Tuesday 09 November 2021 03:23 PM IST : By Text | Photo: Nujum H. Mayyanad

ഹർ കി ദൂൺ; അപ്സരസ്സുകളെപ്പോലെ സുന്ദരികളായ സ്ത്രീകളുള്ള, ദേവദാരുക്കൾ നിറഞ്ഞ, മഞ്ഞു പെയ്യുന്ന നാട്!

har-ki-dun8 Text | Photo: Nujum H. Mayyanad

സൗന്ദര്യം ആവോളം അനുഗ്രഹിച്ച നാടാണ് ഹർ കി ദൂൺ. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ദുര്യോധനന്റെ അനുയായികൾ ഇവിടെ അഭയം തേടിയെന്ന് നാട്ടുപുരാണം. ഹിമാലയത്തിന്റെ നെറുകയിൽ സ്ഥിതി ചെയ്യുന്ന ഈ നാടിനും പ്രകൃതിക്കും അവിടത്തെ മനുഷ്യർക്കും പ്രത്യേകതകൾ ഏറെയുണ്ട്...

ഒരായിരം ദേവദാരു പൂവിട്ടു. അരുവികൾ അവയ്ക്കു ചുവട്ടിൽ കുളിരു പടർത്തി. മഞ്ഞു പെയ്തപ്പോൾ ആ കാഴ്ചയ്ക്കു ഭംഗി കൂടി. അതു കണ്ട് സുന്ദരികൾ പുഞ്ചിരി തൂകി...  ആകാശത്തോടു ചേർന്നു നിൽക്കുന്ന ഈ ഭൂപ്രദേശം എവിടെയാണ്? പുലർകാലത്തു കണ്ട സ്വപ്നത്തിനു പിന്നാലെ രണ്ടു നാൾ പാഞ്ഞു നടന്നു. ഹർ കി ദൂൺ, ഒടുവിൽ ഒരു കൂട്ടുകാരൻ ആ സ്ഥലം കണ്ടെത്തി. അപ്സരസ്സുകളെപ്പോലെ സുന്ദരികളായ സ്ത്രീകളുള്ള, ദേവദാരുക്കൾ നിറഞ്ഞ, മഞ്ഞു പെയ്യുന്ന നാട്. ഹിമാലയത്തിന്റെ നെറുകയിൽ. ഡൽഹിയിൽ നിന്നു മസ്സൂറിയിലേക്കും അവിടെ നിന്നു കോംടിഫാളിലേക്കും അതു കഴിഞ്ഞ് യമുനോത്രിയിലേക്കും തിരിഞ്ഞ് ഹിമാലയത്തിലേക്കു പോയാൽ ഹർ കി ദൂണിലെത്താം. ജോ മാത്യു, അനിൽ കുമാർ, സുമൻ എന്നിവർക്കൊപ്പം സ്വപ്ന ഭൂമിയിലേക്കു പോകാൻ തീരുമാനിച്ചു.

har-ki-dun9

ഡൽഹിയിൽ നിന്നു രാവിലെ പത്തു മണിക്കു പുറപ്പെട്ടു. രണ്ടു മണിക്ക് കോംടിഫാൾ കടന്നു നവ്‌ഗാവിൽ എത്തി. ഇടുങ്ങിയ മലമ്പാതയിലൂടെയാണ് യാത്ര. കാട്ടു പാതയിൽ നിന്നു  യമുനോത്രിയിലേക്കു തിരിഞ്ഞു. ദാബകളും ചെറിയ കടകളുമുള്ള പരോള പട്ടണത്തിൽ എത്തിയപ്പോൾ വണ്ടി നിർത്തി. അതുവരെയുള്ള ഡ്രൈവിങ് രസകരമായിരുന്നു. താഴ്‌വരകളിലൂടെ വളഞ്ഞു പുളഞ്ഞ് കുന്നിൻ ചെരിവുകളിലൂടെ ആടിയുലഞ്ഞായിരുന്നു യാത്ര.

