എണറാകുളത്തെ ആമ്പല്ലൂരിൽ നിന്നും ക്രിസ്മസ് ദിവസം രാവിലെ ഏകദേശം 6.30 മണിയോടെ പുറപ്പെട്ടു. മുണ്ടക്കയം മുതല്‍ തേക്കടി വരെയുള്ള ദൃശ്യങ്ങള്‍ വളരെ പ്രകൃതിരമണീയമാണ് - മരങ്ങളും, മലകളും, കോടയും, മഞ്ഞും എല്ലാം. നാലു മണിക്കൂര്‍ കാര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ കെ.ടി.ഡി.സി യുടെ ആരണ്യ നിവാസില്‍ എത്തി. ലേക്ക് പാലസിലേക്കുള്ള അതിഥികള്‍ ഇവിടെയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.ട്രെക്കിംഗ്, നേച്ചര്‍ വാക്ക്, ഗവിയിലേക്കുള്ള യാത്ര, ബാംബു റാഫ്ടിംഗ് എന്നിവയെല്ലാം ഇവിടെ നിന്ന് തന്നെ അതിഥികള്‍ക്ക് ചെയ്യാം. കെ.ടി.ഡി.സി യുടെ ചുറുചുറുക്കുള്ള ഉദ്യോഗസ്ഥനായ റോബിന്‍ ഞങ്ങളെ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹമാണ് ഞങ്ങള്‍ക്ക് വിശദാംശങ്ങള്‍ നല്കിയത്.
കെ.ടി.ഡി.സി യുടെ ബോട്ടിലാണ് ഞങ്ങളെ ലേക്ക് പാലസിലേക്ക് കൊണ്ടു പോയത്.അനിര്‍വചനീയമായ ആ ജലയാത്ര ഏകദേശം 25-30 മിനിറ്റ് എടുത്തു.യാത്രയിലുടനീളം നാനാവിധം പക്ഷികളെയും (നീര്‍കാക്ക,നീല പൊന്‍മാന്‍,ദേശാടനക്കിളികള്‍),മൃഗങ്ങളെയും (ആന,മാന്‍,കാട്ടു പന്നി,കരിങ്കുരങ്ങ്) കാണാന്‍ സാധിച്ചു.
ലാന്‍റിങ്ങ് പോയിന്‍റില്‍ നിന്നും ഏകദേശം 110 പടികള്‍ കയറിയാണ് രാജകീയത വിളിച്ചോതുന്ന ലേക്ക് പാലസില്‍ ഞങ്ങള്‍ എത്തിയത്.സമയം നട്ടുച്ചയാണെങ്കിലും സുഖകരമായൊരിളം തണുപ്പില്‍ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.
അതിഥി ദേവോ ഭവ : വെല്‍ക്കം ഡ്രിങ്കായ ഹര്‍ബ്ബല്‍ ടീ തന്ന ഉന്മേഷത്തെക്കാള്‍ അധികമായിരുന്നു അവിടത്തെ ജീവനക്കാരായ അനീഷ്, പ്രദീപ് എന്നിവരുടെ പെരുമാറ്റത്തിലെ ഊഷ്മളത. മനസ്സു നിറഞ്ഞു നിന്ന ആതിഥേയത്വവും,രുചികരമായ ഭക്ഷണവും,പ്രകൃതിയുടെ സൗന്ദര്യവും എല്ലാം തൊട്ടറിഞ്ഞ ദിനങ്ങളായിരുന്നു അവ. പ്രഭാത ഭക്ഷണമൊഴിച്ച് മറ്റ് രണ്ടു ഭക്ഷണങ്ങളിലും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ഉണ്ടായിരുന്നു. വളരെ വൈവിധ്യമാര്‍ന്നതും, ആരോഗ്യപ്രദവും,സ്വാധിഷ്ടമായതുമായിരുന്നു ഇവിടത്തെ ഭക്ഷണം.ജീവനക്കാര്‍ വളരെ കരുതലോടെയാണ് പെരുമാറിയതെങ്കിലും, ഞങ്ങളുടെ സ്വതന്ത്രമായ നടത്തത്തെ ഇതു ബാധിച്ചില്ല.ഉച്ചയൂണ് ഒരു സദ്യ വട്ടം തന്നെയായിരുന്നു.പ്രഭാത ഭക്ഷണത്തോടൊപ്പമുള്ള ജ്യൂസില്‍ പഞ്ചസാര ചേര്‍ക്കുന്നില്ലയെന്നത് ശ്രദ്ധേയമാണ്.മുറിയില്‍ ഇലക്ട്രിക്ക് കെറ്റില്‍ ഇല്ലെങ്കിലും ആവശ്യാനുസരണം ചൂടുവെള്ളം,ചായ,കാപ്പി എന്നിവ ജീവനക്കാര്‍ സ്നേഹത്തോടെ എത്തിച്ചു തന്നിരുന്നു.
എന്തു കൊണ്ട് ലേക്ക് പാലസ് ?
