Wednesday 27 September 2023 02:14 PM IST : By Text and Photos : Abhilash Raveendran

സഹ്യാദ്രിയുടെ ശിരസ്സിലെ മരതകക്കല്ല്

0.nelliyampahy

നട്ടുച്ചയ്ക്കു പോലും കോടമഞ്ഞ് പെയ്തിറങ്ങുന്ന മലഞ്ചെരിവുകൾ. തണുപ്പ് ചൂഴ്ന്നു നിൽക്കുന്ന ഇരുളടഞ്ഞ കാടിന്റെ നിഗൂഢത. തേയിലത്തോട്ടങ്ങളിൽ പരന്നു കിടക്കുന്ന പച്ചയുടെ പ്രസരിപ്പ്. മാനുകൾക്കൊപ്പം തുള്ളിച്ചാടി ഓടിപ്പോകുന്ന കുറുമ്പൻ കാറ്റ്. കാട്ടുപാതകളുടെ ഒരിക്കലുമവസാനിക്കാത്ത വളവുകളിൽ എവിടെയും പ്രതീക്ഷിക്കാവുന്ന ഭയത്തിന്റെ രണ്ടു വെള്ളക്കൊമ്പുകൾ. ഉയരെ പാറക്കെട്ടുകളിൽ നിന്നും വീണു ചിതറുന്ന ഉന്മാദികളായ തെളിനീർച്ചോലകൾ. അനന്തമായ പുൽമേടുകൾക്ക് അതിരിടുന്ന അനാദിയായ സഹ്യപർവ്വത ശിഖരങ്ങൾ. ചെറിയൊരു കാറ്റ് കോടമഞ്ഞിനെ തള്ളി നീക്കുമ്പോൾ തെളിഞ്ഞു വരുന്ന താഴ്വരയുടെ അനന്യമായ ദൃശ്യചാരുത. സഹ്യാദ്രി ശിരസ്സിൽ ചൂടിയ മരതകക്കല്ലാണ് നെല്ലിയാമ്പതിയെന്ന ഈ പ്രദേശം.

നെല്ലിമരങ്ങളുടെ ഊര്

പാലക്കാടിനെ വലിയൊരു നഗരമെന്ന് വിളിക്കാനാവില്ല. ഒരൽപം വളർന്നു പോയൊരു ഗ്രാമമാണത്. അതുകൊണ്ടു ആയിരിക്കണം നഗരത്തിൽ നിന്ന് അറുപതു കിലോമീറ്ററോളം അകലെയുള്ള നെല്ലിയാമ്പതിയെ ‘പാവങ്ങളുടെ ഊട്ടി’യെന്ന് വിളിക്കുന്നത്. ഭൗമശാസ്ത്രപരമായി ഒരു അൽഭുതമാണ് പാലക്കാട് . തുടർച്ചയായുള്ള സഹ്യപർവ്വത മലനിരകളുടെ ഇടയിൽ വന്നു പോയ വലിയൊരു വിടവ്. ഈ ചുരത്തിന് വടക്ക് നീലഗിരിയും തെക്ക് ആനമല കുന്നുകളും അതിരിടുന്നു. സഹ്യപർവ്വതത്തിലെ ജൈവവൈവിധ്യം പോലും പാലക്കാടിനു തെക്കും വടക്കും രണ്ടു താവഴികളാണ്.

4600 കിലോമീറ്റർ അകലെ മഡഗാസ്കറിൽ ഉള്ള അൻഗാവോ ഉൾപ്രദേശം സഹ്യപർവ്വതത്തോടും റാനോട്സാര മുനമ്പ് പാലക്കാട് വിടവിനോടും ക്യത്യമായി ചേർന്നു വരും. 88 ദശലക്ഷം വർഷം മുൻപ് സംഭവിച്ചെന്ന് കരുതപ്പെടുന്ന ഭൂഖണ്ഡ ഫലക ചലന സിദ്ധാന്തമനുസരിച്ച് ശാസ്ത്രജ്ഞർ അനുമാനിക്കുന്ന കാര്യമാണിത്.

300 ബിസി മുതൽ തുടങ്ങുന്ന അധിനിവേശങ്ങൾക്കും പലായനങ്ങൾക്കും തെക്കുപടിഞ്ഞാറൻ മൺസൂൺ കൊടുത്ത് വരണ്ട ചൂടുകാറ്റ് പകരം വാങ്ങുന്നതിനുമെല്ലാം സാക്ഷിയാണ് പാലക്കാടൻ ഭൂമികകൾ. ഇങ്ങനെയുള്ള പാലക്കാട് ചുരത്തിന് തെക്ക് ആനമലയും പറമ്പിക്കുളവും ഷോളയാറും അടങ്ങുന്ന പ്രദേശങ്ങൾക്ക് ഉയരെ കാടുംകാത്ത് കാവൽ നിൽക്കുകയാണ് പ്രിയങ്കരിയായ നെല്ലിയാമ്പതി.

നെല്ലിമരങ്ങളുടെ ഊരെന്ന്  നെല്ലിയാമ്പതിക്ക് വാഗർത്ഥം പറയാം. കാടു കാത്ത ദേവത കടിച്ചു വലിച്ചെറിഞ്ഞ കാട്ടു നെല്ലിക്ക വീണയിടമാണ് നെന്മാറ നെല്ലിക്കുളത്തി ഭഗവതിയുടെ ആരൂഢമെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നെല്ലി ഭഗവതിയുടെ പ്രഭവസ്ഥാനമായും നെല്ലിയാമ്പതിയെ കരുതുന്നവരുണ്ട്.

2.nelliyampathy

നെല്ലിയാമ്പതിയെ കാഴ്ചകളായി കണ്ടു തീർക്കൽ ഏറെക്കുറെ അസാധ്യമായിരിക്കും. അറിയാനും, അനുഭവിക്കാനും ശ്രമിച്ചു നോക്കൂ, ചിലപ്പോൾ സാധ്യമായേക്കും! ഋതുക്കൾക്കനുസരിച്ച് കുപ്പായം മാറ്റിയണിയുന്ന കൗമാരക്കാരിയെപ്പോലെ നിറങ്ങൾ വാരിപ്പൂശി നിങ്ങളെയവൾ അതിശയിപ്പിച്ചേക്കാം. വസന്തവും ഹേമന്തവും വർഷവും ശിശിരവുമെല്ലാം ഇലമേലാപ്പുകൾക്ക് നിറച്ചാർത്തുകളുടെ കുടമാറ്റങ്ങൾ സമ്മാനിക്കുന്നു. മഴക്കാലത്ത് ചിലപ്പോൾ ശാന്തസ്വരൂപം വെടിഞ്ഞ് ഇടി മുഴങ്ങുന്ന താളത്തിൽ മലഞ്ചെരിവുകളിൽ താണ്ഡവമാടാനും മടിയില്ലാത്തവൾ. ചുരം കയറിയെത്തുന്ന ഒരു മഴത്തോർച്ചയിൽ നിങ്ങൾ നിൽക്കുമ്പോൾ മരം പെയ്യുകയായി. ചീവീടുകളുടെ സിംഫണിയിൽ സ്വയം മറന്ന് കാട്ടിലെ അപരിചിത ഗന്ധങ്ങളിൽ ലയിച്ച് അങ്ങനെ സമയ ബോധത്തിനും കാലത്തിനും അപ്പുറത്തേയ്ക്ക് നമുക്കൊന്നു നടന്നു പോകാം.

മലകളിലേക്ക്

സമുദ്രനിരപ്പിനും 1572 മീറ്റർ ഉയരെ (നെല്ലിയാമ്പതിയിലെ ഏറ്റവും കൂടിയ ഉയരം) ഏതു സീസണിലും നെല്ലിയാമ്പതി സ്വാഗതമരുളുന്നുണ്ട് യാത്രികർക്ക്. പക്ഷേ മഴക്കാലത്തിന് കടുപ്പം കൂടി വരുന്ന ഇക്കാലത്ത് മലഞ്ചെരിവുകളിലൂടെയുള്ള മഴക്കാല യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. ടൂറിസ്റ്റ് സീസൺ മഞ്ഞുകാലമാണെങ്കിലും മൺസൂൺ കാലത്തിനു ശേഷമുള്ള തോർച്ചയിൽ പച്ചപ്പും പൂക്കളും കണ്ടുള്ള യാത്രയും രസകരമാണ്.

