Friday 11 February 2022 04:06 PM IST

ഏഴു രാജ്യങ്ങളിലൂടെ 104 ദിവസത്തെ സൈക്കിൾ യാത്ര. പിന്നിട്ടത് 8500 കിലോമീറ്റർ

Akhila Sreedhar

Sub Editor

cycle ajith main

ഒറ്റയടി വീതിയുള്ള പാടവരമ്പിലൂടെ തെന്നിവീഴാതെ സാഹസികമായി സൈക്കിൾ ചവിട്ടി വീടുവീടാന്തരം കത്തുകളെത്തിക്കുന്ന പോസ്റ്റ്മാന്‍. അയാളുടെ വിരലുകൾ സൈക്കിൾ ബെല്ലിൽ അമരുമ്പോൾ എവിടെ നിന്നൊക്കെയോ പ്രതീക്ഷയുടെ കണ്ണുകൾ തലയുയർത്തും. കത്തുകൾ കൈമാറിയ ശേഷമുള്ള മടക്കയാത്രയിൽ ഞങ്ങൾ കുട്ടി സംഘം കൂടെ കൂടും. കാലുകൾ വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിലോടുന്ന സൈക്കിളിന്റെ മാജിക്ക് ആസ്വദിക്കും. അന്നത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു, സ്വന്തമായി ഒരു സൈക്കിൾ. വർഷങ്ങൾക്കിപ്പുറവും സൈക്കിൾ പ്രേമം പിന്തുടർന്നപ്പോൾ ജീവിതത്തിന്റെ ‘പെഡൽ ചവിട്ടാൻ’ സൈക്കിൾ മെക്കാനിക് ആയി ജോലി നേടി. സൈക്കിളിനോളം ഇഷ്ടമുള്ളതാണ് യാത്രകൾ. ആ രണ്ടിഷ്ടങ്ങളും ഒന്നിച്ച് ചേർന്നപ്പോഴാണ് ലോകം കാണാൻ ഇറങ്ങിപ്പുറപ്പെട്ടത്... ഇന്ത്യ– നേപ്പാൾ– ഭൂട്ടാൻ– മ്യാൻമർ – തായ്‌ലാൻഡ്– മലേഷ്യ– സിംഗപ്പൂർ തുടങ്ങി ഏഴു രാജ്യങ്ങളിലൂടെ 104 ദിവസത്തെ യാത്ര. പിന്നിട്ടത് 8500 കിലോമീറ്റർ. ഇന്ത്യ – തായ്‌ലാൻഡ് സൗഹൃദ ഇടനാഴിയിലൂടെ സിംഗപ്പൂർ വരെ സൈക്കിളിൽ സഞ്ചരിച്ച മലയാളി, കോഴിക്കോട് എലത്തൂർ സ്വദേശി അജിത്ത് തന്റെ യാത്രാവിശേഷങ്ങൾ മനോരമ ട്രാവലറുമായി പങ്കുവയ്ക്കുന്നു.