മോരി എന്ന സ്ഥലത്ത് നഗരത്തിന്റെ അവസാന പ്രതീകങ്ങളും അവസാനിച്ചു. പിന്നീട്,  നട്‌വറിലെ ചെക് പോസ്റ്റിൽ പേരു വിവരങ്ങൾ എഴുതിക്കൊടുത്തു. വാഹനത്തിനും യാത്രക്കാർക്കും പ്രവേശന ഫീസ് നൽകി ടിക്കറ്റു വാങ്ങി. ടോൻസ് നദീ തീരത്താണ് നട്‌വർ ഗ്രാമം. ഗോവിന്ദ് വൈൽഡ് ലൈഫ് സാങ്ചുറിയുടെ കവാടമാണു നട്‌വർ.
ഞങ്ങൾ സീതയെ കണ്ടു. ടോൻസ് നദി ഞങ്ങൾക്കൊപ്പം സഞ്ചരിച്ചു. അസ്തമയ സൂര്യന്റെ കിരണങ്ങൾ പുഴയിലെ വെള്ളത്തിൽ തട്ടിത്തിളങ്ങി. നദിക്കു കുറുകെ തടിയിൽ നിർമിച്ച തൂക്കുപാലം പ്രദേശത്തിന്റെ മനോഹാരിത വർധിപ്പിച്ചു.

har-ki-dun7 യാത്രാസംഘം.

നേരം ഇരുട്ടി. റോഡ് നിറയെ കുഴിയും വലിയ കല്ലുകളും. മലയുടെ മുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം റോഡിലൂടെ ഒഴുകുന്നുണ്ട്. ചക്രം തിരിയുന്നതല്ലാതെ വണ്ടി മുന്നോട്ടു നീങ്ങുന്നില്ല. വാഹനയാത്ര സുരക്ഷിതമല്ലെന്നു വ്യക്തമായി. എന്തു ചെയ്യുമെന്നറിയാതെ നിൽക്കുന്ന സമയത്ത് ഒരു ജീപ്പ് അതു വഴി വന്നു. രണ്ടു കിലോമീറ്റർ പോയാൽ മോട്ടുവാൾ എന്ന സ്ഥലത്തെത്താമെന്നും അവിടെയൊരു  കടയുണ്ടെന്നും ഡ്രൈവർ പറഞ്ഞു. വഴിയോരത്ത് കാർ നിർത്തിയിട്ട് അയാളുടെ ജീപ്പിൽ കയറി. ഞങ്ങൾ സുരക്ഷിതരായി സാംക്രിയിൽ എത്തി. ഹർ കി ദൂൺ ട്രെക്കിങ്ങിന്റെ ബെയ്സ് ക്യാംപാണ് സാംക്രി. ചെറിയ ഗ്രാമം. ഒന്നു രണ്ടു  കടകളുണ്ട്. തടികൊണ്ടു ചുമരുകൾ കെട്ടിയ ഒരു ലോഡ്ജും ഇവിടെയുണ്ട്. ഗടുവാൾ മണ്ഡൽ വികാസ് നിഗം, വനം വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ ലോഡ്ജ്. വൈദ്യുതിയില്ല. വെളിച്ചത്തിന് മെഴുകുതിരി മാത്രം.

അടുത്ത ദിവസം രാവിലെ രണ്ടു പോർട്ടർമാരെ സംഘടിപ്പിച്ചു, ജഗദീഷ്, ചന്ദ്രു. തുടർയാത്രയിൽ ഇവർ വഴികാട്ടികളായി കൂടെയുണ്ടാകും. 1000 രൂപ ദിവസക്കൂലി, വയറു നിറയെ ഭക്ഷണം – രണ്ടാളും പ്രതിഫലം പറഞ്ഞുറപ്പിച്ചു. സാംക്രിയിലെ ദാബയിൽ നിന്ന് റൊട്ടി വാങ്ങി താലൂക്കയിലേക്കു തിരിച്ചു. 12 കിലോമീറ്റർപിന്നിടാൻ രണ്ടു മണിക്കൂറെടുത്തു. താലൂക്കയിൽ എത്തുന്നതിനു മുൻപു തന്നെ വണ്ടി ഓട്ടം നിർത്തി. തലേന്ന് രാത്രി മലയിടിഞ്ഞതു കാരണം റോഡ് മൊത്തം തടസ്സം. ഞങ്ങൾ ഇറങ്ങി നടന്നു.

har-ki-dun4 ഹർ കി ദൂൺ നിവാസികൾക്കൊപ്പം ദുര്യോധന ക്ഷേത്രത്തിനു മുന്നിൽ.

