Friday 18 June 2021 03:24 PM IST : By Baiju Govind

പക്ഷികളെ തിരഞ്ഞു കടലില്‍ പോയി: കിട്ടിയത് ക്യാമറ നിറയെ കൗതുകങ്ങള്‍

5 -anoop

നിങ്ങളുടെ വീടിന്റെ പരിസരത്ത് എത്ര പക്ഷികൾ വന്നു പോകാറുണ്ട് എന്നായിരുന്നു അനൂപിന്റെ ചോദ്യം. അയൽക്കാർ ഇതുകേട്ട് പരസ്പരം നോക്കി. അന്നുവരെ അവരിലൊരാളും ചുറ്റുപാടുമുള്ള പക്ഷികളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അടുത്ത വീട്ടിലുള്ളവരുടെ അമ്പരപ്പ് മനസ്സിലാക്കിയ അനൂപ് ലാപ്ടോപ്പ് തുറന്നു. തലേന്നാൾ വൈകുന്നേരം ഫ്ളാറ്റിന്റെ ബാൽക്കണിയിൽ വന്നിരുന്ന ‘ലെസ്സർ കുക്കു’വിന്റെ ഫോട്ടോ അവർക്കു കാണിച്ചു കൊടുത്തു. കേരളത്തിൽ രണ്ടിടത്തു മാത്രമേ ഈ പക്ഷി ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ആദ്യം തേക്കടി വന്യജീവി സങ്കേതത്തിൽ. അന്ന് ഫ്രാൻസിൽ നിന്നുള്ള ഒരു സായിപ്പിനാണ് ആ പക്ഷി ദർശനം നൽകിയത്. രണ്ടാമത്തെ തവണ വിരുന്നെത്തിയത് അനൂപിന്റെ വീടിന്റെ ബാൽക്കണിയിൽ. ചാഞ്ഞും ചെരിഞ്ഞുമുള്ള സ്നാപ്പുകളിൽ അനൂപ് ആ പക്ഷിയെ ഒപ്പിയെടുത്തു. പലയിനം പക്ഷികളെക്കുറിച്ച് അന്ന് അയൽപ്പക്കക്കാരോട് അനൂപ് വിശദമായി സംസാരിച്ചു. കൗതുകത്തോടെ അതു കേട്ടിരുന്നവർക്ക് ദേശാശടനപ്പക്ഷികളുടെ ഫൊട്ടോ കാണിച്ചുകൊടുത്തു. പതിനൊന്നു വർഷമായി പല കാടുകളിലൂടെ യാത്ര ചെയ്യുന്ന അനൂപിന്റെ ചിത്രശേഖരത്തിൽ മുന്നൂറോളം പക്ഷികളുടെ ഫൊട്ടോകളുണ്ട്.

നാൽപ്പതു കിലോമീറ്റർ ഉൾക്കടലിലേക്ക് പക്ഷി സ്നേഹികൾക്കൊപ്പം അനൂപ് ബോട്ട് യാത്ര നടത്തിയത് സമുദ്രത്തിൽ പാർക്കുന്ന ദേശാടനക്കിളികളെ കാണാനാണ്. കാടുകളായ കാടുകളിലൊക്കെയും ക്യാമറയും തൂക്കി അലയുന്നതും പക്ഷികളെ തേടിയാണ്. ഇന്നുവരെ മറ്റാരുടെയും മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത പക്ഷികൾ ഭൂമിയിലുണ്ടെന്ന സത്യം ഈ ഫൊട്ടോഗ്രഫറുടെ ആകാംക്ഷ വർധിപ്പിക്കുന്നു. ആ കൗതുകം അതിമനോഹരമായ നിശ്ചല ദൃശ്യങ്ങളായി മാറുമ്പോൾ കാഴ്ചക്കാരുടെ ഹൃദയം നിറയുന്നു.