സാമൂതിരിയുടെ നാട്ടിൽ നിന്ന് റിൻപോച്ചെയുടെ നാട്ടിലേക്ക്

cycle ajith 7

വർഷങ്ങൾക്ക് മുൻപ് പത്രത്തിൽ വന്ന ഒരു വാർത്തയാണ് എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്. കൊടുങ്ങല്ലൂർ സ്വദേശിയായ ഒരു വ്യക്തി അദ്ദേഹത്തിന്റെ സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയതായിരുന്നു വാർത്ത. സൈക്കിളിൽ ലോകമൊന്നും ചുറ്റിക്കണ്ടില്ലെങ്കിലും ഇന്ത്യയെങ്കിലുമൊന്ന് കാണണം എന്ന ചിന്ത ആരംഭിക്കുന്നത് അങ്ങനെയാണ്. ചിലവ് കുറവ്, സൈക്കിളിസ്റ്റുകൾക്ക് എല്ലായിടത്തും ലഭിക്കുന്ന സ്വീകാര്യത, കാഴ്ചകൾ പൂർണമായി ആസ്വദിക്കാം , പ്രകൃതിസംരക്ഷണം തുടങ്ങിയ കാര്യങ്ങളാണ് യാത്രയ്ക്ക് സൈക്കിൾ തന്നെ മതി എന്ന തീരുമാനത്തെ ഉറപ്പിച്ചത്. കോഴിക്കോട് കാപ്പാട് നിന്ന് കാഠ്മണ്ഡു വരെയായിരുന്നു യാത്ര പ്ലാനിട്ടത്. സാമൂതിരിയുടെ നാട്ടിൽ നിന്ന് റിൻപോച്ചെയുടെ നാട്ടിലേക്കെത്താൻ ഉദ്ദേശം ഒരു മാസമെടുത്തു. ഇതാണ് ആദ്യത്തെ ദീർഘദൂര സൈക്കിൾ യാത്ര. സൈക്കിളിന് ലഭിക്കുന്ന സ്വീകാര്യത എത്രയെന്ന് ഞാൻ നേരിട്ട് മനസ്സിലാക്കിയ ഒരു അനുഭവം ഈ യാത്രയ്ക്കിടയിൽ ഉണ്ടായി.

‘ഉത്തർപ്രദേശിലെ ഇത്താവ എന്ന സ്ഥലത്തേക്കാണ് സൈക്കിൾ ചവിട്ടുന്നത്. ഇത്താവയെത്തുന്നതിന് 25 കിലോമീറ്റർ മുൻപ് വിജനമായൊരു പ്രദേശത്ത് വച്ച് സൈക്കിൾ കേടായി. സന്ധ്യാസമയം. സർവീസ് ചെയ്യാമെന്ന് കരുതി ചുറ്റും നോക്കി, കടകൾ പോയിട്ട് ഒരു മനുഷ്യരെ പോലും കാണാൻ കഴിഞ്ഞില്ല. റിപ്പയർ ചെയ്യാൻ അറിയാം. പക്ഷേ ആവശ്യത്തിനുള്ള ടൂൾസ് കയ്യിലുണ്ടായിരുന്നില്ല. എന്തുചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുമ്പോൾ തൊട്ടുമുന്നിലൊരു മനുഷ്യൻ. നല്ല നീളവും അതിനൊത്ത തടിയുമുള്ള, ഒരു ആജാനഭാഹു. അയാളെന്നോട് എന്തൊക്കെയോ ഹിന്ദിയിൽ ചോദിച്ചു. എനിക്ക് ഹിന്ദി അറിയില്ല. എങ്കിലും അറിയാവുന്ന രീതിയിൽ പറഞ്ഞുഫലിപ്പിച്ചു. അയാളെന്നെ രൂക്ഷമായൊന്ന് നോക്കി. തിരിഞ്ഞ് നടന്നു. ഉത്തർപ്രദേശിനെ കുറിച്ച് കേട്ട കഥകളെല്ലാം നെഗറ്റീവ് വൈബ്സ് ഉള്ളതായതിനാൽ അയാളുടെ നോട്ടം പോലും മനസ്സിൽ ഭീതി നിറച്ചു. യാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്തും ഞാനും ഇനിയെന്ത് ചെയ്യും എന്നാലോചിച്ച് നിൽക്കുമ്പോൾ ഒരു ചാക്കുക്കെട്ടുമായി നേരത്തെ കണ്ട മനുഷ്യൻ മടങ്ങി വന്നു. അയാൾ ആ ചാക്കിലെ സാധനങ്ങൾ ഞങ്ങൾക്കു മുന്നിൽ തുറന്നു, നിറയെ ടൂൾസ്. ആ വഴി വന്ന ബൈക്കുകാരനെ അയാൾ തടഞ്ഞ് നിർത്തി. ഞങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് അയാൾ മുഖേന ചോദിച്ച് മനസ്സിലാക്കി സഹായിച്ചു. ഒരാളെ ഞങ്ങള്‍ക്ക് സഹായത്തിനായി ഫോൺ വിളിച്ച് വരുത്തിയ ശേഷം ആ മനുഷ്യൻ എങ്ങോട്ടോ പോയി മറഞ്ഞു. സഹായിയായി വന്ന ആൾക്ക് മലയാളമറിയാം. അത് ഞങ്ങളെ ശരിക്കും അദ്ഭുതപ്പെടുത്തി. കുറേ കാലം കണ്ണൂരിൽ ജോലി ചെയ്തിരുന്നു, അങ്ങനെയാണ് മലയാളം പഠിച്ചതെന്ന് അയാൾ പറഞ്ഞു. ശേഷം നേരത്തെ വന്ന ആജാനഭാഹുവായ മനുഷ്യനെ എങ്ങനെ അറിയാം എന്ന് ഞങ്ങളോടു ചോദിച്ചു. അപ്പോൾ പരിചയപ്പെട്ടതാണെന്ന് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ കൗതുകം തിളങ്ങി. ‘അയാൾ അവിടുത്തെ വലിയൊരു ക്രിമിനലാണെന്നും, ബൈക്കിലും കാറിലുമൊക്കെ വരുന്ന സഞ്ചാരികളെ കൊള്ളയടിക്കുന്നത് സ്ഥിരം ഏർപ്പാടാണെന്നും അവൻ പറഞ്ഞു. നിങ്ങൾ സൈക്കിളിലായതിനാലാകും ഒരു പക്ഷേ അയാൾ നിങ്ങളെ സഹായിച്ചതെന്നും അവൻ കൂട്ടിച്ചേർത്തു.’ ആ മനുഷ്യനാണ് ഞങ്ങൾക്ക് ഭക്ഷണവും താമസവും സഹായവുമൊരുക്കാൻ ആളെ ഏർപ്പാടാക്കി എങ്ങോ മറഞ്ഞത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ‘സൈക്കിളോർമ’യാണ് അത്.