കടകളും റസ്റ്റ് ഹൗസും ഉൾപ്പെടുന്ന കവലയാണ് താലൂക്ക. താക്കൂറിന്റെ ദാബയാണ് താലൂക്കയിലെത്തുന്നവർക്ക് താവളം. അവിടെ നിന്നു ചായ കുടിച്ചു. അതിനു ശേഷം സുപിൻ നദീ തീരത്തുകൂടി യാത്ര തുടർന്നു. സീമയിലേക്ക് ഇനി പതിമൂന്നു കിലോമീറ്റർ. കഷ്ടിച്ച് ഒന്നര മണിക്കൂർ യാത്ര ചെയ്ത ശേഷം മുന്നോട്ടു നോക്കിയപ്പോൾ റോഡ് കാണാനില്ല. നടപ്പാത ഇടിഞ്ഞ് നദിയിൽ പതിച്ചിരിക്കുന്നു. ഏകദേശം നൂറടിയോളം താഴ്ചയിൽ നദി അലറി വിളിച്ച് മദിച്ചു പായുന്ന ശബ്ദം കേൾക്കാം.

ഞങ്ങൾ ഒരു മലയിലേക്കു കയറി. മഴ പെയ്ത് കാട്ടിലെ മണ്ണ് ഇളകിക്കിടന്നു. ഇരുന്നും കൈ കുത്തിയും പതുക്കെ വലിഞ്ഞു കയറി. മുകളിൽ എത്തിയപ്പോഴേക്കും നദി കൺമുന്നിൽ നിന്നു മറഞ്ഞു. എങ്കിലും വെള്ളമൊഴുകുന്ന ശ ബ്ദം കേൾക്കാം. മലയുടെ അങ്ങേച്ചെരുവിലൂടെ താഴെയിറങ്ങിയിട്ടു വേണം യാത്ര തുടരാൻ. കയറ്റത്തെക്കാൾ കഷ്ടപ്പാടായിരുന്നു മലയിറക്കം. ചുവടൊന്നു പിഴച്ചാൽ ഉരുണ്ടുരുണ്ട് നദിയിൽ ചെന്നു വീഴും. ഒരു വിധത്തിൽ മലയിറങ്ങിയപ്പോഴേക്കും ആവേശമൊക്കെ പോയി. ക്ഷീണം മാറ്റാനായി നദിയുടെ തീരത്തുള്ള പാറപ്പുറത്ത് അൽപ്പനേരം വിശ്രമിച്ചു. പുഴയിലിറങ്ങി മുഖം കഴുകി. ബിസിക്റ്റും ചോക്കലെറ്റും കഴിച്ച് ആലസ്യം മാറിയ ശേഷം നടത്തം തുടർന്നു.

har-ki-dun10

‘‘ദർ കി ദവായി ഹെ?’’ എതിരെ വന്ന ഗ്രാമീണ സ്ത്രീകൾ ഞങ്ങളോടു ചോദിച്ചു. മരുന്നുണ്ടോ എന്നാണു പെണ്ണുങ്ങളുടെ അന്വേഷണം. ആ നാട്ടിൽ ആശുപത്രിയും മെഡിക്കൽ ഷോപ്പും ഡോക്ടറുമില്ല. നഗരങ്ങളിൽ നിന്നു വരുന്നവരാണ് അവർക്ക് മരുന്നും ഗുളികകളും നൽകാറുള്ളത്. ആരെ കണ്ടാലും അവർ പരിചയമൊന്നും നോക്കാതെ മരുന്നു ചോദിക്കും. ഞങ്ങളോടു മരുന്നു ചോദിച്ച സ്ത്രീകളെല്ലാം സുന്ദരികളായിരുന്നു. അവരിൽ ഏറ്റവും സുന്ദരി സീതയാണ്. ദാട്മിർ എന്ന ഗ്രാമത്തിലാണ് സീതയുടെ വീട്. ഫോട്ടോ എടുക്കട്ടെ എന്നു ചോദിച്ചപ്പോൾ അവൾ സന്തോഷത്തോടെ പുഞ്ചിരിച്ചു. ചെമ്പിച്ച തലമുടി പറത്തി, സ്വർണ നിറമുള്ള കണ്ണുകളിൽ ചെറിയ കള്ളത്തരം ഒളിപ്പിച്ച് അവൾ ക്യാമറയിലേക്കു നോക്കി. ഫോട്ടോയ്ക്കു നിന്നപ്പോൾ സീത സിനിമാ നടികളെക്കാൾ സുന്ദരിയായി.