പതിവ് വിനോദയാത്രകളില്‍ താമസിക്കുന്ന സ്ഥലത്തെക്കാലും പ്രാധാന്യം അവിടെ നിന്നും യാത്ര ചെയ്തു പോയി കണ്ട കാഴ്ചകള്‍ക്കാണ്.ഈ പതിവിനു വ്യത്യസ്തമായിരുന്നു ലേക്ക് പാലസിലെ അനുഭവം.തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പ്രകൃതി സൌന്ദര്യം വഴിഞ്ഞൊഴുകുന്ന ഇവിടത്തെ താമസം എല്ലാ രീതിയിലും ആകര്‍ഷകം തന്നെ. പെരിയാര്‍ നദിയാല്‍ ചുറ്റപ്പെട്ട് ഏകദേശം 3ഏക്കറോളം വരുന്ന പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഈ റിസോര്‍ട്ട്,തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ വേനല്‍ക്കാല വസതിയായിരുന്നു.ആറു മുറികളാണ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.അതിനാല്‍ 18 പേര്‍ മാത്രമേ അതിഥികളായി ഏതൊരു സമയത്തും ഉണ്ടാവുകയുള്ളൂ.എല്ലാ മുറികള്‍ക്കും വിശാലമായ വരാന്തയും അതില്‍ ഇരിപ്പിടങ്ങളുമുണ്ട്.
ഞങ്ങള്‍ക്ക് മഹാരാജാവിന്‍റെ മുറിയില്‍ താമസിക്കുവാനുള്ള ഭാഗ്യം ലഭിച്ചു.ഫര്‍ണ്ണീച്ചറും അലങ്കാരങ്ങളും രാജകീയ പ്രൌഢി വിളിച്ചോതുന്നവയായിരുന്നു.കൊട്ടാരക്കെട്ടിനു പുറമെ ഒരുക്കിയിരുന്ന പുല്‍ത്തകിടിയും മറ്റും ലേക്ക് പാലസിനെ ഒരു മനോഹരിയാക്കുന്നു.നദിയും അതിന്‍റെ കരയില്‍ വെള്ളം കുടിക്കാനെത്തുന്ന പക്ഷിമൃഗാദികളും കാഴ്ചയ്ക്ക് നല്ലൊരു വിരുന്നായിരുന്നു.ശുദ്ധവായു ശ്വസിച്ചുള്ള നടത്തം മനസ്സിനും ശരീരത്തിനും ഒരേ സമയം ഉന്മേഷം പകര്‍ന്നു തന്നു.മുറിയുടെ വരാന്തയിലിരുന്നാല്‍ സൂര്യോദയവും,അസ്തമയവും ആസ്വദിക്കാമായിരുന്നു.സുഖദായകം തന്നെയായിരുന്നു ആ മൂന്നു ദിനങ്ങള്‍.
ഇത്രയും നല്ല അനുഭവം തന്ന ലേക്ക് പാലസില്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും നിര്‍ബ്ബന്ധമായും താമസിക്കുമെന്ന പ്രതിജ്ഞയെടുത്താണ് ഞങ്ങള്‍ റിസോര്‍ട്ടിന്‍റെ പടികള്‍ ഇറങ്ങിയത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.110 ഓളം പടികള്‍ താണ്ടേടതുണ്ട് (പ്രായമായവരും,മറ്റ് ശാരീരിക ആസ്വാസ്ഥ്യമുള്ളവരും ഈ കാര്യം ഓര്‍ക്കുക) 2.റിസോര്‍ട്ട് ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ കടകള്‍ ഒന്നും തന്നെയില്ല. 3.മുറികളിലെ കട്ടിലുകള്‍ക്കു വലുപ്പം കുറവാണ്.വേണമെങ്കില്‍ എക്സ്ട്രാ ബെഡ് ലഭ്യമാണ്. 4.മൊബൈല്‍ റേഞ്ച് വളരെ കുറവാണ്. 5.ഗൂഗിള്‍ മാപ്പില്‍ ആരണ്യ നിവാസ്,തേക്കടിയെന്നാണ് കൊടുക്കേണ്ടത്.
(ലേഖിക: ഡോ.ഇന്ദു.ബി, സാകേതം, ആമ്പല്ലൂര്‍,എറണാകുളം 682315)
ലേക്ക് പാലസ് - തേക്കടി
വിനോദയാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ക്ക് 2019 മാര്‍ച്ച് മാസം മുതലുള്ള ജീവിതം വിരസമായിരുന്നു.പല ഘട്ടങ്ങളിലായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു തുടങ്ങിയെങ്കിലും തിക്കും തിരക്കുമില്ലാത്ത സ്ഥലത്തേക്കുള്ള അന്വേഷണങ്ങള്‍ എത്തിച്ചേര്‍ന്നത് തേക്കടിയിലെ കെ.ടി.ഡി.സി യുടെ ലേക്ക്പാലസ് എന്ന റിസോര്‍ട്ടിലാണ്. തേക്കടിയില്‍ കെ.ടി.ഡി.സി ക്ക് 3 ഹോട്ടലുകളാണ് ഉള്ളത് -പെരിയാര്‍ ഹൌസ്,ആരണ്യ നിവാസ്,ലേക്ക് പാലസ്.ഇതില്‍ ലേക്ക് പാലസാണ് പ്രീമിയര്‍ ഹോട്ടല്‍. ഇന്‍റര്‍നെറ്റ് പകര്‍ന്നു അറിവുകളേക്കാളുപരിയായിരുന്നു യഥാര്‍ത്ഥ അനുഭവങ്ങള്‍.. അതിഥി ദേവോ ഭവ : എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിയ ദിനങ്ങളായിരുന്നു അവ.