കേരളത്തിലെത്തുന്ന എല്ലാ പക്ഷികളുടെയും ഫൊട്ടോ, പേര്, ദേശം, അവയെ കാണുന്ന സീസൺ, സ്ഥലം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി കൊച്ചിൻ നാച്ചുറൽ ഹിേസ്റ്റാറിക് സൊസൈറ്റി (സി.എൻ.എച്ച്.എസ്) ‘ബേഡ് അറ്റ്ലസ്’ പുറത്തിറക്കുന്നുണ്ട്. ഇപ്പോൾ അതിനുള്ള പടമെടുപ്പിലാണ് അനൂപ്. ബംഗളൂരുവിൽ ഫാർമ കമ്പനിയിലെ ജോലിക്കിടെ കിട്ടുന്ന ഒഴിവു ദിവസങ്ങളിൽ നാട്ടിൽ വന്നാണ് ചിത്രമെടുപ്പ്. എറണാകുളത്ത് എളംകുളത്തുള്ള ‘റിവർ ഡെയ്ൽ’ ഫ്ളാറ്റിൽ അനൂപ് സൂക്ഷിച്ചുവച്ചിട്ടുള്ള ചിത്രങ്ങൾ പക്ഷികളുടെ ആകാശം വിശാലമാക്കുന്നു. പലതരം കിളികളുടെ സഞ്ചാരപഥങ്ങളിലൂടെ നടത്തിയ യാത്രകൾ അനൂപ് ഒരാവർത്തി ഓർത്തെടുക്കുകയാണ്, ഒരു തീർഥാടകനെപ്പോലെ.

3 - anoop

കോളജിൽ പഠിക്കുന്ന കാലത്താണ് വനയാത്ര തുടങ്ങിയത്. ഒളിംപസ് 2000 എസ്എൽആർ ക്യാമറയുമായി അറിയപ്പെടാത്ത കാടുകളിലൂടെ നടത്തം തുടർന്നു. ഉല്ലാസ യാത്രകളായിരുന്നു മിക്കതും. മൃഗങ്ങളേക്കാൾ അനൂപിന്റെ ലെൻസിൽ പതിഞ്ഞത് പക്ഷികളാണ്. സൈലന്റ് വാലി, വയനാട്, തിരുനെല്ലി, തോൽപ്പെട്ടി, ബത്തേരി, പറമ്പിക്കുളം, തേക്കടി... സന്ദർശിച്ച കാടുകളുടെ നിര നീണ്ടു. നാലഞ്ചു വർഷം മുമ്പ് ഗിരീഷ് എന്ന പക്ഷി സ്നേഹിയെ പരിചയപ്പെട്ടപ്പോഴാണ് അത്രയും കാലം ചേർത്തു വച്ച ചിത്രങ്ങൾ അമൂല്യമാണെന്ന സത്യം അനൂപ് തിരിച്ചറിഞ്ഞത്. പിന്നീടുള്ള യാത്രകൾ പക്ഷികളെ കാണാനും അവയെ സംരക്ഷിക്കാനുമുള്ളതായി മാറി. അതിരുകളില്ലാതെ പറക്കുന്ന പക്ഷികളുടെ ലോകത്ത് കണ്ടറിഞ്ഞതെല്ലാം അനൂപ് പങ്കുവയ്ക്കുകയാണ് ഇവിടെ...

നടുക്കടലിലെ ദേശാടനക്കിളികൾ

തേക്കടിയിലെ ഒരു റിസോർട്ടിൽ പക്ഷി സ്നേഹികളുടെ സംഗമം. വിവിധയിനം പക്ഷികളെക്കുറിച്ചും അവ സഞ്ചരിക്കുന്ന ദൂരത്തെക്കുറിച്ചും വിഡിയോ പ്രസന്റേഷനുണ്ടായിരുന്നു. പലയിടങ്ങളിൽ നിന്നു പകർത്തിയ ചിത്രങ്ങൾ ഗിരീഷിനെ കാണിച്ചു. മറ്റാർക്കും കിട്ടിയിട്ടില്ലാത്ത ചില പക്ഷികളുടെ ഫൊട്ടോകൾ എന്റെ ചിത്രങ്ങളിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടുതൽ പക്ഷികളെ കാണാനും യാത്ര ചെയ്യാനും അതു പ്രചോദനമായി.