അടുത്തയാത്ര, ഉലകം ചുറ്റാൻ

cycle ajith 8

ഒരു മാസം കൊണ്ട് വിജയകരായി കാപ്പാട് – കാഠ്മണ്ഡു സെക്കിൾ യാത്ര പൂർത്തിയാക്കി. ഓരോ യാത്രയും പുതിയ യാത്രയ്ക്കുള്ള പ്രോത്സാഹനമാണല്ലോ. മലേഷ്യ വരെ സൈക്കിളിൽ പോയാലെന്താ എന്ന ചിന്ത പതിയെ പുറകെ കൂടി. മലേഷ്യ വരെ എന്ന് തീരുമാനിക്കാൻ മറ്റൊരു കാരണം കൂടെയുണ്ട്. അവിചാരിതമായി സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട ഒരു കുടുംബം അവിടെയുണ്ട്. ഒരമ്മയും ചെറിയ രണ്ട് കുട്ടികളും. അവർ വിളിക്കുമ്പോഴെല്ലാം ചോദിക്കും, ബ്രദർ എന്നാണ് ഞങ്ങളെ കാണാൻ വരികയെന്ന്. ഒരിക്കൽ ഞാൻ ആ കുട്ടികൾക്കൊരു വാക്ക് കൊടുത്തു, നിങ്ങളെ കാണാൻ ഞാനെന്റെ സൈക്കിളിൽ വരും. അതു കേട്ടതും അവർ അദ്ഭുതത്തോടെ ചോദിച്ചു, സൈക്കിളിലോ എന്ന്. അപ്പോൾ പിന്നെ ആ വാക്ക് പാലിക്കണ പിറന്നാളിന് സുഹൃത്ത് സമ്മാനിച്ച സൈക്കിളിലായിരുന്നു നേപ്പാൾ യാത്ര. ലോകസഞ്ചാരത്തിന് ആ സൈക്കിൾ പോര. കോഴിക്കോട് റോട്ടറി ക്ലബ് യാത്രയ്ക്ക് സ്പോൺസർഷിപ്പുമായി വന്നു. കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥൻ സൈക്കിൾ സമ്മാനിച്ചു. അതോടെ സൈക്കിളില്‍ ഉലകം ചുറ്റാനുള്ള പ്ലാനിങ് ആരംഭിച്ചു. ഒരു സുഹൃത്ത് കൂടി ഒപ്പം വരാൻ താൽപര്യം പ്രകടിപ്പിച്ചു. ഞങ്ങൾ യാത്രയ്ക്കുള്ള റൂട്ട് പ്ലാനിട്ടു, കോഴിക്കോട്– പാലക്കാട്–ചെന്നൈ–ആന്ധ്രാപ്രദേശ്–ഒറീസ–വെസ്റ്റ് ബംഗാൾ–നേപ്പാൾ–(തിരിച്ച്) അസം– ഫുങ്ഷൂലിങ് അതിർത്തി വഴി –കാഠ്മണ്ഡു– (തിരിച്ച്) നാഗാലാന്റ്– മണിപ്പൂർ–മൊറെ അതിർത്തി വഴി മ്യാൻമർ– തായ്‌ലാൻഡ്–മലേഷ്യ–സിംഗപ്പൂർ. 104 ദിവസം നീണ്ടുനിന്ന യാത്രയ്ക്ക് ഉദ്ദേശം നാല് ലക്ഷം രൂപയിലധികം ചെലവ് വന്നു. യാത്ര മാത്രമായി ആസ്വദിച്ചാൽ 70 ദിവസം മതിയാകുമായിരുന്നു. പക്ഷേ, കാഴ്ചകളൊക്കെ കണ്ട് സംസ്കാരങ്ങൾ അടുത്തറിഞ്ഞായിരുന്നു ഞങ്ങളുടെ യാത്ര. 8500 കിലോമീറ്ററാണ് യാത്രചെയ്ത ദൂരം. സ്കോട്ട് മെട്രിക് 40 എന്ന സ്വിറ്റ്സർലൻഡ് ബ്രാൻഡ് സൈക്കിളാണ് യാത്രയ്ക്ക് ഉപയോഗിച്ചത്. അസം കഴിഞ്ഞ് മണിപ്പൂർ നാഗാലാൻഡ് എന്നിവിടങ്ങളിലെല്ലാം വഴിയേറെയും കയറ്റവും ഇറക്കവും ആണ്. പലയിടത്തും ഓഫ് റോഡാണ്. ആ ദുഷ്കരമായ റൈഡ് എളുപ്പമായത് ഈ സൈക്കിൾ യാത്രയ്ക്ക് ഉപയോഗിച്ചതുകൊണ്ടാണ്. റോട്ടറി ക്ലബിന്റെ സ്പോൺസർഷിപ്പിൽ റോട്ടറി കണക്ട്സ് ദ് വേൾഡ് എന്ന ആശയത്തിന്റെ പ്രഖ്യാപനവുമായുള്ള യാത്രയായതിനാൽ ‘വേൾഡ് ബൈസിക്കിൾ ടൂർ’ എന്നാണ് യാത്രയ്ക്ക് നൽകിയ പേര്.

യാത്രയ്ക്കാവശ്യമായ പേപ്പർ വർക്സും വീസയുമെല്ലാം റോട്ടറി ക്ലബിന്റെ നേതൃത്വത്തിലാണ് കിട്ടിയത്. മലേഷ്യയിലേക്ക് വൺ ഇയർ മൾട്ടിപ്പിൾ വീസയും തായ്‌ലാൻഡിലേത് ഓൺ അറൈവല്‍ വീസയും ആയിരുന്നു. നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ വീസ വേണ്ട. അതിർത്തി കടന്ന് മൂന്ന് കിലോമീറ്ററപ്പുറം ഭൂട്ടാന്റെ ഉൾഭാഗങ്ങളിലേക്ക് കടക്കാൻ അനുമതി നേടണം. മ്യാൻമർ യാത്രയ്ക്കുവേണ്ടി പാസ്പോർട് ഉൾപ്പെടെയുള്ള രേഖകൾ അതിന്റെ ഓഫിസിൽ സമർപ്പിച്ചതിനാൽ ഭൂട്ടാനിലേക്ക് കടക്കാനുള്ള പെർമിഷൻ എടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അതിർത്തി കടന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിലേ ഭൂട്ടാൻ കാഴ്ചകൾ ആസ്വദിച്ചുള്ളൂ.