ആശുപത്രിയില്ലാത്ത നാട്

ഒന്നര മണിക്കൂർ പിന്നെയും നടന്നു. ശാഖകളും ഉപശാഖകളുമായി സുപിൻ നദി ഒഴുകിക്കൊണ്ടിരുന്നു. കാട്ടു മരങ്ങൾ ചേർത്തു കെട്ടിയ ഒരു പാലം കണ്ടു. അതു കടന്നാണു കുന്നിനു മുകളിലേക്കു പോകേണ്ടത്. മനോഹരമായ പ്രകൃതി. പല ആംഗിളിൽ ആ സൗന്ദര്യം നോക്കിക്കണ്ടു. ക്യാമറയുടെ വ്യൂ ഫൈൻഡറിൽ കാഴ്ചയ്ക്കു മനോഹാരിതയേറി. പാലം കടന്ന് ഒരു കുടുംബം നടന്നു വന്നു. അച്ഛൻ, അമ്മ, രണ്ടു കുട്ടികൾ. ചെറിയ കുഞ്ഞിനെ ഒരു തുണിയിൽ കെട്ടി മുതുകിനു കുറുകെ തൂക്കിയിട്ടിരിക്കുന്നു. പ്രകൃതിയും ഗ്രാമീണരും ക്യാമറയുടെ ഫെയ്മിൽ ഒതുങ്ങി.

har-ki-dun2 1. ദാട്മിറിലെ സീത.

സീമ എന്ന സ്ഥലത്തുള്ള ഗടുവാൾ മണ്ഡലിന്റെ റസ്റ്റ് ഹൗസാണ് അടുത്ത ലക്ഷ്യം. അവിടെയെത്താൻ ആറേഴു കിലോമീറ്റർ നടക്കണമെന്ന് ജഗദീഷ് ഓർമിപ്പിച്ചു. ഞങ്ങൾ ഗംഗോർ ഗ്രാമത്തിലെത്തി. നിഷ്കളങ്കത മുഖത്തു നിറച്ച് ഒരു കുട്ടി ഞങ്ങൾക്കു മുന്നിലൂടെ ഓടി. എവിടേക്കാണ് ഓടുന്നത് എന്ന ചോദ്യത്തിന് ‘‘ഗായ്’’ എന്നവൾ മറുപടി നൽകി. മലയുടെ മുകളിലേക്ക് കയറിപ്പോയ പശുവിനെ പിടിച്ചു  കൊണ്ടു വരാൻ പോവുകയായിരുന്നു അവൾ. അരുവികളിൽ നിന്നു വെള്ളം കുടിച്ചും ചോക്കലേറ്റ് കഴിച്ചും ഗ്രാമീണരുമായി സംസാരിച്ചും ഫോട്ടോ എടുത്തും നടത്തം തുടർന്നു. പെട്ടെന്നു വലിയൊരു ഗർത്തത്തിനു മുന്നിലെത്തി. മലയിടിഞ്ഞ് വഴി ഇല്ലാതായിരിക്കുന്നു. കല്ലും മണ്ണുമായി റോഡിലേക്ക് വീണ് കുഴിയായി മാറിയിരിക്കുകയാണ്. അമ്പതു മീറ്ററോളം റോഡ് ഇടിഞ്ഞു പോയിട്ടുണ്ട്. ഇതെങ്ങനെ കടന്നു പോകുമെന്നറിയാതെ ഞങ്ങൾ പകച്ചു നിന്നു.

‘‘ഝൽദി ചലോ, ഡർനാ നഹിം...’’ ജദഗീഷ് വിളിച്ചു പറഞ്ഞു. കാല് ഉറപ്പിച്ചു ചവിട്ടുക. ചവിട്ടിയിരിക്കുന്ന സ്ഥലം ഇളകുന്നതിനു മുൻപ് അടുത്ത കാലിൽ ബലം കൊടുത്തു മുന്നോട്ടു നീങ്ങുക.– ഇതാണ് ആ കുഴി കടക്കാൻ ജഗദീഷ് മുന്നോട്ടു വച്ച ‘ടെക്നിക്’. ഒരു വടികൊണ്ട് മണ്ണിൽ കുത്തി നോക്കി ഓരോ ചുവടുകൾ മുന്നോട്ടു വച്ചു. താഴേക്കു നോക്കിയപ്പോൾ നെഞ്ചിൽ കൊള്ളിയാൻ മിന്നി. ഭയത്തോടെ ഒരു നിമിഷം സ്തംഭിച്ചു നിന്നു. ‘‘നിൽക്കരുത്, അപകടമാണ്...’’ ജഗദീഷ് കയ്യിൽ പിടിച്ചു മുന്നോട്ടു വലിച്ചു. കാൽപ്പാടുകൾ പിന്തുടരാൻ അയാൾ നിർദേശിച്ചു. ഞങ്ങൾ അനുസരിച്ചു. നിമിഷങ്ങൾക്കകം ആ മിടുക്കൻ ഞങ്ങളെ കടമ്പ കടത്തി. തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങൾ ചവിട്ടിയ കല്ലുകൾ ഇളകി പുഴയിലേക്കു വീഴുന്നു. ഭയം നിറഞ്ഞ കണ്ണുകളോടെ ഞങ്ങൾ പരസ്പരം നോക്കി. ആർക്കും ഒന്നും മിണ്ടാനായില്ല.

