ADVERTISEMENT

അസംകാരൻ ബദ്‌രേശ്വരാണ് ബൊസിസ്തോ മന്ദിറിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സംസാരം വല്ലാതെ കുഴപ്പിക്കുന്നതായിരുന്നു. രണ്ടിന് തു എന്നു പറഞ്ഞപ്പോൾ ആദ്യം മനസ്സിലായില്ലെങ്കിലും തുടർന്നങ്ങോട്ടുള്ള സംസാരത്തിൽ ' ട ' എന്നു പ്രയോഗിക്കേണ്ടിടത്ത് അദ്ദേഹം 'ത' എന്നാണ്‌ പറയുന്നതെന്ന് മനസ്സിലായി. ഇവിടത്തുകാരെല്ലാം ഈ രീതിയിലാണ് സംസാരിക്കുന്നത്. സന്തേ,മന്തേ, തൂസ്ദേ,വെനസ് ദേ ,തേസ് ദേ, ഫ്രൈദേ, സാത്തർ ദേ മനസ്സിൽ പറഞ്ഞു നോക്കുന്നതിനിടയിൽ അറിയാതെ ചിരി പൊട്ടി. ഞങ്ങളുടെ ഗസ്റ്റ് ഹൗസിലെ പാചകകക്കാരനാണ് ബദ്രേശ്വർ .

ബൊസിസ്തോ മന്ദിറിൽ പോകാനുള്ള വഴിയും അദ്ദേഹമാണ് പറഞ്ഞു തന്നത്. അവധിദിനങ്ങളിലൊന്നിൽ പ്രഭാതഭക്ഷണം വിളമ്പുന്നതിനിടെ ബദ്‌രേശ്വർ വീണ്ടും ബൊസിസ്തോ മന്ദിറിൽ പോകുന്ന കാര്യം ഓർമ്മിപ്പിച്ചു. ബൊസിസ്തോ ആരാണെന്ന് ചോദി ക്കണമെന്നുണ്ടായിരുന്നുവെങ്കിലും ചോദിച്ചില്ല. ആ ചോദ്യത്തിന്റെ ഉത്തരം തേടി സഞ്ചാരം തുടങ്ങി...

ADVERTISEMENT

ബൽത്തോള ചാരിയാലി

അസമിലെ ഗുവാഹത്തിയിലാണ് വസിഷ്ഠ മന്ദിർ സ്ഥിതി ചെയ്യുന്നത്. ഗണേഷ് ഗുരിയിലെ മൃഗശാലയ്ക്ക് മുന്നിൽ നിന്ന് ബസ് കിട്ടി. കണ്ടക്ടർ പന്ത്രണ്ടു രൂപ വാങ്ങിയെങ്കിലും ടിക്കറ്റൊന്നും തന്നില്ല. വഴിക്കാഴ്ചകൾ കാണുന്നതിനിടയ്ക്കും ഇറങ്ങേണ്ട സ്ഥലത്തിന്റെ പേര് മറക്കാതിരിക്കാനായി വീണ്ടും ഓർത്തു, ബൽത്തോള ചാരിയാലി. അൽപസമയത്തെ ബസ് യാത്രയ്ക്ക് ശേഷം മുന്നിൽ കണ്ടൊരു ബോർഡ് വായിക്കാനൊരു ശ്രമം നടത്തി. ബൽത്തോള ചാരിയാലി. അവിടെ ഇറങ്ങി. ഇ-റിക്ഷയിലാണ് തുടർന്നുള്ള യാത്ര. പത്തുരൂപയാണ് ഒരാൾക്ക് ചാർജ്. റിക്ഷയിൽ പിറകിൽ നാലാളും ഡ്രൈവറുടെ ഒരു ഭാഗത്ത് ഒരാളും ഉണ്ടായിരുന്നു. ഡ്രൈവറുടെ സീറ്റിന്റെ മറുവശത്ത് ഒരോരത്ത് ഇരിപ്പിടം കിട്ടി. ആദ്യമായാണ് ഇങ്ങനെയൊരു യാത്ര. വഴിയോരക്കാഴ്ചകൾ മനസ്സ് നിറച്ചു.