സി.എൻ.എച്ച്.എസ് അംഗങ്ങൾ കടലിലേക്കു പോകുന്ന വിവരം അറിഞ്ഞപ്പോഴാണ് പക്ഷി നീരീക്ഷണത്തിനു വേണ്ടി യാത്ര ചെയ്യാൻ തീരുമാനിച്ചത്. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് ഉൾക്കടലിലേക്ക് നാൽപ്പത്തഞ്ചു കിലോമീറ്റർ ബോട്ട് യാത്ര. പുതിയ അനുഭവമായിരുന്നു അത്. കരയിലെവിടെയും കാണാത്ത പലയിനം പക്ഷികൾ കടലിനു നടുവിൽ പറക്കുന്നു. തൂവലുകളിൽ നിറമണിഞ്ഞവയും ചായത്തിൽ മുങ്ങിയപോലെ കടും നിറമുള്ളവയും അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രവീൺ ജയദേവ്, ദീപു, വിഷ്ണു കർത്താ എന്നീ പക്ഷി നീരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു യാത്ര. അവരുടെ വിശദീകരണങ്ങളിലൂടെ കടൽപ്പക്ഷികളെക്കുറിച്ച് ഏറെ മനസ്സിലാക്കി. ‘െപലാജിക് ബേഡ്സ്’ എന്നാണ് കടലിൽ ജീവിക്കുന്ന പക്ഷികൾ അറിയപ്പെടുന്നത്. കേരളത്തിൽ മൺസൂൺ കഴി‍യുമ്പോൾ അന്യദേശങ്ങളിൽ നിന്ന് അവ പറന്നെത്തുന്നു.

ഫ്ളഷ് ഫൂട്ടഡ് ഷിയർ വാട്ടർ എന്ന പക്ഷിയാണ് കടൽപ്പക്ഷികളിൽ എന്നെ ആകർഷിച്ചത്. മുട്ടയിൽ നിന്നു വിരിയുമ്പോൾ മുതൽ ചത്തു വീഴുന്നതുവരെ കടൽ മാത്രമാണ് ഇവയുടെ വാസസ്ഥലം. ബ്രൗൺ നൂഡിയാണ് നിറംകൊണ്ട് ആകർഷിച്ച മറ്റൊരു പക്ഷി. തവിട്ടു നിറമുള്ള ആ പക്ഷി ഭംഗിയിൽ കണ്ണെഴുതിയിട്ടുണ്ട്. വെളുത്ത കൺമഷി തേച്ച് ബ്രൗൺ നൂഡിയെ സുന്ദരിയാക്കിയ പ്രകൃതിയുടെ കലാബോധത്തോടു ബഹുമാനം തോന്നി. ബ്രിഡിൽഡ് ടേൺ, സ്ക്വാ എന്നിവയും സമുദ്രങ്ങളിൽ നിന്നു സമുദ്രങ്ങളിലേക്കു യാത്ര നടത്തുന്ന ദേശാടനപ്പക്ഷികളാണ്. മറ്റേതൊക്കെയോ ഭൂഖണ്ഡങ്ങളിലെ ചെറു ദ്വീപിൽ മുട്ട വിരിഞ്ഞ് കടലേഴും കടന്നാണ് ഈ കിളികളിൽ പലതും കേരളത്തിലെത്തുന്നത്. കാക്കക്കാലിന്റെ തണൽപോലുമില്ലാത്ത ഉപ്പുവെള്ളത്തിനു മീതെ ഇത്രയധികം പക്ഷികൾ വസിക്കുന്നുണ്ടെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.

പക്ഷി നിരീക്ഷണം രസകരമായ വിനോദമാണെന്ന് തിരിച്ചറിയാൻ ആ കടൽയാത്ര വഴിയൊരുക്കി. ഒഴിവു കിട്ടുന്ന സമയത്തെല്ലാം പക്ഷികളെ കാണാനും ഫൊട്ടോയെടുക്കാനും തീരുമാനിച്ച കാര്യം ഭാര്യയോടു പറഞ്ഞു. പക്ഷികളുടെ സ്വാതന്ത്ര്യം കണ്ടാസ്വദിക്കാനുള്ള യാത്രയിൽ പങ്കാളിയാകാൻ ഭാര്യക്കും സമ്മതം. പക്ഷികളെ കാണാൻ കാടുകളിലേക്കു യാത്ര നടത്തുന്ന അനൂപും ഭാര്യ ശ്രീലേഖയും അങ്ങനെ പക്ഷിസ്നേഹികൾക്കിടയിൽ സജീവമായി.

