സൗത്താഫ്രിക്കയിലെ ടേബിൾ മൗണ്ടെൻ നാഷനൽ പാർക്കിന്റെ ഭാഗമാണ് ബോൾഡേഴ്സ് ബീച്ച്. മനുഷ്യരെക്കാൾ കൂടുതൽ പെൻഗ്വിനുകളെ കാണുന്ന ഇടം. ആഫ്രിക്കൻ പെൻഗ്വിനുകളുടെ സംരക്ഷിത കോളനിയാണ് ഈ കടൽത്തീരം. സൈമൺസ് ടൗണിനു സമീപത്താണ് ബോൾഡേഴ്സ് ബീച്ച് സ്ഥിതി ചെയ്യുന്നത്. ‘വെൽക്കം ടു ബോൾഡേഴ്സ്, ഹോം ഓഫ് ദ് ആഫ്രിക്കൻ പെൻഗ്വിൻ’ എന്നെഴുതിയ ബോർഡിനപ്പുറം വെയിൽകായാനെത്തുന്ന, പ്രണയസല്ലാപങ്ങൾ നടത്തുന്ന ധാരാളം പെൻഗ്വിനുകളെ കാണാം. സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പോറൽ ഏൽപ്പിക്കാതെയാണ് പെൻഗ്വിനുകളെ സംരക്ഷിക്കുന്നത് . ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് മരം കൊണ്ടു നിർമിച്ച നടപ്പാതകളിലൂടെ രണ്ടുമണിക്കൂർ നടന്ന് പെൻഗ്വിനുകളുടെ ജീവിതരീതികൾ കണ്ടാസ്വദിക്കാം.
1982 ലാണ് ബോൾഡേഴ്സ് ബീച്ചിൽ സംരക്ഷിത പെൻഗ്വിൻ കോളനി നിലവിൽ വരുന്നത്. ആഫ്രിക്കൻ പെൻഗ്വിൻ , കേപ് പെൻഗ്വിൻ, സൗത്ത് ആഫ്രിക്കൻ പെൻഗ്വിൻ എന്നീ പേരുകളിലറിയപ്പെടുന്ന Spheniscus demersus എന്നയിനം പെൻഗ്വിനുകളാണ് വസിക്കുന്നത്. വർഷം മുഴുവൻ പെൻഗ്വിനുകളിവിടെ ഉണ്ടാകുന്നതിനാൽ എപ്പോൾ ചെന്നാലും കാഴ്ചക്കാർക്ക് ദർശനം സാധ്യം. ബീച്ചിലെ മണലിൽ കുഴികളുണ്ടാക്കി പെൺ പെൻഗ്വിനുകൾ മുട്ടയിടുന്നു. ആൺ പെൻഗ്വിനുകളാണ് മുട്ടയ്ക്ക് അടയിരിക്കുന്നത്. കുഴിയ്ക്ക് പുറത്ത് പെൺ പെൻഗ്വിനുകൾ കാവൽ നിൽക്കും.
540 ദശലക്ഷം വർഷം പഴക്കമുള്ള ഗ്രാനൈറ്റ് പാറകൾ ഭാഗികമായി കാണപ്പെടുന്നതിനാലാണ് ഈ കടൽത്തീരത്തിന് ബോൾഡേഴ്സ് ബീച്ച് എന്ന പേര് വന്നത്. സൗത്ത് ആഫ്രിക്കയിലെ വേനൽക്കാലമായ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ബോൾഡേഴ്സ് ബീച്ച് സന്ദർശിക്കാൻ അനുയോജ്യമായ കാലം.
ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ കേപ് ടൗണിൽ തിമിംഗല നിരീക്ഷണ സീസണാണ്. ഈ സമയത്ത് വ്യൂപോയിന്റിൽ നിന്ന് തിമിംഗലങ്ങളെ കാണാനാകും.