3.pothundi dam പോത്തുണ്ടി ഡാം

പാലക്കാട് - തൃശ്ശൂർ ഹൈവേയിൽ ആലത്തൂർ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് നെന്മാറ വഴി പോത്തുണ്ടിവരെയുള്ള പാത നെൽപ്പാടങ്ങളുടെ പച്ചപ്പും തോടും കുളങ്ങളുമൊക്കെയായി ഏറെ ആസ്വാദ്യകരമാണ്. കൊയ്ത്തുകാലത്തിനു മുൻപാണെങ്കിൽ പുന്നെല്ലിന്റെ ഹൃദയഹാരിയായ മദഗന്ധം മത്തുപിടിപ്പിക്കും, തീർച്ച. നെന്മാറ കഴിഞ്ഞ് 8 കിലോമീറ്റർ ചെല്ലുമ്പോൾ പോത്തുണ്ടി ഡാം നിങ്ങളെ ഇടതുവശത്തു നിന്ന് അഭിവാദ്യം ചെയ്യുന്നുണ്ടാവും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൺ ഡാമുകളിൽ ഒന്നാണ് ഇത്. ഡാമും പൂന്തോട്ടവും കഴിഞ്ഞ് കാട്ടിലേക്കുള്ള കവാടമായി വനംവകുപ്പിന്റെ ചെക് പോസ്റ്റ് സ്ഥിതി ചെയ്യുന്നു. പരിശോധനകളും വിവരങ്ങൾ രേഖപ്പെടുത്തലും കഴിഞ്ഞാൽ മുകളിലേയ്ക്ക് കയറാം. ഒരു പകൽ ചെലവിടാൻ ഉദ്ദേശിക്കുന്നവർക്ക് ഉച്ചയ്ക്ക് രണ്ടു മണി വരെയേ പ്രവേശനമുള്ളൂ. നെല്ലിയാമ്പതി രാത്രി താമസ സൗകര്യം ഉറപ്പാക്കിയിട്ടുള്ളവർക്ക് രണ്ടു മണി മുതൽ ആറു മണി വരെ കടന്നു പോകാം.

4.view from watch tower വാച്ച് ടവറിൽ നിന്നുള്ള കാഴ്ച്ച

ഇരുപത്തിമൂന്ന്  മുടിപ്പിൻ വളവുകൾ കാത്തിരിപ്പുണ്ട് വഴിയിൽ നിങ്ങളെ. അവിടവിടെ നിറുത്തി വാഹനത്തിനു പുറത്തിറങ്ങാതിരിക്കുകയാണ് അഭികാമ്യം- കടുവയും കാട്ടുപോത്തും ആനയും പുലിയും ചെന്നായയുമെല്ലാം സ്വൈര്യ വിഹാരം നടത്തുന്ന കാടാണത്. കുണ്ടൂർച്ചോല എത്തുമ്പോൾ മനോഹരമായ ഒരു അരുവിക്കു കുറുകെ പുതുതായി പണിത പാലം കാണാം. 2018ലെ മഹാപ്രളയം പൊടുന്നനെ നക്കിത്തുടച്ചെടുത്ത് താഴ്‌വരയിൽ എത്തിച്ച ഒരു പ്രദേശം. മണ്ണിന്റെ ഉണങ്ങാത്ത മുറിപ്പാടുകൾ ഇപ്പോഴും അവിടെ കാണാനാവും.

മുകളിലേക്ക് പോകും വഴി രണ്ടിടത്ത് വാച്ച് ടവറുകൾ പണിതിട്ടുണ്ട് - പാട ഗിരി വ്യൂ പോയൻറും അയ്യപ്പൻ തിട്ട് വ്യൂ പോയൻറും. സഞ്ചാരികൾക്ക് അവിടെ നിന്ന് താഴ്വരകളുടെ ഭംഗി ആസ്വദിക്കാം, ഭാഗ്യമുണ്ടെങ്കിൽ ആനയോ കാട്ടു പോത്തോ മലമുഴക്കി വേഴാമ്പലോ കൂട്ടമായെത്തും താഴ്വരയിൽ, അല്ലെങ്കിൽ അപ്പുറത്തെ മലഞ്ചെരിവിൽ, നിങ്ങളെ നെല്ലിയാമ്പതിയിലേക്ക് സ്വാഗതം ചെയ്യാൻ.

