം മാതൃകയിലുള്ള ഓരോ മുറിയും. ഫാമിലിക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഡൈനിങ് ഏരിയ കൂടി ചേർത്ത ഇല്ലം കോട്ടജും ഇവിടെയുണ്ട്.

കോട്ടജ് ടൈപ്പ്, റൂം ടൈപ്പ് ഇങ്ങനെരണ്ടു വിധം താമസസൗകര്യങ്ങൾ കൂടി മിസ്റ്റി കാർഡമം ഹിൽസിലുണ്ട്. പുൽത്തകിടി വിരിച്ച മലഞ്ചെരിവിലെ കോട്ടജുകൾ കുടുംബമായി എത്തുന്ന സഞ്ചാരികൾക്ക് സ്വന്തം ഗൃഹം പോലെ സ്വകാര്യതയും ശാന്തതയും നൽകുന്നു. അത്യാവശ്യം പാചക പരീക്ഷണങ്ങൾക്കുള്ള ഇടം നൽകുന്ന റൂംടൈപ്പ് മുറികളിൽ മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നു.
പ്രകൃതി ആസ്വാദനം മുതൽ ബോട്ടിങ് വരെ
ഒന്നാന്തരം താമസ സൗകര്യത്തിനൊപ്പം ഒട്ടേറെ വിനോദങ്ങൾക്കുള്ള അവസരങ്ങളും റിസോർട്ട് പരിസരങ്ങളിലുണ്ട്. പൊൻവെയിലിലും വിട്ടുമാറാത്ത മഞ്ഞിന്റെ കുളിരാസ്വദിച്ച് കോട്ടജ് വരാന്തയിൽ ഇരിക്കുമ്പോൾ ചുറ്റും കോട്ട കെട്ടിയപോലെ നിലകൊള്ളുന്ന മലനിരകളുടെ മനോഹരമായ കാഴ്ച കാണാം. പക്ഷി നിരീക്ഷണത്തിൽ താൽപര്യമുള്ളവർക്ക് മുറിയിൽ ഇരിക്കാൻ സമയം കിട്ടില്ല.

200 ഏക്കർ ഏലത്തോട്ടത്തിനു മധ്യത്തിലാണ് മിസ്റ്റി കാർഡമം ഹിൽസ് പ്ലാന്റേഷൻസ് റിസോർട്ട്. ‘സുഗന്ധവ്യഞ്ജനങ്ങളുടെ റാണി’യെ നട്ടു നനച്ച് പരിപാലിക്കുന്നത് ലൈവായി കാണണമെങ്കിൽ കോട്ടജിൽ നിന്നു പുറത്തേക്ക് ഇറങ്ങേണ്ട ആവശ്യമേയുള്ളു. ഏലത്തിന്റെ ഇടയിൽ ആകാശവും അതിരല്ലെന്ന മട്ടിൽ മുകളിലേക്കു വളരുന്ന കാട്ടുജാതി പോലുള്ള വമ്പൻ വൃക്ഷങ്ങൾ ചിത്രകഥകളിലും ഐതിഹ്യങ്ങളിലും കണ്ടും കേട്ടും പരിചയപ്പെട്ട,ദൃശ്യങ്ങൾ ഓർമിപ്പിക്കും.