ബെല്ലടിച്ച്, പെഡൽ ചവിട്ടി മുന്നോട്ട്

കോഴിക്കോട് മാനാഞ്ചിറയിലെ എസ്.കെ പൊറ്റൈക്കാടിന്റെ പ്രതിമയ്ക്കുമുന്നിൽ നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യദിനം 150 കിലോമീറ്ററായിരുന്നു സൈക്കിൾ യാത്ര, പാലക്കാട് വരെ.തിരുപ്പൂർ– ചിന്നസേലം– വിലുപുറം– ചെന്നൈ–ഗുമ്മടിപൂണ്ടി വഴി ഗുണ്ടൂർ (ആന്ധ്രാപ്രദേശ്) – വിശാഖപട്ടണം – ഒഡീഷ – പശ്ചിമബംഗാൾ എന്നിങ്ങനെ യാത്ര തുടർന്നു. ഡ്രൈ ഫ്രൂട്ട്സ്, വെള്ളം എന്നിവയാണ് സൈക്കിൾ റൈഡ് ചെയ്യുമ്പോഴുള്ള പ്രധാന ആഹാരം. വയറുനിറയെ ഭക്ഷണം കഴിക്കാറില്ല.

cycle ajith 9

ഒരു സൈക്കിൾ സഞ്ചാരിയ്ക്ക് മാത്രം കിട്ടുന്ന കുറേയധികം സഹായങ്ങളുണ്ട്. നമുക്കൊരു പരിചയവും ഇല്ലാത്തവർ പോലും ഭക്ഷണവും താമസവും നൽകും. മനുഷ്യരെ, പ്രകൃതിയെ ഒരു സഞ്ചാരിയുെട വേഷം കെട്ടിനുള്ളിലല്ലാതെ മനുഷ്യന്റെ കണ്ണിലൂടെ കാണാൻ കഴിയും. പശ്ചിമബംഗാളിൽ വച്ച് പരിചയപ്പെട്ട ഒരു യുവാവ് അവന്റെ വീട്ടിൽ താമസവും ഭക്ഷണവുമൊരുക്കി തന്നു. ഒപ്പം രവീന്ദ്രനാഥ ടാഗോറിന്റെ തക്ഷശില, വിശ്വഭാരതി കോളജ് തുടങ്ങി നിരവധി കാഴ്ചകൾ അവൻ എനിക്ക് പരിചയപ്പെടുത്തി തന്നു. പശ്ചിമബംഗാളിൽ നിന്ന് നേപ്പാളിലേക്കായിരുന്നു യാത്ര. ശേഷം അസമിലേക്ക്. അസമിൽ വച്ച് അവിടുത്തെ തദ്ദേശീയരുടെ കൊയ്ത്തുത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു. ഭൂട്ടാൻ – തിരിച്ച് അസം – ദിമാപ്പൂർ വഴി നാഗാലാന്റിലേക്ക്. ദിമാപ്പൂരിൽ നിന്ന് കൊഹിമയിലേക്ക് 89 കിലോമീറ്റർ ദൂരമുണ്ട്. ആ ദൂരമത്രയും കയറ്റമുള്ള വഴിയാണ്. നാഗാലാന്റ് കാഴ്ചകൾ ആസ്വദിച്ച ശേഷം മണിപ്പൂരിലെ ഇംഫാലിലേക്കാണ്. മണിപ്പൂരിൽ നിന്ന് ഇംഫാലിലേക്കുള്ള യാത്രയ്ക്കിടെ രസകരമായൊരു അനുഭവമുണ്ടായി. വഴിയിലെന്തോ പ്രശ്നം നടക്കുന്നത് കാരണം നിറയെ പൊലീസുകാരുണ്ട്. പലയിടത്തും പരിശോധനയുണ്ട്. ആ പ്രദേശത്ത് വച്ച് ഒരു ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു. അയാൾ കാര്യങ്ങളന്വേഷിച്ചു. യാത്രയുടെ വിവരങ്ങളെല്ലാം കേട്ടപ്പോൾ നല്ല സൗഹൃദമായി. തോക്കും ബുള്ളറ്റുമൊക്കെ പരിചയപ്പെടുത്തി തന്നു. ഒരു സെൽഫി എടുത്ത ് വിട പറഞ്ഞ ശേഷം യാത്ര തുടർന്നു. വീണ്ടും വഴിയിൽ വച്ച് ഒരു ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു. അയാളുടെ കൂടെ നിന്നും സെൽഫി എടുത്തു, പരിചയപ്പെട്ടു. അന്നത്തെ യാത്ര അവസാനിപ്പിച്ച് റോട്ടറി ക്ലബ് ഏർപ്പാടാക്കിയ താമസസ്ഥലത്തെത്തി. അവിടുത്തെ റോട്ടറി ക്ലബ് അംഗങ്ങളെ യാത്രയുടെ ചിത്രങ്ങളൊക്കെ കാണിച്ചു. ഈ രണ്ട് സെൽഫിയും കണ്ട് അവർ അദ്ഭുതത്തോടെ നോക്കി. കാര്യമറിയാതെ പകച്ച് നിന്ന എന്നോട് പറഞ്ഞു, ഈ രണ്ട് സെൽഫികളിൽ നിങ്ങളാദ്യം നിൽക്കുന്നത് ഇവിടുത്തെ കുപ്രസിദ്ധനായൊരു തീവ്രവാദിയ്ക്ക് ഒപ്പമാണ്. രണ്ടാമത്തെ സെൽഫിയിലാകട്ടെ പൊലീസ് ഉദ്യോഗസ്ഥനോടൊപ്പവും. ചിരിക്കണോ കരയണോ എന്നറിയാത്ത നിമിഷമായിരുന്നു അത്.

ഇംഫാലിൽ നിന്ന് മ്യാൻമറിലേക്കായിരുന്നു യാത്ര. മൊറേ അതിർത്തി കടക്കുന്നതിന് മുൻപ് ഒരു പൊലീസ് ചെക്കിങ് ഉണ്ട്. അവിടെ നിന്ന് അനുമതി വാങ്ങണം. അതുവരെയുണ്ടായിരുന്ന യാത്രാ രീതി മാറി. ഡ്രൈവ് ചെയ്യുന്നത് വലതുഭാഗത്ത് കൂടിയാണ്. പതിനഞ്ച് ദിവസത്തോളം മ്യാൻമറിൽ നിന്നു. തായ്‌ലാൻഡിലേക്കുള്ള വീസ കിട്ടാൻ വൈകിയതായിരുന്നു കാരണം.