ADVERTISEMENT

റോഡിനിരുവശത്തും തേക്ക് മരങ്ങൾ. അതിനപ്പുറം പട്ടാളത്തിന്റെ 151 ബറ്റാലിയന്റെ ഓഫീസും ഹോസ്പിറ്റലും. വസിഷ്ഠ മഹർഷിയെയാണ് ബൊസിസ്തോ എന്നു പറയുന്നതെന്ന് ഇ-റിക്ഷയുടെ ഡ്രൈവറുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കി. അകലെ നിന്നുതന്നെ ക്ഷേത്രത്തിന്റെ മകുടം കാണാം. വസിഷ്‌ഠ മന്ദിറിന്റെ മുറ്റത്ത് ഒരരോരത്തായി റിക്ഷ നിർത്തി.


vasi01
ADVERTISEMENT

സന്ധ്യാചലിലെ പുണ്യാശ്രമം

കലിക പുരാണവുമായി ബന്ധപ്പെട്ടതാണ് അസമിലെ വസിഷ്ഠാശ്രമത്തിന്റെ കഥ. സപ്തർഷികളിൽ ശ്രേഷ്ഠ പ്രധാനിയായ വസിഷ്ഠ മഹർഷിയുടേതാണ് പ്രധാനപ്പെട്ട ഏഴ് ശക്തിപീഠങ്ങളിലൊന്ന്. സന്ധ്യാചലിലെ ആ പുണ്യാശ്രമമുറ്റത്ത് നിന്നപ്പോൾ ഐതിഹ്യകഥ തിരശീലയിലെന്ന പോലെ മുന്നിൽ നിറഞ്ഞു.

‘ഒരിക്കൽ വസിഷ്ഠ മഹർഷി കാമാഖ്യ ദേവിയെ കാണാൻ പോയി. കാമാഖ്യയെ വിവാഹം കഴിക്കാൻ മോഹിച്ചു നടക്കുന്ന നരകാസുരൻ, വസിഷ്ഠ മഹർഷിയെ തടഞ്ഞു. ഭൂമിദേവിയുടെ പുത്രനാണ് നരകാസുരൻ . കോപാകുലനായ വസിഷ്ഠ മഹർഷി നരകാസുരനെ ശപിക്കുകയും സന്ധ്യാചലിൽ ഒരു ആശ്രമം പണിത് അവിടെ ശിവനെ ധ്യാനിച്ച് ജീവിതം നയിക്കുകയും ചെയ്തു എന്ന് ഐതിഹ്യം’. അദ്ദേഹത്തിന്റെ സമാധി സ്ഥലമാണ് ആശ്രമത്തിലെ സിരാ കേന്ദ്രം. ഗുഹയിൽ പാറയിടുക്കിലെ വസിഷ്ഠ സങ്കൽപത്തിനടിയിലൂടെ വസിഷ്ഠഗംഗ കാലഭേദങ്ങളില്ലാതെ ഒഴുകുന്നു.

വസിഷ്ഠഗംഗയെ തഴുകി വരുന്ന കുളിർകാറ്റ് ഉള്ള് തൊട്ടു. നേരെ ക്ഷേത്രത്തിലേക്ക് നടന്നു. വഴിയോരം നിറയെ കുരങ്ങുകളാണ്. പ്രവേശനകവാടം കടന്ന് അകത്തുകയറി. ക്ഷേത്രത്തിന്റെ മുക്കിലും മൂലയിലും വരെ ഓരോ മൂർത്തികളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ആദ്യകാഴ്ച വസിഷ്ഠ ഗുഹയായിരുന്നു. പടികൾ ഇറങ്ങി നടന്നു. ഏറ്റവും താഴെയായി ഗുഹ. വസിഷ്ഠ മഹർഷിയുടെ അവസാന നാളുകൾ അവിടെയായിരുന്നത്രേ. അദ്ദേഹം സമാധിയായതും ഇവിടെവച്ചാണെന്ന് കരുതപ്പെടുന്നു.