ഉഷണമേഖല ഇലപൊഴിയും കാട്ടിലൂടെയാണ് ഇത്രയും നേരം യാത്ര ചെയ്തത്. വരണ്ട വേനലിൽ ചെറിയൊരു ജലലഭ്യത പോലും - ഒരു വേനൽമഴയിലെ നീർച്ചാൽ പോലും അവിടത്തെ ചില മരങ്ങളെ ഉന്മാദികളാക്കി മാറ്റിയേക്കാം. പാറക്കെട്ടുകളുടെ ഓരം പറ്റി കൈകാട്ടി എത്താറാകുമ്പോൾ കാട് ഒരൽപം ഇടതൂർന്ന് ഇരുണ്ടതായി കാണാം.

10.nelliyampathy സിംഹവാലൻ കുരങ്ങ്

കൈകാട്ടിയിൽ റോഡ് രണ്ടായി പിരിയുന്നു. വലത്തോട്ട് പോയാൽ നൂറടി, കേശവൻപാറ, തേയില തോട്ടങ്ങൾ കടന്ന് വിക്ടോറിയവരെയും കരടി വരെയും പോകാം. ഇടത്തോട്ടുള്ള വഴിയാണ് നെല്ലിയാമ്പതിയിലെ പ്രധാന ജനവാസ കേന്ദ്രമായ പുലയമ്പാറയിലേയ്ക്കുള്ള വഴി. അവിടെ നിന്നാണ് സീതാർക്കുണ്ട് , മീനം പാറ, മിസ്റ്റി വാലി എന്നിവിടങ്ങളിലേക്ക് പോകേണ്ടത്. പുലയമ്പാറയിലാണ് 794 ഹെക്ടർ വരുന്ന സർക്കാർ ഓറഞ്ചു തോട്ടമുള്ളത്. ചായക്കടകളും രണ്ടോ മൂന്നോ തരക്കേടില്ലാത്ത ഹോട്ടലുകളും ഇവിടെയുണ്ട്. വിവിധയിനം വൈനുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ വിൽക്കുന്ന കടകളും കാണാം. ഒരു രാത്രി തങ്ങുന്നതിന് 500 രൂപ മുതൽ 3000 രൂപ വരെ ഈടാക്കുന്ന നാലഞ്ചു ഹോട്ടലുകളും പുലയമ്പാറയിൽ പ്രവർത്തിക്കുന്നുണ്ട്.

അൽപം ചരിത്രം.

പതിനെട്ടാം നൂറ്റാണ്ടിൽ വെങ്ങനാട് കോവിലകവും കൊച്ചിൻ രാജവംശവും പങ്കിട്ടിരുന്ന നെല്ലിയാമ്പതി മലനിരകൾ കാർഷികാവശ്യങ്ങൾക്ക് വേണ്ടി പാട്ടത്തിനും അല്ലാതെയുമായി പലർക്കായി, പലയിടത്തായി വീതിക്കുകയുണ്ടായി. തലമുറകൾ കൈമാറി വന്നപ്പോൾ പല എസ്റ്റേറ്റുകളും സർക്കാരിലേക്ക് വനഭൂമിയായി ചേർന്നു, പല ഭാഗങ്ങളും ഇപ്പോഴും എസ്റ്റേറ്റും വനഭൂമിയുമായി ഇടകലർന്നു കിടക്കുകയും ചെയ്യുന്നു. ഇപ്രകാരം പോബ്സ് എസ്റ്റേറ്റിനകത്താണ് സീതാർക്കുണ്ട് വ്യൂ പോയിൻ്റ്. ടിക്കറ്റെടുത്തു വേണം അകത്തേക്ക് പ്രവേശിക്കാൻ . അവിടത്തെ കൊക്കയുടെ വിളുമ്പിൽ നിൽക്കുന്ന ദശാബ്ദങ്ങൾ പ്രായമുള്ള നെല്ലിമരം എന്തൊക്കെ കാഴ്ചകളുടെ മൂകസാക്ഷിയാണ്!