har-ki-dun5

ദൂരെ മലഞ്ചെരുവിൽ വെളുത്ത നിറ മുള്ള ഒരു കെട്ടിടം കണ്ടു. ‘‘അതാണ് ന മ്മൾക്കു പോകാനുള്ള സ്ഥലം’’ അവിടേക്കു കൈചൂണ്ടിക്കാണിച്ച് ജഗദീഷ് പ റഞ്ഞു. ഗടുവാൾ മണ്ഡലിന്റെ റസ്റ്റ് ഹൗസാണ് വെളുത്ത കെട്ടിടം. രണ്ടു മുറികളുള്ള റസ്റ്റ് ഹൗസ്. തൊട്ടടുത്തൊരു ദാബ. ഡോർമിറ്ററി സൗകര്യമാണ് ഞങ്ങൾക്കു കിട്ടിയത്. മുറിയിൽ മെഴുകുതിരിയുടെ വെളിച്ചം മാത്രം. ക്ഷീണം മാറിയപ്പോൾ കുളിക്കാൻ തീരുമാനിച്ചു. അരുവിയിൽ നിന്നു പൈപ്പിട്ട് എടുക്കുന്ന വെള്ളത്തിന് ഐസിന്റെ തണുപ്പ്. ചൂടു വെള്ളം ഏർപ്പാടാക്കി. അര ബക്കറ്റ് ചൂടു വെള്ളത്തിന് 30 രൂപ.

പിറ്റേന്നു രാവിലെ ചായക്കടയിലെ പയ്യൻ വന്നു വിളിച്ചപ്പോഴാണ് ഉറക്കമുണർന്നത്. പ്രഭാതകൃത്യങ്ങൾക്കായി നദിയുടെ തീരത്തേക്കിറങ്ങി. വെള്ളത്തിന് അസഹ്യമായ തണുപ്പ്. കാലുകളും കയ്യും മരവിച്ചു. കുളിരു മാറ്റാനായി ചായക്കടയിലെ അടുപ്പിനു താഴെ കുറേ നേരം ഇരുന്നു. അവിടെ വ ച്ച് സ്പാനിഷ് സഞ്ചാരികളെ പരിചയപ്പെട്ടു. 
നദിയുടെ മറുകരയുടെ പേര് സീമ, ഈ കര ഓസ്ല. സീമയേയും ഓസ്ലയേയും ബന്ധിപ്പിക്കുന്നത് ഒ രു തൂക്കുപാലമാണ്. പാലം ഇല്ലാതായാ ൽ ആ ഗ്രാമം പുറം ലോകത്തു നിന്നു വിച്ഛേദിക്കപ്പെടുന്നു.

har-ki-dun6

മലയുടെ ഒരു കോണിൽ ഈ നാടിനു വേണ്ടി ഒരേയൊരു വിദ്യാലയം. ഓസ്ല പ്രാഥമിക വിദ്യാലയത്തിൽ ഞങ്ങൾ കയറിച്ചെന്നു. തണുപ്പിൽ നിന്ന് രക്ഷിക്കാനായി കുട്ടികളെ വെയിലത്ത് ഇരുത്തിയിരിക്കുന്നു. കീറിയ ഉടുപ്പുകളും സ്വെറ്ററുമാണ് അവർ ധരിച്ചിരുന്നത്. ഞങ്ങൾ അവർക്കു മിഠായികൾ നൽകി. നന്ദി പറഞ്ഞ് അവർ പാട്ടുപാടി. ആ ഗ്രാമത്തിന്റെ എല്ലാ കഷ്ടതകളും ദാരിദ്ര്യവും കുട്ടികളുടെ മുഖത്ത് തെളിഞ്ഞു നിന്നു. ഒരു ചെറിയ തുക ഞങ്ങൾ പ്രധാനാധ്യാപകനെ ഏൽപ്പിച്ചു.