ഏലച്ചെടികളുടെ ഇടയിലൂടെ കടന്നുപോകുന്ന ട്രെക്കിങ് ട്രെയിലാണ് മറ്റൊരു ഹൈലൈറ്റ്. ചെറുകുന്നുകൾ കയറിയും ഇറങ്ങിയും കടന്നുപോകുന്ന നടപ്പാത ഏലം കൃഷിയുടെ വിവിധ ദൃശ്യങ്ങൾ കാട്ടിത്തരും. ഈ വഴികളിലൂടെ സൈക്ലിങ്ങുമാകാം. വളഞ്ഞു തിരിഞ്ഞും കയറി ഇറങ്ങിയും നീളുന്ന വഴിത്താരകളിലൂടെ എത്ര സമയം സൈക്കിൾ ചവിട്ടിയാലും മതിവരില്ല. വെയിൽച്ചൂടു കുറഞ്ഞാൽ താഴെ തടാകത്തിനടുത്തേക്കു നീങ്ങാം. ഇരുട്ടു പരക്കുന്നതു വരെ രണ്ടേക്കർ വലുപ്പമുള്ള തടാകത്തിൽ പെഡൽ ബോട്ടു ചവിട്ടിയും മീൻ പിടിച്ചും ഉല്ലസിക്കാം. താൽപര്യമുള്ളവർക്ക് രാത്രിയിൽ ക്യാംപ് ഫയർ ഒരുക്കി ആഘോഷിക്കാനുള്ള സൗകര്യവും ഉണ്ട്. പോകാം ആനക്കുളത്തേക്ക്
കേവലം താമസസൗകര്യങ്ങൾക്കപ്പുറം ഓരോ സഞ്ചാരിയുടേയും ആവശ്യവും യാത്രാലക്ഷ്യവും പരിഗണിച്ച് തയാറാക്കുന്ന വിവിധ പാക്കേജുകൾ മിസ്‌റ്റി കാർഡമം ഹിൽസ് പ്ലാന്റേഷൻ റിസോർട്ടിന്റെ ഹൈലൈറ്റാണ്. മൂന്നാർ, മാങ്കുളം, ആനക്കുളം തുടങ്ങി ഒട്ടേറെ വിനോദയാത്രാ കേന്ദ്രങ്ങളുടെ സാമിപ്യമാണ് റിസോർട്ടിന്റെ ആകർഷണം.
വിരിപ്പാറ വെള്ളച്ചാട്ടം കണ്ട്, ലക്ഷ്മി എസ്‌റ്റേറ്റിലൂടെ തേയിലത്തോട്ടങ്ങളുടേയും പുൽമേടുകളുടേയും ഭംഗി ആസ്വദിച്ച് തൂക്കുപാലം കണ്ട് ആനക്കുളത്തേക്കുള്ള യാത്രയാണ് രസകരമായ ജീപ്പ് സഫാരി. ആനക്കുളത്ത് ഈറ്റ ചോലയിലെ ഉറവയിൽ കൂട്ടമായി എത്തുന്ന കാട്ടാനകൾ ഉപ്പുരസമുള്ള വെള്ളം കുടിച്ചു മദിക്കുന്ന കാഴ്ച ഒരുപക്ഷേ, മറ്റെങ്ങും കാണാനാകില്ല. ഒട്ടേറെ ചെറിയ വെള്ളച്ചാട്ടങ്ങളും കുളിക്കാനും നീന്താനും സൗകര്യമുള്ള ചെറുപുഴകളും ആനക്കുളം യാത്രയിൽ സഞ്ചാരികൾക്ക് കാണാം. മൂന്നര–നാലു മണിക്കൂർ ദൈർഘ്യമുള്ളതാണ് ഈ ജീപ്പ് സഫാരി. വിരിപ്പാറ, ലക്ഷ്മി എസ്‌റ്റേറ്റ് വഴി മൂന്നാർ പാക്കേജുമുണ്ട്. മൂന്നാർ കാഴ്ചകളെല്ലാം ഒരുമിപ്പിച്ച് ദിവസം മുഴുവൻ നീളുന്നു ഈ സഫാരി. അവധിക്കാലം വേറിട്ടതാക്കാൻ കുടുംബമായും കൂട്ടമായും സഞ്ചരിക്കുന്നവരോ, ചെറുപ്പക്കാരോ കുട്ടികളോ മുതിർന്ന പൗരൻമാരോ ആകട്ടെ, ഹണിമൂൺ ആഘോഷിക്കുന്ന നവദമ്പതികളോ ആകട്ടെ പശ്ചിമഘട്ട മലനിരകളുടെ തണുപ്പും ഏലത്തോട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് ഒരു ദിനം തങ്ങാൻ മാത്രമല്ല, നല്ലൊരു അവധിക്കാലം ആസ്വദിക്കാൻ പറ്റിയ സ്ഥലവും സൗകര്യങ്ങളും മിസ്റ്റി കാർഡമം ഹിൽസ് റിസോർട്ടിനെ വേറിട്ടതാക്കുന്നു.

ഭക്ഷണത്തിനു സുഗന്ധവും രുചിയുമേറ്റുന്ന ഏലക്കയ്ക്കു തുല്യം മൂന്നാർ, ആനക്കുളം ട്രിപ്പുകളെ കൂടുതൽ ആസ്വാദ്യമാക്കാൻ ഒരിടം... ഒറ്റ വാചകത്തിൽ മിസ്റ്റി കാർഡമം ഹിൽസ് പ്ലാന്റേഷൻ റിസോർട്ടിനെ അങ്ങനെ വിശേഷിപ്പിക്കാം.
കൊച്ചി–മൂന്നാർ ദേശീയപാതയിൽ കല്ലാറിൽ നിന്ന് 7 കിലോ മീറ്റർ സഞ്ചരിച്ചാൽ റിസോർട്ടിലെത്താം. കല്ലാർ– മാങ്കുളം റൂട്ടിൽ കുരിശുപാറയ്ക്കു ശേഷം ഒന്നര കിലോ മീറ്റർ. ബജറ്റ്, ലക്ഷ്വറി നിലവാരങ്ങളിലുള്ള റൂമുകളും താമസ സൗകര്യങ്ങളും റിസോർട്ടിൽ ലഭ്യമാണ്. മുറികൾ മാത്രമായും മുറിയും ഭക്ഷണവും അടങ്ങുന്ന പാക്കേജുകളും ഉണ്ട്. സഞ്ചാരികളുടെ താൽപര്യവും ആവശ്യവും പരിഗണിച്ച് മൂന്നാർ, ആനക്കുളം സഫാരി പാക്കേജുകൾക്ക് പ്രത്യേകം സൗകര്യമുണ്ട്.