5.tea gardens

ഇടത്തോട്ടു ഒരൽപം നടന്നാൽ സീതാർക്കുണ്ട് വെള്ളച്ചാട്ടവും കാണാം. താഴെക്കാണുന്ന സമതലമാണ് മുപ്പതു കിലോമീറ്ററോളം വിസ്തൃതിയുള്ള പാലക്കാട് വിടവ്. അതിനുമപ്പുറം ധോണി കുന്നുകളിൽ വീണ്ടും തുടങ്ങുന്ന സഹ്യാദ്രി നീലഗിരി മലനിരകളിലേക്ക് പടരുന്നു. തിരികെ പുലയമ്പാറയിലെത്തി അവിടന്ന് കൈകാട്ടിയിൽ വന്ന് ഇടത്തോട്ട് തിരിഞ്ഞ് നാലു കിലോമീറ്ററുണ്ട് നമ്മുടെ അടുത്ത വ്യൂ പോയൻ്റിലേക്ക്.

പാടഗിരി എ.വി.ടി തേയില ഫാക്ടറിക്ക് എതിർവശത്തുകൂടെ ഒരു കിലോമീറ്ററോളം നടന്നാൽ നിങ്ങൾ കേശവൻ പാറ എത്തും. സീതാർക്കുണ്ടിന് തെക്കു കിഴക്കുഭാഗത്ത്, പോത്തുണ്ടി റിസർവോയറിന് അഭിമുഖമായി തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന വൻ പാറക്കെട്ടാണ് ഇത്. എ.വി.ടി യുടെ കൈവശമായിരുന്ന കാലത്ത് കെട്ടിയ കെട്ടിടങ്ങളുടെ അവശേഷിപ്പുകളിൽ ഇപ്പോൾ കരടിയും പുള്ളിപ്പുലിയും ഒളിച്ചു പാർക്കുന്നുണ്ടാവണമെന്ന് അവിടെ കണ്ട കാഷ്ഠങ്ങൾ സാക്ഷി. 

 കേശവൻപാറ വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച്ച

നെല്ലിയാമ്പതിയിൽ പണ്ടുമുതലേ കാടരുണ്ടായിരുന്നില്ലത്രേ. ഇന്നും അവിടെ വലിയ ആദിവാസി ഊരുകളൊന്നും കാണാനാവില്ല. 1860 ൽ കൊച്ചി ദിവാനായിരുന്ന കോട്ടകകത്ത് ശങ്കുണ്ണി മേനോൻ ട്രാവൻകൂർ റസിഡൻ്റ് ആയിരുന്ന മാത്ബി സായിപ്പിന് കാപ്പി വളർത്താനാണ് ആദ്യമായി ഈ സ്ഥലം പതിച്ചു കൊടുത്തത്. പിൽക്കാലത്ത് സായിപ്പന്മാരെ സേവിക്കാനും തോട്ടങ്ങളിൽ പണിയെടുക്കാനുമാണ് മലയാളികളും തമിഴന്മാരും ആദ്യമായി മല കയറുന്നത്. 1863 ൽ സ്ഥാപിതമായ മണലാറൂ എസ്റ്റേറ്റ് ആണ് ഇവിടത്തെ ആദ്യത്തെ എസ്റ്റേറ്റ് . കാപ്പി കൃഷി പതിയെ തേയിലക്കും സിങ്കോണക്കും ഓറഞ്ചിനുമൊക്കെ കൂടെ ഇടം കൊടുക്കുകയാണ് ഉണ്ടായത്. ഇന്ന് കാണുന്ന പോത്തുണ്ടി നെല്ലിയാമ്പതി റോഡ് പണിയുന്നത് 1930ൽ ആണ്. എസ്റ്റേറ്റുകളുടെ അകത്തു കൂടെയുള്ള റോഡുകൾ അതി മനോഹരമാണ്. തേയിലത്തോട്ടങ്ങളുടെ ഇടയിൽ ഇടവിട്ടിടവിട്ട് കുത്തനെ വളർന്നു നിൽക്കുന്ന സിൽവർ ഓക്ക്, ബിർച്ച് മരങ്ങളും കാഴ്ചയുടെ ചക്രവാളങ്ങൾക്ക് മിഴിവേകുന്നു. മണലാറൂ, വിക്ടോറിയ, അലക്സാൺഡ്ര, ലില്ലി എസ്‌റ്റേറ്റുകളുടെയെല്ലാം അകത്തു കൂടെ വാഹനത്തിൽ സഞ്ചരിക്കാൻ വഴികളുണ്ട്. 