ഹർ കി ദൂൺ എത്തുന്നതിനു മുൻപുള്ള അവസാനത്തെ ഗ്രാമമാണ് ഓസ്ല. 120 കുടുംബങ്ങളാണ് അവിടെയുള്ളത്. തടിയിൽ നിർമിച്ചതാണ് അവരുടെ വീടുകൾ. ഒരു വരി കല്ലും ഒരു വരി തടിയും ഇടകലർത്തിയുണ്ടാക്കിയ വീടുകളുടെ മേൽക്കൂരയിലും കല്ലുകൾ പാകിയിരിക്കുന്നു. നവംബർ മുതലുള്ള അഞ്ചു മാസത്തെ കൊടും മ‍ഞ്ഞിനെ പ്രതിരോധിക്കാനാണ് ഈ ശിലാകവചം.

ഹുക്ക വലിച്ചും വെയിലു കാഞ്ഞും വഴി വക്കത്തിരിക്കുന്ന ഗ്രാമീണരെ കണ്ടു. കൃഷിയും ക ന്നുകാലി വളർത്തലുമാണ് ഉപജീവന മാർഗം. സ്ത്രീകൾ ജോലി ചെയ്ത് കുടുംബം പോറ്റുന്നു. പുരുഷന്മാർ കഞ്ചാവും ചരസ്സും വലിച്ച് ലഹരിയിൽ മുഴുകി ദിവസം തള്ളി നീക്കുന്നു. രോഗത്തിനും തണുപ്പിനും വേദനയ്ക്കുമുള്ള മരുന്നാണ് ലഹരിയെന്ന് റാം സിങ് എന്നയാൾ പറഞ്ഞു. ആശുപത്രികളും ഡോക്ടർമാരുമില്ലാത്ത നാട്ടിൽ ഈ തത്വം കുട്ടികൾ കേട്ടു പഠിക്കുന്നു. നമ്മുടെ നാട്ടിൽ പച്ചക്കറി കൃഷി ചെയ്യുന്നതുപോലെ ആ ഗ്രാമത്തിലെ മലഞ്ചെരിവുകളിൽ കഞ്ചാവു ചെടികൾ പൂത്തു നിൽക്കുന്നതു കണ്ടു. മരുന്നല്ലേ, അദ്ഭുതപ്പെടാനെന്തിരിക്കുന്നു!

har-ki-dun3

രണ്ടു പുരുഷന്മാർക്ക് ഒരു ഭാര്യ

മഹാഭാരതവുമായി ഹർ കി ദൂണിന് ബന്ധമുണ്ടെന്നാണ് ആ നാട്ടുകാർ പറയുന്നത്. ദുര്യോധനനാണ് അവരുടെ ആരാധനാ മൂർത്തി. ഇവിടത്തെ ക്ഷേത്രത്തിൽ ദുര്യോധനനും കർണനുമാണു പ്രതിഷ്ഠ. കൗരവർക്കും ആരാധകരോ എന്നു സംശയിക്കേണ്ട. കുരുക്ഷേത്ര യുദ്ധത്തിൽ ദുര്യോധനൻ കൊല്ലപ്പെട്ട ശേഷം കൗരവരുടെ അനുയായികൾ ഹർ കി ദൂണിൽ അഭയം പ്രാപിച്ചുവെത്രെ. കൗരവരുടെ പിൻതലമുറക്കാർ ഇവിടെ ജീവിക്കുന്നു എന്നത് അവർ സ്വയം മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന നാട്ടുകഥയാണ്. കൗരവരുടെ ബന്ധുക്കളെന്ന് അറിയപ്പെടാനവർ ആഗ്രഹിക്കുന്നില്ല. കുരു ക്ഷേത്ര യുദ്ധത്തിൽ കൗരവരുടെ പരാജയത്തിലും ദുര്യോധനന്റെ മരണത്തിലും ദുഃഖിതരായ അനുയായികളുടെ കണ്ണീരു വീണുണ്ടായതാണ് ടോൻസ് നദിയെന്നൊരു സങ്കൽപ്പം നിലനിൽക്കുന്നു. ടോൻസിലെ വെള്ളം കുടിക്കാറില്ല, വീട്ടുപയോഗത്തിന് എടുക്കാറില്ല.

ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് ജഗദീഷ് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. ചായയും റൊട്ടിയും നൽകി അവർ സ്വീകരിച്ചു. ഗസാലയെന്നാണ് റൊട്ടിയുടെ പേര്. വീടുകൾ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.  മുറികൾക്ക് ജനൽ ഇല്ല.  രണ്ടു തട്ടുകളായാണ് വീടുകൾ. താഴത്തെ തട്ട് കന്നുകാലികൾക്ക്. തണുപ്പു കൂടുമ്പോഴാണു കന്നുകാലികളെ മുറിയിലിട്ട് അടയ്ക്കുക.
വിവാഹ സമ്പ്രദായമാണ് കൗതുകം. കുടുംബത്തിൽ ഒന്നിലധികം ആണുങ്ങളുണ്ടെങ്കിലും ഭാര്യ ഒന്നേയുള്ളു. മുതിർന്ന സഹോദരൻ വിവാഹം കഴിക്കുന്ന സ്ത്രീയാണ് അയാളുടെ സഹോദരന്മാർക്കും ഭാര്യ. കുടുംബസ്വത്തു വീ തം വയ്ക്കാതെ നിലനിർത്താൻ കണ്ടെത്തിയ ‘ആസൂത്രണം’ വിചിത്രം! പക്ഷേ, അവിടത്തുകാർക്ക് അതിൽ യാതൊരു പരിഭവവുമില്ല, പരാതിയുമില്ല.

അടുത്ത ദിവസം രാവിലെ ഹർ കി ദൂണിലേക്കു പുറപ്പെട്ടു. ഉച്ചയ്ക്ക് കഴിക്കാനുള്ള ആലു പൊറാട്ടയും അച്ചാറും ഉൾപ്പെടെ അത്യാവശ്യംസാധനങ്ങൾ മാത്രമേ എടുത്തുള്ളൂ.  നദി കടന്ന് മല കയറി. അതുവരെ കയറിയതിൽ ഏറ്റവും ഉയരമേറിയ മല. ചെങ്കുത്തായ കുന്ന്. ഇളകിക്കിടക്കുന്ന ഉരുണ്ട കല്ലുകൾ.  താഴെ ചെറിയ നദി. അതിനു കുറുകെ കടന്ന് അടുത്ത മലയിലെത്തി. വന്യമായ ശാന്തത. മഞ്ഞു മൂടിക്കിടക്കുന്ന മലകൾ. കടും പച്ച നിറ മുള്ള മലകൾക്കിടയിലൂടെ സുപിൻ നദി പതഞ്ഞൊഴുകുന്നു. വഴിയുടെ ഇരുവശത്തും പുൽച്ചെടികൾ തലയ്ക്കൊപ്പം ഉയർന്നു നിൽക്കുന്നു. നദിയിലെ ജലപ്രവാഹത്തിന്റെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല.

ഹർ കി ദൂണിലെത്താൻ ഇനിയും അഞ്ചു മ ണിക്കൂർ നടക്കണം. വഴിയോരത്തെ കാട്ടുപൂക്ക ൾ അതിശയമുണർത്തി. ചെടികളിൽ പലതരം കായ്കൾ കുലച്ചു നിന്നു. നെല്ലിക്കപോലെ ചുവന്ന നിറമുള്ള കായ പറിച്ചെടുത്ത് ജഗദീഷ് തിന്നു. അതു കണ്ടു ഞങ്ങളും കായ പറിച്ചു. പുളിയുടെ രുചിയുള്ള മധുരം നിറഞ്ഞ കായ. അതിന്റെ  പേരെന്താണാവോ?

har-ki-dun1 ഒസ്‌ലയിലെ വിദ്യാർഥികൾക്കൊപ്പം.