മനസ്സ് നിറച്ച കാഴ്ച

ചെണ്ടുമല്ലിയാണ് പൂജാ പുഷ്പങ്ങളിൽ പ്രധാനം. മധുര പലഹാരങ്ങളും ചന്ദനത്തിരിയും കുങ്കുമവും കൂവളത്തിലയും ചെമ്പരത്തിപ്പൂവും ചുവന്നപട്ടും ഒക്കെ താലങ്ങളിലാക്കി ദേവന് സമർപ്പിക്കുന്നുണ്ടായിരുന്നു. അതിനു ശേഷം ഭക്തർ നമസ്കരിക്കുന്നു. അർച്ചനാ പുഷ്പങ്ങൾ മന്ത്രങ്ങൾ ചൊല്ലി വസിഷ്ഠ ശിലയിൽ അർപ്പിച്ചു തീരുന്നതു വരെ പ്രാർഥനയോടെ നിലകൊള്ളുന്നു.വസിഷ്ഠ ശിലയ്ക്കുതാഴെ വസിഷ്ഠഗംഗയിലെ ഓളങ്ങൾ അലയടിക്കുന്നത് ഒട്ടൊരു കൗതുകത്തോടെയാണ് നോക്കിയിരുന്നത്. അവിടെ പ്രാർഥനയ്ക്ക് വരുന്ന ശിവഗംഗയാണത്രേ അത്. പക്ഷേ പാലും നെയ്യും പൂക്കളും വീണ് ആ തീർഥക്കുളത്തിൽ നിന്ന് ദുർഗ്ഗന്ധം വമിക്കാൻ തുടങ്ങിയിരുന്നു.

നമസ്കരിച്ച ശേഷം പണ്ഡിറ്റ്ജി തന്ന മഞ്ഞനിറമുള്ള മല്ലികപ്പൂവും തലയിൽ ചൂടി കൽപടവുകൾ തിരിച്ച് കയറി. പുറത്ത് വെയിലിന് കാഠിന്യം കൂടിയിരുന്നു. എങ്കിലും മനം കുളിർക്കുന്ന കാഴ്ചകളാണ് ചുറ്റിലും. ഇരുവശത്തും മലനിരകൾ. കറുത്തുരുണ്ട പാറക്കൂട്ടങ്ങൾക്കിടയിലൂടെ കളകളാരവം മുഴക്കി വസിഷ്ഠാശ്രമത്തിനു മുന്നിലൂടെ ഒഴുകിവരുന്ന അരുവി. അരുവിക്ക് സമാന്തരമായി താഴേക്ക് നീണ്ട ചവിട്ടുപടികൾ. മാർബിൾ പതിച്ച ചവിട്ടുപടികൾ കടന്ന് എത്തുന്നത് പാറയിൽ കൊത്തിവച്ചിരിക്കുന്ന ശിവ പ്രതിഷ്ഠയ്ക്ക് മുന്നിലാണ്.


vasi03

ഭക്തിനിർഭരം പ്രകൃതി

ക്ഷേത്ര മുറ്റത്ത് മുനിശ്രേഷ്ഠർ വസിഷ്ഠ മഹർഷിയുടെ പൂർണകായ പ്രതിമയുണ്ടായിരുന്നു. അതിനടുത്തായി തന്നെയൊരു മൂഷികപ്രതിമയും. മൂഷികപ്രതിമയുടെ ചെവിയിൽ ഭക്തരുടെ ആഗ്രഹങ്ങൾ പറഞ്ഞാൽ അത് സാധിക്കുമെന്ന് അവിടുത്തുകാരുടെ വിശ്വാസം. അരുവിക്ക് കുറുകെ ഉണ്ടാക്കിയ പാലത്തിനടുത്തെത്തി. അരുവിക്കയ്ക്കരെ മൈതാനത്തിൽ ഉള്ള ശിവപ്രതിമക്കു ചുറ്റും കവാടങ്ങളും കമാനങ്ങളും പണിത് അവിടം മനോഹരമാക്കിയിരുന്നു. മൈതാനത്തിന്റെ അങ്ങേയറ്റത്ത് കണ്ട ചവിട്ടുപടികൾ കയറി മലമുകളിലെ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. ഉപദൈവങ്ങളുടെ പ്രതിഷ്ഠയും പുരാണ കഥകളിലെ സന്ദർഭങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ത്രിമാന ചിത്രങ്ങളും അവിടെ കാണാമായിരുന്നു. ചവിട്ടുപടികൾ കയറുന്നിടത്തൊരു ആൽ മരമുണ്ട്. സങ്കടങ്ങൾ പ്രാർഥനകളാക്കി ചുവന്ന പട്ടിൽ പൊതിഞ്ഞ് ആലിൻ കൊമ്പിൽ കെട്ടിക്കഴിഞ്ഞാൽ ആഗ്രഹം സഫലമാവുമത്രേ.

