കാണാനും ആസ്വദിക്കാനും ഏറെ കാഴ്ചകളും സാംസ്കാരികത്തനിമയുമുള്ള രാജ്യങ്ങളിലേക്കു പോകുമ്പോൾ സഞ്ചാരികളെ ഏറെ ഭയപ്പെടുത്തുന്നത് വീസ കാലാവധിയാണ്. ദിവസങ്ങളോ മാസങ്ങളോ മാത്രം ദൈർഘ്യമുള്ള ടൂറിസ്റ്റ് വീസകള്‍ കാരണം പല സന്ദർശനങ്ങളിലും ഒരു രാജ്യം പൂർണമായും കണ്ടു തീർക്കാനായില്ലെന്നു പരാതിപ്പെടുന്നവർ ഒട്ടേറെ. എന്നാൽ ഇതിനൊരു പരിഹാരവുമായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യം ഇന്തൊനീഷ്യ പുതിയ വീസ പദ്ധതി അവതരിപ്പിച്ചിരിക്കുന്നു. ഇതനുസരിച്ച് വിദേശ പൗരൻമാർക്ക് ഇന്തൊനീഷ്യയെ തങ്ങളുടെ രണ്ടാമത്തെ വീടായി കണക്കാക്കി സഞ്ചരിക്കാം, ദീർഘകാലം താമസിക്കാം ഒപ്പം രാജ്യത്തിന്റെ പുരോഗതിക്ക് കഴിവുറ്റ സംഭാവനകൾ നൽകുകയും ചെയ്യാം. ‘ബാലിയിലേക്കും രാജ്യത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ദീർഘകാല വീസ പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രഖ്യാപനം നടത്തിയ ആക്ടിങ് ഡയറക്ടർ ജനറൽ ഓഫ് ഇമിഗ്രേഷൻ പ്രസ്താവിച്ചു.
ലോകസഞ്ചാരികളെയും പ്രൊഫഷണലുകളെയും തൊഴിലിൽ നിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരെയും ലക്ഷ്യമിട്ടാണ് സെക്കൻഡ് ഹോം വീസ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിജിറ്റൽ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ചെറുപ്പക്കാർ ഈ വർഷം ജനുവരി–ഓഗസ്റ്റ് കാലയളവിൽ ഇന്തൊനീഷ്യ സന്ദർശിക്കുകയും റിമോട്ട് വർക് വ്യവസ്ഥയിൽ ജോലി ചെയ്ത് രാജ്യം കണ്ട് മടങ്ങിയിരുന്നു. ഇത്തരത്തിലുള്ള പുതുകാലത്തിന്റെ സഞ്ചാരികൾക്ക് ഏറെ ഗുണകരമാകും പുതിയ വീസ സമ്പ്രദായം.

ഇന്ത്യൻ മഹാസമുദ്രവും ശാന്തസമുദ്രവും ഒന്നുചേരുന്ന കടലിടുക്കിൽ 17,000 ദ്വീപുകളുടെ സമൂഹമാണ് ഇന്തൊനീഷ്യ. ബാലി, ജാവ, സുമാത്ര, കൊമോഡോ ദ്വീപ് തുടങ്ങി ഒട്ടേറെ ദ്വീപുകൾ ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നവയും വർഷം തോറും ദശലക്ഷക്കണക്ക് സഞ്ചാരികൾ എത്തുന്ന ഇടവുമാണ്.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുടെ ഉടമകളായ ഇന്തൊനീഷ്യനിക്ഷേപകരെയും വിദഗ്ധരെയും രാജ്യത്തേക്ക് ആകർഷിക്കാനുള്ള നടപടികളുടെ കൂടി ഭാഗമാണ് ‘സെക്കൻഡ് ഹോം വീസ’ പദ്ധതി. ഈ പദ്ധതിയിലൂടെ വീസ കരസ്ഥമാക്കുന്ന വിദേശ പൗരൻമാർക്ക് അഞ്ചോ പത്തോ വർഷം ഇന്തൊനീഷ്യയിൽ വസിച്ച് വ്യവസായങ്ങളിൽ നിക്ഷേപമിറക്കാനും വിനോദസഞ്ചാരികളായി രാജ്യമെമ്പാടും സഞ്ചരിക്കാനുമുള്ള അവസരം ലഭിക്കുന്നു.

ക്രിസ്മസ് കാലത്തോടെ പ്രാബല്യത്തിൽ വരുന്ന സെക്കൻഡ് ഹോം വീസ പദ്ധതിക്ക് ഓൺ ലൈൻ അപേക്ഷാ സൗകര്യം തയാറാകുന്നു. കുറഞ്ഞത് 36 മാസമെങ്കിലും കാലാവധി ബാക്കിയുള്ള അംഗീകൃത പാസ്പോർട്ടും നിശ്ചിത തുകയുടെ ബാങ്ക് ബാലൻസും അപേക്ഷകർക്ക് നിർബന്ധമാണ്. കുറഞ്ഞത് 2ബില്യൻ ഇന്തൊനീഷ്യൻ റുപയ (ഉദ്ദേശം 1,05,75,321 രൂപ) ബാങ്ക് ബാലൻ്സ് ഉണ്ടായിരിക്കണം. ദീർഘകാല വീസ അനുവദിക്കാൻ തീരുമാനിച്ചതോടെ ഓസ്ട്രേലിയ, ബൾഗേറിയ, കാനഡ, സൈപ്രസ്, ഗ്രീസ്, മാൾട്ട, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് കയറി ഇന്തൊനീഷ്യ.