രാജഹംസങ്ങളുടെ കൂന്തംകുളം

സലിം അലിയുടെ ജന്മദിനത്തോടനുബന്ധിച്ച് സി.എൻ.എച്ച്.എസിന്റെ ആഭിമുഖ്യത്തിൽ പക്ഷികളെ തേടി ‘ബേഡ് റെയ്സ്’ നടത്താറുണ്ട്. നാലഞ്ചാളുകൾ വീതമുള്ള സംഘമായി തിരി‍ഞ്ഞ് രാവിലെ മുതൽ വൈകുന്നേരം വരെ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് പക്ഷി നിരീക്ഷണമാണു മത്സരം. വൈകിട്ട് അഞ്ചു മണിയോടെ ഒരിടത്ത് ഒത്തുകൂടി അന്നു കണ്ട പക്ഷികളെക്കുറിച്ച് ചർച്ച ചെയ്യും. ഏറ്റവുമധികം പക്ഷികളെ കണ്ടെത്തുന്ന ഗ്രൂപ്പിന് ‘ബോംബെ നാച്ചുറലിസ്റ്റിക് സൊസൈറ്റി’ ഏർപ്പെടുത്തിയിട്ടുള്ള സമ്മാനം നൽകും. തട്ടേക്കാടും ഭൂതത്താൻകെട്ടിലുമാണ് ഞാൻ പോയത്. 89 ഇനം പക്ഷികളെ കണ്ടു. ശ്രീലങ്കൻ ഫ്രോഗ് മൗത്ത് എന്ന പക്ഷി ഇക്കൂട്ടത്തിലെ വിശിഷ്ടാഥിതി. ഫൊട്ടോഗ്രഫിക്കുവേണ്ടിയുള്ള ഈ കൂട്ടായ്മ പക്ഷികളുമായുള്ള സൗഹൃദം വിപുലമാക്കി.

വീടിന്റെ ചുറ്റുവട്ടത്തു നിന്ന് അറുപതിനം പക്ഷികളെ ഞാൻ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഒളിംപസ് 2000 എസ്എൽആർ, സോണി എച്ച് 9 ഡിജിറ്റൽ പോയിന്റ് ആൻഡ് ഷൂട്ട് ക്യാമറകളാണ് ആദ്യം ഉപയോഗിച്ചിരുന്നത്. ഒളിംപസ് മിറർലെസ് ഡിഎസ്എൽആർ, 75–300എം.എം, എഫ് 4.8 – 6.7 ലെൻസ് വാങ്ങിയതോടെ ചിത്രങ്ങളുടെ ഭാവം മാറി. ഈ ക്യാമറയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

1 -anoop

കേരളത്തിന്റെ ഭൂമികയിൽ നിന്നു പുറത്തുപോകാനുള്ള ആഗ്രഹം പണ്ടു തൊട്ടേ മനസ്സിലുണ്ട്. മസിനഗുഡിയിലേക്കുള്ള യാത്ര ആ പരമ്പരയിൽ ആദ്യത്തേതാണ്. കുളിരുന്ന ഭൂപ്രകൃതിയിലെ കാലാവസ്ഥയും സസ്യജാലങ്ങളും വ്യത്യസ്തം. കുറ്റിച്ചെടി നിറഞ്ഞതാണ് കാടുകൾ. ഫ്ളൈ ക്യാച്ചേഴ്സ്, ബ്രൗൺ ഫിഷ് ഔൾ, ഇന്ത്യൻ നൈറ്റ് ജാർ തുടങ്ങി അപൂർവയിനം പക്ഷികളെ മസിനഗുഡിയിൽ നിന്നു ക്യാമറയിൽ പകർത്തി. ഇരുട്ടുന്നതു വരെ കാത്തിരുന്നാണ് നൈറ്റ്ജാർ ദർശനം നൽകിയത്. പതുങ്ങിയിരുന്ന പക്ഷിയെ ടോർച്ചിന്റെ വെളിച്ചത്തിൽ പല പോസുകളിൽ ക്യാമറയിലാക്കി.