രണ്ടു ദിവസമെങ്കിലും വേണം ഇപ്പറഞ്ഞ സ്ഥലങ്ങളൊക്കെ കണ്ടു തീർക്കാൻ. സാഹസികത ഇഷ്ടമുള്ളവർക്ക് ദുർഘടമായ കാട്ടുപാതകളിലൂടെ ഫോർ വീൽ ഓഫ് റോഡ് ജീപ്പ് സഫാരിയും പോകാവുന്നതാണ്. പുലയമ്പാറയിൽ നിന്നും വാടകജീപ്പുകൾ കാത്തിരിപ്പുണ്ട്. മിസ്റ്റി വാലി പോകും വഴി പലയിടത്തും സംരക്ഷിത മൃഗമായ വരയാടിനെ കാണാൻ കഴിഞ്ഞേക്കും. അവിടെ നിന്നു നോക്കിയാൽ കാണുന്ന പുൽമേടുകളും ചോലക്കാടുകളും നിറഞ്ഞ മലനിരകൾ ആർക്കാണ് കണ്ടാൽ മതിവരിക! ഫോറസ്റ്റ് ഡെവലപ്മെൻ്റ് കോർപ്പറേഷന്റെ ട്രെക്കിങ് പദ്ധതികളും ഇവിടെയുണ്ട്. കാട്ടിനകത്ത് താമസ സൗകര്യവും ഭക്ഷണവുമെല്ലാം ഇവർ ഒരുക്കിയിരിക്കുന്നു.

7.nelli animals വേഴാമ്പൽ, ആനക്കൂട്ടം

അദ്‌ഭുതങ്ങൾ ഒളിപ്പിച്ച കാട്.

വന്യ ജീവികളുടെ പറുദീസയാണ് ഈ മലനിരകൾ. ആനയും മാനും കാട്ടുപോത്തും മാത്രമല്ല, കടുവയെയും കരടിയെയും പുളളിപ്പുലിയെയും വരെ പട്ടാപ്പകൽ കണ്ടവരുണ്ട്. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ വിഹാര മേഖലകളാണ് കാരപ്പാറ വിക്ടോറിയ ഭാഗങ്ങളിലെ ഉയരം കൂടിയ മരമേലാപ്പുകൾ. സൂര്യോദയത്തോടെ ആ കാപ്പിത്തോട്ടങ്ങളിലെത്തി കാത്തിരുന്ന് നാൽപതും അമ്പതുമൊക്കെ മലമുഴക്കികൾ ഒന്നിച്ച് പഴങ്ങൾ തേടി പറന്നെത്തുന്നതും അവരുടെ ചിറകടികളും കരച്ചിലും കൊണ്ട് ആ കാടാകെ ഉണർന്നു വരുന്നതും അനുഭവിച്ചിട്ടുണ്ട്. കൂടിനകത്ത് കാത്തിരിക്കുന്ന അമ്മപ്പക്ഷിയെയും കുഞ്ഞുങ്ങളെയും അച്ഛൻ വേഴാമ്പൽ പഴങ്ങളൂട്ടുന്നത് കണ്ടു നിന്നിട്ടുണ്ട്. നീലഗിരി മാർട്ടിനും പറക്കുന്ന അണ്ണാനും കുട്ടിത്തേവാങ്കും കാട്ടുമുയലും കൂരമാനുമെല്ലാം ഭാഗ്യമുണ്ടെങ്കിൽ നിങ്ങളുടെ കൺമുന്നിലും വന്നു പെട്ടേക്കാം. അത്യപൂർവ്വങ്ങളായ ഒരുപാടിനം പക്ഷികൾക്കും ഉഭയജീവികൾക്കും പാമ്പുകൾക്കും ചെടികൾക്കും മരങ്ങൾക്കും കൂടും വീടുമൊരുക്കുന്നുണ്ട് ഈ മലനിരകൾ.