cycle ajith 10

തായ്‌ലാൻഡും സിംഗപ്പൂരും കണ്ട് സൈക്കിളിൽ

cycle ajith 5

ഒരുപാട് മലയാളികളുടെ സഹായം കിട്ടിയ ഇടമാണ് തായ്‌ലാൻഡ്. ബാംങ്കോക്കായിരുന്നു പ്ലാനിലുള്ള സ്ഥലമെങ്കിലും പട്ടായയിലുള്ള റോട്ടറി ക്ലബിന്റെ ക്ഷണപ്രകാരം പട്ടായയിലേക്കും റൈഡ് ചെയ്തു.14 ദിവസത്തിനുള്ളിൽ തായ്‌ലാൻഡ് വിടണം. വീസാകാലാവധി അത്രയേ ഉള്ളൂ. തായ്‌ലാൻഡിൽ നിന്ന് ഹത്യായ(Hatyai)– പടാങ്ബെസാർ(Padang besar) വഴി മലേഷ്യയിലെ പെർലിസിലേക്കാണ് കയറിയത്. അവിടെ എത്തിയപ്പോൾ നമ്മുടെ പാലക്കാട് എത്തിയ ഒരു അന്തരീക്ഷമായിരുന്നു. തമിഴ് സംസാരിക്കുന്ന കുറേയാളുകളെ കണ്ടു. ക്വാലാലംപൂരിലേക്കായിരുന്നു പിന്നീട് യാത്ര. ലക്ഷ്യം സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട അമ്മയെയും കുട്ടികളെയും കാണുക. എന്നെങ്കിലും കാണാൻ വരും എന്ന് അവർക്ക് കൊടുത്ത വാക്ക് പാലിക്കുക. ക്വാലാലംപൂരിലെത്തുന്നതിന് 40 കിലോമീറ്റർ മുൻപ് ആ അമ്മയെ വിളിച്ചു. അവർ ലൊക്കേഷൻ അയച്ചുതന്നു. എട്ട് വർഷത്തെ പരിചയത്തിനൊടുവിൽ ഞങ്ങൾ നേരിട്ട് കണ്ടു. അത്രകാലം കാണാമറയത്തായിരുന്ന ‘എന്റെ കുടുംബം’. ആനന്ദത്താൽ പരിസരം പോലും മറന്ന് ഞങ്ങൾ കരഞ്ഞു, ആ കുടുംബത്തോടൊപ്പം ആറു ദിവസം ചിലവിട്ട ശേഷം യാത്ര തുടർന്നു. ക്വാലാലംപൂരിൽ നിന്ന് മലാക്ക – ബട്ടുപഹാട്(Batu Pahat) – ജോഹർബഹാറു(Johor Bahru). ജോഹർബഹാറു ആണ് മലേഷ്യയുടെയും സിംഗപ്പൂരിന്റെയും അതിർത്തി. ബട്ടുപഹാട് നിന്ന് 170 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. യാത്രയുടെ അവസാനദിനം. സിംഗപ്പൂരിലെ റോട്ടറി ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ക്ലോസിങ് സെറിമണി. അടുത്ത ദിനം സെന്റ് തോസാ ഐലൻഡിലേക്ക് ക്ലബിലെ അംഗങ്ങളുടെ കൂടെ യാത്ര പോകാൻ അവസരം കിട്ടി. 104 ദിവസത്തെ സൈക്കിൾ യാത്രയ്ക്ക് ശേഷം 106–ാം ദിനം സിംഗപ്പൂരു നിന്ന് കൊച്ചിയിലേക്ക് വിമാനത്തിൽ മടക്കം.

cycle ajith 6

ലോകം കണ്ടു എന്ന് പറയാൻ മാത്രം വലിയ യാത്ര നടത്തിയിട്ടില്ല. യാത്രയുടെ ഹൈലൈറ്റ് വാഹനം ‘സൈക്കിളാ’ണെന്നതാണ്. എത്രയെത്ര രാജ്യങ്ങൾ, എത്രയാളുകൾ, എത്ര സംസ്കാരങ്ങൾ ഇനിയും അറിയാനുണ്ട്. അതൊക്കെ തേടി ലോകം മുഴുവൻ വലിയൊരു യാത്ര നടത്തണം. ഏഴ് രാജ്യങ്ങളിലൂടെ നടത്തിയ ‘വേൾഡ് ബൈസിക്കിൾ ടൂർ’ അതിന്റെ മുന്നോടിയാണ്. എന്നെങ്കിലും സാക്ഷാത്കരിക്കും എന്ന് കരുതുന്ന വിദൂര സ്വപ്നത്തിലേക്കുള്ള ചെറിയ കാൽവയ്പ്പ്.

Tags:
  • Manorama Traveller