തിരുനൽവേലിക്കടുത്തുള്ള കൂന്തംകുളം പക്ഷികളുടെ പേരിൽ പ്രശസ്തം. രാജഹംസത്തെ കാണാനായി കൂന്തംകുളത്തു പോയി. രാജഹംസത്തിനൊപ്പം പക്ഷികളെ സ്നേഹിക്കുന്ന ഒരു ‘രാജാവി’നെയും അവിടെ പരിചയപ്പെട്ടു. പേര്, ബാൽപാണ്ടി. ഏതൊക്കെ പക്ഷികളാണ് കൂന്തംകുളത്തു വരുന്നതെന്നും അവ ഏതൊക്കെ പ്രദേശത്ത്, ഏതൊക്കെ മരങ്ങളിലാണ് കൂടു വച്ചിട്ടുള്ളതെന്നും ബാൽപാണ്ടിക്ക് മനപ്പാഠം. ‘ബേഡ് മാൻ’ എന്നാണ് ബാൽപാണ്ടി അറിയപ്പെടുന്നത്. തളർന്നു വീഴുന്ന പക്ഷികളെ മരുന്നു തേച്ച് മുറിവുണക്കി പറപ്പിച്ചു വിടുന്ന ബാൽപാണ്ടിയുടെ പക്ഷിസ്നേഹം ലോകപ്രശസ്തം. അദ്ദേഹത്തിനൊപ്പം കൂന്തംകുളത്ത് രണ്ടു തവണ യാത്ര ചെയ്തു. പക്ഷിപ്പനി ബാധിച്ച് ഭാര്യ മരിച്ചപ്പോഴും പക്ഷിപരിചരണത്തിൽ നിന്ന് അദ്ദേഹം മാറി നിന്നില്ല. ബൈനോക്കുലറുമായി കാടിന്റെ പലഭാഗങ്ങളിലൂടെ പക്ഷികളെ തിരഞ്ഞ് ഇപ്പോഴും അദ്ദേഹം ചുറ്റിക്കറങ്ങുന്നു. അതു കണ്ടപ്പോഴാണ് ചിത്രമെടുക്കുന്ന കൗതുകത്തെക്കാൾ എത്രയോ വലുതാണ് പക്ഷിസ്നേഹമെന്നു തിരിച്ചറിഞ്ഞത്.

ലോകത്ത് എല്ലാവരും പക്ഷികളെ സ്നേഹിക്കുന്നവരല്ല. അതേസമയം, പക്ഷികളെ ഉപദ്രവിക്കുന്നവരാണ് ഏറെയുമെന്നാണ് എന്റെ അഭിപ്രായം. നിരവധി അനുഭവങ്ങളാണ് ഇതു പറയാൻ എന്നെ പ്രേരിപ്പിക്കുന്നത്.

ഒരു ഫോൺ വിളിയെ പിന്തുടർന്ന് എടത്വയിൽ എത്തി. ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളെ അവിടെ കണ്ടു. ബ്ലാക്ക് ടെയിൽ ഗേഡ്‌വിറ്റ് എന്നയിനവും അതിലുണ്ടായിരുന്നു. മികച്ച ഫ്രെയിം ഒപ്പിക്കാനായി ഞാൻ പതുങ്ങിയിരുന്നു. കുറച്ചു ദൂരെ നിർത്തിയിട്ടിരുന്ന അംബാസഡർ കാറിൽ നിന്നു പുറത്തേക്കു നീണ്ടു വന്ന തോക്കിന്റെ കുഴലാണ് ആദ്യം വ്യൂ ഫൈൻഡറിൽ തെളിഞ്ഞത്. തോക്കിന്റെ കുഴലും ഉന്നം പിടിച്ചയാളുടെ മുഖവും കാറിന്റെ നമ്പർ പ്ലെയ്റ്റും വ്യക്തമാകും വിധത്തിൽ രണ്ടു സ്നാപ്പെടുത്തു. അതിനു ശേഷം അവരെ ഞാൻ തടഞ്ഞു. വംശനാശം നേരിടുന്ന പക്ഷികളെയോ മൃഗങ്ങളെയോ വകവരുത്തിയാൽ ജാമ്യമില്ലാത്ത വകുപ്പിൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഓർമിപ്പിച്ചു. പക്ഷിവേട്ടക്കാരുടെ ഫൊട്ടോ പിന്നീട് ഫെയ്സ്ബുക്കിലെ പക്ഷിസ്നേഹികളുടെ ഗ്രൂപ്പിലിട്ടു. തൊട്ടടുത്ത ദിവസം രണ്ടാളെ പൊലീസ് പൊക്കി. പക്ഷികളെ ഉപദ്രവിക്കുന്നവർക്കുള്ള ശിക്ഷ വിവരിച്ചുകൊണ്ട് വനംവകുപ്പ് അവരുടെ ഫെയ്സ്ബുക്ക് പേജിൽ തൊട്ടടുത്ത ദിവസം പോസ്റ്റിട്ടു.