നെല്ലിയാമ്പതിയിലെ അൽഭുതങ്ങൾ ഒരിക്കലും അവസാനിക്കാറില്ല. ഓരോ യാത്രയിലും അതിനിഗൂഢമായ എന്തെങ്കിലും പുത്തൻ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു സഹ്യപുത്രി. കഴിഞ്ഞ മഴക്കാലത്തിനിടെ വീണു കിട്ടിയൊരു തോർച്ചയിൽ നെല്ലിയാമ്പതിയിൽ പോയി. സന്ധ്യ മയങ്ങിക്കഴിഞ്ഞ് മീനം പാറ ഭാഗത്തേയ്ക്ക് വെറുതെയൊന്ന് ചെന്നു. റോഡിനിരുവശവും മരങ്ങളിൽ അതാ ആയിരമോ പതിനായിരമോ മിന്നാമിന്നികൾ.

8.flierflies മിന്നാമിന്നികൾ. പ്രകാശം പരത്തുന്ന മരം

അതിസങ്കീർണമായൊരു സംഗീത പരിപാടിയുടെ ദൃശ്യാവിഷ്കാരം പോലെ അവ പ്രകാശം പൊഴിക്കുന്നു. ചില നേരങ്ങളിൽ തീപിടിച്ച പോലെ മരം നിന്നു കത്തുന്നു! ഇടയ്ക്കൊന്ന് ഇരുട്ടിന്റെ ഇടവേളകൾ തോർന്നാൽ വീണ്ടും വെളിച്ചത്തിന്റെ ആകാശഗംഗകൾ മരങ്ങളിൽ പൂത്തു വിടരുന്നു. ഏതാനും ചില നിമിഷങ്ങൾ കൊണ്ട് തന്നെ അതീന്ദ്രിയമായ ഒരു സന്തോഷം വന്നു മൂടി. മൃദുവായ തണുത്ത വെളിച്ചം കൊണ്ട് ആ പാവം മിന്നാമിന്നികൾ അകക്കണ്ണകൾക്കു പോലും വെളിച്ചമേകിക്കഴിഞ്ഞു. അന്ന് രാത്രി നക്ഷത്രങ്ങൾക്കും, വഴിവിളക്കുകൾക്കും, താമസിക്കുന്നിടത്തെ വൈദ്യുത വിളക്കുകൾക്കുമൊന്നും ഒട്ടും പ്രകാശമേ ഉണ്ടായിരുന്നതായി അനുഭവപ്പെട്ടില്ല.

9.nelliyampathy

യാത്രയുടെ ഒടുവിലത്തെ രാത്രിയും പിന്നിട്ടു ഇതാ രാവിലെയായി. കോടമഞ്ഞിന്റെ തോളിൽ കയ്യിട്ട് മലയിറങ്ങുകയാണ് നാമിപ്പോൾ. കാടുണർന്നു വരുന്നതിനനുസരിച്ച് കാട്ടുകോഴിയും ചൂളക്കാക്കയും ബുൾബുളുകളും കാട്ടുവഴികൾക്കരികെ പാടിത്തുടങ്ങുന്നുണ്ട്. പൂത്തു നിൽക്കുന്ന കാട്ടുപൂവരശിൽ തേൻ തിരയുന്നുണ്ട് തേൻകിളികൾ. തണുത്ത കാറ്റിനെയും കോടമഞ്ഞിനെയും പുറകിൽ ഉപേക്ഷിച്ചു വരാൻ കൂട്ടാക്കാതെ മനസ്സു പിണങ്ങി നിൽക്കുമ്പോഴും യാന്ത്രികമായി മലയിറങ്ങുകയായിരിക്കും നിങ്ങൾ. സഹ്യന്റെ സ്നേഹം കോടമഞ്ഞിന്റെവിരൽ സ്പർശമായി നെറുകയിൽ പതിയുന്നു. ഇനി മടക്കം - തിരികെ വീണ്ടും വീണ്ടും വരാൻ വേണ്ടി മാത്രം.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Travel Stories