ദൈവത്തിന്റെ താഴ്‌വര

ഹാങ്ങിങ് വാലി ഓഫ് ഗോഡ് എന്നറിയപ്പെടുന്ന ഹർ കി ദൂൺ താഴ്‌വരയുടെ മനോഹാരിത കൺമുന്നിൽ. മൂന്നു വശവും മഞ്ഞു മൂടിയ മലകൾ. നീലിമയാർന്ന ആകാശം. നുരഞ്ഞൊഴുകുന്ന നദി. അലഞ്ഞു നടക്കുന്ന കാലിക്കൂട്ടം. ഇതിനിടയിൽ മഞ്ഞനിറമുള്ള റസ്റ്റ് ഹൗസ്. അവിടെ നിന്നു ചുറ്റും നോക്കി. തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു സ്വർഗാരോഹിണി പർവതം. സൂര്യാസ്തമയ നേരത്തു സ്വർഗാരോഹിണി പൊന്നുരുകുന്നപോലെ തിളങ്ങി. ഈ ജന്മം മുഴുവൻ അതങ്ങനെ കണ്ടു നിൽക്കാൻ തോന്നി. ഇരുട്ടു വീണു. തണുത്തു വിറച്ച് പല്ലുകൾ കൂട്ടിയിടിച്ചു. റസ്റ്റ് ഹൗസിലേക്കു മടങ്ങി. കമ്പിളി വസ്ത്രങ്ങളും ഓവർ കോട്ടും ധരിച്ചു. ചെവിയും തലയും മൂടിയിട്ടും കയ്യുറ അണിഞ്ഞിട്ടും ശരീരത്തിലേക്ക് തണുപ്പ് അരിച്ചു കയറി. 17880 അടി ഉടയരത്തിൽ സ്ഥിതി ചെയ്യുന്ന ബൊരാസ്സു പാസ് ആറു കിലോമീറ്റർ അകലെയാണ്. ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും അതിർത്തി പങ്കിടുന്നത് ഇവിടെയാണ്.

പിറ്റേന്നു രാവിലെ കുന്നിനു മുകളിൽ കയറി. ഒൻപതു കിലോമീറ്റർ അകലെയുള്ള മഞ്ഞു മലകൾ വരെ അവിടെ നിന്നാൽ കാണാം. മാനം മുട്ടി നിൽക്കുന്ന പർവത നിരകൾ. പലതരം അരുവികൾ. മലയിടുക്കിൽ നിന്ന് പാറകൾക്കിടയിലൂടെ ഒഴുകുന്ന നദി. മരങ്ങൾ നിറഞ്ഞ കാട്. മൂന്നു മണിക്കൂറോളം നടന്നു മഞ്ഞു മലയുടെ താഴ്‍‌വാരത്തെത്തി. ഹിമവാന്റെ ഹൃദയത്തിൽ സ്വയം തിരിച്ചറിവോടെ ഞങ്ങൾ നിശബ്ദരായി നിന്നു. ആ സൗന്ദര്യത്തിൽ സകലവും മറന്ന് അലിഞ്ഞു ചേർന്നു...

GETTING HERE

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് ട്രക്കിങ്ങിനു പ്രശസ്തമായ  ഹർ കി ഡൂൺ സ്ഥിതി ചെയ്യുന്നത്. ഹിമാചൽ പ്രദേശ്– ഉത്തരാഖണ്ഡ് അതിർത്തിയോട് ചേർന്ന്. തലൂക്ക (Taluka) യിൽ നിന്നാണ് ഹർ കി ഡൂണിലേക്കുള്ള ട്രക്കിങ് റൂട്ട്  തുടങ്ങുന്നത്. 12 കിലോമീറ്റർ ചെങ്കുത്തായ കയറ്റം കയറിയിറങ്ങിയാൽ സീമ(Seema)യി ലെത്താം. ഇവിടുന്ന് 14 കിലോമീറ്റർ ട്രക്ക് ചെയ്താൽ ഹർ കി ഡൂണിലെത്താം. സാഹസിക സഞ്ചാരികളാണ് ഈ റൂട്ട് തെരഞ്ഞെടുക്കുന്നത്.

സാധാരണ സഞ്ചാരികൾക്ക്, ഡറാഡൂണിൽ നിന്ന് സാൻക്രി (sankri)വരെ എപ്പോഴും ബസ് സർവീസ് ഉണ്ട്.  സാൻക്രിയിൽ നിന്ന് തലൂക്ക വരെയുള്ള ജീപ്പ് സർവീസ് ഉപയോഗപ്പെടുത്തിയാൽ 12 കിലോമീറ്റർ ട്രക്ക് ഒഴിവാക്കാം. ഒക്ടോബര്‍ – നവംബര്‍ വരെയാണ് ഹർ കി ഡൂൺ ട്രക്കിങ് സീസൺ.