4 -anoop

കോട്ടയം ടൗണിലെ പോേസ്റ്റാഫിസിനടുത്തുള്ള റൗണ്ടിനു മുന്നിൽ വേറൊരു സംഭവത്തിനു സാക്ഷ്യം വഹിച്ചു. ചുമരിൽ തേയ്ക്കുന്ന പെയ്ന്റടിച്ച് അടയ്ക്കാക്കുരുവികളെ ചുവപ്പും പച്ചയുമാക്കി കൂട്ടിലിട്ടു വിൽക്കുന്നു. അതു കാണാനും വാങ്ങാനും ചുറ്റും ആളുകൾ ! ഉടൻ തന്നെ പക്ഷി സ്നേഹികളുടെ സംഘടനയെ വിവരം അറിയിച്ച് കച്ചവടം തടഞ്ഞു. വിശാലമായ ആകാശാത്ത് പറക്കുന്ന പക്ഷികളെ കൂട്ടിലടച്ച് ചായം തേച്ചു വിൽക്കാൻ നമുക്ക് എന്തധികാരം ? പക്ഷികളും പ്രകൃതിയുടെ ഭാഗമാണെന്നു പറഞ്ഞു പഠിപ്പിക്കാൻ ഇവിടെയാരും ശ്രമിക്കുന്നില്ല, അതു തന്നെ കാരണം.

പക്ഷികളെ സ്നേഹിച്ചു തുടങ്ങാം

പക്ഷികളെ തേടിയുള്ള യാത്ര എപ്പോഴും സുഖകരമായ അനുഭവങ്ങളുടേതല്ല. വയനാട്ടിൽ വച്ച് ആനയെ കണ്ടു പേടിച്ചോടിയത് മറക്കാനാവില്ല. അതിരപ്പിള്ളിയിലൂടെ കാറോടിച്ചു വരുമ്പോഴാണ് നടുറോഡിൽ പാമ്പിനെ കണ്ടത്. തവളയെ വിഴുങ്ങിക്കൊണ്ടിരുന്ന പാമ്പിനെ രക്ഷിക്കാനായി അതുവഴി വന്ന കെഎസ്ആർടിസി ബസിനെ തടഞ്ഞു നിർത്തി. കാനന യാത്രകളിൽ ഇങ്ങനെ രസകരമായ അനുഭവങ്ങൾ അനവധി.

വലിയ പക്ഷി സമ്പത്തുണ്ടെന്നറിഞ്ഞാണ് സിക്കിമിലേക്കു പോയത്. ഗാങ്ടോക്, റിങ് ചെങ്പോങ്, പെല്ലിങ് എന്നീ പ്രദേശങ്ങളിൽ എഴുപത് ഇനം പക്ഷികളെ കണ്ടു. തണുപ്പുള്ള ദേശങ്ങളിൽ പാർക്കുകയും അത്തരം രാജ്യങ്ങളിലേക്കു ദേശാടനം നടത്തുകയും ചെയ്യുന്നവയാണ് അവയെല്ലാം. കെനിയയിലെ മസായ്മാരയിലേക്കു പോകുമ്പോഴും പക്ഷികളായിരുന്നു മനസ്സിൽ. യാത്ര ചെയ്യാൻ താത്പര്യമുള്ളവരുടെ സ്വപ്നലോകമാണ് മസായ്മാര. കാട്ടിലൂടെയുള്ള സഫാരി സ്വപ്നതുല്യമായ അനുഭവമാണെന്ന കാര്യം നേരിട്ടു മനസ്സിലാക്കി. തൊണ്ണൂറ് ഇനം പക്ഷികളെ അവിടെ നിന്നു ക്യാമറയിൽ പകർത്തി.

2 - anoop

കിളികളെ കൂട്ടിലിട്ടു വളർത്തുന്നയാളുകളെ പക്ഷി സ്നേഹികളായി വിലയിരുത്താനാവില്ല. പക്ഷികൾ അവയുടെ ലോകത്ത് സ്വതന്ത്രമായി പറക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. കാട്ടിലും മേട്ടിലും പാടങ്ങളിലുമായി പക്ഷികളുടെ ലോകം കണ്ടറിഞ്ഞതിന്റെ പിൻബലത്തിലാണ് ഇതു പറയുന്നത്. സമയം കിട്ടുമ്പോൾ Ebird.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പക്ഷികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം അതു കാണുമ്പോൾ മനസ്സിലാകും. സ്കൂൾ തലം മുതൽ പക്ഷി സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം വേണം. അതിനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പക്ഷികളെക്കുറിച്ച് ബേഡ് അറ്റ്ലസ് തയാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. എവിടെ, എപ്പോൾ, ഏതൊക്കെ പക്ഷി... തുടങ്ങിയ വിവരങ്ങൾ അതിലുണ്ടാകും.