ആൽത്തറയ്ക്കടുത്താണ് നാഗകന്യയുടെ ക്ഷേത്രം. താഴ്‌വാരത്ത് ആനകൾക്കും, ശലഭങ്ങൾക്കും പേരു കേട്ട ഗാർബംഗ റിസർവ് ഫോറസ്റ്റിന്റെ ഭാഗമായ മരങ്ങളും പാറക്കെട്ടുകളും നിറഞ്ഞ മലകളാണ്. ഒരു വശത്ത് മേഘാലയൻ മലനിരകളിൽ നിന്നും ഉദ്ഭവിച്ച് പുണ്യഭൂമിയെ തട്ടിയുണർത്തിക്കൊണ്ടൊഴുകുന്ന വസിഷ്ഠഗംഗ. പിന്നീട് അത് ബരളു നദി എന്ന പേരിൽ ഗുവാഹാട്ടിയിൽ പരന്നൊഴുകി ബ്രഹ്മപുത്രയിൽ ലയിക്കുന്നു.


ഗുഹയ്ക്കുള്ളിലെ ദൈവങ്ങൾ

ദൂരെയായി ഒരു ആനയുടെ രൂപം ശ്രദ്ധയിൽപ്പെട്ടു. ഗണേശഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്ന തവിടെയാണ്. അസമിൽ കണ്ട പ്രത്യേകത മിക്കവാറും എല്ലാ പ്രതിഷ്ഠകളും ഗുഹയിലാണെന്നതാണ്. എൽ ഇ ഡി ബൾബുകൾ വെളിച്ചം പകരുന്ന ഇടവഴിയിലുടെ നടന്ന് ഗുഹയുടെ ഉൾവശത്തെത്തി. അവിടെ ഒരു പാറക്കെട്ട് മാത്രമേയുണ്ടായിരുന്നുള്ളൂ. ആ പാറക്കെട്ടിലാണ് ഗണപതി സങ്കൽപം. ആ ഗണപതിപ്പാറയുടെ മേൽ അർപ്പിച്ച എണ്ണയിൽ ചാലിച്ച കുങ്കുമം പണ്ഡിറ്റ് ഭക്തരുടെ നെറ്റിയിൽ തൊട്ടുകൊടുക്കുന്നു. ഗുഹയെ മറയ്ക്കാനാണ് കോൺക്രീറ്റു കൊണ്ട് പത്തടിയിലേറെ വലിപ്പമുള്ള ആനയെ നിർമ്മിച്ചിട്ടുണ്ടായിരുന്നത്. വീണ്ടും വസിഷ്ഠ മന്ദിറിലേക്ക്. വസിഷ്ഠഗംഗയ്ക്ക് നടുവിൽ ഒറ്റപ്പെട്ടൊരു പാറയിൽ ഇരുന്നു. സന്ധ്യാചലിൽ നിന്നൊഴുകി വന്ന കുളിർകാറ്റ് മുടിയെ തഴുകി തലോലി മായുന്നു. പ്രകൃതി പോലും ഭക്തിമയം.


vasi05
ADVERTISEMENT